ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2017

ഭൂതനാഥോപാഖ്യാനം - 11

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 28

ഭൂതനാഥോപാഖ്യാനം - പതിനൊന്നാം അദ്ധ്യായം

അഗസ്ത്യാഗമനം

സൂതനും ശൗനകാദികളായ താപസശ്രേഷ്ഠരും ധ്യാനത്തില്‍ നിന്നും എഴുന്നേറ്റു. സൂതനെ വന്ദിച്ചു പൂജിച്ചശേഷം ആദരപൂര്‍വ്വം ശൗനകന്‍ ചോദിച്ചു: മഹാഭാഗനും പുരുഷര്‍ഷഭനുമായ ഹേ സൂത!, ചിന്തിച്ചു നോക്കുകയാണെങ്കില്‍ ഭവാന്‍ ധന്യധന്യനാണ്. ഭൂതേശന്റെ മാഹാത്മ്യം ഒന്നൊഴിയാതെ ഇനിയും കേള്‍ക്കുവാന്‍ ഉള്ളില്‍ മോഹമേറുന്നു.

സാക്ഷാല്‍ ശബരിമലയില്‍ മോക്ഷദായകനായ ഭൂതനാഥനു ആലയം പണിതീര്‍ത്തതിനേക്കുറിച്ചും മറ്റുചരിത്രങ്ങളും പറഞ്ഞുതന്നാലും. സംസാരദുഃഖം അകലുവാനായി പന്തളേശ്വരനു ജ്ഞാന കാണ്ഡം ധര്‍മ്മശാസ്താവ് ചുരുക്കി അരുളിച്ചെയ്തുവല്ലോ. ഭഗവാന്‍ രാജശേഖര രാജാവിനു കര്‍മ്മകാണ്ഡം എന്താണു ഉപദേശിച്ചു നല്‍കാത്തത്? ദയാനിധേ, കാരുണ്യവാരിധേ, മഹാമതേ, സൂതാ, അങ്ങ് ഇതെല്ലാം ഇന്നു പറഞ്ഞുതന്നാലും.

ശൗനകന്റെ വാക്കുകള്‍കേട്ട് സൂതന്‍ ഭഗവാന്റെ പാദാംബുജങ്ങള്‍ മനസ്സില്‍ ധ്യാനിച്ചു പറഞ്ഞു തുടങ്ങി. താപസന്മാരേ, നിങ്ങള്‍ക്ക് സംസാരതാപം അകറ്റിക്കളയുന്നതിനുള്ള സമയം സമാഗതമായിരിക്കുന്നു. അതുകാരണമാണു കാലകാലാത്മജനായ ധര്‍മ്മശാസ്താവില്‍ നിങ്ങള്‍ക്കു ഭക്തിയുണ്ടായത്. കാലയുഗാദികള്‍ക്കനുസരിച്ച് ജഗന്‍മയനായ താരകബ്രഹ്മം സഗുണമായിത്തീര്‍ന്നു ലോകങ്ങളെയെല്ലാം രക്ഷിക്കുവാനായി ലീലാവതാരങ്ങളെടുക്കുന്നു. അവയില്‍ നാല് അവതാരങ്ങളാണു മുഖ്യമായുള്ളത്.

താപസശ്രേഷ്ഠരേ, നിങ്ങള്‍ക്കു കേള്‍ക്കുവാനായി ഞാന്‍ അവ പറയുന്നതാണ്. മുന്‍പ് കൃതയുഗത്തില്‍ ധര്‍മ്മത്തെ സംരക്ഷിക്കുവാനായി ഭാര്‍ഗ്ഗവരാമനായി ഭഗവാന്‍ അവതരിച്ചു. ബ്രഹ്മചര്യം, സത്യം, ശൗര്യം, യുദ്ധപാടവം (രണകുശലത്വം) എന്നിവചേര്‍ന്ന ഭാര്‍ഗ്ഗവരാമന്‍ ദുഷ്ടരായ രാജാക്കന്‍മാരെ വധിച്ച് ലോകത്തിലെങ്ങും നിറഞ്ഞിരുന്ന അധര്‍മ്മത്തെ നശിപ്പിച്ചു. ത്രേതായുഗത്തില്‍ രഘുരാമനായി ഭഗവാന്‍ അവതരിച്ചു. ഭൂമിയില്‍ ധര്‍മ്മം സംരക്ഷിക്കുവാന്‍ ഭാര്‍ഗ്ഗവരാമനിലുള്ള താരകാംശത്തെ സ്വീകരിച്ച രാഘവന്‍ ഏകപത്‌നീ വ്രതത്തോടും, സത്യത്തോടും, അത്യന്തശൗര്യത്തോടും കൂടിയവനായി ദുഷ്ടരായ രാക്ഷസന്‍മാരെ വധിച്ച് ഭൂമിയില്‍ ധര്‍മ്മം നിലനിര്‍ത്തി.

