ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2017

ഭൂതനാഥോപാഖ്യാനം - 9

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 26

ഭൂതനാഥോപാഖ്യാനം - ഒൻപതാം അദ്ധ്യായം

ഭൂതനാഥഗീത: പ്രാരബ്ധ കര്‍മ്മങ്ങളും സഞ്ചിത കര്‍മ്മങ്ങളും

ഭൂതനാഥന്റെ അത്ഭുതകരമായ ചരിത്രം ആനന്ദത്തോടുകൂടി സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി.

ഭൂതേശനെ ആദരപൂര്‍വ്വം തൊഴുത് ഭക്തിയോടെ രാജശേഖര നൃപന്‍ ചോദിച്ചു: ദയാനിധേ, കര്‍മ്മങ്ങള്‍ എത്രവിധത്തിലുണ്ടെന്നും കര്‍മ്മങ്ങള്‍ ഇല്ലാതെയാകാന്‍ മാര്‍ഗ്ഗമെന്തെന്നും ആമോദത്തോടുകൂടി എനിക്കു പറഞ്ഞുതന്നാലും. മന്നവന്റെ അപേക്ഷ കേട്ട് ഭൂതനാഥന്‍ മന്ദം അരുള്‍ ചെയ്തു. മുഖ്യമായ കര്‍മ്മങ്ങള്‍ രണ്ടുവിധമുണ്ട്. ആ രണ്ടിലൊന്നാണു സഞ്ചിത കര്‍മ്മങ്ങള്‍. പ്രാരബ്ധമെന്നാണു മറ്റേതിന്റെ നാമം. ഇവയ്ക്കു താരതമ്യങ്ങളുമുണ്ട്.

പ്രാരബ്ധകര്‍മ്മങ്ങള്‍ അനുസരിക്കാതെ ഒരാളുടെയും ജീവനൊടുങ്ങുകയില്ല. ബ്രഹ്മത്തില്‍ ചിത്തം സമര്‍പ്പിച്ചാല്‍ സഞ്ചിതകര്‍മ്മങ്ങള്‍ ഭസ്മമായിത്തീരും. ജീവന്മാര്‍ക്ക് കാരണം, സൂക്ഷ്മം, സ്ഥൂലം എന്നിങ്ങനെ മൂന്ന് ശരീരങ്ങളുണ്ട്. ഇക്കാണുന്ന ശരീരം സ്ഥൂലശരീരമാണ്. രണ്ടാമത്തേതായ സൂക്ഷ്മദേഹം കൊണ്ടാണു ഉറക്കത്തില്‍ സ്വപ്‌നാദികള്‍ കാണുന്നത്. കാരണദേഹമാവട്ടെ സഞ്ചിതകര്‍മ്മങ്ങളോടു ചേര്‍ന്ന് ചാഞ്ചല്യമേറിയ മനസ്സില്‍ നില്‍ക്കുന്നു. പ്രാരബ്ധകര്‍മ്മങ്ങളൊടുങ്ങി മരണം വരുന്ന നേരത്ത് സ്ഥൂലദേഹം നശിക്കുന്നു. പക്ഷേ കാരണ സൂക്ഷ്മ ദേഹങ്ങള്‍ നശിക്കുകയില്ല. അതിനാലാണു പല ജന്മങ്ങള്‍ ഉണ്ടായിവരുന്നത്.

മരണം വന്നാല്‍ അദൃശ്യമായ സ്ഥൂലശരീരത്തില്‍ ജീവന്‍ ചേരുന്നു. ചെയ്ത പുണ്യപാപങ്ങളുടെ അളവനുസരിച്ച് പുണ്യലോകത്തിലോ പാപലോകത്തിലോ ചെന്നുചേരുന്നു. സ്ഥൂലദേഹത്തിനു വിധിക്കപ്പെട്ടിരിക്കുന്നവയെല്ലാം കഴിയുമ്പോള്‍ അതും നശിച്ച് ചന്ദ്രമണ്ഡലത്തിലെ സൂക്ഷ്മദേഹങ്ങളോടു ചേര്‍ന്ന് മഴയായി ഭൂമിയില്‍ പതിക്കുന്നു.

