സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 31
ഭൂതനാഥോപാഖ്യാനം - പതിനാലാം അദ്ധ്യായം
പമ്പാമാഹാത്മ്യം
സൂതന്‍ ശൗനകനോടു വീണ്ടും പറഞ്ഞുതുടങ്ങി. കുംഭജനായ അഗസ്ത്യ മഹര്‍ഷി പന്തള മഹാരാജാവിന് പമ്പാമാഹാത്മ്യം ഉപദേശിച്ചു.
അഗസ്ത്യന്‍ പറഞ്ഞു: സാരമേറിയ പുണ്യതീര്‍ത്ഥങ്ങളെയെല്ലാം കേരളത്തില്‍ കൊണ്ടു വരുവാന്‍ ആഗ്രഹിച്ച് പരശുരാമന്‍ ഭക്തിപൂര്‍വ്വം ഖണ്ഡപരശുവായ മഹാദേവനെ ധ്യാനിച്ചു തപസ്സുചെയ്തു. ഭഗവാനില്‍നിന്നു വരം ലഭിച്ച പരശുരാമന്‍ എല്ലാ പുണ്യതീര്‍ത്ഥങ്ങളേയും ഒരുമിച്ചു ചേര്‍ത്ത് കേരളഭൂമിയില്‍ ഒറ്റ തീര്‍ത്ഥമാക്കിമാറ്റി. ആമോദപൂര്‍വം അതിനു പമ്പാനദിയെന്ന് പരശുരാമന്‍ പേരിട്ടു. ‘പാ’ എന്ന ധാതുവില്‍ നിന്നാണ് പമ്പയെന്ന നാമം ഉളവായത്. പാലനം, പാവനം, പാനം എന്നിവയിലൂം ധാതു ‘പാ’ എന്നുതന്നെ. മഹാരാജാവേ, പാനം ചെയ്യുന്ന പാപികളെ പരിശുദ്ധരാക്കിത്തീര്‍ത്തു പാലനം ചെയ്യുന്ന തീര്‍ത്ഥമായതിനാല്‍ പമ്പയെന്ന നാമം ലഭിച്ചു. ഈ തീര്‍ത്ഥത്തിന്റെ മാഹാത്മ്യം ഞാന്‍ വീണ്ടും പറഞ്ഞാല്‍ അത് ചര്‍വ്വിതചര്‍വ്വണമായിത്തീരും (ചവച്ചത് വീണ്ടും ചവയ്ക്കുന്നതുപോലെ; പറഞ്ഞതു വീണ്ടും പറയുന്നതുപോലെയെന്നു സാരം).
മന്നവാ, ഭൂതേശനെ പൂജിക്കുന്നതിനുള്ള ക്രമം ഇനി ഞാന്‍ പറഞ്ഞുതരാം. ഏതൊരു പൂജ കൊണ്ടാണോ ദേവവൃന്ദങ്ങള്‍ സ്വര്‍ഗ്ഗസ്ഥിതരായത്, ഏതൊരു പൂജകൊണ്ടാണോ ദേവവൃന്ദങ്ങള്‍ കൃതാര്‍ത്ഥരായിത്തീര്‍ന്നത്, അങ്ങിനെയുള്ള പൂജാക്രമം ഇന്നു ഞാന്‍ ചുരുക്കി ഭവാനോടുപറയുന്നതാണ്. പണ്ടൊരിക്കല്‍ കൃതവീര്യന്റെ പുത്രനായ അര്‍ജ്ജുനന്‍ (കാര്‍ത്തവീര്യാര്‍ജ്ജുനന്‍) എന്ന ബുദ്ധിമാനായ മഹാരാജാവ് തന്റെ ഗുരുവായ ദത്തനെ (ദത്താത്രേയനെ) വന്ദിച്ച് ആദരപൂര്‍വ്വം ചോദിച്ചു. വിഭോ, ഏതൊരു ദേവനെ പൂജിച്ചാല്‍ എന്റെ മനസ്സ് പരിശുദ്ധമായിത്തീരും? ആ ദേവന്റെ പൂജാപ്രകാരങ്ങള്‍ എനിക്ക് ഇന്ന് ഉപദേശിച്ചു തന്നാലും. അര്‍ജ്ജുനന്റെ വാക്കുകള്‍കേട്ട് ദത്തന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു.
