ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 June 2022

ബാലി ദ്വീപിലെ തനഹ് ലോട്ട് ക്ഷേത്രം

ബാലി ദ്വീപിലെ തനഹ് ലോട്ട് ക്ഷേത്രം

തനഹ് ലോട്ട് ഈ വിശുദ്ധ സർപ്പങ്ങളെ പകലും നിങ്ങൾക്ക് ഈ ക്ഷേത്രപരിസരത്ത് നേരിൽ കാണാം. വേണമെങ്കിൽ ഒന്ന് തൊട്ടുനോക്കാം...
ഒരു മുസ്ലിം രാഷ്ട്രമായ ഇൻഡൊനീഷ്യയിലെ ഏക ഹൈന്ദവ ദ്വീപ്. അനേകം ബലി (യാഗം) നടന്ന ഭൂമിയായതിനാലാണ് സ്ഥലനാമം
ബലിദ്വീപ് ആയത്. ബാലി ദ്വീപിന്റെ മുഖമുദ്രയായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു പൊങ്ങിക്കിടക്കുന്നു 'തനഹ് ലോട്ട്' എന്ന ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്.

5,780 ച.കി.മീ. വിസ്തീർണമുള്ള ബാലിദ്വീപിൽ ഇരുപതിനായിരത്തിലധികം ചെറുതും, വലുതുമായ ക്ഷേത്രങ്ങൾ ഉണ്ട്. തനഹ് ലോട്ട്' . 'പുര ലഹുർ തനഹ് ലോട്ട് ഡി സാഗര കിണൂൽ' എന്നാണ് ക്ഷേത്രത്തിന്റെ പൂർണനാമം. കിഴക്കൻ ജാവയിൽ മജാപാഹിത് രാജാവിന്റെ ഭരണകാലത്ത് ഡാങ് ഹയാങ് ദ്വിജന്ദ്ര എന്നൊരു ശൈവ ബ്രാഹ്മണ സന്ന്യാസി ഉണ്ടായിരുന്നു. 15-ാം നൂറ്റാണ്ടിലാണ് ദ്വിജന്ദ്ര
തന്റെ 'ധർമയാത്ര' എന്ന പ്രഭാഷണങ്ങളുമായി ബാലിയിൽ
എത്തിയത്. അക്കാലത്ത് 'ഡാലിം വാടുറിങ് ഗോങ്' ആയിരുന്നു ബാലി രാജാവ്. രാജാവ്, ദ്വിജന്ദ്രയ്ക്ക് ബാലിദ്വീപിൽ ഹിന്ദുമതം പ്രചരിപ്പിക്കാൻ വേണ്ട സൗകര്യം നൽകി. അങ്ങനെയാണ് തദ്ദേശീയരുടെ സഹായത്തോടെ ദ്വിജന്ദ്ര ബാലിയിൽ അനേകം ക്ഷേത്രങ്ങൾ നിർമിക്കുന്നത്. ദിവ്യനായ ദ്വിജന്ദ്ര ആദ്യമെത്തിയത് 'രംബാട്ട് സ്വയി' എന്ന തീരദേശത്തായിരുന്നു. അവിടെ ധ്യാനനിരതനായ ദ്വിജന്ദ്രയുടെ ദിവ്യദൃഷ്ടിയിൽ അഭൗമമായ ഒരു
പ്രകാശം തെക്കുകിഴക്കുദിശയിൽ നീങ്ങുന്നതു കണ്ടു. ആ പ്രകാശത്തെ പിൻതുടർന്ന് അദ്ദേഹം എത്തിച്ചേർന്നത് 'തബാനൻ' കടപ്പുറത്തെ വലിയൊരു പാറയിലെ സ്വയംഭൂ നീരുറവയ്ക്കടുത്താണ്. അവിടെ ദ്വിജന്ദ്ര തന്റെ തുടർധ്യാനത്തിനുള്ള സ്ഥലം കണ്ടെത്തി. ദ്വിജന്ദ്ര ആ പാറയെ 'ഗില്ലി ബിയോ' എന്ന് പേർ വിളിച്ചു. അതിന്റെ അർത്ഥം പക്ഷിപ്പാറ എന്നാണ്. ചിറകുകൾ വിടർത്തി കടലിൽ പതിഞ്ഞുകിടക്കുന്ന വലിയൊരു ഗരുഡനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ പാറക്കൂട്ടം. ദ്വിജന്ദ്ര തദ്ദേശീയരായ മുക്കുവരോടൊപ്പം ഏതാനും ദിവസം ആ പാറപ്പുറത്തിരുന്ന് 'ദത്താസാഗര'
എന്ന കടൽദേവതയേയും 'വരുണ' ദേവനേയും ധ്യാനിച്ചു. പിന്നെ അവിടെ നിന്ന് കിഴക്കോട്ട് യാത്ര തുടർന്ന ദ്വിജന്ദ്ര എത്തിചേർന്നത് 'ബരാബൻ' എന്നൊരു ഗ്രാമത്തിലാണ്. മീൻപിടിത്തക്കാരായ ബരാബൻ ഗ്രാമവാസികളെല്ലാം അക്കാലത്ത് 'ബരാബൻ ശക്തി' എന്ന
ഏകദൈവത്തെ ആരാധിക്കുന്നവർ ആയിരുന്നു. പക്ഷേ, ചുരുങ്ങിയ കാലംകൊണ്ട് ആ ഗ്രാമീണർ എല്ലാം ദ്വിജന്ദ്രയുടെ അനുയായികളായി മാറി. 
എന്നാൽ ഗ്രാമത്തലവൻ ബൻദേശയ്ക്ക് ദ്വിജന്ദ്രയുടെ 'ഹിന്ദുയിസം' സ്വീകാര്യമായില്ല. അയാൾ ദ്വിജന്ദ്രയെ
കൊല്ലാൻ ആളുകളെ ഏർപ്പാടാക്കി. വധശ്രമത്തിൽ
നിന്ന് രക്ഷപ്പെട്ട ദ്വിജന്ദ്ര,
തമ്പാനൻ കടപ്പുറത്തെ ഗില്ലിബിയോ എന്ന പക്ഷിപ്പാറയിൽ ലയിച്ചു എന്നാണ് ഐതിഹ്യം. അതോടെ ആ പാറത്തുരുത്ത് കരയിൽ നിന്ന് വേർപെട്ട് കടലിലേക്ക്
നീങ്ങി. ആ പാറപ്പുറത്താണ് പിൽക്കാലത്ത് തനഹ് ലോട്ട് ക്ഷേത്രം കടലിലെ ഭൂമി എന്നാണ് തനഹ് ലോട്ട് എന്ന ബാലി പദത്തിനർഥം.