ദ്വാപരയുഗത്തില്‍ ഉന്നതമായ ധര്‍മ്മത്തെ രക്ഷിക്കുവാനായി ബലരാമനായി ഭഗവാന്‍ അവതരിച്ചു. ഈ കലിയുഗത്തില്‍ മഹിഷിയെ മര്‍ദ്ദിക്കുവാന്‍ എന്ന ഭാവേന ഭക്തരെ രക്ഷിക്കുവാനായി ദയാപരനായ താരകബ്രഹ്മം ഭൂമിയില്‍ പൂര്‍ണ്ണാവതാരം കൈക്കൊണ്ടു. ഭാര്‍ഗ്ഗവരാമന്‍, രഘുരാമന്‍, ബലരാമന്‍ എന്നീ അവതാരങ്ങള്‍ അംശാവതാരങ്ങളും ഭൂതനാഥാവതാരം പൂര്‍ണ്ണാവതാരവുമാകുന്നു.

മഹാരാജാവിനു അതുകൊണ്ടാണു ധര്‍മ്മശാസ്താവ് കര്‍മ്മകാണ്ഡം അരുളിച്ചെയ്യാതിരുന്നത്. ഭഗവാന്‍ കര്‍മ്മകാണ്ഡം ഉപദേശിച്ചാല്‍ മാനുഷര്‍ക്കെല്ലാം ഒരുപോലെ സ്വീകരിക്കാവുന്നതായി മാറും. ബ്രാഹ്മണാദിചണ്ഡാളപര്യന്തം എല്ലാ വര്‍ണ്ണങ്ങളും ജ്ഞാനകാണ്ഡത്തിന് ഒരുപോലെ അധികാരികളാണ് എന്നറിയുക. എന്നാല്‍ കര്‍മ്മകാണ്ഡത്തിനു അല്‍പം ഭേദമുണ്ട്. നിര്‍മ്മലന്‍മാരായ മഹര്‍ഷിമാരേ, ഞാന്‍ പറയുന്നതു കേട്ടാലും.

ഭൂതനാഥന്‍ താപസശ്രേഷ്ഠനായ അഗസ്ത്യനേക്കൊണ്ടു പന്തളമഹാരാജാവിനു കര്‍മ്മകാണ്ഡം മുഴുവനും ഉപദേശിച്ചുകൊടുപ്പിച്ചു. ഞാന്‍ അവയെല്ലാം പറയാം. ഈ കലികാലത്തു മനുഷ്യരെല്ലാം ദുഷ്‌ക്കര്‍മ്മ തല്‍പരരാണ്. എന്നിരുന്നാലും ഭൂതനാഥനെ ഭജിച്ചാല്‍ അവരുടെ ചേതസ്സ് പരിശുദ്ധമായിത്തീരും. ഇനിയുള്ള കഥകള്‍ ഞാന്‍ ചുരുക്കി പറയാം.

വീരനായ മണികണ്ഠസ്വാമി ജ്ഞാനോപദേശം ചെയ്തുമറഞ്ഞതിനു ശേഷം രാജശേഖര മഹാരാജാവ് തന്റെ മനസ്സിനെ ബ്രഹ്മത്തില്‍ സുസ്ഥിരമായി നിര്‍ത്തുവാന്‍ പലവിധത്തിലും പരിശ്രമിച്ചുതുടങ്ങി. . ഒരുവിധത്തിലും മനസ്സ് ഉറച്ചു നില്‍ക്കാതെ ഉറുമ്പിനേപ്പോലെ അങ്ങുമിങ്ങും പാഞ്ഞു നടന്നു. എന്തിനേറെപ്പറയേണ്ടൂ, പന്തളാധീശന്റെ മനസ്സ് ഇളകിമറിഞ്ഞു തുടങ്ങി. കുരങ്ങനെ പിടിച്ച് നന്നായി കയ്യും കാലും വരിഞ്ഞുകെട്ടി ഇട്ടാലും പല്ലിളിച്ച് ഉരുളുന്നതു പോലെ രാജാവിന്റെ മനസ്സും ഒന്നിലും നില്‍ക്കാതെ ചുറ്റിത്തിരിഞ്ഞു തുടങ്ങി.

