സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 21
ഭൂതനാഥോപാഖ്യാനം : നാലാം അദ്ധ്യായം
ശാസ്താവിന്റെ അവതാരലക്ഷ്യങ്ങളെക്കുറിച്ചും പന്തളരാജാവിന്റെ പുത്രനായി ശാസ്താവ് മാറിയതിന്റേയും വര്‍ണ്ണനയാണു ഭൂതനാഥോപാഖ്യാനം നാലാം അദ്ധ്യായത്തില്‍.
സകലഗുണപൂര്‍ണ്ണനായ സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി. മഹാദേവന്‍ ഒരുദിവസം ധര്‍മ്മശാസ്താവിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ‘പുത്രാ, ഗുണങ്ങളുടെ വാസഗേഹവും സകല സുരപൂജിതനുമായ ഭവാന്‍ എന്റെ വാക്കുകള്‍ കേള്‍ക്കുക. മഹിഷിയുടെ അഹങ്കാരം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഭവാന്‍ ജനിച്ചിരിക്കുന്നത്. അതിനു മനുഷ്യരോടൊപ്പം പന്ത്രണ്ടു വര്‍ഷം കഴിയേണ്ടതുണ്ട്. ഇതെല്ലാം നന്നായി അറിയുന്നവനാണു ഭവാന്‍. ബ്രഹ്മദേവന്റെ വാക്കുകള്‍ സത്യമാക്കുവാന്‍ ഉടന്‍ തന്നെ കേരളത്തിന്റെ ദക്ഷിണ ഭാഗത്തുള്ള പമ്പാ നദിയുടെ തീരത്തുള്ള വനത്തിലെത്തുക. അവിടെ മനുഷ്യ ശിശുവിന്റെ രൂപമെടുത്ത് കരഞ്ഞു കൊണ്ടു കിടക്കുക. എന്റെ ഭക്തരില്‍ ഉത്തമനും പരമഗുണവാനും പാണ്ഡ്യവംശത്തില്‍ പിറന്നവനും മാന്യനുമായ പന്തളരാജാവ് അവിടെ വരും. അനപത്യതാദുഃഖത്തോടെ കഴിയുന്ന പന്തളമന്നന്‍ മനുഷ്യശിശുവായ ഭവാനെ എടുത്ത് രാജധാനിയില്‍ക്കൊണ്ടു പോയി പുത്രനായി വളര്‍ത്തുന്നതാണ്. കരുണാമയനായ പന്തളരാജാവിന്റെ കൊട്ടാരത്തില്‍ പന്ത്രണ്ടുവര്‍ഷം വസിക്കുക. അതുകഴിയുമ്പോള്‍ മഹിഷിയുടെ അഹന്ത ശമിപ്പിക്കുന്നതിനുള്ള സമയം വന്നുചേരും’.
ഇത്രയും പറഞ്ഞ ശേഷം ശ്രീപരമേശ്വരന്‍ ശാസ്താവിന്റെ കണ്ഠത്തില്‍ അണിയുവാനായി സ്വര്‍ണ്ണ നിര്‍മ്മിതമായ ഒരുമണി നല്‍കി. മണികണ്ഠത്തില്‍ ധരിക്കുകയാല്‍ ശിതിതികണ്ഠനും ശ്രീകണ്ഠനും നീലകണ്ഠനുമായ മഹാദേവന്റെ പുത്രന് മണികണ്ഠന്‍ എന്ന പേരും ലഭിച്ചു.
ധര്‍മ്മശാസ്താവ് മഹേശ്വരനെ വന്ദിച്ചു. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് പമ്പാതീരത്തിലെ വനത്തിലേക്കു ശാസ്താവു യാത്രയായി. കേരളഭൂമിയെ പവിത്രീകരിക്കുവാനും ഭക്തകോടികളെ അനുഗ്രഹിക്കാനുമായി ധര്‍മ്മശാസ്താവ് പമ്പാതീരത്ത് പ്രത്യക്ഷനായി. പന്തളമഹാരാജാവിന്റെ ആഗമനവും പ്രതീക്ഷിച്ച് ഭഗവാന്‍ പുണ്യവാഹിനിയായ പമ്പയുടെ തടത്തില്‍ നിലകൊണ്ടു.
