ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2017

ശാസ്തൃഗായത്രീ മന്ത്രം

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 10

ശാസ്തൃഗായത്രീ മന്ത്രം

മന്ത്രങ്ങളില്‍വെച്ചു സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം.

‘ഓം ഭൂര്‍ഭുവഃസ്വഃ തത്‌സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്’

എന്നാണുഗായത്രീ മന്ത്രം. ഒരു പാദത്തില്‍ എട്ടക്ഷരങ്ങള്‍വീതംമൂന്നു പാദങ്ങളിലായി 24 അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ഗായത്രി. ഛന്ദസ്സുകളുടെ മാതാവാണ് ഗായത്രി (ഗായത്രീ ഛന്ദസ്സാംമാതാ). ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നവ (രക്ഷിക്കുന്നവ) യാണ് ഗായത്രീ മന്ത്രങ്ങള്‍ (ഗായകം ത്രായതീതി ഗായത്രി).

പ്രധാന ദേവതാ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം മൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍ (ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്. മഹാഗണപതിയുടെവ്യത്യസ്തങ്ങളായ7 ഗായത്രീ മന്ത്രങ്ങളുണ്ട്. ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രി എന്നിങ്ങനെ രണ്ട് മുഖ്യഗായത്രീ മന്ത്ര ങ്ങളാണുള്ളത്.

‘ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’

എന്നാണുശാസ്തൃഗായത്രീ മന്ത്രം.

‘ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’

എന്നു ഭൂതനാഥഗായത്രീ മന്ത്രം .

ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ള അര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായ ദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ (ശിവ) പുത്രനായ ദേവനെ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.

ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നു വിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ (പൃ ഥ്വ്യപ്‌തേജോവായ്വാകാശപന്‍ചകം  ഭൂമി, ജലം,  തേജസ്സ് (അഗ്നി), വായു, ആകാശം) നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകല ചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.

ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റ (ശിവന്റെ) പുത്രനാണു ശാസ്താവ്. ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍ (ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായും വിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക്കാനുള്ള പ്രാര്‍ത്ഥന കൂടിയാണ് ശാസ്തൃഗായത്രീ മന്ത്രം.

No comments:

Post a Comment