 മൂന്ന് ഏക്കറോളം വിസ്തൃതിയിൽ ഒരു കരിമ്പാറപ്പുറത്താണിത്. ഈ ക്ഷേത്രനിർമിതിയിൽ ബലനീസ്
വാസ്തുവിദ്യയ്ക്കൊപ്പം ഹിന്ദു സംസ്കാര സമന്വയം കാണാം. കിഴക്കോട്ട് ദർശനമായ പ്രധാന മൂർത്തി 'ദേവ ബരുണ' യൊടൊപ്പം പടിഞ്ഞാട്ട് ദർശനമായ 'ദത്താ സാഗര' എന്ന കടൽദേവതയും ഇവിടെ ആരാധിക്കപ്പെടുന്നു. ക്ഷേത്രോത്പത്തിക്ക്
കാരണക്കാരനായ ദ്വിജന്ദ്രയും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ഇതിനും പുറമെ പാറഗുഹയിൽ കാണുന്ന സ്വയംഭൂ
നീരുറവ, ബ്രഹ്മാ വിഷ്ണു മഹേശ്വര സങ്കല്പത്തിലും ആരാധിക്കപ്പെടുന്നു. സ്വയംഭൂ തീർഥം കുടിച്ച് ശരീരശുദ്ധിവരുത്തിവേണം മുകളിലെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ.
ബാലി ക്ഷേത്രങ്ങളിലെ
ത്രിമണ്ഡല സമ്പ്രദായത്തിൽ മൂന്നു നടുമുറ്റങ്ങളിലായി പണിതുയർത്തിയ രണ്ട്
അഞ്ചുനില 'മേരു'ക്ഷേത്രങ്ങൾക്കു പുറമെ രണ്ടു തുറന്ന മണ്ഡപങ്ങളും ഒരു അടഞ്ഞ പുരക്ഷേത്രവും അനുബന്ധഭാഗങ്ങളുമാണ് കടലിലെ പാറപ്പുറത്ത് ഉള്ളത്.