മഹാരാജന്‍, നീ മഹാഭാഗ്യശാലിയാണ്. മനസ്സ് ശുദ്ധമാകണം എന്നാണല്ലോ ഭവാന്റെ ആഗ്രഹം. മനുഷ്യര്‍ക്ക് അതിലും മീതെ കൃതാര്‍ത്ഥത വരാന്‍ മറ്റൊന്നുമില്ല എന്നറിയുക. ഏകമായ ബ്രഹ്മത്തില്‍നിന്ന് മായയാല്‍ ദേവകളെല്ലാം ഉത്ഭവിക്കുന്നു. ഒരു ദേവന്‍ ഗുണവാന്‍ അപരന്‍ ദോഷം എന്ന് പറയാന്‍ സാധിക്കുകയില്ല. ഓരോരോ ദേവനെയായി വെവ്വേറെ പൂജിക്കുവാന്‍ ഭൂമിയില്‍ മനുഷ്യനു സാധിക്കുമോ? ഗുണയുതരായ ദേവകളെല്ലാവരും ഒന്നു ചേര്‍ന്നു നില്‍ക്കുന്നതാണ് താരകം. ‘താ’ എന്ന ധാതുവില്‍ നിന്നാണ് താരകമെന്ന നാമം ഉത്ഭിവിച്ചത്. നന്നായ് തരണം ചെയ്യിക്കുന്നുവെന്നു ളളവാക്കിനു ധാതുവായത് ‘താ’ എന്നറിയുക. തന്റെ ഭക്തന്മാരെ ഘോരമായ ദുഃഖത്തില്‍നിന്നും തരിപ്പിക്കുക (അല്ലെങ്കില്‍ തരണം ചെയ്യിക്കുക) എന്നതുകാരണം താരമെന്നുള്ള നാമം ഉണ്ടായി. അതിനോട് ‘ക’ പ്രത്യയംചേര്‍ന്നാല്‍ താരകമെന്ന് നാമം. താരകരൂപനായ ദേവനെ പൂജിക്കുന്നവന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കപ്പെടും.
ഭവാന്‍ യുദ്ധത്തില്‍ വധിക്കപ്പെടുമെന്നാണ് ഞാന്‍ പണ്ടുനല്‍കിയ വരം. അതിനുള്ള കാലം അടുത്തിരിക്കുന്നു. അധികകാലം കഴിയുന്നതിനുമുമ്പ് പരശുരാമന്‍ ഭവാനെ യുദ്ധത്തില്‍ വധിക്കും. അതിനുമുമ്പ് താരകത്തെ ഭവാന്‍ നന്നായി സ്മരിച്ച് മനസ്സില്‍ ഉറപ്പിക്കണം. ദക്ഷാരിയായ ദയാപരനായ മഹാദേവന്‍ ദക്ഷിണാമൂര്‍ത്തിയായി ചമഞ്ഞ് ആമോദപൂര്‍വ്വം ശിഷ്യന്മാര്‍ക്ക് താരകബ്രഹ്മോപദേശമാണ് നല്‍കുന്നത്. എന്നാല്‍ ഇനി പൂജ ചെയ്യേണ്ടുന്ന വിധം ഒന്നൊഴിയാതെ ഞാന്‍ സംഗ്രഹിച്ചു പറയാം. നിര്‍മ്മമേതി, മമേതി എന്നിങ്ങനെ രണ്ടുവിധത്തിലുള്ള പൂജയുണ്ട്. മാനസതാരില്‍ ഈശ്വരന്‍ നിലകൊള്ളുന്നു എന്നുവിചാരിച്ചുള്ള മാനസപൂജയാണു നിര്‍മ്മമേതിത്വം. ഈശ്വരന്റെ ദാസനാണു ഞാന്‍ എന്നുറച്ച് വിശ്വസിച്ചുള്ള ബാഹ്യപൂജയാണ് മമേതിത്വം. നിഷ്‌ക്കാമമായി ചെയ്യുന്ന മമേതി കര്‍മ്മങ്ങള്‍ കാലാന്തരത്തില്‍ നിര്‍മ്മമേതിയായിടും.
ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാലന്‍ വരെയുള്ള എല്ലാവര്‍ണ്ണങ്ങള്‍ക്കും ഇതിന് അധികാരമുണ്ട്. എങ്കിലും ഓരോവര്‍ണ്ണത്തിനും ഓരോരോ വിധത്തിലുള്ള പൂജകളാണു ധര്‍മ്മകര്‍ത്താക്കള്‍ ഭൂമിയില്‍ കല്പിച്ചിരിക്കുന്നത്. വേദമന്ത്രങ്ങളാല്‍ ബ്രാഹ്മണര്‍ക്കു പൂജചെയ്യാം. ബ്രാഹ്മണാജ്ഞയനുസരിച്ച് ക്ഷത്രിയര്‍ക്കും അപ്രകാരം അനുഷ്ഠിക്കാം. താന്ത്രിക വൈദികങ്ങളായ മന്ത്രങ്ങളാല്‍ ശാന്തസ്വരൂപികളായ വൈശ്യന്മാര്‍ പൂജചെയ്യണം. താന്ത്രിക മന്ത്രങ്ങളാല്‍ മറ്റ് വര്‍ണ്ണങ്ങളും (ശൂദ്രരും ചണ്ഡാലരും) ശാന്തബുദ്ധ്യാ ദേവനെ പൂജിക്കണം. എല്ലാവരും തന്ത്രം (പൂജ) ചെയ്യുന്നത് ഒരേ പ്രകാരം തന്നെയാണ്. മന്ത്രങ്ങള്‍ക്കുമാത്രമേ അല്പം ഭേദമുള്ളൂ. ഉപനയനാദികര്‍മ്മങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേദാധികാരം ഉണ്ടായിരിക്കുകയില്ല. യാതൊരുവന് സന്തുഷ്ടനായ ആചാര്യനാല്‍ ഉപനയനാദി കര്‍മ്മങ്ങള്‍ ചെയ്യപ്പെടുന്നുവോ അവന് വേദം ഉച്ചരിക്കാം. അതില്‍ അല്പംപോലും ദോഷമില്ല എന്നാണ് എന്റെ അഭിപ്രായം. ഭക്തിയുണ്ടെങ്കില്‍ താന്ത്രിക പൂജയും മുക്തിയിലേക്കു നയിക്കുമെന്ന് ഉറപ്പാണ്. ഭക്തിഹീനന്മാരായവര്‍ക്കു വൈദിക വിധിപ്രകാരമുള്ള പൂജകളും മുക്തി നല്‍കുന്നതിനു ശക്തിയുള്ളതായിത്തീരുകയില്ല.
ആദ്യമേ ആചാര്യനില്‍ നിന്നു പൂജാക്രമങ്ങളെല്ലാം പഠിക്കണം. എല്ലാ വര്‍ണ്ണങ്ങള്‍ക്കും ഇത് ബാധകമാണ്. ഗുരുവില്‍നിന്ന് പഠിച്ചശേഷം വേണം പൂജചെയ്തു തുടങ്ങുവാന്‍. എന്നാല്‍ ഫലമുണ്ടാകും. സൂര്യനുദിക്കാന്‍ രണ്ടര നാഴിക നേരമുള്ളപ്പോള്‍ ഉണര്‍ന്ന് എഴുന്നേറ്റിരുന്ന് ആദരപൂര്‍വ്വം ഭക്തിയോടെ ശിരസ്സിനു മധ്യത്തില്‍ വിടര്‍ന്നുനില്‍ക്കുന്ന താമരയ്ക്കുള്ളില്‍ ഇരിക്കുന്നവനായ ആചാര്യനെ സ്മരിക്കണം. അന്നേ ദിവസം ചെയ്യേണ്ട കാര്യങ്ങളെല്ലാം നന്നായി വരാന്‍ ഈശ്വരനെ പ്രാര്‍ത്ഥിക്കുക. പിന്നീട് മെല്ലെ പുറത്തിറങ്ങി ശൗചക്രിയകളെല്ലാം കഴിച്ച് ശുദ്ധ മനസ്സോടെ ഗൃഹകൃത്യങ്ങളെല്ലാം വേണ്ടുംവിധം നിര്‍വ്വഹിക്കുവാന്‍ യോഗ്യരായവരെ ഗൃഹനാഥന്‍ നിയോഗിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗൃഹകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പൂജയില്‍ അശ്രദ്ധയുണ്ടാകും. സൂര്യനുദിക്കുന്ന യാമംവരെ ശുദ്ധസാത്വിക കാലമാണ്. പിന്നെ മദ്ധ്യാഹ്നം വരെ രജോഗുണവും പ്രദോഷംവരെ തമോഗുണവുമാണ്. മഹാരാജാവേ, രാത്രികാലത്തും ഗുണത്രയങ്ങള്‍ ഇതേ പ്രകാരം തന്നെയാണ് എന്നറിയുക.
