ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 June 2022

പിതൃശാപവും പരിഹാരങ്ങളും

പിതൃശാപവും പരിഹാരങ്ങളും

പിതൃക്കള്‍ എന്നാല്‍ മരിച്ചവര്‍, പൂര്‍വികര്‍, മാതാപിതാക്കള്‍ എന്നൊക്കെയാണര്‍ത്ഥം. പല കുടുംബങ്ങളിലും പൂര്‍വ്വികര്‍ ചെയ്ത പാപഭാരവും പൂര്‍വ്വിക ശാപവും മൂലം പല ദുരന്തങ്ങളും സംഭവിക്കുന്നുണ്ട്. സമ്പന്നമായ കുടുംബങ്ങളില്‍ ജനിച്ചാലും എല്ലാ സ്വത്തുക്കളും നശിച്ച് യാചകരായി ചിലര്‍ മാറുന്നു.

പിതൃശാപം പ്രധാനമായും രാഹു കേതുക്കളുടെ പീഡമൂലം ഉണ്ടാകുന്നതാണ്. ഒരാളിന്റെ ജാതകത്തില്‍ ശുഭഗ്രഹങ്ങള്‍ ശുഭസ്ഥാനത്ത് നില്‍ക്കാതിരിക്കുന്നതും ശുഭ ഗ്രഹങ്ങള്‍ ദുര്‍ബ്ബലന്മാരായി നില്‍ക്കുന്നതും പിതൃശാപത്തിന്റെ ലക്ഷണമാണ്. രാഹു കേതുക്കളുടെയും മറ്റു പാപഗ്രഹങ്ങളുടെയും ദശാകാലത്ത് പിതൃശാപത്തിന്റെ അനുഭവങ്ങള്‍ ഉണ്ടാകാം.

പിതൃദോഷ കാരണങ്ങള്‍

പിതൃമാതൃ ശാപം മനസ്സിലാക്കാന്‍ ജാതകത്തില്‍ യഥാക്രമം ആദിത്യന്റെയും ചന്ദ്രന്റെയും സ്ഥിതിയും ബലവും നിര്‍ണ്ണയിക്കണം. മാതാപിതാക്കളെ ജീവിച്ചിരിക്കുമ്പോള്‍ വേണ്ടവണ്ണം സംരക്ഷിക്കാതെയും മരണശേഷം അവരുടെ ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നതു മൂലമാണ് പിതൃമാതൃ ശാപമുണ്ടാകുന്നത്.
ശുക്രന്‍, ഏഴാംഭാവം, ഏഴാം ഭാവാധിപന്‍ ഇവയുടെ ജാതകത്തിലെ സ്ഥിതിയില്‍നിന്നും ഭാര്യാശാപത്തെക്കുറിച്ച് മനസ്സിലാക്കാം. ശുക്രന്‍, രാഹു, കേതു, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളില്‍നിന്നും പത്‌നീ ശാപത്തെക്കുറിച്ച് അറിയാന്‍ കഴിയും.

ഭര്‍ത്താവ് ഭാര്യയോട് തന്റെ കടമകള്‍ നിര്‍വഹിക്കാതിരിക്കുമ്പോഴാണ് പത്‌നീ ശാപമുണ്ടാകുന്നത്. 
ജാതകത്തില്‍ മൂന്നാം ഭാവത്തിനും ചൊവ്വയ്ക്കും ദൗര്‍ബ്ബല്യമുണ്ടെങ്കില്‍ സഹോദരശാപമുണ്ടാകും.

വ്യാഴത്തിന് ശനിയുടേയോ, ചൊവ്വയുടേയോ രാഹുവിന്റെയോ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഗുരു ശാപമുണ്ടാകും. ഗുരുവിനെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കാത്തപ്പോഴാണ് ഗുരുശാപം ഉണ്ടാകുന്നത്.

പിതൃദോഷ ഫലങ്ങള്‍

1. സന്തതികള്‍ ഇല്ലാതിരിക്കുക, സന്താനദുരിതം, സന്താനമരണം എന്നിവ സംഭവിക്കാം. 

2. കടുത്ത മാനസിക വ്യഥ. 

3. ജോലി നഷ്ടപ്പെടുക, നിലവിലുള്ള ജോലിയില്‍ ക്ലേശങ്ങള്‍. 