ജലത്തില്‍നിന്നും സസ്യങ്ങളിലേക്കും സസ്യങ്ങളില്‍ നിന്ന് അവയെ ആഹരിക്കുന്ന ജീവജാലങ്ങളിലേക്കും ആ ജീവന്‍ ചേരുന്നു. ഭക്ഷിക്കുന്നവരുടെ ശരീരത്തില്‍ രക്ത, ശുക്ലങ്ങള്‍ ആയിമാറുന്ന ജീവന്‍ വീണ്ടും കര്‍മ്മത്താല്‍ ഭൂമിയില്‍ ജന്മമെടുക്കുന്നു. സൂര്യതേജസ്സിനാല്‍ സമുദ്രജലം മേഘങ്ങളായിമാറി ഭൂമിയില്‍ ജലമായി വര്‍ഷിച്ച് ഒടുവില്‍ സാഗരത്തില്‍ തന്നെ ഒഴുകിയെത്തുന്നതു പോലെ കര്‍മ്മങ്ങളാകുന്ന സൂര്യതേജസ്സിനാല്‍ ജന്തുവൃന്ദങ്ങള്‍ക്ക് ജന്മങ്ങള്‍ ഉണ്ടാകുന്നു.

ഇതു കേട്ട് മഹാരാജാവ്‌ ചോദിച്ചു: ഇവിടെ ചെയ്യുന്ന കര്‍മ്മഫലങ്ങളെ അന്യലോകങ്ങളില്‍ ചെന്ന് അനുഭവിക്കുമെങ്കില്‍ പിന്നെ സഞ്ചിതകര്‍മ്മങ്ങള്‍ ഉണ്ട് എന്ന്ഭവാന്‍ അരുളിച്ചെയ്തത് എന്തുകാരണത്താലാണ്?

ഭൂതനാഥന്‍ പറഞ്ഞു: ഭൂപതേ, കേട്ടുകൊള്ളുക. മനുഷ്യര്‍ ത്രിവിധകരണങ്ങളാല്‍ (മനസാ, വാചാ, കര്‍മ്മണാ) ഭൂമിയില്‍ ഒരു മാത്ര ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാം അനുഭവിക്കുവാന്‍ ലക്ഷം ജന്മങ്ങള്‍കൊണ്ടും ആവുകയില്ല എന്നോര്‍ക്കുക. ഈ ജന്മത്തിലെ കര്‍മ്മത്തിന്റെ കോടി അംശഭാഗത്തിന്റെ കോട്യാംശമെടുത്ത് അതു കാരണ സ്ഥൂല ദേഹങ്ങളോടു ചേര്‍ത്തു കൊണ്ട് അനുഭവിപ്പിക്കുന്നത് ഈശ്വരനാണ്. അതിനു ശേഷം അവശേഷിക്കുന്ന കര്‍മ്മങ്ങള്‍ പ്രാരബ്ധമായി എല്ലാ ദേഹികളിലും ഈശ്വരന്‍ നിയമിക്കുന്നു. ജഗദീശ്വരന്‍ മറ്റുള്ളവയെ എല്ലാം സഞ്ചിതമാക്കുന്നു. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തുകയാണെങ്കില്‍ സഞ്ചിത കര്‍മ്മങ്ങളൊക്കെയും ഭസ്മമായിത്തീരും.