പന്തളരാജാവായ രാജശേഖരന്‍ ഒരുദിവസം തന്റെ മന്ത്രിയെ അരികില്‍വിളിച്ചു പറഞ്ഞു: ‘അല്ലയോ മന്ത്രിശ്രേഷ്ഠാ, നമ്മുടെ വനാന്തരങ്ങളില്‍ പുലികള്‍, മാനുകള്‍, പന്നികള്‍, സിംഹങ്ങള്‍, ചെന്നായകള്‍ തുടങ്ങിയവ പെരുകിയിരിക്കുന്നു. അവയുടെ ശല്യം നമ്മുടെ ഗ്രാമനഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നു പ്രജകള്‍ പരാതിപ്പെടുന്നു. പ്രജകളുടെ ദുഃഖം ശമിപ്പിക്കാന്‍ നായാട്ടു തന്നെയാണ് ഉത്തമമാര്‍ഗ്ഗം. നായാട്ടിലൂടെ മൃഗങ്ങളെ വധിച്ചു പ്രജകളെ സംരക്ഷിക്കേണ്ടതു വീരനായ ക്ഷത്രിയന്റെ കുലധര്‍മ്മമാണ്. അതു വിധിവിഹിതവുമാണ്. ഉടന്‍ തന്നെ ചെന്ന്‌വീരന്മാരായ വേടന്മാരെ ആദരവോടെ കൊട്ടാരത്തിലേക്കു കൊണ്ടുവരിക.
രാജാവിന്റെ ആജ്ഞകേട്ട് ‘കല്‍പനപോലെ’ എന്നുപറഞ്ഞ് വന്ദിച്ച് മന്ത്രി വേടന്മാരെ വരുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. പന്തളരാജധാനിയില്‍ എത്തിയ വേടന്മാരുമൊരുമിച്ച് രാജശേഖര മഹാരാജാവ് അമ്പും വില്ലും ധരിച്ച് അശ്വാരൂഢനായി വനത്തിലേക്ക് എഴുന്നള്ളി. കാട്ടില്‍ പ്രവേശിച്ച വേടന്മാര്‍ കാടിളക്കി. പരിഭ്രാന്തരായ പുലികളും, കടുവകളും, ആനകളും, കരടികളും, ചെന്നായകളും, പന്നികളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാനാദിക്കിലേക്കും പാഞ്ഞു തുടങ്ങി. വീരനായ പന്തളരാജന്‍ ദുഷ്ടമൃഗങ്ങളെ അമ്പെയ്തു വീഴ്ത്തിത്തുടങ്ങി. ചൂടുകൂടുകയാല്‍ ഉച്ചയോടെവേട്ട അവസാനിപ്പിച്ച് ദാഹം ശമിപ്പിക്കുവാന്‍ രാജാവും പരിവാരങ്ങളും പമ്പാനദിയില്‍ ഇറങ്ങി. നിര്‍മ്മലവും കുളിര്‍മ്മയേറിയതുമായ പമ്പാ ജലം കുടിച്ചും വിവിധതരം കാട്ടുപഴങ്ങള്‍ കഴിച്ച് വിശപ്പുമാറ്റിയും രാജാവും പരിവാരങ്ങളും അവിടെ വിശ്രമിച്ചു. സമയത്ത് വനത്തില്‍ നിന്നും ഒരു ശിശുവിന്റെ രോദനം അവര്‍കേട്ടു.
ഘോരവനാന്തരത്തിനുള്ളില്‍ നിന്നും ഒരു ശിശുവിന്റെ കരച്ചില്‍കേട്ട് രാജാവും പരിവാരങ്ങളും വിസ്മയിച്ചു. രാജശേഖരന്‍ ചിന്തിച്ചു. ജനവാസമില്ലാത്ത ഈ വനത്തില്‍ ഒരു മനുഷ്യശിശു എവിടെനിന്നുവന്നു? ആ ശിശു ഇങ്ങനെ കരയുന്നതെന്താണ്? ഒരു പക്ഷേ ഇത് രാക്ഷസന്മാരോ അസുരന്മാരോ കാട്ടുന്ന മായയാണെങ്കിലോ? നമ്മെ അപായപ്പെടുത്താന്‍ ശിശുരൂപം ധരിച്ച് കരയുന്നതാണെങ്കിലോ?.
