സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 22
ഭൂതനാഥോപാഖ്യാനം: അഞ്ചാം അദ്ധ്യായം
മണികണ്ഠന്റെ വിദ്യാഭ്യാസം, ഗുരുദക്ഷിണ, മന്ത്രിയുടെ കുടിലപ്രവൃത്തികള്‍, പുലിപ്പാലിനായി കുമാരന്‍ കാട്ടിലേക്കു പോകുന്നത്, പൊന്നമ്പല നിര്‍മ്മാണം, വാപരന്‍ മുതലായ ഭൂതഗണങ്ങളും ഭൂതനാഥനുമായുള്ള കൂടിച്ചേരല്‍ എന്നിവയാണു അഞ്ചാം അദ്ധ്യായത്തിലെ പ്രതിപാദ്യം.
(പന്തളം എന്നതിന് സംസ്‌കൃതത്തില്‍ പത്മദളപുരം എന്നാണു ഭൂതനാഥോപാഖ്യാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്).
ഭൂതേശന്റെ മാഹാത്മ്യങ്ങള്‍ ഭക്തിപൂര്‍വ്വം സൂതന്‍ ശൗനകാദികളോടു പറയുന്നു. പുണ്യപൂര്‍ണ്ണമായ പന്തളം കൊട്ടാരത്തില്‍ വെളുത്തപക്ഷത്തിലെ ചന്ദ്രനെന്ന പോലെ മണികണ്ഠ കുമാരന്‍ വളര്‍ന്നു. ക്ഷത്രിയര്‍ക്കു ചെയ്യേണ്ടുന്ന സംസ്‌കാര കര്‍മ്മങ്ങളെല്ലാം യഥാസമയം മഹാരാജാവ് മണികണ്ഠനു വേണ്ടി നിര്‍വഹിച്ചു. വിദ്വാനായ കുമാരനെ വിദ്യയഭ്യസിപ്പിക്കുന്നതിന് ഗുരുവിന്റെ ഗൃഹത്തില്‍ എത്തിച്ചു. മണികണ്ഠന്റെ സാമര്‍ത്ഥ്യം കണ്ട് വിസ്മയിച്ച ഗുരു ഈ കുമാരന്‍ ദിവ്യന്‍ തന്നെയെന്ന് ഉള്ളില്‍ കരുതി.
ആയുധവിദ്യകളാണു ഗുരുകുലത്തില്‍ നിന്നും കുമാരന്‍ അഭ്യസിച്ചത്. ആയുധങ്ങളില്‍ ചുരിക പ്രയോഗിക്കുന്നതിലായിരുന്നു മണികണ്ഠനു കൂടുതല്‍ പാടവം. കുതിരയെ ഓടിക്കുന്നതില്‍ കുമാരനുണ്ടായിരുന്ന പ്രാഗത്ഭ്യം കണ്ട് എല്ലാവരും വിസ്മയിച്ചു. ആയുധാഭ്യാസ പഠനം പൂര്‍ത്തിയായപ്പോള്‍ ‘ഗുരുദക്ഷിണ നല്‍കുക’ എന്ന് രാജശേഖരരാജാവ് മണികണ്ഠനോടു നിര്‍ദ്ദേശിച്ചു. ‘എന്താണു ഗുരുദക്ഷിണയായി ഞാന്‍ അങ്ങേയ്ക്കു നല്‍കേണ്ടത്?’ എന്ന് മണികണ്ഠകുമാരന്റെ ചോദ്യംകേട്ട് ഗുരുകുമാരനെ വാത്‌സല്യപൂര്‍വം ചേര്‍ത്തുനിര്‍ത്തി സാവധാനം പറഞ്ഞു.
‘ധന്യനായ ഭവാന്‍ മഹാദിവ്യനാണ് എന്ന് ഭവാന്റെ ഇവിടുത്തെ വിദ്യാഭ്യാസകാലത്തുതന്നെ ഞാന്‍ അറിഞ്ഞിരിക്കുന്നു. എന്റെ ഏക പുത്രന്‍ ജന്മനാ അന്ധനും മൂകനുമാണ്. അവന്റെ അവസ്ഥമൂലം എന്റെ കുലം എങ്ങിനെ വര്‍ദ്ധിക്കും എന്നോര്‍ത്തു ഞാന്‍ ദുഃഖിതനാണ്. ധന്യനായ ഭവാനു എന്റെ പുത്രനു വാക്ശക്തിയും കാഴ്ചശക്തിയും നല്‍കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ ആഗ്രഹം അറിയിച്ചുവെന്നെയുള്ളൂ.