തല്‍ക്ഷണം ജന്മരഹിതനായും ഭവിക്കും. വേരു നശിച്ചാല്‍ പിന്നെ വൃക്ഷങ്ങള്‍ നിലനില്‍ക്കുമോ? പ്രാരബ്ധം മാത്രം അനുഭവിക്കേണ്ടി വരും. ഈശ്വരന്റെ ആജ്ഞയെ തടുക്കുവാന്‍ ആരാണുള്ളത്? ചിത്തത്തെ ബ്രഹ്മത്തില്‍ നിര്‍ത്തുന്നതിനായി ഹേ മഹാരാജന്‍, ദേഹത്തെ സംരക്ഷിച്ചു കൊള്ളുക. ദേഹമില്ലെങ്കില്‍ എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥ ചതുഷ്ടയത്തിനു കാരണമാകുന്നത് ദേഹമാണ് എന്നുള്ളത് നിശ്ചയമാണ്. എപ്പോഴാണെങ്കിലും ഈ ദേഹം നശിക്കും. എന്നാല്‍പ്പിന്നെ ഇപ്പോഴേ പോയാലെന്ത് എന്ന് മനസ്സില്‍ ഒരിക്കലും ചിന്തിക്കരുത്.

പന്തളേശാ, ദേഹമെന്നത് ഭോഗത്തിനായല്ല എന്ന് മനസ്സിലാക്കുക. തത്ത്വവിചാരം ചെയ്യുവാനായി ശരീരത്തെ എക്കാലത്തും കാത്തുരക്ഷിക്കണം. ബ്രഹ്മവിചാരാദികാര്യ വൈരാഗ്യവും ആന്ദത്തോടെ ആദ്യം കൈക്കൊണ്ട് പിന്നീട് ശമം, ദമം, ആചാര്യഭക്തി, എന്നിവയെ നന്നായി സ്വീകരിക്കുന്നവനാണു ബ്രഹ്മതത്ത്വഗ്രഹണത്തിനു അധികാരി. പിന്നെ ക്രമേണ അഷ്ടരാഗങ്ങളേയും അകറ്റി നിര്‍ത്തണം. അതിനു ശക്തനാകണമെങ്കില്‍ അവന്‍ എന്റെ ഭക്തനായി മാറേണ്ടതുണ്ട്. എന്റെ ഭക്തനല്ലാത്തവന്‍ എന്തു ചെയ്യുകിലും അവന്‍ അഷ്ടരാഗങ്ങളില്‍ തല്‍ പരനായിവരും. എന്റെ കാരുണ്യത്താല്‍ അഷ്ടരാഗങ്ങളെ മന്ദംമന്ദം തള്ളിനീക്കിയാല്‍ എന്നെ പരബ്രഹ്മമായി അറിയുകയും അവന്റെ ചിത്തം എന്നിലാവുകയും ചെയ്യും. ഞാനും അവനും ഒന്നായിച്ചേരുമ്പോള്‍ ആനന്ദമല്ലാതെ മറ്റൊന്നും ഇല്ലതന്നെ.

ഭൂതനാഥഗീത: ഭക്തിലക്ഷണം

വിദ്യ, അവിദ്യ എന്നിങ്ങനെ ശക്തിക്കു രണ്ടു നാമങ്ങളുണ്ട്. വിദ്യയും ശക്തിയും ഭക്തിയും കൊണ്ട് ഞാന്‍ മുന്‍പു പറഞ്ഞ സിദ്ധികള്‍ ലഭിക്കും. അവിദ്യയോടു ചേര്‍ന്നുള്ള ഭക്തികൊണ്ട് കോട്ടമേറിയ ജന്മങ്ങള്‍ വന്നുചേരും. ശുദ്ധസാത്വിക ഗുണത്തോടു ചേര്‍ന്നതാണു വിദ്യ.

തമോരജസ്സുകള്‍ ചേര്‍ന്നതാണു അവിദ്യ. മുന്‍പില്‍ നില്‍ക്കുന്ന അവിദ്യ ബുദ്ധിരൂപിണിയും പിന്നില്‍ നില്‍ക്കുന്ന വിദ്യ മനോരൂപിണിയുമാണ്. ചിത്തത്തില്‍ നിന്ന് ബുദ്ധിയെ താഴ്ത്തണമെന്നു ഞാന്‍ മുന്‍പ് പറഞ്ഞത് ഇതുകൊണ്ടാണ്.

