പ്രഭാതസ്നാനത്തിന്റെ ഗുണങ്ങൾ
ഹേമന്തഋതുവിലെ ഔഷധവീര്യം നിറഞ്ഞ ചന്ദ്രരശ്മി തട്ടിയ ജലത്തിലാണ് വ്രതാനുഷ്ഠാനമുള്ളവർ മുങ്ങികുളിക്കുന്നത്. പുണ്യനദിയായ പമ്പയിലെ തീർത്ഥമായി ജലത്തെ കണ്ടുകൊണ്ട് 108 ശരണം വിളിയോടെ കുളിക്കുന്നത് ആത്മനിർവൃതി നൽകും. മണ്ഡലകാലയളവിൽ പകൽ നല്ല ചൂടും രാത്രി നല്ല തണപ്പും ആയിരിക്കും. ശരീരത്തെ ഈ രണ്ടു വൈരുദ്ധ്യാവസ്ഥകളിൽ നിന്നും രക്ഷിക്കാൻ പര്യാപ്തമായ തരത്തിലാണ് മണ്ഡലകാല വ്രതം ക്രമീകരിച്ചിരിക്കുന്നത്. രണ്ടു നേരത്തെ സ്നാനത്തിലൂടെ പകലുള്ള ചൂടിനെയും അതിലൂടെ ഉണ്ടാകുന്ന വിയർപ്പിനെയും ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കിനെയും കുറയ്ക്കുവാൻ സാധിക്കുന്നു. കുളി അഗ്നി ശക്തിയെ ഉണ്ടാക്കുന്നതും ആയുസ്സിനെ പ്രദാനം ചെയ്യുന്നതും ശരീരബലത്തെ ഉണ്ടാക്കുന്നതുമാണ്.
ബ്രാഹ്മമുഹൂർത്തത്തിൽ ഏഴുന്നേറ്റ് സ്നാനം ചേയ്യുന്നത് ആരോഗ്യവർദ്ധനവിന് നല്ലതാണ് എന്ന് വൈദ്യശാസ്ത്രവും ധർമ്മശാസ്ത്രവും പറയുന്നു. രാവിലെ
3Am To 5Am ഋഷി സ്നാനം
5Am To 6:30Am മനുഷ്യസ്നാനം
6:30Am To ...... രാക്ഷസ്സ സ്നാനം
എന്നു പറയുന്നു. രാത്രി ഉറങ്ങുന്നതിനാൽ മനുഷ്യശരീരത്തിലെ നവദ്വാരങ്ങളും ആപവിത്രമാക്കുന്നു. അതിനാൽ പ്രഭാതസ്നാനം ചെയ്യേണ്ടതാവശ്യമാണ്. പ്രഭാതങ്ങളിൽ ജല്ലശയങ്ങളിലെ ഉറവയ്ക്ക് ഔഷധവീര്യം കൂടും. കുളിക്കുന്നതിനുള്ള കുളത്തിന്റെ കരയിൽ ആര്യവേപ്പും കാഞ്ഞിരവും കാണും ഇല്ല എങ്കിൽ അതു നട്ട് വളർത്തുന്നത് നല്ലതാണ്. രണ്ടും തണുപ്പാണ്. രണ്ടു വൃക്ഷങ്ങളുടെയും വേരുകൾ വളർന്ന് പടർന്ന് കുളത്തിനടിയിൽ വ്യാപിക്കും. ഇത് വെള്ളത്തിന് തണുപ്പേകുന്നു. ക്ഷേത്രകുളത്തിനടുത്ത് തന്നെ വലിയ ആൽമരവും ഉണ്ടാകാറുണ്ട്. ശുദ്ധജലത്തെ ശേഖരിച്ചു നിർത്താനുള്ള കഴിവും അന്തരീക്ഷ വായുവിനെ ശുദ്ധികരിക്കാനുള്ള കഴിവും അരയാലിനുണ്ട്.
കുളത്തിൽ കുളിക്കുന്നതിനു മുമ്പ് ജലത്തിൽ ആദ്യം കാലെടുത്ത് വെയ്ക്കരുത്. വലതുകൈകൊണ്ട് അല്പം ജലമെടുത്ത് ശിരസ്സിലും കണ്ണിലും അല്പം തളിച്ചതിനു ശേഷമെ വെള്ളത്തിൽ ഇറങ്ങവൂ. അങ്ങനെ ചെയ്താൽ ജലദേവതയുടെ അനുഗ്രഹം ഉണ്ടാകും എന്നാണ് വിശ്വാസം. ആയുർവേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് എന്ന നലയിൽ വേണം കുളി ആരംഭിക്കാൻ. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനക്കാനാണ്. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകും. ആയുർവേദത്തിൽ കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്. വെള്ളത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യുവാനോ കാർക്കിച്ചു തുപ്പുവാനോ മറ്റേതെങ്കിലും തരത്തിൽ അശുദ്ധമാക്കുവാനോ പാട്ടില്ല.