യോഗ്യമായതു ഭവാന്‍ ചെയ്തുകൊള്ളുക’. ഗുരുവചനം കേട്ട് കരുണാമയനായ കുമാരന്‍ പറഞ്ഞു: ‘ഗുരോ, അങ്ങയുടെ ആഗ്രഹം സാധിക്കുന്നതാണ്. ഇവിടെ നടക്കുന്ന ഈ സംഭവം പുറത്താരോടും അങ്ങു പറയരുത്. എന്റെ മാഹാത്മ്യം ഒരുകാലത്ത് എല്ലാവരും അറിയും. ആ സമയത്ത് അങ്ങേയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഈ വിവരം എല്ലാവരേയും അറിയിക്കാവുന്നതാണ്’. ഇങ്ങനെ പറഞ്ഞു മണികണ്ഠന്‍ ഗുരുപുത്രനെ തന്റെ തൃക്കരങ്ങള്‍ കൊണ്ടു തൊട്ടുതലോടി. ഭഗവാന്റെ കരസ്പര്‍ശമേറ്റതോടെ ഗുരുപുത്രന്റെ അന്ധതയും മൂകത്വവും മാറി. തന്റെ മുന്നില്‍ നില്‍ക്കുന്ന തേജോമയനായ മണികണ്ഠനേയും പിതാവിനേയും ഗുരുപുത്രന്‍ വന്ദിച്ചു. ദൗര്‍ഭാഗ്യം നീങ്ങി തന്റെ മുന്നില്‍ നില്‍ക്കുന്ന പുത്രനെ കണ്ടുനില്‍ക്കുന്ന ഗുരുവിന്റെ ഉള്ളിലുണ്ടായ ആനന്ദം മനുഷ്യര്‍ക്കാര്‍ക്കെങ്കിലും പറഞ്ഞറിയിക്കാന്‍ സാധിക്കുമോ?.
ആനന്ദാശ്രുക്കളോടെ മണികണ്ഠന്റെ ശിരസ്സില്‍ കൈവെച്ച് ഗുരു അനുഗ്രഹിച്ചു. ‘തേജസ്സും, ദീര്‍ഘായുസ്സും സല്‍കീര്‍ത്തിയും ഓജസ്സും ഭവാനു മേല്‍ക്കുമേല്‍ വളര്‍ന്നുവരും. ചക്രവര്‍ത്തികള്‍ക്കെല്ലാം ചക്രവര്‍ത്തിയായി ഇക്കാണുന്ന ലോകമെല്ലാം സംരക്ഷിച്ചുവസിച്ചാലും. ഭവാന്‍ മര്‍ത്ത്യജന്മം പൂണ്ടതിനാല്‍ ഞാനിങ്ങനെ പറയുന്നുവെന്നേയുള്ളു. എന്നെ എല്ലാക്കാലത്തും ഭവാന്‍ തന്നെ കാത്തുരക്ഷിക്കണം’.
ഗുരുവിന്റെ ആശീര്‍വാദം എറ്റുവാങ്ങിയ മണികണ്ഠന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ പ്രണമിച്ച് രാജശേഖര സന്നിധിയിലെത്തി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ പുത്രനെ രാജാവ് സന്തോഷപൂര്‍വ്വം ആലിംഗനം ചെയ്തു. അല്‍പകാലം കഴിഞ്ഞപ്പോള്‍ മഹാരാജാവിനും മഹാരാജ്ഞിക്കും രാജലക്ഷണങ്ങളെല്ലാം ചേര്‍ന്നവനായ ഒരു പുത്രന്‍ ജനിച്ചു. ആ രാജകുമാരന് ജാതകര്‍മ്മാദികളെല്ലാം ചെയ്ത മഹാരാജാവ് അവനു രാജരാജന്‍ എന്നു പേരുമിട്ടു. ബ്രഹ്മണര്‍ക്കു നാനാവിധത്തിലുള്ള ദാനങ്ങള്‍ ചെയ്തു അതീവസന്തുഷ്ടനായി രാജശേഖരമഹാരാജാവ് പന്തളരാജ്യം ഭരിച്ചു.
രാജരാജനെന്ന പുത്രന്‍ ജനിച്ചുവെങ്കിലും രാജശേഖര മഹാരാജാവിന് മണികണ്ഠന്‍ തന്റെ മൂത്തപുത്രനാണ് എന്ന ഭാവമായിരുന്നു. രാജാവിന്റെ ദാസനാണു താന്‍ എന്ന ഭാവം ദീനവത്‌സലനായ മണികണ്ഠനും കൈക്കൊണ്ടു. നിത്യവും പ്രഭാതത്തില്‍ പ്രാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ ശേഷം കുമാരന്‍ മഹാരാജാവിന്റെ മുന്നില്‍ചെന്ന് ആദരപൂര്‍വ്വം വന്ദിക്കും.