4. താമസിച്ചുള്ള വിവാഹം, ദാമ്പത്യ പരാജയം, അവിവാഹിതനായി കഴിയേണ്ടി വരുക. 

5. കുടുംബസ്വത്തുക്കള്‍ മൂലമുള്ള തര്‍ക്കം, സ്വത്തുക്കള്‍ അന്യാധീനപ്പെടുക. 

6. കുടുംബത്തില്‍ ബുദ്ധിഭ്രമമുള്ളവര്‍ ഉണ്ടാകാനോ, മന്ദബുദ്ധികള്‍ ജനിക്കാനോ സാധ്യത. 

7. കോടതി വ്യവഹാരങ്ങള്‍ ഉണ്ടാകാം. 

8. പിതൃദോഷമുള്ള ജാതകത്തില്‍ കാളസര്‍പ്പയോഗം, കേമുദ്രമ യോഗം എന്നീ യോഗങ്ങള്‍ ഉണ്ടാകാം. മുകളില്‍പ്പറഞ്ഞ യോഗങ്ങളുടെ ഫലങ്ങള്‍ ജാതകന്‍ അനുഭവിക്കേണ്ടതായിവരും.

പരിഹാരങ്ങള്‍

1. പിതൃക്കളുടെ ശാന്തിക്കായി വിധിപ്രകാരം പരേതരുടെ ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. പിതൃദോഷ പരിഹാരത്തിനായി ബ്രാഹ്മണ ഭോജനം, ഗോദാനം എന്നിവയും മാതൃശാപ പരിഹാരത്തിനായി രാമേശ്വരത്ത് തീര്‍ത്ഥസ്‌നാനം, ഗായത്രിജപം എന്നിവയും അനുഷ്ഠിക്കേണ്ടതാണ്. 

2. സഹോദരശാപത്തിന് പരിഹാരമായി ചൊവ്വാദോഷത്തിനുള്ള പരിഹാരങ്ങള്‍ ചെയ്യുക. തുളസി, കൂവളം എന്നീ പുണ്യവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കണം. 

3. പത്‌നീ ശാപത്തിന് പരിഹാരമായി ചൊവ്വാദോഷത്തിനുള്ള പരിഹാരങ്ങള്‍ ചെയ്യുക. തളസി, കൂവളം എന്നീ പുണ്യവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കണം. 

4. പത്‌നീ ശാപത്തിന് പരിഹാരമായി ഒരു കന്യകയുടെ വിവാഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കുക, വിവാഹത്തില്‍ പങ്കെടുക്കുക, കൂടാതെ ശയ്യോപകരണങ്ങള്‍, കറവപ്പശു എന്നിവ ദാനം ചെയ്യുക. 

5. പശുവിനെ ദാനം ചെയ്യുക. 

6. പിതൃവിന്റെ ആത്മാവിന് സായൂജ്യം ലഭിക്കുവാനായി തിലഹോമം നടത്തുക. 

7. രാഹുവിന്റെ ദിനങ്ങളായ വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളില്‍ രാഹുവിന് പരിഹാരങ്ങള്‍ ചെയ്യുക. 

8. ചൊവ്വാഴ്ച കേതുവിന്റെ ദോഷത്തിന് പരിഹാരം ചെയ്യുക. 

9. കാക്കകള്‍ പിതൃക്കളുടെ പ്രതിരൂപമായതിനാല്‍ അവയ്ക്ക് ഭക്ഷണം നല്‍കുക. 

10. ജാതകത്തില്‍ ദുര്‍ബ്ബലരായ ഗ്രഹങ്ങള്‍ക്ക് പരിഹാരം ചെയ്യുക. 

11. ലക്ഷ്മീനാരായണ പ്രതിമ ദാനം ചെയ്യുക.

മുകളില്‍പ്പറഞ്ഞ പിതൃദോഷ പരിഹാരങ്ങള്‍ ഭക്തിപൂര്‍വം അനുഷ്ഠിച്ചാല്‍ കുടുംബത്തിന് പുരോഗതിയും കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതങ്ങളില്‍നിന്ന് മോചനവും ഉണ്ടാകും. സല്‍സന്തതികളുടെ ജനനവും ദാമ്പത്യ ഐക്യവും സമാധാനവും കുടുംബ പുരോഗതിയും നിശ്ചയമായും ലഭിക്കും

No comments:

Post a Comment