ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 November 2017

സൂക്ഷ്മ ഭുതങ്ങളുടെ പഞ്ചീകരണം

സൂക്ഷ്മ ഭുതങ്ങളുടെ പഞ്ചീകരണം

പരമസത്യം ഏകമാണ്. അതു ബ്രഹ്മമാണ്; കേവല ചൈതന്യമാണ്. ഈ ചൈതന്യത്തിൽ നിന്നും പഞ്ചഭുതങ്ങൾ ഉണ്ടായി. പഞ്ചഭുതങ്ങൾ പ്രകർഷേണ  പഞ്ചീകരിക്കപ്പെട്ടു  പ്രതിഭാസിക്കുന്നതാണ്  പ്രപഞ്ചം. ആകാശം, വായു, അഗ്നി, ജലം, ഭുമി, എന്നിവയാണു  പഞ്ചഭുതങ്ങൾ. ഈ  നാമ പദങ്ങൾക്കു  നാം  സാധാരണ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതിനും വിവക്ഷിക്കുന്നതിനും അപ്പുറം അർത്ഥതലങ്ങൾ ഉണ്ടെന്ന കാര്യവും ഓർക്കേണ്ടതുണ്ട്.

പരാശക്തിയുടെ സ്വന്തം  ഇഛയാൽ ആദ്യം ആകാശം എന്ന സൂക്ഷ്മഭുതം  ഉണ്ടായി. ആകാശത്തിൽ  നിന്നും വായുവിന്റേയും വായുവിൽനിന്നും  അഗ്നിയുടേയും അഗ്നിയിൽനിന്നും  ജലത്തിന്റേയും  ജലത്തിൽ നിന്നും പ്രിത്വി (ഭുമി )യുടെയും സുക്ഷ്മഭുതങ്ങളുണ്ടായി.

ആകാശം എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു  ഭാഗവും വായു  അഗ്നി  ജലം ഭുമി എന്നീ സുക്ഷ്മ ഭുതങ്ങളുടെ എട്ടിൽ ഒന്നു വീതവും കൂടിച്ചേർന്നു ആകാശം എന്ന ഭുതത്തിന്റെ ഒരു  തന്മാത്ര ഉണ്ടായി. ശബ്ദം ആണ് ആകാശത്തിന്റെ വിഷയം. ചെവി ആണു ശബ്ദം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം.

വായു എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും  എട്ടിൽ ഒന്നു  ഭാഗം വീതവും ചേർന്നു വായു എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി. സ്പരശമാണ് 

വായുവിൻറെ വിഷയം. ത്വക് ആണു    സ്പർശoഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം.

അഗ്നി എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ ഭുതങ്ങളുടെയും  എട്ടിൽ ഒന്നു ഭാഗം വീതവും ചേർന്നു അഗ്നി എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി. രൂപം ആണ് അഗ്നിയുടെ വിഷയം. കണ്ണ് ആണു രൂപം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം.

ജലം എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും  മറ്റു  നാലു  സൂക്ഷ്മ ഭുതങ്ങളുടെയും എട്ടിൽ  ഒന്നു ഭാഗം വീതവും  ചേർന്നു ജലം എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി. രസം ആണ് ജലം എന്ന ഭുതത്തിന്റെ വിഷയം. നാക്ക്‌ ആണു രസം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം.

ഭുമി എന്ന സൂക്ഷ്മ ഭുതത്തിന്റെ എട്ടിൽ നാലു ഭാഗവും മറ്റു നാലു സൂക്ഷ്മ  ഭുതങ്ങളുടെയും  എട്ടിൽ ഒന്നു ഭാഗം വീതവും ചേർന്നു ഭുമി എന്ന ഭുതത്തിന്റെ ഒരു തന്മാത്ര ഉണ്ടായി. ഗന്ധം ആണ് ഭുമി എന്ന ഭുതത്തിന്റെ വിഷയം. മൂക്ക്‌ അഥവാ നാസിക ആണു ഗന്ധം ഗ്രഹിക്കുന്നതിനുള്ള ഇന്ദ്രിയം.

മേൽ വിവരിച്ച പ്രകാരം അഞ്ചസൂക്ഷ്മ ഭുതങ്ങളിൽ ഓരോ സൂക്ഷ്മഭുതവും രണ്ടായി വിഭജിക്കപ്പെടുകയും ഓരോ രണ്ടാമത്തെ പകുതിയും നാലായി പിരിഞ്ഞു മറ്റു സൂക്ഷ്മ ഭുതങ്ങളുടെ ആദ്യ പകുതിയുമായി   യോജിച്ചു തന്മാത്രകൾ ഉണ്ടാകുകയും ചെയ്യുന്നതിനെയാണ് സൂക്ഷ്മ ഭുതങ്ങളുടെ പഞ്ചീകരണം എന്നു പറയുന്നത്.

