‘ഇദമഗ്നയേ ഇദം ന മമ’
യജ്ഞകുണ്ഡത്തില്‍ ഹവിസും നെയ്യും അര്‍പ്പിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥനയാണ് ‘ഇദമഗ്നയേ ഇദം ന മമ’ എന്നത്. 'ഈ കാണുന്ന സര്‍വവും അഗ്നിയുടെ അഥവാ ഗതിയില്‍ നയിക്കുന്ന ഈശ്വരന്റേതാണ് എന്റേതല്ല' എന്നാണ് ആ പ്രാര്‍ഥനയുടെ അര്‍ഥം.
പന്ത്രണ്ടു രാത്രികളെ കടന്നു നില്‍ക്കുന്നത് എന്നാണ് അതിരാത്രം എന്ന വാക്കിന്റെ അര്‍ഥം. ഇരുപത്തിയൊന്നു തരം യാഗങ്ങളെ കുറിച്ച് അഥര്‍വ വേദത്തിന്റെ ആദ്യ മന്ത്രത്തില്‍ പറയുന്നുണ്ട്.
"യേ ത്രിഷപ്താ പരിയന്തി വിശ്വാ രൂപാണി ബിഭ്രത" എന്നാരംഭിക്കുന്ന ആ മന്ത്രത്തില്‍ മൂവേഴ് ഇരുപത്തിയൊന്നു സംസ്ഥകള്‍ അഥവാ യാഗങ്ങള്‍ ഉണ്ടെന്നാണ് ഋഷിമാര്‍ നമുക്കു പറഞ്ഞു തന്നിരിക്കുന്നത്. അഗ്നിഹോത്രത്തില്‍ തുടങ്ങി അശ്വമേധത്തില്‍ അവസാനിക്കുന്നവയാണത്. അതില്‍ ബൃഹത്തും ശ്രേഷ്ഠവുമാണ് അതിരാത്രം. സാധാരണ സോമയാഗം ഏഴു ദിനങ്ങള്‍ കൊണ്ട് അവസാനിക്കും. എന്നാല്‍ അതോടൊപ്പം വിസ്തരിച്ചു ചെയ്യുന്ന ചില കര്‍മങ്ങളും കൂടി ഉള്‍പ്പെടുത്തി പന്ത്രണ്ടു ദിനരാത്രങ്ങള്‍ കൊണ്ടവസാനിക്കുന്നതാണ് അതിരാത്രം.
യജ്ഞം, യാഗം എന്നീ പദങ്ങള്‍ സമാന അര്‍ഥമുള്ളവയാണ്. യജ് എന്ന സംസ്കൃതധാതുവില്‍ നിന്നാണ് ഇവയുടെ ഉത്പത്തി. യജ് ദേവപൂജദാന സംഗീതകരണേഷു എന്നാണ് യജ് ധാതുവിന്റെ അര്‍ഥം നിരുക്തശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മനുഷ്യനടക്കമുള്ള സര്‍വ പ്രാണികളുടെയും നിലനില്‍പ്പിനും പോഷണത്തിനും ആധാരമായിരിക്കുന്നതാണ് ദേവന്‍ അഥവാ ദേവത. ആ ദേവതകളെ യഥോചിതം സത്കരിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ പോഷിപ്പിക്കുകയും ചെയ്യന്നതാണ് ദേവപൂജ. ലളിതമായി പറഞ്ഞാല്‍ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തി പരിസരമലിനീകരണം ഇല്ലാതാക്കുന്നതേതോ അതാണ് ദേവപൂജ. തികച്ചും പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളാണ് ഏതൊരു യാഗത്തിനും ഉപയോഗിക്കുന്നത്. തന്റെ ജീവസന്ധാരണത്തിന് ആവശ്യമായത് എടുത്ത ശേഷം ബാക്കിയുള്ളത് മേറ്റ്ല്ലാര്‍ക്കുമായി നീക്കി വയ്ക്കുന്നത് ദാനം. ഇതൊന്നും തന്റേതല്ല താന്‍ വെറും ഉപയോക്താവു മാത്രമാണ് എന്ന വിചാരവും ഒപ്പം വേണം. സത്തുക്കളുടെ സംഗമവും അതിലൂടെ ജ്ഞാനത്തിന്റെ സംരക്ഷണവും ഒപ്പം അറിവിന്റെ കൊടുക്കല്‍ വാങ്ങലുകളുമാണ് സംഗതീകരണം. ഈ മൂന്നും ഒത്തു ചേരുന്ന പ്രവൃത്തിയാണ് യജ്ഞം അഥവാ യാഗം.