നല്ല സൂഗന്ധതൈലം തേച്ചുള്ള സ്‌നാനം ഉത്തമമാണ്. അല്ലെങ്കില്‍ വെള്ളത്തില്‍ മുങ്ങിക്കുളിക്കാം. അതിനു വഴിയില്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുളിക്കാം. അഗ്നിസമ്പര്‍ക്കമുണ്ടായ ജലം അതീവ ശുദ്ധമാണ് എന്നൊരു പക്ഷമുണ്ട്. ‘ആപോഹിഷ്ഠാ’ എന്നിത്യാദി മന്ത്രങ്ങള്‍ ജപിച്ചു പ്രോക്ഷണം ചെയ്തുവേണം കുളിക്കുവാന്‍. ഭസ്മം ധരിച്ച് സന്ധ്യാവന്ദനം ചെയ്യുക. ഭസ്മം കുളിയുടെ ഒരു അംഗം തന്നെയാണ്. ഇതൊന്നുമല്ലെങ്കില്‍ കുലാചാരമനുസരിച്ച് ചെയ്യുക. മനസ്സില്‍ തന്റെ കുലദൈവത്തെ സ്മരിച്ച് മൗനിയായി പൂജാഗൃഹത്തിന്റെ വാതില്‍ക്കലെത്തുക. ദ്വാരപാലകന്മാരെ പൂജിച്ചശേഷം പൂജാഗൃഹത്തില്‍ പ്രവേശിച്ച് ആസനം (ഇരിപ്പിടം) തൊട്ട് അഭിവാദ്യം ചെയ്യണം. ബ്രാഹ്മണര്‍ക്ക് കര്‍മ്മീയം (ആവണപ്പലക) ആണ് ഉത്തമമായ ആസനം. തോലുകൊണ്ടുള്ള ഇരിപ്പിടം (മാന്‍തോലും പുലിത്തോലും) നാലുജാതിക്കും ഉപയോഗിക്കാമെന്ന് നിര്‍മ്മമന്മാരായ ചിലര്‍ പറയുന്നു. പിതാവ് തുടങ്ങിയ രക്ഷിതാക്കളെയെല്ലാം വന്ദിച്ച് സന്തോഷത്തോടെ ആസനത്തിലിരിക്കണം. ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും പത്മാസനമാണ് ഉത്തമം. ക്ഷത്രിയവൈശ്യജാതികള്‍ക്ക് വീരാസനമാണ് ഉചിതമെന്ന് ശാസ്ത്രങ്ങള്‍ വിധിക്കുന്നു. പൂജയ്ക്ക് ഇരിക്കുന്നതിനുമുമ്പ് പൂജയ്ക്കാവശ്യമായവയെല്ലാം പൂജകന്‍ സംഭരിച്ചിരിക്കണം. പുഷ്പം, അക്ഷതം, ഗന്ധം, ശുദ്ധജലം, പ്രഭപരത്തുന്ന സാമ്പ്രാണി, വെറ്റില, പൂഗം, ഘൃതം എന്നിവയെല്ലാം ശക്തിക്കൊത്തവിധം (അവനവനു സാധിക്കുന്ന വിധം) പൂജാഗൃഹത്തില്‍ ശേഖരിച്ചിരിക്കണം. കേതകി, കിംശൂകം, കുടജം, ചൂതസുമങ്ങള്‍, കാപാല പുഷ്പം എന്നിവ പൂജയ്ക്കു