ചിത്തം ബ്രഹ്മത്തിലൊട്ടിയാല്‍ അപ്പോള്‍ത്തന്നെ വിദ്യയും പോയി അവന്‍ നിര്‍ഗുണനായി വരും. പുണ്യകര്‍മ്മയുതമാണു വിദ്യ. പാപകര്‍മ്മയുതമാണു അവിദ്യ. ദൃഢനിശ്ചയവും, ധൈര്യവും, ഈശ്വരനുണ്ടെന്നുള്ള അറിവും, നല്ല സന്തോഷവും, കാരുണ്യവുമെല്ലാമാണു നല്ല സാത്വികലക്ഷണങ്ങള്‍.

ഗര്‍വ്, അസൂയ, താന്‍ മറ്റുള്ളവരേക്കാളെല്ലാം യോഗ്യനെന്ന ചിന്ത, നല്ലവന്‍ എന്ന പേരുകേള്‍ക്കുവാന്‍ നല്ലകര്‍മ്മങ്ങള്‍ ഓരോന്നു ചെയ്യുക, ഡംഭം ഇത്യാദികളാണു രാജസലക്ഷണം. അജ്ഞാനം, പകല്‍ നേരത്തുള്ള ഉറക്കം, വിജ്ഞാനസിദ്ധി ഇല്ലാതിരിക്കല്‍, ചാപല്യം, അതിമോഹം, എപ്പോഴും പാപകര്‍മ്മങ്ങളില്‍ ഉറച്ച ബുദ്ധി ഇത്യാദികളെല്ലാമാണു തമോഗുണലക്ഷണം. അധികം വിസ്തരിക്കാതെ ഇവയെല്ലാം ഞാന്‍ അങ്ങയോടു ചുരുക്കിപ്പറഞ്ഞു.

ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ ഭക്തി മൂന്നുവിധത്തിലുണ്ട്. നിഷ്‌കാമ ചേതസ്സോടെ എന്നെ സര്‍വനാഥനെന്നു എപ്പോഴും ചിന്തിച്ച് ജീവവൃന്ദങ്ങളില്‍ കാരുണ്യത്തോടെ കഴിയുന്നതും, എല്ലാകാലത്തും തന്നാല്‍ കഴിയുന്ന ഉപകാരങ്ങള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ അന്യര്‍ക്കു ചെയ്തു കൊടുക്കുകയും, എന്റെ കഥകള്‍ കേള്‍ക്കുകയും, ഗര്‍വ് ഡംഭ് ആദിയായ ദോഷങ്ങള്‍ നീക്കിയും, സദാ എന്റെ ഭക്തരെ ബഹുമാനിക്കുകയും, തന്റെ ചിത്തത്തെ എന്റെ ക്ഷേത്രമാക്കിയും, സത്യമെന്ന വ്രതം തെറ്റാതെ കാക്കുകയും, മിത്ഥ്യാ പ്രലാപങ്ങളോക്കെ ത്യജിക്കുകയും, ഭോഗങ്ങളിലുള്ള ആസക്തി നീക്കിയും, ദുഃഖമേതും കൂടാതെ സദാ എന്റെ നാമം ജപിക്കുകയും, നിത്യവൃത്തിക്കു വേണ്ട കര്‍മ്മങ്ങളെല്ലാം സത്യമായും ന്യായമായും ചെയ്യുകയും ചെയ്യുന്നവരാണു ഉത്തമ ഭക്തി ലക്ഷണങ്ങളോടു കൂടിയ ധന്യന്മാര്‍.

അവരുടെ സംസാരദുഃഖം ഇല്ലാതെയാക്കുവാന്‍ അവരുടെ മനസ്സില്‍ ഗുരുവായി നിന്ന്‌ വേണ്ടുന്ന ഉപദേശങ്ങള്‍ ഞാന്‍ സംശയമെന്യേ നല്‍കുന്നതാണ്. നിര്‍ഗ്ഗുണരായി അവര്‍ ഞാനായിരിക്കുന്ന ചില്‍ഘനാനന്ദമായിത്തീരുന്നതാണ്.