രാജാവ് എല്‍പ്പിക്കുന്ന ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിക്കും. രാജാവിനു അപ്രിയമായതൊന്നും മണികണ്ഠന്‍ ചെയ്തിരുന്നില്ല. മണികണ്ഠനു പന്ത്രണ്ടു വയസ്സുതികഞ്ഞപ്പോള്‍ രാജാവ് മന്ത്രിയെവിളിച്ചു കല്‍പ്പിച്ചു: ‘മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. മുപ്പതുദിവസങ്ങള്‍ക്കുള്ളില്‍ ആ ചടങ്ങു നടത്തുന്നതാണ്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുക’.
രാജകല്‍പ്പനകേട്ടു മന്ത്രി ചിന്താവശനായി തന്റെ ഗൃഹത്തിലെത്തി. തന്റെ മഞ്ചത്തിലിരുന്ന് മന്ത്രി ചിന്തിച്ചു. കാട്ടില്‍ നിന്നും ലഭിച്ച ഈ കാട്ടാള ബാലനെ നാടിന്റെ അധികാരിയാക്കാന്‍ രാജാവു തീരുമാനിച്ചുവല്ലോ? എന്താണിപ്പോള്‍ ചെയ്യേണ്ടത്? എന്റെ ചിത്തം വെന്തുരുകുന്നുവല്ലോ. മഹാരാജാവിനു വയസ്സായി. രാജകുമാരനായ രാജരാജനോ ബാലകനും. അപ്പോള്‍ രാജ്യഭാരം എന്നില്‍വന്നു ചേരുമെന്നും സര്‍വരാലും പൂജിതനായി ഞാന്‍ വസിക്കുമെന്നും ഉള്ള എന്റെ ആഗ്രഹങ്ങള്‍ ഇനി സാധിക്കുകയില്ലല്ലോ.
എന്റെ കാലദോഷം തന്നെ. മണികണ്ഠനെ ഏതെങ്കിലും വിധം വകവരുത്തിയാല്‍ മാത്രമേ എനിക്കു ഭരിക്കാന്‍ കഴിയൂ. അതിനാല്‍ ഉടന്‍ തന്നെ കുമാരനെ വധിക്കണം. ഇങ്ങനെ ചിന്തിച്ച് കൗശലക്കാരനായ മന്ത്രി ഉടന്‍ തന്നെ സമര്‍ത്ഥരായ ദുര്‍മന്ത്രവാദികളെ വിളിച്ചുവരുത്തി. ഘോരമായ ആഭിചാരംചെയ്ത് മണികണ്ഠനെ വധിക്കുക എന്ന് മന്ത്രി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി. കൃത്യം ശരിയായി നിര്‍വഹിക്കുന്നവര്‍ക്ക് അളവറ്റ പാരിതോഷികങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.
മന്ത്രിയുടെ വാക്കുകള്‍കേട്ട ദുരാഗ്രഹികളായ ദുര്‍മന്ത്രവാദികള്‍ സര്‍വഭൂതേശ്വരനായ മണികണ്ഠനെ വധിക്കാന്‍ ആഭിചാരകര്‍മ്മങ്ങള്‍ ആരംഭിച്ചു. മനുഷ്യശരീരം സ്വീകരിച്ചിരിക്കുന്നതിനാല്‍ ആഭിചാരത്തിന്റെ ഫലം കുമാരനെ ബാധിച്ചു. മണികണ്ഠന്റെ ദേഹം മുഴുവന്‍ വ്രണങ്ങള്‍ നിറഞ്ഞു. കുമാരന്റെ രോഗാവസ്ഥയില്‍ ദുഃഖിതനായ മഹാരാജാവ് കൊട്ടാരംവൈദ്യന്മാരെക്കൊണ്ടു പലമരുന്നുകളും പരീക്ഷിച്ചു. എന്നിട്ടും രോഗംമാറാത്തതില്‍ ഖിന്നനായ രാജാവ് മഹാദേവനെ ആശ്രയിച്ചു.
പുത്രന്റെ രോഗം മാറ്റുവാന്‍ വൈദ്യനാഥനായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍ ഒരു സന്ന്യാസിയുടെരൂപം കൈക്കൊണ്ടു രാജകൊട്ടാരത്തിലെത്തി. സന്ന്യാസി ശ്രേഷ്ഠനെക്കണ്ട് ഭക്ത്യാദരപൂര്‍വം സാഷ്ടാംഗം പ്രണമിച്ച് രാജശേഖരന്‍ ചോദിച്ചു. ‘ഞങ്ങളെ ധന്യരാക്കുവാന്‍ അങ്ങ് എവിടെനിന്നാണ് എഴുന്നള്ളുന്നത്?. ഞങ്ങളുടെ ഭിക്ഷ സ്വീകരിച്ചു കുറച്ചുകാലം ഇവിടെ വസിച്ചാലും. എന്റെ പുത്രന്റെ മഹാരോഗം മാറ്റി ഞങ്ങളെ രക്ഷിച്ചാലും’. രാജാവിന്റെ വാക്കുകള്‍കേട്ടു സന്ന്യാസി പറഞ്ഞു: ‘ഹേ രാജന്‍, പുത്രനെ വിളിക്കുക’. രാജനിര്‍ദ്ദേശമനുസരിച്ച് കുമാരനെ സന്ന്യാസിക്കു മുന്‍പില്‍ കൊണ്ടുവന്നു. സന്ന്യാസി ശ്രേഷ്ഠനെക്കണ്ടു മണികണ്ഠന്‍ വന്ദിച്ചു.