ക്ഷേത്ര നിര്‍മ്മാണത്തേക്കുറിച്ചും രാജ്യഭരണത്തേക്കുറിച്ചും എല്ലാംമറന്ന് ചിത്തഭ്രമത്തോടെ ഇരിക്കുന്ന മഹാരാജാവിന്റെ മുന്നില്‍ മുനികുലസത്തമനായ അഗസ്ത്യമഹര്‍ഷി പ്രത്യക്ഷനായി. ഒരു ബ്രാഹ്മണവേഷം കൈക്കൊണ്ടു വന്ന മാമുനിയെക്കണ്ടു വീരനായ മഹാരാജാവ് അര്‍ഘ്യപാദ്യാദികളാല്‍ അദ്ദേഹത്തെ പൂജിച്ചുവന്ദിച്ച് ഭക്തിയോടെ നമസ്‌ക്കരിച്ചു.

മഹാരാജാവ് ചോദിച്ചു: എന്റെ കൊട്ടാരം ശുദ്ധമാക്കുവാന്‍ അങ്ങ് എവിടെനിന്നാണ് എഴുന്നള്ളുന്നത്? ദയാനിധേ, അങ്ങ് ആരാണെന്നുള്ളതും നേരായി അരുള്‍ചെയ്താലും. അവിടുന്ന് സൂര്യനോ? ചന്ദ്രനോ? അഗ്നിയോ? ആര്യതാതനായ ദൈവമോ? അരുളിച്ചെയ്താലും. അങ്ങയുടെ ശോഭയാല്‍ എന്റെ മനസ്സ് മയങ്ങുന്നു. മഹാരാജാവിന്റെ വാക്കുകള്‍കേട്ട് ആനന്ദപൂര്‍വ്വം താപസശ്രേഷ്ഠന്‍ പറഞ്ഞുതുടങ്ങി.

കര്‍മ്മകാണ്ഡോപദേശം

അഗസ്ത്യന്‍ പറഞ്ഞു: മുന്‍പു മണികണ്ഠസ്വാമി വ്യാഘ്രത്തിന്റെ മുകളിലേറിവന്നപ്പോള്‍ അങ്ങേയ്ക്ക് ഭൂതനാഥന്റെ തത്വമെല്ലാം പറഞ്ഞു തന്ന താപസനായ അഗസ്ത്യനാണു ഞാന്‍. കര്‍മ്മകാണ്ഡത്തെ ഭവാനുപദേശിച്ചു നല്‍കണമെന്ന് മന്മഥാരിസുതനായ മണികണ്ഠന്‍ കല്‍പ്പിച്ചതനുസരിച്ച് അതുമുഴുവനും ഉപദേശിച്ചു നല്‍കുവാനാണ് ഞാന്‍ ഇവിടേയ്ക്കുവന്നത്.

മഹര്‍ഷിയുടെ വാക്കുകള്‍ ശ്രവിച്ച് അദ്ദേഹത്തെ താണുതൊഴുതു നമസ്‌ക്കരിച്ച ശേഷം ദുഃഖത്താല്‍ കേണു കൊണ്ട്‌ രാജാവ് ചോദിച്ചു: മഹര്‍ഷേ, ചിന്‍മയനാണെങ്കിലും എന്റെ പ്രിയനന്ദനനായിരുന്ന മണികന്ധരന്‍ എവിടെയാണു വസിക്കുന്നത്? എന്നോടൊരുമിച്ചുവസിച്ച നാളുകളില്‍ എന്റെ ഉണ്ണിയായിരുന്ന മണികണ്ഠന്‍ ചെയ്ത കാര്യങ്ങളൊക്കെയും ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.

ചില നേരത്ത് ഭൃത്യനേപ്പോലെ എന്റെ മനസ്സറിഞ്ഞു എല്ലാക്കാര്യങ്ങളും പ്രവര്‍ത്തിക്കും. ചിലപ്പോള്‍ പുത്രനേപ്പോലെ എന്റെ മടിത്തട്ടിലിരുന്നു സന്തോഷത്തോടെ കളിക്കും. മന്ത്രിയേ പ്പോലെ ചിലനേരത്ത് കാര്യങ്ങള്‍ വേണ്ട പോലെ മന്ത്രിച്ച് പറയും. ആ കുമാരന്റെ ഗുണങ്ങളോരോന്നും വര്‍ണ്ണിച്ചു പറയുവാന്‍ അനന്തനു പോലും ഇന്നു സാധിക്കുമോ? ഹാ, എന്റെ നന്ദനാ! ഭൂതേശാ! ദൈവമേ! ഭവാന്‍ ദേവദേവനാകുന്നു. എന്നാലും എന്റെ ചിത്തത്തിലെ ദുഃഖങ്ങള്‍ ശമിക്കുന്നില്ലല്ലോ?...