അത്തരത്തില്‍ വിശിഷ്ടമായ യാഗം ലോകത്തിന്റെ പല കോണുകളിലും നടത്തപ്പെടുന്നത് ലോക നന്മയ്ക്കും സര്‍വ്വ ജീവജാലങ്ങളുടെയും ഐശ്വര്യത്തിനും വേണ്ടിയാണ്.
സനാതന വേദസംസ്കാരത്തെ തലമുറകളിലേക്കു പകര്‍ന്നു നല്‍കാന്‍ വേണ്ടി നടത്തിയ സാഗ്നികം അതിരാത്രം. രാവും പകലും നിറഞ്ഞു നില്‍ക്കുന്ന അതിവിശിഷ്ടങ്ങളായ നിരവധി കര്‍മങ്ങളാണ് പന്ത്രണ്ട് ദിവസം കൊണ്ട് അതിരാത്രവേദിയില്‍ അരങ്ങേറ്. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും സര്‍വ്വവിധ അനുഗ്രഹങ്ങളും ലഭിക്കുവാനായി അനുഷ്ഠിക്കുന്ന പ്രാര്‍ഥനകളും വേദമന്ത്രങ്ങളും ദേവസ്തുതികളുമാണ് അതിരാത്രത്തില്‍ അടങ്ങിയിരിക്കുന്നത്. ആറായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ജീവിതരീതികളാണ് അതിരാത്രത്തില്‍ പ്രതിഫലിക്കുന്നത്.
കര്‍മങ്ങളുടെ പുണ്യം കൊണ്ടും വേദമന്ത്രജപങ്ങള്‍ക്കൊണ്ടും ധന്യമാക്കിയ യജ്ഞശാല യാഗാവസാനത്തില്‍ സാക്ഷാല്‍ അഗ്നിഭഗവാന് സമര്‍പ്പിച്ചു. ഈ മഹായാഗത്തെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍, വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുവാനും യാഗം കൊണ്ട് കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ പുണ്യം.
അന്തരീക്ഷത്തെ ശുദ്ധീകരിച്ച് നമ്മള്‍ക്ക് ആവശ്യമായ ഊര്‍ജ്ജതരംഗങ്ങള്‍ ഉണ്ടാക്കി പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യത്തില്‍ അതിരാത്രത്തിന് വലിയ പങ്കുണ്ട്. ബാഹ്യ ശരീരത്തെ മാത്രമല്ല, സൂക്ഷ്മശരീരത്തെ മുഴുവന്‍ ശുദ്ധീകരിക്കുന്ന പ്രക്രിയയയാണ് ഇവിടെ നടന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യജ്ഞശാലയുടെ ഉത്തരവേദിയുടെ മുന്നിലായി സ്ഥാപിക്കുന്ന യൂപം അഥവാ കൊടിമരം. യജ്ഞശാലയില്‍ ചൊല്ലുന്ന മന്ത്രങ്ങളിലെ തരംഗങ്ങളെ അന്തരീക്ഷത്തിലേക്ക് ലയിപ്പിച്ച് ചേര്‍ക്കാനും മന്ത്രധ്വനികളെ അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുവാനുമായാണ് യൂപം സ്ഥാപിക്കുന്നത്. ഇതില്‍ നിന്നും ഉണ്ടായതാണ് ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്ന കൊടിമരവും മറ്റും. പ്രകൃതിയിലുള്ള അശുദ്ധി മാത്രമല്ല മനുഷ്യമനസ്സിലെ ക്ഷുദ്രചിന്തകളെയും ക്ഷുദ്രവാസനകളെയും അകറ്റിക്കൊണ്ട് മനുഷ്യനെ പവിത്രീകരിക്കാന്‍ കൂടിയാണ് യാഗം. അത് യാഗഭൂമിയിലെത്തുന്ന ഏതൊരാള്‍ക്കും അനുഭവിച്ചറിയാവുന്നതാണ്.
പന്ത്രണ്ട് ദിവസങ്ങളായി നടക്കുന്ന യജ്ഞത്തിന്റെ ആദ്യമൂന്ന് ദിവസങ്ങള്‍ ദീക്ഷാഹസ്സ് എന്നും തുടര്‍ന്ന് മൂന്നു മുതല്‍ ഒമ്പതുവരെയുള്ള ദിവസങ്ങള്‍ ഉപസദിനങ്ങളെന്നും അവസാനം മൂന്നു ദിനങ്ങള്‍ സുത്യം എന്നുമാണ് അറിയപ്പെടുന്നത്.