വിവസ്ത്രരായി വെള്ളത്തിൽ നീരാടുവാൻ പാടില്ല. മറഞ്ഞിരിക്കുന്ന അഗ്നിയാണ് വെള്ളം അതുകൊണ്ട് അധർമ്മങ്ങൾ ചെയ്താൽ വെള്ളം നമ്മെ ചുട്ടുകളയും എന്നാണ് സങ്കൽപ്പം. ജലം സർവ്വദേവതാ സ്വരൂപമാണെന്ന് വേദങ്ങൾ പറയുന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങി കിഴക്കോട്ട് തിരിഞ്ഞ് നിന്ന് സപ്തനദികളെ സ്മരിച്ചു കൊണ്ട് കൈകുടന്നയിൽ ജലമെടുത്ത്...
ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു
എന്ന മന്ത്രം ഉരുവിട്ട് അതിനു ശേഷം സ്വാമിയേ ശരണമയ്യപ്പാ ജപിച്ചു കൊണ്ട് മുങ്ങണം. ശരീരമാലിന്യങ്ങൾക്കൊപ്പം മനസ്സും ശുദ്ധമാക്കാൻ ഇതു സഹായിക്കും. ആദ്ധ്യാത്മിക വികാസം എന്നതിലുപരി ജീവിത കർമ്മങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് പ്രഭാതസ്നാനം അത്യന്താപേക്ഷിതമാണ്.
നളദമയന്തിക്കഥയിൽ നളനെ ശനി ബാധിച്ച കഥ പറയുന്നുണ്ട്. കാലു കഴുകിയപ്പോൾ ഉപ്പൂറ്റിയിൽ (കാലിന്റെ പിൻഭാഗം) വെള്ളം വീണില്ല എന്നും ശനി അതിലൂടെ അദ്ദേഹത്തിലേക്കു പ്രവേശിച്ചു എന്നുമാണു കഥ. ശരീരം ശുദ്ധമല്ലെങ്കിൽ രോഗങ്ങൾ മാത്രമല്ല വരുന്നത് എന്നും ഈ കഥ സൂചന നൽകുന്നു.
എണ്ണതേച്ചു കുളിക്കാൻ പണ്ടൊക്കെ നല്ല ദിവസം നോക്കുമായിരുന്നു. ഇന്നത്തെപ്പോലെ നിത്യവും എണ്ണ തേച്ചു കുളി പണ്ടില്ലായിരുന്നു. തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ചു കുളിക്കാം. മറ്റു ദിവസങ്ങൾ പാടില്ല. കറുത്ത വാവിനും വെളുത്ത വാവിനും എണ്ണ തേക്കാൻ പാടില്ല. ചതുർദശി, പ്രതിപദം, ഷഷ്ഠി, അഷ്ടമി, ദ്വാദശി എന്നിവ ഒഴിവാക്കണം. തിരുവാതിര, ഉത്രം, തൃക്കേട്ട,തിരുവോണം എന്നീ നക്ഷത്രങ്ങളും നന്നല്ല. ജന്മനക്ഷത്രം, അനുജന്മനക്ഷത്രം,ഉപവാസദിവസം എന്നിവയൊക്കെ എണ്ണ തേച്ചു കുളിക്കാൻ പാടില്ലാത്ത ദിവസങ്ങളാണ്.
മരണവീട്ടിൽ പോയി വന്നാൽ ആദ്യം കുളിക്കണം എന്നതു പണ്ടു മുതലേ ഉള്ള ആചാരമാണ്. മൃതശരീരത്തിൽ നിന്നുള്ള അണുക്കൾ നമ്മുടെ ദേഹത്തു നിന്നു കളയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. കുളിച്ചു വസ്ത്രം മാറി ധരിക്കുകയും വേണം. കുളികഴിഞ്ഞാൽ ആദ്യം തുടയ്ക്കേണ്ടതു മുതുകാണ്. അതു കഴിഞ്ഞേ മുഖം തുടയ്ക്കാവൂ.
No comments:
Post a Comment