പ്രപഞ്ചവും അതിലുള്ള  സകല  വസ്തുക്കളും മേൽ വിവരിച്ച  പ്രകാരം പഞ്ച ഭുതങ്ങളുടെ  പഞ്ചീ കരണത്തിലുടെയാണ്  ഉണ്ടായിട്ടുള്ളത്. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവയിലുടെ അവ വ്യത്യസ്ഥത പുലർത്തുന്നു. പ്രകർഷേണ പഞ്ചീകരിക്കപ്പെട്ടുണ്ടാകുന്നതിനെ   ആണ്പ്രപഞ്ചം എന്നു പറയുന്നത്.

സൂക്ഷ്മ ഭുതങ്ങളോടൊപ്പം അവയുമായി ബന്ധപ്പെട്ട  അഞ്ചു  വിഷയങ്ങളും അഞ്ചു ഗുണങ്ങളും  ഉണ്ടാകുകയും പിന്നീട് ആ വിഷയങ്ങളേയും ഗുണങ്ങളെയും അറിയുന്നതിനും ആസ്വദിക്കുന്നതിനും  ഉള്ള ഇന്ദ്രിയങ്ങൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉദ്ഭൂതമാകുകയും ചെയ്തു.

പഞ്ചേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളേയും  കൂട്ടിയിണക്കുന്നതു പഞ്ചപ്രാണങ്ങളാണ്. പ്രവർത്തന  ശൈലിയുടെ അടിസ്ഥാനത്തിൽ പഞ്ച പ്രാണങ്ങൾക്കു പ്രത്യേകം പേരുകളുണ്ട്. പ്രാണൻ, അപാനൻ  വ്യാനൻ, ഉദാനൻ, സമാനൻ  എന്നിവയാണു പഞ്ചപ്രാണങ്ങൽ. ഇന്ദ്രിയങ്ങളിലുടെ വിഷയങ്ങളെ  ഗ്രഹിക്കുന്നതിനു പ്രാണൻ  ആവശ്യമാണ്. ഗ്രഹിച്ചവയെ  പുറന്തള്ളുന്നത് അപാനന്റെ  സാന്നിദ്ധ്യവും സഹായവും  മൂലമാണ്. ഉൾക്കൊണ്ട വിഷയത്തെ വേണ്ടവിധം  സാമ്യാവസ്ഥ പ്പെടുത്തുന്നത് സമാനൻ. ഓരോ  വിഷയത്തെയും  എല്ലായിടത്തും വ്യാപിപ്പിക്കുന്നതു  വ്യാനൻ. ഈ പ്രവർത്തികളെല്ലാം  വേണ്ടവിധം നടക്കാൻ കഴിയും വിധം  ജീവനെ ശരീരത്തിൽ   നിലനിർത്തുന്നത് ഉദാനൻ.

പഞ്ചതന്മാത്രകളെ പ്രപഞ്ച  വിഷയങ്ങൾ എന്നും പറയുന്നു.  ശബ്ദം,സ്പർശം, രൂപം, രസം, ഗന്ധം, എന്നിവയാണ് പ്രപഞ്ച  വിഷയങ്ങൾ. ഈ വിഷയങ്ങളെ  തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയങ്ങളാണ് പഞ്ചേന്ദ്രിയങ്ങൾ. ശബ്ദം എന്ന  വിഷയം തിരിച്ചറിയുന്നതിനുള്ള  ഇന്ദ്രിയമാണ് ചെവി. സ്പർശം എന്ന  വിഷയത്തെ തിരിച്ചറിയുന്നതിനുള്ള  ഇന്ദ്രിയമാണ് ത്വക്ക്. രൂപം എന്ന  പ്രപഞ്ച വിഷയത്തെ  തിരിച്ചറിയുന്നതിനുള്ള  ഇന്ദ്രിയമാണ്  കണ്ണ്. രസം എന്ന വിഷയത്തെ  തിരിച്ചറിയുന്നതിനുള്ള  ഇന്ദ്രിയം നാക്ക്. ഗന്ധം എന്ന വിഷയത്തെ  തിരിച്ചറിയുന്നത്‌ ഇന്ദ്രിയം മൂക്ക്. ഇവ അഞ്ചും  ജ്ഞാനെന്ദ്രിയങ്ങൾ. (Even now  in Chemistry /Physics labs  these basic principles are used  to identify the  maerials)