യാഗത്തിനാവശ്യമായ സാധനങ്ങളും സ്ഥലവും ഒരുക്കുകയും ദീക്ഷയെടുക്കുകയുമാണ് ആദ്യ മൂന്നു ദിനങ്ങളില്‍ നടന്നത്. അടുത്ത അഞ്ചുദിവസങ്ങള്‍ കൊണ്ടാണ് പ്രധാന കര്‍മങ്ങളില്‍ ഒന്നായ ശ്യേനചിതിയുടെ നിര്‍മാണം പൂർത്തിയാക്കുന്നത്. ഓരോ പടവുകളും ഓരോ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. ജനിച്ച കുഞ്ഞിന് മുലയൂട്ടിക്കൊടുക്കുന്ന പോലെ അഗ്നിപൂരിതമായ ചിതിയെ ആട്ടിന്‍പാല്‍ കൊണ്ട് അഭിഷേകം നടത്തി ശാന്തമാക്കി. ഒമ്പതാം ദിവസം ചിതിയില്‍ അഗ്നിയുണ്ടാക്കി അതില്‍ വസോര്‍ധാര നടത്തി. പത്താം ദിവസം പുലര്‍ച്ചെ മുതല്‍ സോമലത പിഴിഞ്ഞ് നീരെടുത്ത് സോമാഹുതിയും നടന്നു. അതിവിശേഷവും അതിവിശാലവുമായ വേദമന്ത്രങ്ങള്‍ അടങ്ങിയ 29 ശ്രുതിശസ്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടുള്ള സോമഹവനവും സോമപാനവും മറ്റും ഏറെ പ്രയോജനം ചെയ്യുന്നവയാണ്. അഗ്നിയെ സൂര്യന്റെ പ്രതിരൂപമായി കണ്ട് സങ്കല്‍പരൂപേണ ഹവിസ്സും വേദ മന്ത്രങ്ങളും ഹോമകുണ്ഡത്തിലേക്ക് അര്‍പ്പിക്കുന്നു. മന്ത്രോച്ചാരണത്തിലെ ശബ്ദവീചികളും അഗ്നിയുടെ തരംഗങ്ങളുമായി ചേര്‍ന്ന് അനുകൂല ആവൃത്തിയിലുള്ള ഊര്‍ജ്ജപ്രസരണങ്ങള്‍ ഉണ്ടാക്കുകയോ പ്രതികൂലമായ വികിരണങ്ങളെ ഇല്ലാതാക്കുകയോ ചെയ്തുകൊണ്ട് പരിസ്ഥിതിയെ മാനവരാശിയുടെ നിലനില്‍പ്പിന് അനുകൂലമാക്കുന്ന വിധത്തില്‍ സംരക്ഷിച്ച് നിര്‍ത്തുന്നു എന്നതാണ് അതിരാത്രത്തിന്റെ പ്രായോഗിക വശം.
പന്ത്രണ്ടാം ദിവസം വരെ നീളുന്ന ശ്രുതിശസ്ത്രങ്ങള്‍ക്ക് ശേഷമാണ് കര്‍മങ്ങളുടെ പരിസമാപ്തിയായ അവഭൃഥസ്നാനം നടക്കുന്നത്. ഇതിലൂടെ അനേകകാലത്തെ ജന്മപാപങ്ങള്‍ ഇല്ലാതാവുകയാണ്. മണ്‍പാത്രങ്ങളെ മണ്ണിലും ജലത്തിനെ ജലത്തിലും ലയിപ്പിച്ചു. അവസാനം യാഗശാല അഗ്നിക്ക് സമര്‍പ്പിച്ചപ്പോള്‍ ബാക്കിവന്ന സാധനങ്ങളെല്ലാം അതാത് ഭൂതങ്ങളിലേക്കെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ത്രേതാഗ്നിയെ അരണിയില്‍ അവാഹിച്ച് അരണി കടഞ്ഞ അഗ്നിയുമായി ലയിപ്പിച്ച് യാഗശാലയിലേക്കു തിരിഞ്ഞു നോക്കാതെ യജമാനനും യജമാന പത്നിയും അഗ്നിയുമായി വീട്ടിലേക്കു മടങ്ങി. ആ അഗ്നി ജീവിതാവസാനം വരെ യജമാനനും പത്നിയും ചേര്‍ന്ന് സൂക്ഷിക്കണമെന്നാണ് ശാസ്ത്രവിധി.