സമ്പത്തില്‍ ആശമൂത്തും പുത്രകളാത്രാദികള്‍ ലഭിക്കുന്നതിനായും ലോകത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നതിനായും മറ്റും ചിലര്‍ എന്നെ ഭജിക്കുന്നു. അവര്‍ക്ക് അതു കിട്ടുമെങ്കിലും ഈ ജന്മത്തിലെ പ്രാരബ്ധകര്‍മ്മങ്ങള്‍ തീരുകയില്ല എന്നത് ഉറപ്പാണ്. അല്ലെങ്കില്‍ അത് അന്യ ജന്മത്തില്‍ അനുഭവിക്കേണ്ടി വരും.

തമോഗുണയുക്തരായവര്‍ അന്യര്‍ക്കു നാശം സംഭവിക്കുവാനായി എന്നെ ഭജിക്കുന്നു. അത് അവര്‍ക്ക് സാധിക്കുമെങ്കിലും അതില്‍ഭേദമുണ്ട്. ആരെ നശിപ്പിക്കുവാന്‍ ചിന്തിക്കുന്നുവോ അവര്‍ സല്‍ഗുണങ്ങളോടു കൂടിയവരാണെങ്കില്‍ അവരെ നശിപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നവരില്‍ തന്നെ എന്റെ കോപം വന്നു ചേരുന്നതാണ്.

മഹാരാജാവേ, ഭൂമിയിലെ സാത്വികി, രാക്ഷസി, താമസി എന്നിങ്ങനെയുള്ള മൂന്നുവിധം ഭക്തിയെക്കുറിച്ചും ഞാന്‍ ചുരുക്കിപ്പറഞ്ഞു. അങ്ങേയ്ക്ക് ഇനിയും അറിയേണ്ടതെന്താണ് എന്നു പറയുക.

പന്തളരാജാവ് ധന്യനായ മണികണ്ഠനോടു പറഞ്ഞു. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തി നിത്യവൃത്തിക്കുവേണ്ടുന്ന കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുവന്‍ ശക്തനാകുന്നതെങ്ങിനെ എന്നു പറഞ്ഞാലും. ധന്യമതേ, വൈരാഗ്യം വന്നുകൂടുന്നത് എങ്ങിനെയെന്നും എന്റെ സംശയം തീരും വിധം പറഞ്ഞുതന്നാലും.

അപ്പോള്‍ പരമദയാപരനായ ഭൂതനാഥന്‍ പറഞ്ഞു: ഉയരമേറിയ ഒരു കൊടിമരത്തിനു മുകളില്‍ക്കയറി ഒരു മനുഷ്യന്‍ അഭ്യാസം നടത്തുന്നു എന്നു കരുതുക. തന്റെ അഭ്യാസത്തില്‍ മാത്രം മനസ്സുറപ്പിച്ചു കൊണ്ടാണു അവന്‍ അതു ചെയ്യുന്നത് എന്നുകാണാം. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തിയാലും കര്‍മ്മങ്ങള്‍ ചെയ്യാന്‍ തടസ്സം ഒന്നുമില്ല.

ജനകമഹാരാജാവും, ഖട്വാംഗനും, ശ്രീശുകനാദിയായയോഗികളും സംസാരികളെപ്പോലെ കാണപ്പെട്ടിരുന്നു വെങ്കിലും സംശയമെന്നിയേമോക്ഷം പ്രാപിച്ചു. ഇക്കാണുന്നതൊന്നും നിലനില്‍ക്കുന്നതല്ല. നിലനില്‍ക്കുന്നത് ഏകമായ ആനന്ദം ഒന്നുമാത്രമാണ്.

കല്ലും മരവും ഇരുമ്പുമെല്ലാം കാലക്രമത്തില്‍ ഇല്ലാതായിത്തീരുന്നു. എല്ലും തൊലിയും ചോരയും മാംസവും മലമൂത്രങ്ങളുമെല്ലാം കലര്‍ന്ന മനുഷ്യശരീരം പിന്നെ നിലനില്‍ക്കുമോ?. ഇതെല്ലാം മായാവികാരങ്ങളാണെന്ന് ഓര്‍ത്തുനോക്കുകയാണെങ്കില്‍ അതില്‍ അപ്പുറമായ മറ്റെന്ത് അത്ഭുതമാണുള്ളത്?.