'ലാലപ്പുല്ല്' എന്ന ഒരു തരം
കറുത്ത പുല്ലുകൊണ്ടാണ് ബാലിയിലെ മേരുക്ഷേത്രങ്ങൾ മേയുന്നത്. ചൈനീസ് പഗോഡയെ അനുസ്മരിപ്പിക്കും അനേകം തട്ടുകളുള്ള ഈ മേരുക്ഷേത്രങ്ങൾ.
ബോഗൻ വില്ല അടക്കം ഏതാനും ചെടികളും ചില മരങ്ങളും
ആ പാറപ്പുറത്ത് വളർന്ന്
പന്തലിച്ചിരിക്കുന്നു.

രാവിലെ 6.30-ന് തുറക്കുന്ന ക്ഷേത്രം വൈകിട്ട് 6.30-ന് അടയ്ക്കും. തുടർന്ന് രാത്രി 9 മണി വരെ 'സൂര്യമണ്ഡലം' എന്ന
നൃത്തശാലയിൽ 'ലോഗേങ്' നൃത്തം അടക്കമുള്ള കലാവിരുന്ന്. ക്ഷേത്രങ്ങളുടേതായി 28.58 ഹെക്ടർ ഭൂമിയുണ്ട്. അതിൽ 4.65
ഹെക്ടറിൽ പരമ്പരാഗത രീതിയിൽ നെൽകൃഷി ചെയ്യുന്നു. 
ഉഗ്രവിഷം ചീറ്റുന്ന സർപ്പങ്ങൾ ക്ഷേത്രപാലകരാകുന്ന അപൂർവ കാഴ്ച തനഹ് ലോട്ട് ക്ഷേത്രത്തിൽ കാണാം.
രാത്രി സെക്യൂരിറ്റിക്കാരൊന്നുമില്ലാത്ത ക്ഷേത്രം ഏതാനും വിശുദ്ധ സർപ്പങ്ങളുടെ സംരക്ഷണത്തിലാണ്. 'ഉൾ അർ സുയി' എന്ന വിശുദ്ധ സർപ്പത്തെ പകലും ക്ഷേത്രപരിസരത്ത് നിങ്ങൾക്ക് നേരിൽ കാണാം.
വേണമെങ്കിൽ ഒന്ന് തൊട്ടുനോക്കാം. ഉഗ്രവിഷമുള്ളവയാണെങ്കിലും അവ നമ്മെ
ഉപദ്രവിക്കില്ല. പക്ഷേ, രാത്രി അവയുടെ സ്വഭാവം മാറും. ആരെയും ക്ഷേത്രപരിസരത്തേക്ക് അടുപ്പിക്കില്ല.
ക്ഷേത്രോത്പത്തിയോളം പഴക്കമുണ്ട് തനഹ് ലോട്ടിൽ ഈ സർപ്പങ്ങളുടെ കാവലിനും. മുട്ടുമറയും വിധം മുണ്ടുടുത്ത് (അത് 'സരോങ്' എന്നറിയപ്പെടുന്ന ലുങ്കി ആയാലും മതി). അതിന്റെ മേൽ അരക്കച്ച കെട്ടി വേണം ബാലിയിൽ ക്ഷേത്രദർശനം. തനഹ് ലോട്ട് ക്ഷേത്രപ്പിറവിക്കു കാരണക്കാരനായ ദ്വിജന്ദ്ര എന്ന ശൈവ ബ്രാഹ്മണനെ വധിക്കാൻ ശ്രമിച്ചവർ ബലമായി അദ്ദേഹത്തിന്റെ അരക്കച്ച വലിച്ചഴിച്ച് കടലിലേക്കെറിഞ്ഞപ്പോൾ ആ അരക്കച്ച ഉഗ്രവിഷമുള്ള കടൽപ്പാമ്പായി മാറിയെന്നാണ് ഐതിഹ്യം. ആ കടൽപ്പാമ്പിന്റെ പിൻഗാമികളത്രെ ക്ഷേത്രപാലകരായ ലിപ്പി പോളാങ് എന്ന ഈ വിശുദ്ധസർപ്പങ്ങൾ എന്നാണ് വിശ്വാസം..

No comments:

Post a Comment