രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്.
രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. തമോഗ്രഹമായ രാഹു ലോകത്തിന് അനിഷ്ടകാരിയാണ്. രാഹുവിന്‍റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്‍റെ അപഹാരം ഉണ്ടാകുമ്പോഴും അനിഷ്ടകാര്യങ്ങൾ സംഭവിക്കും. ഓരോ ദിവസവും രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന സമയത്തെ അനിഷ്ടസംഭവങ്ങൾ പരിഹരിക്കാനാണ് രാഹുകാലത്ത് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.
ദുർഗ്ഗാ പൂജനത: പ്രസന്ന ഹൃദയ : എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്.
രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം. രാശി ചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനമുള്ളത്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു. അതുകൊണ്ടു തന്നെ ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതിചെയ്യുന്ന രാഹുദോഷപരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം.
അമ്ലഗുണ പ്രദാനമായ നാരങ്ങ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന രാജസപൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്.
സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്ന് രൂപത്തിലാണ് ദേവീപൂജ. സാത്വിക പൂജ ദേവിയുടെ അനുഗ്രഹത്തിനും രാജസപൂജ ആസുരശക്തികളുടെ നിയന്ത്രണത്തിനും താമസപൂജ ആഭിചാരത്തിനുമാണ്. താമസപൂജ പാപവും നിഷിധവുമാണ്. പൂവ്, പഴം തുടങ്ങിയ ഉപയോഗിച്ചാണ് സാത്വിക പൂജചെയ്യുന്നത്. കുരുതി, രക്തപുഷ്പങ്ങൾ എന്നിവയുപയോഗിച്ചാണ് രാജസപൂജകൾ ചെയ്യുന്നത്. രജോഗുണപ്രധാനമായ ഏറ്റവും അമ്ലഗുണമുള്ള വസ്തുവാണ് നാരങ്ങ അതിന്‍റെ തൊലിയിൽ ശുദ്ധമായ നെയ്യോ എണ്ണയോ ഒഴിക്കുമ്പോൾ അതിന്‍റെ തീവ്രതയേറും. ദേവീപ്രതിഷ്ഠ ഭദ്രകാളീരൂപത്തിലായതിനാൽ രജോഗുണമായ ഈ വസ്തുക്കൾ ഉപയോഗിച്ച് പൂജചെയ്യുന്നത് ദേവീപ്രസാദത്തിനും അഭീഷ്ഠസിദ്ധിക്കും ഉത്തമമാണ്.
ലഘുവായ ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്.
ഉദ്ദിഷ്ട കാര്യ സാധ്യത്തിനും സര്‍വ്വ ഐശ്വര്യത്തിനും ദേവി ചൈതന്യത്തിനും ദേവിയുടെ സന്നിധിയില്‍ നാരങ്ങ വിളക്ക് തെളിയിക്കുന്നതിലൂടെ ലഭിക്കും. ജാതകദോഷം കൊണ്ടു വിവാഹത്തില്‍ കാലതാമസം ഉണ്ടാകുന്ന കന്യകമാര്‍ക്ക് ദേവീ സന്നിധിയില്‍ നാരങ്ങാ വിളക്ക് തെളിയിക്കുന്നതിലൂടെ അഭിഷ്ട മംഗല്യ സിദ്ധി ലഭിക്കും. ശ്രീ മുരിങ്ങമഠം ഭഗവതിമാരുടെ തിരുനടയിൽ നാരങ്ങാവിളക്ക് തെളിയിക്കുന്നത് അഭിഷ്ട മംഗല്യ സിദ്ധിക്ക് പ്രസിദ്ധമാണ്.
വെള്ളിയും ചൊവ്വയും ആണ് നാരങ്ങാ വിളക്ക് കത്തിക്കാൻ ഉത്തമമായ ദിവസം...
നാരങ്ങാവിളക്ക് സമർപ്പിക്കുന്ന രീതി
നാരങ്ങാ നടുവേ പിളർന്ന ശേഷം നീര് കളഞ്ഞ് പുറംതോട് അകത്തുവരത്തക്കരീതിയിൽ ചിരാത് പോലെ ആക്കണം . ഇതിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ച് വേണം തിരി തെളിക്കാൻ . തെളിക്കുന്ന നാരങ്ങാവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. അതായത് എത്ര നാരങ്ങാ എടുക്കുന്നുവോ അതിൽ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിക്കണം. പൊതുവെ അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത് . അമ്ലഗുണമുള്ള നാരങ്ങായിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. തിരി തെളിക്കുന്നതിലൂടെ ഭക്തനിലുള്ള എല്ലാ നെഗറ്റീവ് ഊർജവും നിഷ്പ്രഭമാകും. കൂടാതെ ദേവിയുടെ നടയ്ക്കുമുന്നിൽ നാരങ്ങാവിളക്ക് തെളിച്ചു ഭക്തിയോടെ പ്രാർഥിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും.
പൂജാമുറിയുള്ളവർ അതിൽ നാരങ്ങ വിളക്ക് തെളിക്കുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം നിലവിളക്ക് തെളിച്ച് അതിന് അരികിലായി തെളിക്കാവുന്നതാണ്.
No comments:
Post a Comment