സ്‌നേഹപൂര്‍വം സന്ന്യാസി മണികണ്ഠനെ ആലിംഗനം ചെയ്തു നെറ്റിയില്‍ ഭസ്മം അണിയിച്ചു. തുടര്‍ന്ന് രാജാവിനോടു പറഞ്ഞു: ‘ഈ കുമാരന്റെ ദേഹത്തിലുള്ള വ്രണങ്ങള്‍ ആഭിചാരത്താല്‍ സംഭവിച്ചവയാണ്. അതിനാല്‍ ശത്രുസംഹാരഹോമം ഉടന്‍ നടത്തുക. കുമാരനു സുഖമാകും. മുനിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജാവ് ഹോമത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും മുനി തന്നെ ശത്രുസംഹാരഹോമം നടത്തുകയും ചെയ്തു. കൂടാതെ നാവുദോഷം തീര്‍ക്കാന്‍ അദ്ദേഹം സാമഗാനം ചെയ്യുകയും ചെയ്തു. സകലവ്രണങ്ങളും മാഞ്ഞ് കുമാരന്‍ പൂര്‍വ്വാധികം സുന്ദരനായി. രാജാവും പരിവാരങ്ങളും ഇതുകണ്ടുവിസ്മയിച്ചു. സന്ന്യാസിവര്യനു എന്തു ദക്ഷിണയാണു നല്‍കേണ്ടത് എന്നു രാജാവ് ചിന്തിച്ച് നില്‍ക്കേ സന്ന്യാസി അപ്രത്യക്ഷനായി. മണികണ്ഠനെ രക്ഷിച്ചത് സാക്ഷാല്‍ മഹാദേവന്‍ ആണെന്നു രാജാവിനു ബോധ്യമായി.
ദുഷ്ടാഭിചാരം ഫലംകാണാതെ വന്നതോടെ മന്ത്രി വീണ്ടും ഉപായങ്ങള്‍ ആലോചിച്ചു. ആഭിചാരം കുമാരനു ഏല്‍ക്കാത്തതു വിചിത്രംതന്നെ. മാത്രവുമല്ല ആഭിചാരം ചെയ്ത മാന്ത്രികരെല്ലാം കാലപുരിയിലും എത്തിക്കഴിഞ്ഞു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടായാലും എട്ടു ദിവസത്തിനകം ഇവനെ വധിക്കണം. ഇങ്ങനെ ചിന്തിച്ച് വിനയാന്വിതനായി മന്ത്രി രാജസന്നിധിയിലെത്തി രാജാവിനോടു പറഞ്ഞു: ‘പ്രഭോ, നാളെ എന്റെ മകന്റെ പിറന്നാള്‍ ആണ്.
ധന്യനായ മണികണ്ഠകുമാരന്‍ നാളെ എന്റെവീട്ടില്‍വന്നു ഭക്ഷണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ബാലനാണെങ്കിലും കുമാരന്‍ മഹാഗുണശീലനും വിദ്വാനും ധീരനുമാണ്. കുമാരനോടു എനിക്ക് അതിയായ വാത്‌സല്യമാണ്. അതിനാല്‍ നാളെ കുമാരന്‍ എന്റെവീട്ടില്‍ നിന്നു ഭക്ഷണം കഴിക്കുന്നതായാല്‍ എനിക്കു ജന്മസാഫല്യം സിദ്ധിക്കും. ശിഷ്ടരില്‍ അഗ്രഗണ്യനായ മഹാരാജാവ് ദുഷ്ടനായ മന്ത്രിയുടെ കാപട്യം തിരിച്ചറിയാതെ മണികണ്ഠനെ മന്ത്രിമന്ദിരത്തിലേക്ക് അയച്ചു. മന്ത്രിയുടെ കാപട്യം നന്നായറിയാവുന്ന കുമാരന്‍ രാജാവിന്റെ ആജ്ഞയെ ലംഘിക്കാതിരിക്കാന്‍ മന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചു.