1975 മുതല്‍ നടന്ന എല്ലാ അതിരാത്രങ്ങളും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതുമാണ്. ജീവരാശിയുടെ നിലനില്‍പ്പിനും ശ്രേയസ്സിനും അതിരാത്രങ്ങള്‍ കാരണമാകുമെങ്കില്‍ അതൊരു ദൈവിക കാര്യമായി മാത്രം കാണാതെ ജൈവീകമായി കൂടി കാണണം. പ്രകൃതിയുടെ നിലനില്‍പ്പിന് ഏറെ സഹായകമാകുന്ന ഇത്തരം മഹായാഗങ്ങള്‍ ഏറെ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന് ഏറ്റവും അത്യാവശ്യമാണ്. പക്ഷേ ഇന്ന് നേരെ വിപരീതമായാണ് ചിലര്‍ യജ്ഞത്തെ നോക്കിക്കാണുന്നത്.
ഏതാനും ദശാബ്ദങ്ങളുടെ പാപഭാരങ്ങള്‍ മുഴുവന്‍ കഴുകിക്കളയാനായി കുറച്ചു വേദ ആചാര്യന്മാര്‍ക്കു കഴിയുമെങ്കില്‍ അവരെയും ആ വേദസംസ്കാരത്തെയും നിലനിര്‍ത്തുക തന്നെ വേണം. യാഗങ്ങളുടെ ഫലത്തെപ്പറ്റി ശാസ്ത്രങ്ങള്‍ പറയുന്നതിങ്ങനെ ‘യാഗം അനുഷ്ഠിക്കുന്നവര്‍ക്ക് യാഗത്തിന് വേണ്ട സഹായം ചെയ്യുന്നവര്‍, പങ്കെടുക്കുന്നവര്‍, ദേശത്തിന് ലോകത്തിന് എന്നുവേണ്ട എല്ലാ ചരാചരങ്ങള്‍ക്കും ഇതിന്റെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം’.
നമ്മുടെ സംസ്കാരത്തിന്റെ ഉറവിടമായ വേദങ്ങളെ സംരക്ഷിക്കാനും നിലനിര്‍ത്താനും ലോകത്തെവിടെയും യാഗങ്ങളും യജ്ഞങ്ങളും അനുഷ്ഠിക്കാന്‍ കഴിയുന്ന സമര്‍പ്പണമനസ്കരായ യുവാക്കളുടെ ഒരു സംഘത്തെ ഉയർത്തേണ്ടത് ഇന്ന് കാലത്തിന്റെ കൂടെ ആവശ്യമാണ്. അതിനായി യുവാക്കൾ മുന്നോട്ടുവരേണ്ടതുണ്ട്...
ഈ ലോകത്തുള്ള ഒന്നും തന്റേതല്ലെന്ന ചിന്ത ഉള്ളിലുറപ്പിച്ച് ജ്ഞാനവൃദ്ധനായി അഹോരാത്രം പ്രയത്നിക്കാൻ സന്മനസുള്ള ഒരു യുവതലമുറ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി അർപ്പിക്കാം.
യജ്ഞകുണ്ഡത്തില്‍ ഹവിസും നെയ്യും അര്‍പ്പിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥനയാണ് ‘ഇദമഗ്നയേ ഇദം ന മമ’ എന്നത്. ഈ കാണുന്ന സര്‍വവും അഗ്നിയുടെ അഥവാ ഗതിയില്‍ നയിക്കുന്ന ഈശ്വരന്റെതാണ് എന്റെതല്ല എന്നാണ് ആ പ്രാര്‍ഥനയുടെ അര്‍ഥം. ഞാന്‍ വെറുമൊരു ഉപഭോക്താവാണ്. ലോകഹിതാര്‍ഥം എന്റെ നിലനില്‍പിനും കൂടു വേണ്ടിയിട്ട് ഞാന്‍ എനിക്കാവശ്യമുള്ളത് എടുത്തുപയോഗിക്കുന്നു. ബാക്കി വരുന്നത് മറ്റുള്ള സര്‍വര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. ഇതാണ് യജ്ഞഭാവന. ഈശ്വരന്‍ തന്നതിനെ ഈശ്വരാര്‍പ്പണമായി ഉപയോഗിക്കുന്നു എന്നു ചുരുക്കം. യാഗം നല്‍കുന്ന സന്ദേശം ഇതാണ്. വരും തലമുറയ്ക്ക് ഈ യജ്ഞ ഭാവന പകര്‍ന്നു നല്‍കാനായാല്‍ നമുക്ക് ശ്രേഷ്ഠ ലോകത്തെ നിര്‍മിക്കാം...
No comments:
Post a Comment