ഇങ്ങനെ പറഞ്ഞു വിലപിക്കുന്ന രാജാവിനോടു ശാന്തനായ താപസശ്രേഷ്ഠന്‍ പറഞ്ഞു: മഹാരാജാവേ, എന്തിനാണ് ഈ വിധം കരയുന്നത്? മണികണ്ഠന്‍ പറഞ്ഞതെല്ലാം മറന്നുവോ? ഒന്നാലോചിച്ചാല്‍ മായയുടെ ബലം മഹത്തരം തന്നെ. ശരീരമുള്ളവര്‍ക്ക് ഈ മായാബലം നീക്കാന്‍ പ്രയാസമാണ്. എങ്ങും നിറഞ്ഞു നില്‍ക്കുന്ന വസ്തുവാണു മണികണ്ഠന്‍ എന്ന് ഭവാന്‍ ഇന്ന് ഓര്‍ക്കുന്നു. മഹാരാജാവേ, എന്നാല്‍ നാമവും, രൂപവും, ദേശവും, കാലവും ഇല്ലാത്ത വസ്തുവാണു ഭൂതനാഥന്‍.

പൂര്‍വജന്‍മത്തില്‍ ഭവാന്‍ ചെയ്ത മഹാപാപത്തിന്റെ ഒരംശം അവശേഷിക്കുന്നതിനാലാണു സത്യം അറിഞ്ഞു വെങ്കിലും അത് ഓര്‍ക്കാന്‍ ശക്തിയില്ലാത്തവനായി ഇങ്ങനെ വിഷമിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ നടക്കണമെന്ന് ഇച്ഛയുണ്ടായാലും അതു സാദ്ധ്യമാകുമോ? പതിയെ പതിയെ പിടിച്ചു നടന്നു നടന്ന് പിന്നെ വേഗത്തില്‍ നടന്നുതുടങ്ങുന്നു. അതേപോലെ സല്‍ഗുണത്തെ ഭജിക്കുന്ന ജനങ്ങള്‍ക്ക് സല്‍ഗുണമായി അതുതന്നെ സംഭവിക്കും. നിഷ്‌ക്കാമമായി സഗുണമാകുന്ന താരകത്തെ ഉള്‍ക്കാമ്പില്‍ ഉറപ്പിച്ചു ഭവാന്‍ പൂജിച്ചു കൊള്ളുക. സര്‍വപാപങ്ങളും ഭസ്മമായി മനസ് സര്‍വദാ ശുദ്ധമായ ബ്രഹ്മത്തില്‍ ചെന്നുചേരും.

അഗസ്ത്യവചനം കേട്ട് മഹാരാജാവ് ചോദിച്ചു: പരാപരനും അവ്യയനുമായ താരകബ്രഹ്മം സല്‍ഗുണനായി പ്രകാശിച്ചു എന്റെ പുത്രനെന്ന ഭാവത്തില്‍ വര്‍ത്തിച്ചുവല്ലോ. ഇതില്‍പരം എന്റെ പാപശാന്തിക്ക് എന്താണുചെയ്യേണ്ടത്? സര്‍വൈക സാക്ഷിയായ ഈശ്വരനെ കണ്ടാല്‍ സര്‍വപാപങ്ങളും തീരുമെന്നല്ലേ ദേവകളെല്ലാം സദാ ഉദ്‌ഘോഷിക്കുന്നത്. അത് അസത്യമായി ഭവിക്കുമോ?

രാജാവിന്റെ ചോദ്യത്തിന് ഉത്തരമായി മഹര്‍ഷി പറഞ്ഞു: ഭൂപതേ, ദേവനായാലും ഗന്ധര്‍വ്വനായാലും യക്ഷനായാലും കിന്നരനായാലും നാഗമായാലും മനുഷ്യനായാലും പ്രാരബ്ധകര്‍മ്മങ്ങള്‍ അനുഭവിച്ചുതീരാതെ വഴിയില്ലെന്നറിയുക. സര്‍വേശ്വരനായ ഭൂതേശനെ ഭവാന്‍ സര്‍വേശ്വരനായി ഉറച്ചുകാണുകയുണ്ടായില്ല. മാനുഷഭാവത്തില്‍; പുത്രനെന്ന ഭാവത്തില്‍ മനസ്സില്‍ നിനച്ച് ഭവാന്‍ മണികണ്ഠനെ കണ്ടു. പന്തളരാജ്യത്തുള്ളവരും മണികണ്ഠനെ കണ്ടുവല്ലോ. എന്നിട്ട് അവര്‍ക്ക് മോക്ഷം ലഭിച്ചുവോ?. ഞാന്‍ മുന്‍പ് പറഞ്ഞതു കേട്ട് പരമാനന്ദസ്വരൂപനാണു ഭൂതേശന്‍ എന്നറിഞ്ഞ് പാപങ്ങളെല്ലാം നശിക്കുവാനായി ഭവാന്‍ ഭഗവാനെ ഭജിച്ചില്ല...