നിഷിദ്ധമാണ്. അവകൊണ്ട് ഒരു ദേവനേയും പൂജിക്കരുത്. കൂവളത്തില, തുളസിയില, പിച്ചി, മുല്ല, ചേമന്തി, ചെത്തി, മന്ദാരം, തുമ്പ, പാരിജാതം, ചെമ്പകം, കര്‍പ്പൂരം, മഞ്ജീര പുഷ്പം തുടങ്ങിയവയെല്ലാം എല്ലാവിധ പൂജകള്‍ക്കും നല്ലതാണ്. താമരപ്പൂവും തുളസീദളവും പൂക്കളില്‍ ഉത്തമമാണ് എന്നതില്‍ സംശയില്ല. കാരകില്‍, കച്ചൂരം, കൊട്ടം, രാമച്ചം, ചന്ദനം, കണ്ടിവെണ്ണ, ഇരുവേലി, കേസരം എന്നിവയാണ് അഷ്ടഗന്ധം. പട്ടുവസ്ത്രമോ വെളുത്തവസ്ത്രമോ ഇഷ്ടമുള്ളത് ഏതായാലും ഉടുക്കാം. എന്നിരിക്കിലും താരകബ്രഹ്മത്തെ പൂജിക്കുന്നതിന് സുന്ദരമായ നീലാംബരം (നീലപ്പട്ട്) മുഖ്യമായിരിക്കുന്നു. മാലകളും ഭസ്മക്കുറികളും ശരീരത്തില്‍ ധരിച്ചു വേണം പൂജിക്കുന്ന വ്യക്തി പൂജയ്ക്ക് ഇരിക്കേണ്ടത്.
ഭഗവദ് പൂജാക്രമം
സങ്കടങ്ങളെല്ലാം തീരുവാനായി സങ്കല്പം ചെയ്ത് ഭക്തിയോടെ പൂജയ്ക്കിരിക്കണം. ഇഷ്ടദേവനെ അഭിവാദ്യം ചെയ്യണം. ഭൈരവനോട് ആജ്ഞ വാങ്ങണം. തുടര്‍ന്ന് ‘ഗംഗേ ചയമുനേ ചൈവ’ എന്നാരംഭിക്കുന്ന മന്ത്രം ജപിച്ച് ജ്വലിക്കുന്ന ദീപത്തില്‍ നിന്ന് ഗംഗയെ ആവാഹിച്ച് ദക്ഷിണഭാഗത്തു സ്ഥാപിച്ചിരിക്കുന്ന കലശത്തിലാക്കുക.
പിന്നീട് ‘അപാംമതേ’ത്യാദി മന്ത്രങ്ങള്‍ ജപിച്ച് ഗംഗാശാപം തീര്‍ക്കണം. ധേനുമുദ്രകാട്ടി അമൃത് ധ്യാനിച്ച് മന്ത്രത്താല്‍ പന്ത്രണ്ടു തവണ തര്‍പ്പണം നല്ലതുപോലെ ചെയ്ത് ഗന്ധപുഷ്പാക്ഷതങ്ങള്‍ അല്പമെടുത്ത് ആ ജലത്തിലിടണം. ‘സാപുരാ സാഗരോല്‍പന്നേ’ തി മന്ത്രത്താല്‍ ശംഖ് പൂജിക്കുക.. പിന്നെ വിധിപൂര്‍വ്വം ആത്മപൂജ ചെയ്ത് നന്നായി ഉപന്യാസം ചെയ്യുക. ശംഖതീര്‍ത്ഥം കൊണ്ട് പൂജയ്‌ക്കൊരുക്കിയ വസ്തുക്കളെയെല്ലാം പ്രോക്ഷണം ചെയ്യണം (തളിക്കണം).