ഉള്ളില്‍ കോപത്തോടും വെളിയില്‍ സന്തോഷത്തോടും മന്ത്രി കുമാരനെ സ്വീകരിച്ചു. വിഷംചേര്‍ത്ത ഭക്ഷണമാണ് കുമാരനു നല്‍കിയത്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുമാരന്‍ അമൃതിനെ സ്മരിച്ചു. ഉടന്‍ തന്നെ ഗരുഡന്‍ ഭക്ഷണത്തില്‍ അമൃതു ചൊരിഞ്ഞു. അമൃതിന്റെ സാന്നിധ്യത്താല്‍ വിഷരഹിതമായ ഭക്ഷണം മണികണ്ഠന്‍ കഴിച്ചു. കൊടും വിഷവും മണികണ്ഠനില്‍ ഏശിയില്ല എന്നു കണ്ട് കോപവും അസൂയയും ലജ്ജയും എല്ലാം ചേര്‍ന്ന് ഉന്മാദാവസ്ഥയിലെത്തിയ മന്ത്രി മറ്റൊരു തന്ത്രം മെനഞ്ഞു.
അന്തഃപുരത്തിലെത്തിയ മന്ത്രി മഹാരാജ്ഞിയെ മുഖം കാണിച്ചു. അതീവദുഃഖിതനായി നടിച്ച് കണ്ണീര്‍ പൊഴിച്ച് മന്ത്രി രാജ്ഞിയോടു പറഞ്ഞു: ‘മഹാറാണീ, അവിടുത്തെ പുത്രനായ രാജരാജനു ലഭിക്കേണ്ട രാജ്യാവകാശം മഹാരാജാവ് മണികണ്ഠകുമാരനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. വനത്തില്‍നിന്നും കിട്ടിയ കുമാരനല്ല; അവിടുത്തെ കുമാരനാണു രാജ്യം ലഭിക്കേണ്ടത്. വല്ലവിധത്തിലും മണികണ്ഠനെ വധിച്ചില്ലെങ്കില്‍ രാജ്യാവകാശം ലഭിക്കാതെ രാജരാജന്‍ അവഗണിക്കപ്പെടും.
നല്ലതുവരാനായി ചില തെറ്റുകള്‍ ചെയ്താലും പാപമില്ലെന്നാണു ശാസ്ത്രം പറയുന്നത്. അതിനാല്‍ അവിടുന്ന് ഭര്‍ത്താവിനു മുന്നില്‍വല്ലാത്ത തലവേദന അഭിനയിക്കുക. അവിടുത്തെ രോഗം മാറ്റാനുള്ള വൈദ്യന്മാരെ കൊണ്ടുവരാന്‍ രാജാവ് എന്നോട് ആജ്ഞാപിക്കും. അപ്പോള്‍ ഞാന്‍ കൊണ്ടുവരുന്ന വൈദ്യന്‍ എന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കും. തലവേദന മാറാന്‍ പുലിപ്പാലു വേണമെന്ന് വൈദ്യന്‍ പറയും. പുലിപ്പാലു കൊണ്ടുവരാന്‍ മണികണ്ഠനെ കാട്ടിലേക്ക് അയയ്ക്കാം. കാട്ടില്‍ കൂട്ടം കൂട്ടമായി നടക്കുന കാട്ടുപോത്തുകള്‍ അവനെ തുണ്ടം തുണ്ടമായി വെട്ടിക്കൊല്ലും.
ഇനി അതു നടന്നില്ല എങ്കിലും പുലിപ്പാലില്ലാതെ മണികണ്ഠന്‍ തിരിച്ചുവരികയില്ല. വല്ലകാരണത്താലും പുലിപ്പാലില്ലാതെ തിരികെവന്നാല്‍ മണികണ്ഠന്‍ നിസ്സാരനാണ് എന്ന് തിരിച്ചറിഞ്ഞ് രാജാവ് പഴയ സ്‌നേഹം കാണിക്കുകയില്ല. മഹാരാജ്ഞീ എന്റെ വാക്കുകള്‍ സത്യമാണ്. മനുഷ്യന് പുലിപ്പാല്‍ ശേഖരിക്കാന്‍ കഴിയുന്നതെങ്ങിനെ?’മന്ത്രി പറഞ്ഞതു ശരിതന്നെ എന്നു ചിന്തിച്ച രാജ്ഞിരാജശേഖരരാജനുമുന്നില്‍ തലവേദന അഭിനയിക്കാന്‍ തീരുമാനിച്ചു
അന്തഃപുരത്തിലെത്തിയ രാജാവിനോടു രാജ്ഞി പറഞ്ഞു: പ്രാണനാഥാ, അസഹ്യമായ തലവേദന കാരണം ഞാന്‍ വല്ലാതെവലയുന്നു. ഈ വേദന ശമിക്കാന്‍ ഉടന്‍ തന്നെ വല്ല പ്രതിവിധിയും ചെയ്തില്ലെങ്കില്‍ എന്റെ ജീവന്‍ ഇല്ലാതാകുന്നതാണ്. പത്‌നിയുടെ ദൈന്യതനിറഞ്ഞ വാക്കുകള്‍ ശ്രവിച്ച് പന്തളരാജന്‍ ദുഃഖിതനായി. രാജ്ഞിയെ ചികിത്സിക്കുവാന്‍ വൈദ്യനെ കൊണ്ടുവരിക എന്ന രാജ കല്‍പ്പനപ്രകാരം മന്ത്രി വൈദ്യനെ വിളിച്ചുകൊണ്ടുവന്നു. രാജ്ഞിയെ പരിശോധിച്ച വൈദ്യന്‍ രാജാവിനോടു പറഞ്ഞു: പ്രഭോ, അല്‍പം പുലിപ്പാലുകിട്ടിയാല്‍ രാജ്ഞിയുടെ തലവേദന നിശ്ശേഷംമാറുന്നതാണ്. മറ്റേതെങ്കിലും ഔഷധം കൊണ്ട് ഈ അസുഖം മാറ്റാമെന്ന് കള്ളവൈദ്യന്മാരേ പറയുകയുള്ളു.