എങ്കില്‍ ആ ദുഷ്ടനെ അമ്പെയ്തു ഞാന്‍ വധിക്കുന്നതാണ്. ഇങ്ങനെ കരുതി അമ്പും വില്ലും ധരിച്ച്‌രാജാവ് കരച്ചില്‍കേട്ട ഭാഗത്തേക്കു നടന്നു.
വനവല്ലികളേയും ചെറുചെടികളേയും വകഞ്ഞുമാറ്റി മുന്നോട്ടു നടന്ന രാജാവ് ഒരത്ഭുത ദൃശ്യം കണ്ടു. ആയിരം സൂര്യന്മാര്‍ ഒരുമിച്ച് ചേര്‍ന്നതു പോലെ പ്രകാശിക്കുന്ന ഒരു ദിവ്യശിശു നിലത്ത് കിടന്നു കൈകാലുകളിളക്കി കരയുന്നതു കണ്ട് ചന്ദ്രവംശജനായ രാജശേഖരന്‍ അമ്പരന്നു. അതിസുന്ദരനും ഭുവനത്തെയൊന്നാകെ മോഹിപ്പിക്കുന്നവനും ആയ ഈ ബാലകന്‍ എന്റെ കണ്ണിന് ആനന്ദത്തെ ജനിപ്പിക്കുന്നു. ഈ കുമാരനെ എന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകണമോ? അതോ ഇവിടെ ഉപേക്ഷിച്ചു പോകണമോ? എന്നിങ്ങനെ ചിന്തിച്ചു നിന്ന രാജാവിന്റെ മുന്നില്‍ വൃദ്ധനായ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു.
വടിയും കുത്തി നടക്കുന്ന ആ വൃദ്ധബ്രാഹ്മണന്‍ രാജാവിനോടു പറഞ്ഞു: ‘ഹേ രാജന്‍, സംശയിക്കേണ്ട. ആദരവോടെ ഈ ബാലനെ സ്വീകരിക്കുക. അനേകം ഗുണഗണങ്ങളോടുകൂടിയവനും വീര്യവാനും ക്ഷത്രിയ കുലജാതനുമാണു ഈ ബാലന്‍. ഇവന്റെ ചരിത്രങ്ങളും മഹിമകളുമെല്ലാം പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അങ്ങേയ്ക്കു മനസ്സിലാകും. അതിനിടയില്‍ ഇവന്റെ കുലം, ചരിത്രം ഇവയൊന്നും അന്വേഷിക്കേണ്ടതില്ല. സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു മണി ബാലന്റെ കഴുത്തില്‍ അങ്ങുകാണുന്നില്ലേ? ആ മണി കഴുത്തിലുള്ളതിനാല്‍ മണികണ്ഠന്‍ എന്ന പേരില്‍ ഇവന്‍ അറിയപ്പെടും. ഇവനെ പുത്രനായി അംഗീകരിച്ചു രാജധാനിയിലേക്കു കൊണ്ടുപോകുക’. രാജാവ് ബ്രാഹ്മണന്റെ വാക്കുകള്‍ അനുസരിച്ചു ബാലനെ കയ്യിലെടുത്തു. അനുഗ്രഹം ചൊരിഞ്ഞ് ബ്രാഹ്മണന്‍ അപ്രത്യക്ഷനായി.
ദിവ്യശിശുവിനേയും കൊണ്ട് രാജാവും പരിവാരങ്ങളും പന്തളത്ത് എത്തിച്ചേര്‍ന്നു. നായാട്ടിനു സഹായം ചെയ്ത വേടന്മാരെ മഹാരാജാവ് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു യാത്രയാക്കി. മണികണ്ഠനു നന്മ വരുന്നതിന് ബ്രാഹ്മണര്‍ക്കു നാനാവിധത്തിലുള്ള ദാനങ്ങള്‍ നല്‍കി അവരേയും സന്തോഷിപ്പിച്ചു. പുത്രനില്ലാത്തതിന്റെ ദുഃഖം തീര്‍ന്നതിനാല്‍ രാജശേഖരരാജാവും മഹാരാജ്ഞിയും മണികണ്ഠനെ ലാളിച്ച് ആനന്ദത്തോടെ രാജ്യം ഭരിച്ചു.
(ഭൂതനാഥോപാഖ്യാനത്തിലെ പത്മദളപുര പ്രവേശകഥ എന്ന നാലാം അദ്ധ്യായം സമാപിച്ചു.)
No comments:
Post a Comment