പിന്നെങ്ങിനെ അവശേഷിക്കുന്ന പാപങ്ങള്‍ നശിക്കും? മണികന്ധരന്‍ ദൈവമാണെന്നു മുന്‍പേ അറിഞ്ഞ ആചാര്യന്‍ ഭവാനോടു മണികണ്ഠന്‍ പറഞ്ഞതെല്ലാം കേട്ട് ജ്ഞാനിയായിത്തീര്‍ന്നതു കാണുക. തന്റെ പുത്രന്റെ മൂകത്വവും ബധിരത്വവും നീക്കാന്‍ മണികന്ധരനാകുന്ന ദേവനു കഴിയുമെന്ന് മനസ്സില്‍ വിശ്വാസമുണ്ടായതു കാരണം ആചാര്യന്‍ ജ്ഞാനം ലഭിക്കുവാന്‍ യോഗ്യനായി മാറി. ‘ബാലനായ ഇവന്‍ പുലിപ്പാലു കൊണ്ടുവരാന്‍ ആളാകുമോ?’എന്ന് ഭവാന്‍ സംശയിച്ചു. മഹാരാജാവേ, അങ്ങും ഉത്തമനായ ആചാര്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്.

രാമനാകുന്ന താരകബ്രഹ്മത്തെ പണ്ടു ഭൂപതിയായ ദശരഥന്‍ പുത്രനെന്ന ഭാവത്തില്‍ ലാളിച്ചു. പക്ഷേ, ബ്രാഹ്മണ ശാപത്തെ തടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവോ? യാഗാദികര്‍മ്മങ്ങള്‍ ചെയ്തതിനാല്‍ ദശരഥന്‍ സ്വര്‍ഗ്ഗലോകം പ്രാപിച്ചുവെങ്കിലും പിണ്ഡദാനം ചെയ്തതിനു ശേഷമാണു ബ്രഹ്മലോകം സിദ്ധിച്ചത്.

ശ്രീരാമനും, ശ്രീകൃഷ്ണനും, ബലരാമനും, ഭാര്‍ഗ്ഗവരാമനും സ്വയം തീര്‍ത്ഥപാദന്‍മാരാണ്. എങ്കിലും അവര്‍ തീര്‍ത്ഥയാത്രകള്‍ നടത്തി പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തില്ലയോ? മന്നവാ, അതുകൊണ്ട് മനുഷ്യശരീരം എടുത്തവരെല്ലാം നിഷ്‌ക്കാമകര്‍മ്മങ്ങള്‍ ചെയ്യണം. സല്‍ഗുണനായ ഭഗവാനെ ഭക്തിപൂര്‍വ്വം ഭജിച്ചാല്‍ചിത്തം നിര്‍ഗ്ഗുണത്തില്‍ ചെന്നുചേരും.

ശിവപുത്രന്‍ അയച്ച ശരംകുത്തിനില്‍ക്കുന്നിടത്ത് താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാന്‍ മനോഹരമായ ഒരു ക്ഷേത്രം ഭവാന്‍ നിര്‍മ്മിക്കണം. ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ട പഞ്ചയജ്ഞങ്ങളേയും അനുഷ്ഠിച്ച് നിഷ്‌ക്കാമനായി ചഞ്ചലമെന്യേ സുഖിച്ചു വസിക്കുക. ചിത്തം ബ്രഹ്മത്തില്‍ ചേര്‍ന്നാല്‍ ഭവാനു ഭൂമിയില്‍ ഇനി ഒരു ജന്‍മം ഉണ്ടാവുകയില്ല. ആദ്യം ഗുരുപൂജ. പിന്നെ പിതൃപൂജ. മൂന്നാമതായി ദേവപൂജ. അഥിതി പൂജയാണു നാലാമത്തേത്. ആത്മ പൂജയാണു അഞ്ചാമത്. ഈ പഞ്ചയജ്ഞങ്ങളേ കാലോചിതമായി ഒരുമുടക്കവും കൂടാതെ ഗൃഹനാഥന്‍ ചെയ്യണം. ആശ്രമങ്ങള്‍ നാലിലും വെച്ച് ഉത്തമമായതു ഗൃഹസ്ഥാശ്രമമാണ് എന്ന് കാലകാലാത്മജന്‍ മുന്നേ പറഞ്ഞത് ഇതുകൊണ്ടാണ്.