തന്റെ വാമഭാഗത്ത് ഗുരുവിനേയും ദക്ഷിണഭാഗത്ത് ഗണപതിയേയും പൂജിക്കണം. പിന്നീട് താരകമൂര്‍ത്തിയെ പൂജിക്കുവാന്‍ ആരംഭിക്കണം. മനോഹരമായ ബിംബത്തിലോ, സ്വസ്തിക പദ്മത്തിലോ നല്ല സാളഗ്രാമശിലയിലോ, ശിവലിംഗത്തിലോ ദേവനെ പൂജിക്കാം. ഒരു പീഠത്തില്‍ നീലവസ്ത്രം വിരിച്ച് അതില്‍ അക്ഷതമിട്ട് അതിനുകളില്‍ വെയ്ക്കുന്ന നാളികേരത്തിലും താരകബ്രഹ്മത്തെ പൂജിക്കാം. പഞ്ചപൂജ ചെയ്ത് മോദത്തോടെ ഗുരുനാഥന്‍ പറഞ്ഞു തന്നപ്രകാരം ദേവനെ മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് ദേവനെ പൂജിക്കണം. ഇടത്തുമൂക്കിലൂടെ ശ്വാസമെടുത്ത് (പ്രാണായാമം ചെയ്ത്) സാമോദം ദേവനെ ഗന്ധപുഷ്പാക്ഷതജലസമന്വിതം ആവാഹിക്കണം. ‘ആഗശ്ച’ഇത്യാദി മന്ത്രവും ‘മാം പാഹിതോഭവേ’ത്യാദി മന്ത്രവും ചൊല്ലണം. ആവാഹന മുദ്രകാണിച്ച് പാദ്യം, അര്‍ഘ്യം, ആചമനം തുടങ്ങിയവ സമര്‍പ്പിക്കണം.
താരകകബ്രഹ്മത്തിന്റെ ശക്തിയായ ദേവിയേയും മനസ്സില്‍ ധ്യാനിച്ച് ഇതേപ്രകാരം പൂജിക്കണം. മഞ്ചമാതാവെന്ന് നാമം സ്വീകരിച്ച ആ ദേവി ചഞ്ചലലോചനയും ചാരുചന്ദ്രാനനയുമാണ്. ചിച്ഛക്തിയായ ആ ദേവി ‘ലീല’ എന്ന പേരില്‍ ത്രിമൂര്‍ത്തികളുടെ ശക്തിയായി മുന്‍പു വര്‍ത്തിച്ചു. ആ ശക്തിയാല്‍ ലോകം നിലകൊള്ളുന്നു. ആ ശക്തിയാല്‍ ആകാശഗോളങ്ങള്‍ പ്രകാശിക്കുന്നു. ദേവന്മാരുടെ ദുഃഖം തീര്‍ക്കുവാനും അസുരന്മാരുടെ ദര്‍പ്പം അവസാനിപ്പിക്കുവാനും ഭൂമിയില്‍ ധര്‍മ്മരക്ഷ ചെയ്യുവാനുമായി താരകബ്രഹ്മത്തെ സഗുണീകരിച്ചത് സാരമായുള്ള ആ ചിഛക്തിയാണ്.