വൈദ്യന്റെ വാക്കുകേട്ട് വ്യസനിച്ച് രാജാവ്ചിന്തിച്ചു. മനുഷ്യര്‍ എത്രതന്നെ ഉത്‌സാഹിച്ചാലും പുലിപ്പാലുകിട്ടുകഎന്നത് അസാധ്യംതന്നെ. രോഗബാധിതയായ എന്റെ പത്‌നിക്ക് ഇപ്പോള്‍ മരണകാലമടുത്തുവെങ്കില്‍ അതുകണ്ടിരിക്കുകയേ എനിക്കു നിര്‍വ്വാഹമുള്ളൂ. ഇതെല്ലാം എന്റെ ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലംതന്നെ. നാനാവിധചിന്തകളാല്‍ ശോകാകുലനായി കണ്ണീര്‍ പൊഴിച്ച് രാജാവിനെ വന്ദിച്ച് മണികണ്ഠന്‍ പറഞ്ഞു: മഹാരാജാവേ, ഞാനുള്ളപ്പോള്‍ അങ്ങ് ഇങ്ങനെ ദുഃഖിക്കുന്നതിനു കാരണമില്ല. അങ്ങ് ഒരു കല്‍പ്പന തന്നാല്‍മാത്രംമതി. വ്യാഘ്രികളെ (പെണ്‍പുലികളെ) കൊണ്ടുവരാന്‍ ഇപ്പോള്‍ത്തന്നെ ഞാന്‍ പോകുന്നതാണ്. ആവശ്യാനുസരണം പാല്‍ നമുക്ക് കറന്നെടുക്കാനാവും. രാജ്ഞിയുടെ രോഗവും മാറും. ഉണ്ണുന്ന ചോറിനു നന്ദികാണിക്കാത്തവന്‍ ആരായാലും അവന്‍ ആണല്ല എന്നറിഞ്ഞാലും.
കുമാരന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച രാജശേഖരനൃപന്‍ ബഹുമാനത്തോടും സ്‌നേഹത്തോടും പറഞ്ഞു: അടുത്തുചെല്ലുന്ന നേരത്ത്കടിച്ചു തിന്നാന്‍ മിടുക്കോടെ ചാടിയെത്തുന്ന പുലികളെ പിടിച്ചുകൊണ്ടുവന്ന് പാല്‍കറക്കാം എന്നു ചിന്തിക്കുന്നത് എത്രമാത്രം സാഹസികമാണ്. ഒരുവിധത്തില്‍ പുലികളെ കെണിവെച്ചു പിടിച്ചു എന്നുതന്നെ ഇരിക്കുക. എന്നാലും കണികാണാനെങ്കിലുമുള്ള പാല്‍ കറന്നെടുക്കുന്നതെങ്ങിനെ?. അസാദ്ധ്യമായ കാര്യം ചിന്തിച്ച് മനസ്സില്‍ ആധിവളര്‍ത്തേണ്ട. മറ്റെന്തെങ്കിലും മരുന്നു നല്‍കി രാജ്ഞിയുടെ രോഗം മാറ്റാന്‍ ശ്രമിക്കാം. നാടിനു യുവരാജാവാകേണ്ട കുമാരനാണു നീ. കാട്ടിലേക്കു പോകാതെ ഇവിടെ ഇരുന്നുകൊള്‍ക.
ഭൂപാലന്റെ വാക്കുകേട്ട് മായാമാനുഷനായ മണികണ്ഠന്‍ തന്റെ മായയാല്‍ രാജാവിനെ മയക്കി. എന്നിട്ട് പറഞ്ഞു. മഹീപതേ, എന്നാല്‍ എന്റെ മനസ്സിലുള്ള ഒരാഗ്രഹംഅങ്ങ് സാധിച്ചുതരുമെന്ന് സത്യംചെയ്താലും. മണികണ്ഠന്റെ മായയ്ക്ക് അടിമപ്പെട്ട രാജശേഖരന്‍ അപ്രകാരം ചെയ്യാമെന്ന് സത്യംചെയ്തു. അപ്പോള്‍ കുമാരന്‍ പറഞ്ഞു: കാട്ടില്‍ ചെന്ന് പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ടുവരാന്‍ എനിക്ക് ആജ്ഞ തരണം. ഇതല്ലാതെ മറ്റൊരു ആഗ്രഹം എനിക്കില്ല. കല്യാണനിധിയായ അങ്ങ്‌ചെയ്ത സത്യത്തെ പാലിച്ചാലും.