ദശരഥ സദ്ഗതി വര്‍ണ്ണനം

ലോപാമുദ്രാപതിയായ അഗസ്ത്യനെ വന്ദിച്ച് സന്ദോഷപൂര്‍വ്വം പന്തളമഹാരാജാവ് ചോദിച്ചു: സൂര്യവംശത്തില്‍ ജനിച്ച ദശരഥ മഹാരാജാവ് പിണ്ഡദാനത്തിനാല്‍ ബ്രഹ്മലോകം പ്രവേശിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. തപോനിധേ, ആ ചരിത്രം കേള്‍ക്കുവാന്‍ എനിക്ക് മോഹമേറുന്നു. അപ്പോള്‍ അഗസ്ത്യന്‍ പറഞ്ഞു: നൃപമണേ, ചുരുക്കി ഞാന്‍ പറയാം. കേട്ടുകൊള്ളുക. രാവണനെ വധിച്ചശേഷം രാജ്യാഭിഷേകം നടത്തി ശ്രീരാമചന്ദ്രന്‍ സീതാസമേതനായി സാമോദം അയോദ്ധ്യയില്‍ വാണു. അക്കാലത്തൊരു ദിനം സഹോദരനായ ലക്ഷ്മണനോടും സീതയോടും കൗസല്യാകൈകേയിസുമിത്രമാരോടുമൊപ്പം കാശി മുതലായ പുണ്യതീര്‍ത്ഥങ്ങള്‍ കണ്ടു വന്ദിക്കുവാന്‍ ശ്രീരാമചന്ദ്രന്‍ പുറപ്പെട്ടു. പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തും എണ്ണമറ്റദാനങ്ങള്‍ ചെയ്തും പിതൃതര്‍പ്പണം നടത്തിയും അവര്‍ ഗയയില്‍ എത്തി.

പിതൃക്കള്‍ നേരിട്ടുവന്ന് പിണ്ഡം സ്വീകരിച്ചു ഭക്ഷിക്കുന്ന പുണ്യമേറുന്ന ഗയയിലെത്തിയ പുണ്ഡരീകേക്ഷണനായ ശ്രീരാമചന്ദ്രന്‍ ഫല്‍ഗു നദീതീരത്തു വിളങ്ങുന്ന ഉത്തമമായ വടവൃക്ഷവും ഗദാധരനായ മഹാവിഷ്ണുവിന്റെ പാദങ്ങളും കണ്ടു വന്ദിച്ചു. തീര്‍ത്ഥപാദനായ രാമനോടൊപ്പം ഉണ്ടായിരുന്നവരും ഗദാധരനെ വന്ദിച്ചു. ആര്‍ത്തവകാലമായതിനാല്‍ സീതാദേവി അവരോടൊപ്പം ചേരാതെമാറി നിന്നിരുന്നു. വിഷ്ണുപാദം പതിഞ്ഞ ആ പുണ്യഭൂമിയില്‍ ലക്ഷ്മണനോടും മാതാക്കളോടുമൊപ്പം ശ്രീരാമന്‍ ദശരഥമഹാരാജാവിനു ആമപിണ്ഡം സമര്‍പ്പിക്കുവാന്‍ ഒരുങ്ങി. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സീതാദേവി ഫല്‍ഗുനദീതീരത്ത് മണ്ണുകൊണ്ടുണ്ടാക്കിയ പിണ്ഡം ദശരഥനു വേണ്ടിയെന്ന സങ്കല്‍പ്പത്തില്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണസങ്കല്‍പ്പത്തോടുകൂടി കര്‍മ്മത്തിനായി സീതാദേവി സമര്‍പ്പിച്ച പിണ്ഡം മര്‍മ്മസ്ഥാനത്തു തന്നെ ചെന്നേറ്റു. ദശരഥന്‍ പിണ്ഡം സ്വീകരിച്ചു സംതൃപ്തനായി.