ജനിച്ച ഉടന്‍ തന്നെ പശുക്കുട്ടി തള്ളപ്പശുവിന്റെ അകിടില്‍ പാലുതേടി ചെന്നു തപ്പുന്നു. ആ അകിടില്‍ പാലുണ്ട് എന്ന് അതിനു പറഞ്ഞു കൊടുത്തത് ആരാണെന്ന് ഓര്‍ക്കുക. മായാവികാരങ്ങളെക്കുറിച്ച് ഇതിലധികം ഞാന്‍ എന്തുപറയേണ്ടൂ.

ഭൂതനാഥഗീത: വര്‍ണ്ണാശ്രമ നിരൂപണം

ഭൂതനാഥന്‍ തുടര്‍ന്നു : മഹാരാജാവേ, ആരും ആരേയും സ്‌നേഹിക്കുന്നില്ല. കാര്യം സാധിക്കുവാനുള്ള പരസ്പര സ്‌നേഹമാണുള്ളത്.

ഭര്‍ത്തൃശുശ്രൂഷ ചെയ്യാത്ത പത്‌നിയില്‍ ഭര്‍ത്താവിനു സ്‌നേഹമുണ്ടാകുമോ? നിസ്സാരമായ വസ്തുവിനെ ചിന്തിച്ച് ദുസ്സഹമായ ദുഃഖത്തെ എന്തിനാണ് സഹിക്കുന്നത്? സ്ത്രീകളുടെ കടാക്ഷവലയത്തില്‍പ്പെട്ടുകിടക്കുന്നവര്‍ക്ക് ഒരിക്കലും സൗഖ്യം ഉണ്ടാവുകയില്ല.

ഗുദത്തില്‍ നിന്നും തട്ടുന്ന അപാനവായുക്കളുടെ ദുര്‍ഗന്ധമേറ്റും സ്പഷ്ടമായി രണ്ടായി പിളര്‍ന്നിരിക്കുന്നതുമായ കുഴിയെ മോഹിച്ചു മാത്രം ജീവിക്കുക എന്നത് കൃമിതുല്യരായ മനുഷ്യര്‍ക്കു മാത്രമേ യോജിക്കുകയുള്ളൂ. പന്തളേശ്വരാ, സന്തതിക്കായി വിവാഹം കഴിക്കണം. അല്ലാതെ സ്ത്രീയില്‍ ആകൃഷ്ടനായി തന്നെത്തന്നെ മറന്ന് സ്ത്രീജിതനായി ജീവിക്കരുത് എന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്നോര്‍ക്കുക...

ഈ വിശ്വം ഒരു നാടക വേദിയായിട്ടിരിക്കുന്നു. വിശ്വേശ്വരനായ ഭഗവാനാണു നായകന്‍. രാത്രിയാണു തിരശ്ശീല. സൂര്യനാണു വിളക്ക്. ജീവന്മാരാണു മറ്റു വേഷങ്ങള്‍. കര്‍മ്മങ്ങള്‍ കേവലം മാര്‍ദ്ദംഗികങ്ങള്‍ മാത്രം. വാസനാജാലമാണു ഗാനങ്ങള്‍. ഇവയോടു ചേര്‍ന്നു വിശ്വനായകന്‍ ഊനം വിനാ കളിയാടുന്നു. നാടകമിങ്ങനെ നിരന്തരം തുടരുന്നു. നാടക രംഗമായ് ലോകവും തുടരുന്നു. ഇത്തരത്തില്‍ ഓരോന്നു ചിന്തിച്ചാല്‍ ചിത്തത്തില്‍ വൈരാഗ്യം ഉദിക്കും.

മഹാരാജാവ് ഭൂതനാഥനെ വന്ദിച്ചു ചോദിച്ചു: ഭഗവാനേ, വര്‍ണ്ണാശ്രമങ്ങളുടെ ധര്‍മ്മവും പറഞ്ഞു തന്നാലും.