ഈ വാക്കുകള്‍കേട്ട് മഹാരാജാവ് ദണ്ഡുകൊണ്ട് അടികിട്ടിയ പന്നഗത്തെപ്പോലെ ഭൂമിയില്‍ പതിച്ച് ഗദ്ഗദകണ്ഠനായി പുത്രനോടു പറഞ്ഞു. വത്‌സാ, നിന്നാല്‍ ഞാന്‍ വഞ്ചിതനായല്ലോ. എന്നേപ്പോലൊരു ഭോഷന്‍ ഭൂമിയില്‍ ഉണ്ടാവുകയില്ല. പുത്രാ, ഭവാന്‍ രാമനായി മാറിയല്ലോ. എന്റെ പത്‌നി കൈകേയിയും ഞാന്‍ ദശരഥനുമായി മാറിയല്ലോ. സത്യത്തെ ത്യജിക്കാനും പുത്രനെ ത്യജിക്കാനും ശക്തനല്ലാതെ പണ്ട് കോസലാധിപതിയായ ദശരഥന്‍ വലഞ്ഞു. അതു പോലെ ഇപ്പോള്‍ ഞാന്‍ എന്തുചെയ്തിടേണ്ടൂ. ഞാന്‍ എവിടെപ്പോകേണ്ടൂ. ജഗല്‍പതിയായ ശ്രീപരമേശ്വരാ എന്നെ രക്ഷിച്ചാലും. ചിന്തിക്കാതെ ഞാന്‍ ഇന്നു സത്യം ചെയ്തു പോയല്ലോ. അയ്യോ! എന്റെചിത്തം വെന്തുരുകുന്നുവല്ലോ.
ഇങ്ങനെ പലതും പറഞ്ഞു വിലപിക്കുന്ന മഹാരാജാവിനോടു ഭൂതനാഥന്‍ പറഞ്ഞു: എന്നില്‍ നിന്നും ഉണ്ടാകേണ്ട കാര്യങ്ങള്‍ ഉണ്ടാകാതെയിരുന്നാല്‍ എന്നേക്കൊണ്ട് ഒരു ഉപകാരവും ഇല്ല എന്നുവന്നുചേരും. ഭക്ഷണവും പാലും ഒന്നും കഴിക്കാതെ എന്നെക്കണ്ടുകൊണ്ടിരുന്നാല്‍ വിശപ്പും ദാഹവും മാറുമോ?. തനിക്ക് അന്നം തരുന്നവന്റെ കാര്യങ്ങളൊന്നും നന്നായി ചെയ്യാത്തവന്‍ വീട്ടിലെ ഭക്ഷണം മോഷ്ടിച്ചു കഴിക്കുന്ന മൂഷികനെ പ്പോലെയാണ്. വ്യാഘ്രികളെ കാട്ടില്‍ നിന്നും കൊണ്ടുവരാനുള്ള ആജ്ഞ ശീഘ്രം നല്‍കിയാലും. ഉടന്‍ തന്നെ ഞാന്‍ ചെന്നു പിടിച്ചുകൊണ്ടുവരുന്നുണ്ട്.