പരശുരാമനും, ശ്രീരാമനും, ബലരാമനും, കൃഷ്ണനും, ആര്യതാതനായ ഭൂതനാഥനും രേണുക, താടക, പൂതന, മഹിഷി എന്നിങ്ങനെ തന്റെ മായയെ താന്‍ ജയിക്കും എന്ന് ഭക്തര്‍ക്ക് കാട്ടികൊടുക്കുവാന്‍ തന്റെ ശക്തിക്കു വന്നിരിക്കുന്ന താമസഗുണങ്ങള്‍ നീക്കി സുമുഖികളാക്കി മാറ്റും. കാര്‍ത്തവ്യവീര്യാര്‍ജ്ജുനാ, ഇപ്പോള്‍ പൂജാക്രമം കേള്‍ക്കുക. അര്‍ഘ്യപാദ്യാദികള്‍ ചെയ്ത് ഉള്ളില്‍ ഭക്തിയോടുകൂടി ആദരപൂര്‍വ്വം ഇരുന്ന് താളത്രയവും ദിഗ്ബന്ധനവും ചെയ്യുക. പ്രാണായാമം ചെയ്ത് ഋഷി, ഛന്ദസ്സ് തുടങ്ങിയ ന്യാസങ്ങള്‍ ചെയ്യുക. മനസ്സില്‍ ഭക്തിയോടുകൂടി കഴിയുന്നത്രയും തവണ ഭൂതേശ ഗായത്രി മന്ത്രം ജപിക്കുക. പിന്നെ ‘ആപോഹിഷ്ഠാ’ദി മന്ത്രങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുക. വസ്ത്രം, ഉപവീതം തുടങ്ങിയ അലങ്കാരവസ്തുക്കള്‍ സമര്‍പ്പിച്ച് പഞ്ചാക്ഷരം ചെയ്ത് എട്ടുതവണ പഞ്ചാര്‍ച്ചനം ചെയ്ത് നന്നായി മണിനാദം മുഴക്കുക.
മൂലമന്ത്രത്താല്‍ പതിനാറു തവണ പഞ്ചാര്‍ച്ചനം ചെയ്ത് മണി മുഴക്കുക. മത്സ്യാദി പഞ്ചമുദ്ര കാട്ടി ഭക്തിയോടെ നൈവേദ്യം നല്‍കുക. നാളികേരം, ഗുളം, അപ്പം, മലര്‍, അവില്‍, പാല്‍, കദളിപ്പഴം, പഞ്ചസാര, പഞ്ചാമൃതം, ത്രിമധുരം, പാനകം എന്നിങ്ങനെ നിവേദ്യങ്ങള്‍ അവനവനാകുന്നവിധം സമര്‍പ്പിക്കാം. ഇതിനൊന്നും കഴിവില്ല എങ്കില്‍ നല്ല ഒരു കദളിപ്പഴം മാത്രമായാലും മതി. അവനവന്‍ ഭക്ഷിക്കാത്ത വസ്തുക്കള്‍ ദേവദേവനു നിവേദ്യമാക്കരുത്. ഇങ്ങോട്ടും അങ്ങോട്ടും ആവാഹനം ചെയ്ത് അഞ്ച് പ്രാണാഹുതി കഴിക്കണം. മുമ്മൂന്നുവട്ടം ഇപ്രകാരം ചെയ്തശേഷം ബ്രഹ്മാര്‍പ്പണം ചെയ്യണം. തന്റെ വിരലുകളാല്‍ പഞ്ചാര്‍ച്ചനയും ധന്യനായ പൂജകന്‍ ചെയ്യണം. ഉത്തരാപോശനം ചെയ്ത് കൈകഴുകി നൈവേദ്യങ്ങള്‍ മാറ്റണം. ഗണ്ഡൂഷം ചെയ്ത് കളാചി സമര്‍പ്പിച്ച് താംബൂലം സമര്‍പ്പിക്കണം.
പിന്നീട് പരിവാരപൂജ ആരംഭിക്കണം. ഭൂതഗണങ്ങള്‍ക്കു നല്ല തൃപ്തി വരാന്‍ ഹവിസ്സുകൊണ്ട് ഹോമം ചെയ്യണം. ആചാര്യന്‍ പറയുന്നതു പോലെ ദേവനെ വീണ്ടും പഞ്ചാര്‍ച്ചനം ചെയ്ത് സാവധാനം മണിയടിക്കണം. കര്‍പ്പൂരാരതി മന്ത്രസഹിതം ചെയ്യണം. വേഗത്തില്‍ നീരാജനവും ചെയ്യണം. തീര്‍ത്ഥം പ്രോക്ഷിച്ച് പിന്നെ പൂജകന്‍ പ്രസാദം സ്വീകരിക്കണം. ശംഖ് കമിഴ്ത്തി ഒരു പുഷ്പം വെയ്ക്കണം. സന്തോഷത്തോടെ പുഷ്പാഞ്ജലി ചെയ്യണം.