മന്ദഹാസത്തോടെ മണികണ്ഠന്‍ അരുള്‍ചെയ്തു. പുരാതനകാലത്ത് വര്‍ണ്ണം ഒന്നേ ഉണ്ടായിരുന്നുള്ളു. പിന്നീട് കര്‍മ്മമനുസരിച്ച് നാലു വര്‍ണ്ണങ്ങള്‍ ഉണ്ടായി വന്നു. വിപ്രന്‍ എന്റെ മുഖമാണ്. ക്ഷത്രിയന്‍ ബാഹുക്കളും വൈശ്യന്‍ ഊരുവും ശൂദ്രന്‍ പാദങ്ങളുമാണ്. ഈ നാലു വര്‍ണ്ണങ്ങളും കര്‍മ്മത്തിനാല്‍ സംജാതമായതാണ്.

നാലിനുമപ്പുറമുള്ള വര്‍ണ്ണം ചണ്ഡാള വര്‍ണ്ണമാണ്. എന്റെ പൃഷ്ഠ ഭാഗമാണു ചണ്ഡാള വര്‍ണ്ണം. കര്‍മ്മഭേദത്തിനാലാണു വര്‍ണ്ണചതുഷ്ടയവും ചണ്ഡാലവര്‍ണ്ണവും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. സത്വഗുണയുക്തനാണു വിപ്രന്‍. സാത്വിക രാജസികയുക്തനാണു ക്ഷത്രിയന്‍. സാത്വികരാജസികതാമസയുക്തനാണു വൈശ്യന്‍. തമോരാജസയുക്തനാണു ശൂദ്രന്‍. തമോഗുണം അധികമായി നില്‍ക്കുന്നവനാണു ചണ്ഡാളന്‍. ഗുണലക്ഷണങ്ങളെല്ലാം മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. ചണ്ഡാളനാണെങ്കിലും എന്റെ ഭക്തനാണ് അവന്‍ എങ്കില്‍ അവനു വിപ്രത്വം ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഭൂമിയില്‍ നാല് ആശ്രമങ്ങളാണു കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഈ നാല് ആശ്രമങ്ങളിലും വെച്ച് നല്ലത് ഗൃഹസ്ഥാശ്രമമാണ്. മഹാരാജാവേ, വാനപ്രസ്ഥന്‍, ബ്രഹ്മചാരി, സന്ന്യാസി എന്നീ മൂന്നാശ്രമങ്ങളില്‍ ഉള്ളവരും ഉച്ചയ്ക്ക് വിശന്നു തുടങ്ങിയാല്‍ ഭക്ഷണത്തിനു വേണ്ടി ഗൃഹസ്ഥനെ വന്ദിക്കണം. എത്രയോ ജീവികള്‍ ഗൃഹസ്ഥനാല്‍ നിത്യവും ഉപജീവനം ചെയ്യുന്നു. അന്തരംഗം ബ്രഹ്മത്തില്‍ ചെന്നു ചേരുന്നതിനു എന്തിനു ഈ കാര്യങ്ങളൊക്കെ നോക്കുന്നു? തത്ത്വശാസ്ത്രങ്ങള്‍ അധികം പഠിച്ചാല്‍ ചിത്തത്തില്‍ വല്ലാത്ത ഭ്രമം വന്നു ഭവിക്കും.

അതുമൂലമാണു ഞാന്‍ ഇതെല്ലാം ചുരുക്കിപ്പറയുന്നത്. ഒന്നു കൂടി കേട്ടുകൊള്ളുക. കര്‍മ്മങ്ങള്‍ ഒന്നും ചെയ്തില്ല എങ്കിലും മനസ്സില്‍ നിര്‍മ്മലത്വം വന്നു ചേര്‍ന്നില്ലെങ്കില്‍ നിര്‍മ്മലമായ ബ്രഹ്മത്തില്‍ ചെന്നു ചേരുവാന്‍ സാധിക്കുകയില്ല എന്നുറപ്പാണ്. ചിത്തവും ഭൂമിയും ഒന്നു പോലെയാണ് എന്ന യുക്തി ചിന്തിച്ചാല്‍ അതൊക്കെ അറിയാവുന്നതാണ്. ഒന്നും വിതയ്ക്കാതെ കിടക്കുന്ന ഭൂമിയില്‍ മുള്ളുകളും പുല്ലുകളും വന്നു നിറയും. അതേ പോലെ ചിത്തവും എത്രയും മൗഢ്യമായുള്ള കാര്യങ്ങളില്‍ ചെന്നു ചാടും.