പുത്രന്റെ വാക്കുകള്‍ കേട്ട മഹാരാജാവ് സത്യ പരിപാലനം ചേയ്യേണ്ടതിനാല്‍ ഉള്ളിലെ ദുഃഖം മറച്ച് കല്‍പ്പിച്ചു: സേനകളോടുകൂടി ഭവാന്‍ കാട്ടിലേക്കു പോകുക. കാട്ടില്‍ തനിയേ പോകേണ്ട. കാട്ടാളക്കൂട്ടവും കൂടെവരും. പുലിയെ പിടിക്കാനുള്ള ഉപായവും അവര്‍ പറഞ്ഞുതരും. മണികണ്ഠന്‍ പറഞ്ഞു. പ്രഭോ, കാട്ടിലേക്കു ഞാന്‍ തനിയെ പോകുന്നതാണ്. അല്ലെങ്കില്‍ പുലികളെ കിട്ടാന്‍ പ്രയാസമാണ്. അങ്ങ്അത് സമ്മതിച്ചാലും.ഒടുവില്‍ രാജാവു പറഞ്ഞു. മണികണ്ഠാ, ഞാന്‍ ഇതാ അനുവാദം തന്നിരിക്കുന്നു. ഒറ്റയ്ക്കുതന്നെ പൊയ്‌ക്കൊള്ളുക. ചന്ദ്രശേഖരനായ മഹാദേവന്റെ കാരുണ്യത്താല്‍ ദോഷമില്ലാതെ കാര്യങ്ങളെല്ലാം സാധിച്ചുവരിക. മുക്കണ്ണനെ സദാ സ്മരിക്കുക. ഇതാ ഈ മൂന്നുകണ്ണുള്ള നാളികേരവും ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ടു പോകുക. അല്ലെങ്കില്‍ കാട്ടില്‍ പട്ടിണിക്കിടയാകും. തുടര്‍ന്ന് മനസ്സുനിറഞ്ഞ് അനുഗ്രഹിച്ച രാജാവ് ‘വേഗത്തില്‍ മടങ്ങിവരിക’ എന്നുകല്‍പ്പിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങളും നാളികേരവുമെല്ലാം അടങ്ങിയ ഭാണ്ഡവും അമ്പും വില്ലും മണികണ്ഠനു നല്‍കി യാത്രയാക്കി. രാജാവിന്റെ സ്‌നേഹ ചുംബനം ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ പാദങ്ങള്‍ തൊട്ടു വന്ദിച്ച് ഭാണ്ഡം തലയിലേന്തി മണികണ്ഠകുമാരന്‍ യാത്രയാരംഭിച്ചു. മഹാദേവനെ ധ്യാനിച്ച് മഹാരാജാവ് കൊട്ടാരത്തില്‍ കഴിഞ്ഞു. വനത്തിലേക്കുതിരിച്ച കുമാരനെക്കണ്ടു പരിഹാസപൂര്‍വ്വം ചില സ്ത്രീജനങ്ങള്‍ പറഞ്ഞു: തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കു കളിക്കാനായി ഓരോ പുലിക്കുട്ടികളേക്കൂടികൊണ്ടുവരുമല്ലോ അല്ലേ?’. ‘കൊണ്ടുവരാം’ എന്നുമാത്രം പറഞ്ഞ് വീരനായ ആ കുമാരന്‍ കാട്ടിലേക്കു നടന്നു.
മണികണ്ഠന്‍ പോയതോടെ ദുഷ്ടനായ മന്ത്രിക്ക് സന്തോഷവും പന്തളരാജാവിനു ദുഃഖവും ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. പന്തളനഗരം വിട്ട് കൊടുംകാട്ടിലെത്തിയ ഭൂതേശ്വരന്റെ മുന്നില്‍ ശിവനിയോഗമനുസരിച്ച് ഭൂതവൃന്ദങ്ങളെല്ലാം എത്തിച്ചേര്‍ന്നു. അവര്‍ തങ്ങളുടെ സ്വാമിയെ വന്ദിച്ചു. വാപരന്‍, കടുരവന്‍, വീരഭദ്രന്‍, കൂപകര്‍ണ്ണന്‍, ഘണ്ടാകര്‍ണ്ണന്‍, കൂപനേത്രന്‍ തുടങ്ങിയ ഭൂതനാഥന്മാരോടും ലക്ഷലക്ഷം ഭൂതവൃന്ദങ്ങളോടുംകൂടി ഭൂതേശ്വരനായ മണികണ്ഠന്‍ പമ്പാതീരത്തിലെത്തിച്ചേര്‍ന്നു. അവിടെ മഹര്‍ഷിമാര്‍ അതിമോദത്തോടെ ഭക്തിപൂര്‍വ്വം ഭൂതേശനെ പൂജിച്ചു. പമ്പാതീരത്തു നിന്നും പത്തു യോജന ദൂരെ ഭംഗിയേറിയ പര്‍വ്വതശിഖരത്തില്‍ സുന്ദരമായ ഒരു സ്വര്‍ണ്ണമന്ദിരം (ഇന്നത്തെ പൊന്നമ്പലമേട്) തങ്ങളുടെ തപശ്ശക്തി കൊണ്ടു മുനിമാര്‍ നിര്‍മ്മിച്ചു. അതിന്റെ മദ്ധ്യത്തില്‍ രത്‌ന സിംഹാസനത്തിലിരുത്തി അവര്‍ ത്രിപുരാന്തക പുത്രനും ദീനവത്‌സലനുമായ ഭഗവാനെ പൂജിച്ചു. ഭക്തന്മാരെ കടാക്ഷിച്ചു കൊണ്ട് ഭൂതവൃന്ദങ്ങളോടൊപ്പം ഭൂതനാഥനായ താരകബ്രഹ്മം തന്റെ അവതാരലക്ഷ്യം സാധിക്കുന്നതിനായികാത്തിരുന്നു.
(അഞ്ചാം അദ്ധ്യായം സമാപിച്ചു)
No comments:
Post a Comment