ഇതേസമയം ദാശരഥിയായ രാമന്‍ പിതാവിനായി വിഷ്ണുപാദത്തില്‍ വിധിപൂര്‍വ്വം ആമപിണ്ഡം സമര്‍പ്പിച്ചു. എന്നാല്‍ ആ പിണ്ഡം ദശരഥന്‍ നേരിട്ടെത്തി വാങ്ങുകയുണ്ടായില്ല. മറ്റ് രാജാക്കന്‍മാര്‍ അവരവരുടെ പിതാക്കന്‍മാരെ സങ്കല്‍പ്പിച്ചു ചെയ്ത പിണ്ഡങ്ങളെല്ലാം അതാതു പിതൃക്കള്‍ നേരിട്ടുവന്നു വാങ്ങിത്തുടങ്ങി. സമര്‍പ്പിച്ച പിണ്ഡം ഏറ്റുവാങ്ങാന്‍ തന്റെ പിതാവു മാത്രം വരാത്തതില്‍ നാണവും കോപവും മനസ്സില്‍ വര്‍ദ്ധിച്ച് രാമചന്ദ്രന്‍ മാതാവായ കൗസല്യയോടു ചോദിച്ചു. മാതാവേ, എന്റെ പിതാവ് വരാത്തതെന്താണ്? ഭവതിക്കു തെറ്റു സംഭവിച്ചുവോ? രാജാക്കന്‍മാര്‍ നല്‍കുന്ന പിണ്ഡം പിതൃക്കള്‍ വന്നുവാങ്ങുന്നതു കാണുന്നില്ലയോ? ഈ ഭൂമിയില്‍ അച്ഛനില്ലാത്തവരായി ഞാനും ലക്ഷ്മണനും നില്‍ക്കുന്നു.

കോപത്തോടെ രാമന്‍ പറഞ്ഞതുകേട്ട് കൗസല്യ പറഞ്ഞു: മകനേ, നിന്റെ പിതാവിനെയൊഴിഞ്ഞു അന്യപുരുഷനെ ഞാന്‍ സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചിട്ടില്ല. സൂര്യചന്ദ്രാദികളായ പതിന്നാലുദേവകള്‍ ഇതിന് എപ്പോഴും സാക്ഷികളാണ്.

മാതൃവാക്യം കേട്ട ഖിന്നനായി ശ്രീരാമന്‍ പവനസുതനായ ഹനുമാനെ സ്മരിച്ചു. തല്‍ക്ഷണം മാരുതി പ്രത്യക്ഷനായി രാമനെ വന്ദിച്ചു. രാമപാദങ്ങള്‍ കഴുകി തീര്‍ത്ഥത്തില്‍ ആറാടി സാദരം രാമനെ വന്ദിച്ച് ആഞ്ജനേയന്‍ ചോദിച്ചു: ശ്രീപതേ, അടിയനെ സ്മരിച്ചതെന്തിനാണ്? ചിന്തിതചിതാമണേ! മമദൈവമേ! ദയാനിധേ! നിന്തിരുവടിയുടെ കാരുണ്യമുണ്ടെങ്കില്‍ എന്തുചെയ്യുവാനും ഞാന്‍ ശക്തനാകും. നിന്തിരുവടിയുടെ മുദ്രാംഗുലീയത്തിന്റെ മാഹാത്മ്യത്താല്‍ ഞാന്‍ ദക്ഷിണസാഗരം ചാടിക്കടന്നുവല്ലോ. വേണ്ടുന്ന കാര്യം എന്താണ് എന്ന് എന്നോടു ചൊല്ലിയാലും. നിന്തിരുവടിയുടെ കൃപയാല്‍ അതെല്ലാം നടക്കും.

ഇതുകേട്ട് ഭക്തപ്രിയനായ ശ്രീരാമന്‍ വായുപുത്രനെ ആലിംഗനം ചെയ്തു പറഞ്ഞു: എന്റെ പിതാവ് എവിടെയാണു വസിക്കുന്നതെന്നു കണ്ടെത്തി അദ്ദേഹത്തെ വേഗം തന്നെ ഭവാന്‍ ഇവിടെയെത്തിക്കുക. രാമവാക്യം ശ്രവിച്ച മാരുതി തന്റെ ദിവ്യദൃഷ്ടിയാല്‍ ദശരഥനെ കണ്ടെത്തി. രാമപാദാം ബുജം വന്ദിച്ചശേഷം ആകാശ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് ക്ഷണനേരം കൊണ്ട് ഹനുമാന്‍ സത്യലോകത്തിലെത്തി. ബ്രഹ്മലോകത്ത് ബ്രഹ്മദേവനോടൊരുമിച്ച് രത്‌നസിംഹാസനത്തിലിരിക്കുന്ന ദിവ്യനായ ദശരഥ മഹാരാജാവിനെ കണ്ട് ഹനുമാന്‍ വന്ദിച്ചു. വിവരങ്ങളെല്ലാം അറിയിച്ച് ബ്രഹ്മദേവന്റെ അനുവാദവും വാങ്ങി ദശരഥമഹാരാജാവിനെ തേരില്‍ കയറ്റി ക്ഷണനേരം കൊണ്ട് മാരുതി ഗയയില്‍ എത്തിച്ചേര്‍ന്നു. ദശരഥനെ രാമപാര്‍ശ്വത്തിലെത്തിച്ച് ഹനുമാന്‍ വന്ദിച്ചു നിലകൊണ്ടു.