സഹസ്രനാമത്താലോ, സഹസ്രനാമാവലിയാലോ, അഷ്‌ടോത്തരശതനാമത്താലോ നാമാവലിയാലോ പുഷ്പാഞ്ജലി ചെയ്യാം. സ്‌തോത്രവും നാമവും മൂലമന്ത്രവും ജപിച്ച് നമസ്‌ക്കരിക്കണം. പിന്നീട് പ്രദക്ഷിണം ചെയ്ത് മത്തനേപ്പോലെ ആനന്ദനൃത്തമാടണം. ശാന്തിമന്ത്രം ചൊല്ലി സര്‍വ്വകര്‍മ്മങ്ങളും ശാന്തനായ ദേവനില്‍ സമര്‍പ്പിക്കണം. താനും, ദേവനും, ഗുരുനാഥനും ഒന്നുതന്നെയെന്ന് ഉറച്ചു വിശ്വസിച്ച് ആനന്ദചിത്തത്തോടെ ഭൂതനാഥനെ ഉദ്വസിക്കണം. ഗുരുനാഥനെ ഹൃദയത്തില്‍ ധ്യാനിക്കണം.
ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും പൂജ ചെയ്യാന്‍ യോജിച്ച സമയം പകലാണ്. മറ്റു വര്‍ണ്ണങ്ങളക്ക് രാത്രിയാണുത്തമം. അര്‍ദ്ധരാത്രിക്കുശേഷം പൂജ ചെയ്താല്‍ പിറ്റേ ദിവസമാകും എന്നും പക്ഷമുണ്ട്. അര്‍ത്ഥരാത്രിക്കുമുമ്പ് ദേവനെ ഉദ്വസിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ വിശദമായ പൂജ ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ ഇതിലും ചുരുക്കിയും പൂജ ചെയ്യാം. ഭക്തിയുള്ളവര്‍ പൂജ എങ്ങിനെ ചെയ്താലും അത് ഭക്തപ്രിയന് ഇഷ്ടമാകും.
ഞാനാണ് പൂജിക്കുന്നത് എന്ന ഡംഭോടുകൂടി ചെയ്യുന്ന പൂജ ഈശ്വരന് ഒട്ടും ഇഷ്ടമല്ല. ഭക്തിയോടെ മുന്‍പറഞ്ഞ പ്രകാരം പൂജ ചെയ്യുന്നവര്‍ക്ക് ഉത്തമജ്ഞാനവും കൈവല്യവും ലഭിക്കും. മൂത്രമലങ്ങളെ സൂക്ഷിച്ചുവയ്ക്കുന്ന വെറും പാത്രമാണ് ഈ ഗാത്രം (ശരീരം) എന്ന് ഓര്‍ക്കുക. വാഴയ്ക്കാ പഴുക്കുന്നതുവരെ മാത്രമേ അതിന്റെ തൊണ്ടു കൊണ്ടുള്ള ആവശ്യമുള്ളൂ. നന്നായി പഴുത്തുകഴിഞ്ഞാല്‍ പിന്നെ തൊണ്ടു കൊണ്ടുള്ള ആവശ്യം നമുക്കില്ല. അതേപോലെ ഭൂമിയില്‍ മനുഷ്യര്‍ സാക്ഷാല്‍ പരമതത്ത്വം അറിയുന്നവരാകുകയാണെങ്കില്‍ ദേഹം കൊണ്ട് ആക്ഷേപമില്ല. ഫലമില്ല.
അത്രയും കാലം നല്ലതുപോലെ ഈ ദേഹം പരിരക്ഷിക്കണം. എങ്കിലേ തത്ത്വ ബോധം വരൂ. ഇങ്ങനെയെല്ലാം കാര്‍ത്തവീര്യാര്‍ജ്ജുനന് ഉപദേശം നല്‍കി ദത്താത്രേയന്‍ മറഞ്ഞു. താരകബ്രഹ്മത്തെ ഭജിച്ച് കാലം വിനാ കാര്‍ത്തവീര്യാര്‍ജ്ജുനനും കൈവല്യപദം പൂകി.
(പതിന്നാലാം അദ്ധ്യായം സമാപിച്ചു.)
No comments:
Post a Comment