(ഒന്‍പതാം അദ്ധ്യായം സമാപിച്ചു)

മഹാശയനായ സൂതന്‍ മുനിമാരോടു വീണ്ടും പറഞ്ഞു തുടങ്ങി.

ഭൂതേശന്റെ ഇത്തരം വാക്കുകള്‍ ശ്രവിച്ച യുക്തിമാനായ രാജശേഖരഭൂപതി തന്റെ ചിത്തത്തെ പരായഗുപ്തനായ ഭഗവാനില്‍ എത്തിച്ച് ആനന്ദനൃത്തമാടി. രാജാവ് പറഞ്ഞു: ഭഗവാനേ, അങ്ങയുടെ കൃപമൂലം ഞാന്‍ കൃതാര്‍ത്ഥനായി. എനിക്കിപ്പോള്‍ അല്‍പം പോലും ദുഃഖമില്ല. ഉള്ളിലുണ്ടായിരുന്ന സംശയങ്ങളെല്ലാം നീങ്ങി ഇപ്പോള്‍ ആശയം തെളിഞ്ഞുവന്നു കഴിഞ്ഞു.

ഇങ്ങനെ മഹാരാജാവ് ഓരോന്നു പറഞ്ഞു അഞ്ജലീബദ്ധനായി നില്‍ക്കുന്ന നേരത്ത് മന്ദസ്മിതപൂര്‍വ്വം മണികണ്ഠസ്വാമി അരുള്‍ ചെയ്തു.

സര്‍വജ്ഞനാണു ഞാന്‍. സര്‍വാംഗനാണു ഞാന്‍. സര്‍വതിനും സാക്ഷിയായുള്ളതും ഞാനാണ്. സര്‍വധര്‍മ്മങ്ങളേയും വിട്ട് ഭവാന്‍ മോദമോടെ സര്‍വദാ എന്നെ ഭജിക്കുക. ഭവാന്റെ സര്‍വദുഃഖങ്ങളേയും നീക്കി ഞാന്‍ നിര്‍വാണം നല്‍കുന്നതാണ്. ഭവാന്റെ വംശത്തില്‍ പിറക്കുന്ന രാജാക്കൃന്മാരും എനിക്കു പ്രിയങ്കരര്‍ തന്നെയായിരിക്കും. ഇനിയും എന്താണു ഭവാന് ആഗ്രഹമുള്ളത്? പറഞ്ഞുകൊള്ളുക.

അതും ഞാന്‍ നല്‍കുന്നതാണ്. വേദശാസ്‌ത്രേതിഹാസങ്ങളാലോ മന്ത്രങ്ങളാലോ ഒന്നും ആര്‍ക്കും എന്നെ വശീകരിക്കാനാവുകയില്ല. എന്നാല്‍ ഭക്തര്‍ക്കു വശ്യനാണു ഞാന്‍ എന്ന് അറിയുക.

ദേഹികള്‍ക്ക് ഏറ്റവും വലിയശത്രുവായ ദുര്‍മ്മോഹത്തെ നീക്കുവാന്‍ ഇത്തരം ഉപദേശങ്ങള്‍ പന്തള മഹാരാജാവായ രാജശേഖരന് ഉത്തമപൂരുഷനും ഭക്തപരായണനുമായ ഭൂതേശന്‍ എത്രയും കാരുണ്യത്തോടെ ഉപദേശിച്ചു.

(ഭൂതനാഥഗീത സമാപിച്ചു)

No comments:

Post a Comment