പിതാവിനെക്കണ്ട് കുണ്ഠിതം വെടിഞ്ഞ് രാമചന്ദ്രന്‍ നമസ്‌ക്കരിച്ചു.

മന്ദഹാസത്തോടെ രാമനെ തൊഴുത് ആനന്ദത്തോടെ ദശരഥന്‍ പറഞ്ഞു: ചാതുര്യമേറുന്ന നിന്നുടെ മായയാല്‍ ഈ ലോകങ്ങളില്‍ യാതൊരുവനാണു മയങ്ങാത്തത്?. താരകബ്രഹ്മമാണു ഭവാന്‍ എന്നിരിക്കെ അതുതിരിച്ചറിയാതെ കേവലം എന്റെ പുത്രനാണ് എന്ന് ചിന്തിച്ച് ഞാന്‍ ലാളിച്ചു. കഷ്ടം!. ജഗല്‍പതേ, അതുമൂലം എനിക്കു സംസാരദുഃഖത്തില്‍ നിന്നും കരകയറുവാന്‍ സാധിച്ചില്ല. ദേഹമുണ്ടെങ്കില്‍ മോഹവും ഉണ്ടാകും. മോഹമാണു ദുഃഖബീജമാകുന്നത്. അതിനാല്‍ ഇനി സംസാരദുഃഖം ഉണ്ടാകാതിരിക്കാനുള്ളവരം അങ്ങ് എനിക്കു നല്‍കണം. അങ്ങ് സമര്‍പ്പിച്ച ആമപിണ്ഡം ഞാന്‍ നേരിട്ടുവന്നു വാങ്ങാത്തതിന്റെ കാരണം അങ്ങേയ്ക്ക് അറിയാം. അല്ലയോ രമാപതേ!, എങ്കിലും ഇവിടെയുള്ള ജനങ്ങളെല്ലാവരും കേള്‍ക്കാനായി ഞാന്‍ പറയാം. അങ്ങയുടെ ശക്തിയായ ജാനകിയെന്ന ചിഛക്തിരൂപിണി മാനുഷരൂപത്തില്‍ പുഷ്പിണിയാണെങ്കിലും എന്നെ സങ്കല്‍പ്പിച്ച് മണ്ണു കൊണ്ടുള്ള പിണ്ഡം സമര്‍പ്പിച്ചു. അതു ഞാന്‍ ഭക്ഷിച്ചു. ആ പിണ്ഡദാനത്തിനാല്‍ ഞാന്‍ സ്വര്‍ഗ്ഗലോകത്തു നിന്നും സത്യലോകത്തിലെത്തി. ഉണ്ടു വയറുനിറഞ്ഞവന്‍ വീണ്ടും ഉണ്ണുവാന്‍ കൊതിക്കുന്നതെങ്ങിനെ? സ്ത്രീരത്‌നമായ കൗസല്യയില്‍ അല്‍പം പോലും ദോഷം ആരും കരുതരുത്. ഇങ്ങനെ പറഞ്ഞു ദശരഥന്‍ മറഞ്ഞു.

ഇതെല്ലാം കണ്ടുസര്‍വരും അത്ഭുതപ്പെട്ടു. ഇനിമുതല്‍ പിതൃക്കള്‍ക്കു നേരിട്ടുവന്നു ആമപിണ്ഡം സ്വീകരിച്ചു ഭുജിക്കുവാന്‍ സാധിക്കാതെ പോവട്ടെ എന്ന് ശ്രീരാമചന്ദ്രന്‍ ശപിച്ചു. അന്നുതൊട്ട് ഗയയില്‍ പിതൃക്കള്‍ നേരിട്ടുവന്ന് പിണ്ഡം സ്വീകരിക്കാതെ അദൃശ്യരായി നിന്ന് പിണ്ഡം വാങ്ങി ഭക്ഷിച്ച് ബ്രഹ്മപദത്തില്‍ എത്തുന്നു.

പന്തളമഹാരാജാവേ, ഇങ്ങനെയെല്ലാം വൈശിഷ്ട്യമേറുന്ന ഗയയ്ക്കു സമമാണ് ഇവിടെയുള്ള പമ്പാനദി എന്നറിയുക. താരകബ്രഹ്മമായ ധര്‍മ്മശാസ്താവിനെ അഭിഷേകം ചെയ്ത ജലം ചേര്‍ന്നൊഴുകുന്ന കുംഭദളതീര്‍ത്ഥത്തിന്റെ (കുമ്പളത്തോടിന്റെ) മാഹാത്മ്യവും ഇനി പറയാം.

(പതിനൊന്നാം അദ്ധ്യായം സമാപിച്ചു)


No comments:

Post a Comment