ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 November 2017

പഞ്ച ശാസ്താ ക്ഷേത്രങ്ങൾ

പഞ്ച ശാസ്താ ക്ഷേത്രങ്ങൾ

കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് സഹ്യ മല നിരകളിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻ കോവിൽ എന്നീ സ്ഥലങ്ങളിൽ മൂന്ന് ധർമ്മ ശാസ്താ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു.

കുളത്തൂപ്പുഴയിൽ ബാലകൻ

ആര്യങ്കാവിൽ യുവാവ്

അച്ചൻ കോവിലിൽ കുടുംബസ്ഥൻ

എന്നീ സങ്കൽപ്പങ്ങളിലാണ് ആരാധന. കേരള സൃഷ്ടാവായി അറിയപ്പെടുന്ന ഭാര്‍ഗ്ഗവ രാമൻ ദ്വാപര യുഗത്തിൽ പ്രതിഷ്ഠിച്ച പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യ മൂന്നെണ്ണമാണ് ഈ ക്ഷേത്രങ്ങളെന്ന് വിശ്വാസം. അഞ്ചാമത്തെത് സന്യാസ സങ്കല്പത്തിൽ ശബരിമലയിലാണെന്ന് ഏവരും സമ്മതിക്കുന്നുണ്ട്, പക്ഷെ നാലാമത്തെത് ഏതാണ്, സങ്കൽപ്പം എന്താണ് എന്നത് തർക്ക വിഷയമാണ്. കാന്തമല എന്നാണ് ഒരു വാദം, പക്ഷെ കാന്ത മലയിൽ ശിവ ചൈതന്യമാണ്, ശബരി മലയ്ക്ക് നിലയ്ക്കൽ എന്ന പോലെ തന്നെയാണ് അച്ഛൻ കോവിലിന് കാന്ത മല (മകൻ അച്ഛൻ ബന്ധം). ചില കഥകളിൽ പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തിയിരിക്കുന്നു, പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ. അയ്യപ്പൻ കോവിലാണെന്നുള്ള വാദം ചിലപ്പോൾ ശരിയായിരിക്കാം, കാരണം ബാല്യം, കൗമാരം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നീ അവസ്ഥകളിൽ അയ്യപ്പൻ കോവിലെ ആരാധനയ്ക്ക് നാലാമത്തെ അവസ്ഥയോടാണ് സാമ്യം. ആകെയുള്ളൊരു പോരായ്മ്മ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻ കോവിൽ എന്നീ സ്ഥലങ്ങൾ അടുത്തടുത്ത് കിടക്കുമ്പോൾ (20 കിലോ മീറ്റർ ചുറ്റളവിൽ) അയ്യപ്പൻ കോവിൽ കാടിന് നടുവിലൂടെ പോയാൽ പോലും 120 കിലോ മീറ്റർ അകലെയാണ് (അച്ചൻ കോവിലിനും അയ്യപ്പൻ കോവിലിനും ഏതാണ്ട് നടുക്കായാണ് ശബരിമല).
തമിഴ് വിശ്വാസം അനുസരിച്ച് മേൽ പറഞ്ഞ ശാസ്താ ക്ഷേത്രങ്ങളുടെ കൂടെ തിരുനെൽവേലി ജില്ലയിലെ പാപനാശത്തിനടുത്തുള്ള സൂരി മുത്തു അയ്യനാർ (സൂരി മുത്തയ്യൻ) ക്ഷേത്രവും ഉൾപ്പെടുത്തിയിരിക്കുന്നു. 'മനുഷ്യ ശരീരത്തിൽ കുണ്ഡലിനിയുടെ ഉയർച്ചയ്ക്ക് ആവിശ്യമായ മൂലം, സ്വാധിഷ്ഠനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്ന ഷഡാധാരങ്ങളെയാണീ ക്ഷേത്രങ്ങൾ സൂചിപ്പിക്കുന്നതത്രേ. കുണ്ഡലിനി ഷഡാധാരങ്ങളിലൂടെ ഉയർന്നു കഴിയുമ്പോൾ പ്രാണസാക്ഷാത്കാരം കിട്ടുമത്രേ. ക്രമ പ്രകാരം ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മോക്ഷം ലഭിക്കുമെന്ന് ചുരുക്കം. ഈ ആറ് ക്ഷേത്രങ്ങളോടോപ്പം എരുമേലിയിലും പൊന്നമ്പലമേടിലും കൂടി ദർശനം നടത്തിയാൽ അഷ്ട രാഗങ്ങളിൽ നിന്നും മോചനം നേടാമത്രേ.

No comments:

Post a Comment