മനുഷ്യനു കാരണ ശരീരം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം  എന്നിങ്ങനെ  മൂന്നു ഘടകങ്ങൾ ഉണ്ട്. സദ്ചിദാനന്ദ സ്വരൂപമായ സാക്ഷാൽ പരമാത്മാവ്‌ തന്നെയാണ്‌ കാരണ ശരീരം. ഈ ബ്രഹ്മചൈതന്യത്തിന്റെ  സാന്നിദ്ധ്യമില്ലാത്ത ഒരിടവും ബ്രഹ്മാണ്ഡത്തിലില്ല. എല്ലാത്തിലും അതുണ്ട്. എല്ലാം അതിൽ സ്ഥിതി ചെയ്യുന്നു. അനന്യമായ ഈ  ചൈതന്യത്തിൽ നിന്നന്യമായി ഒന്നുമില്ല. കർമബന്ധങ്ങളുടെ ഭാണ്ഡം വഹിക്കുന്ന ആത്മാവിൻറെ  പ്രതിബിംബമാണ് സൂക്ഷ്മ ശരീരം.

കർമം ചെയ്യുന്നതിനും  ഫലമനുഭവിക്കുന്നതിനും ഉള്ള ഉപകരണമാണ്  സ്ഥൂല  ശരീരം. ജീവാത്മാക്കളുടെ കർമഫലാനുഭവത്തിനു വേണ്ടിയാണു പ്രപഞ്ചം നിലകൊള്ളുന്നത്. ജീവനുംഅതിൻറെ കർമഫല ഭോഗങ്ങളും കാലമാകുന്ന വെള്ളിത്തിരയിൽ പ്രതിഫലിച്ചു പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. 

ഒരു  ജീവാത്മാവ് (സൂക്ഷ്മശരീരം) മറ്റൊരു ജീവിതത്തിനു വേണ്ടി ഭൌതിക ശരീരം (സ്ഥൂല ശരീരം) വെടിയുന്നതാണ് മരണം. ഭൌതിക ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചീകരണത്തിലുടെയാണ് ഭൌതിക ശരീരം  ഉണ്ടായിട്ടുള്ളത്. അതു കൊണ്ടു തന്നെ പഞ്ചീകരണത്തിന്റെ വിപരീത ദിശയിൽ സങ്കൽപം ചെയ്തു  ഭൌതിക ശരീരം   സംസ്കരിക്കുന്നതാണ് ഹൈന്ദവ  പാരമ്പര്യം. സംസ്കരിക്കുക എന്നാൽ സംസ്കാര ക്രിയകളിലൂടെ രൂപഭേദം വരുത്തി ഉൽകർഷീകരിക്കുക  എന്നാണ് അർത്ഥം.

മൃതശരീരം നിലത്തുകിടത്തുന്നത്  ഭുമിക്കു സമർപ്പിക്കലാണ്. അടുത്ത ചടങ്ങു കുളിപ്പിക്കൽ. മൃത ദേഹത്തെ കുളിപ്പിക്കുന്നതിലുടെ ഭുമിയുടെ  ഉൽപത്തി സ്ഥാനമായ ജലത്തിനു സമർപ്പിക്കുന്നു.

ജലത്തിൻറെ പ്രഭവസ്ഥാനം അഗ്നിയാണ്. അതുകൊണ്ട് ശരീരത്തെ കുളിപ്പിച്ചശേഷം അഗ്നിക്കു  സമർപ്പിക്കുന്നു. അഗ്നി ജഡത്തെ  വായുവിനു സമർപ്പിക്കുന്ന പ്രക്രിയ  ആണു ജ്വലനം. വായു താൻ ഏറ്റുവാങ്ങിയ ജഡാഡാംശത്തെ തൻറെ പ്രഭവസ്ഥാനമായ ആകാശത്തിനു സമർപ്പിച്ചുകൊണ്ട്  വിലയം പ്രാപിക്കുന്നു.

ഓരോ  ഹിന്ദുവും  അഭിമാനത്തോടുകൂടി  ചെയ്യേണ്ട  അനുഷ്ടാനങ്ങലാണ്, മരണാനന്തര കർമങ്ങൾ. അത്യന്തം ശാസ്ത്രീയ  അടിത്തറയുള്ള  ഈ നിസ്തുല  ദർശനവും അനുബന്ധമായുള്ള  ആചാര  അനുഷ്ടാനങ്ങളും ഹിന്ദു സമൂഹത്തിനു സ്വന്തം.

3 comments:

  1. പഞ്ചീകരണം.

    ReplyDelete
  2. വിശദമായി പറഞ്ഞു തന്നിരിക്കുന്നു.
    ഹരിഃഓം

    ReplyDelete
  3. വളരെ നന്നായി പറഞ്ഞു തന്നിരിക്കുന്നു
    നമസ്തേ ജി
    ഹരി ഓം. ഇനിയും പ്രതീക്ഷിക്കുന്നു
    പത്മജ

    ReplyDelete