ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 November 2017

ഭാരതീയ സത്യാന്വേഷണം

ഭാരതീയ സത്യാന്വേഷണം

ഭാരതീയ വൈദിക സാഹിത്യത്തിലും  ഹൈന്ദവ പൂജാ വിധികളിലും  മന്ത്രങ്ങളിലും പരക്കെ  ഉപയോഗിക്കുന്ന ഒരു പദമാണ് സത്. സത് എന്ന വാക്കിനു സത്ത എന്നു  മലയാളത്തിൽ അർത്ഥം പറയാം. സത്തയെന്നാൽ സത്തായുള്ളത് എപ്പോഴും എല്ലായിടത്തും  വ്യാപിച്ചിരിക്കുന്നത്, ഇന്നലെയും ഇന്നും നാളെയും മാറ്റമില്ലാതെ തുടരുന്നത്, സനാതനമായുള്ളത് കാലാതീതമായുള്ളത്, അനശ്വരമായുള്ളത്, എന്നെല്ലാം ആണു വിവക്ഷ.

നമുക്കു ചുറ്റും വ്യാവഹാരിക  തലത്തിൽ കാണുന്നതൊന്നും തന്നെ  മേൽ പറഞ്ഞ ഗുണങ്ങളോടു കൂടിയതല്ല. നാം കാണുന്നതെല്ലാം  മാറ്റങ്ങൾക്കു വിധേയവും നശ്വരവും  ആണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും  ബോദ്ധ്യപ്പെടാവുന്നതെയുള്ളൂ.

ഈ  പശ്ചാത്തലത്തിലാണ്   അനശ്വരമായി എന്തെങ്കിലും ഈ  പ്രപഞ്ചത്തിലുണ്ടോ എന്ന  അന്വേഷണം ആരംഭിക്കുന്നത്. അനശ്വരം ആയതു സത്തയാണ്. സത്തയെ അന്വേഷിക്കലാണ്  സത്യാന്വേഷണം. 

സത്യാന്വേഷണമാണ്  തത്ത്വചിന്ത   എന്നു  ലളിതമായി  പറയാം. പ്രപഞ്ചം  ആത്മാവ്‌   ജീവൻ ഈശ്വരൻ  എന്നിവയെക്കുറിച്ചുള്ള  പഠന  വിചിന്തനങ്ങൾ തത്ത്വചിന്തയുടെ  പരിണത ഫലങ്ങളാണ്.

സത്യാന്വേഷണം മനുഷ്യ  സമൂഹത്തിൽ ചരിത്രാതീത കാലം  മുതൽ നടന്നു പോരുന്നു. പ്രാചീന  ഭാരതത്തിലാണ് ഇതു സംബന്ധിച്ച  പഠനവും ഗവേഷണവും ഏറ്റവും  അധികം നടന്നിട്ടുള്ളത്. പുരാതന  ഭാരതീയ ശാസ്ത്രജ്ഞരെ നാം  ഋഷിമാർ എന്നാണു വിളിക്കുന്നത്‌. സത്യം ദർശിച്ചവർ ആണു ഋഷിമാർ. അവർ  ക്രാന്തദർശികൾ  ആയിരുന്നു. ഋഷിമാരുടെ   പഠനങ്ങളുടേയും  ഗവേഷണങ്ങളുടെയും ഫലമായി  അനേകം ദർശനങ്ങൾ ഉണ്ടായി.

പ്രപഞ്ചം ആത്മാവ്‌ ജീവൻ ഈശ്വരൻ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ   സത്യാന്വേഷണത്തിൻറെ അഥവാ തത്ത്വചിന്തയുടെ പരിണത  ഫലങ്ങളാണ്. ആധുനിക പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ ഈ വിഷയങ്ങളെ ഭൗതികം  ആത്മീയം എന്നിങ്ങനെ വേർതിരിച്ചു വ്യവഹരിക്കാൻ ശ്രമിക്കുന്നുവെങ്കിലും  യഥാർത്ഥത്തിൽ അവർ ചെയ്യുന്നതു  സത്യാന്വേഷനമാണ്. പുരാതന ഭാരതീയരെ സംബന്ധിച്ചിടത്തോളം സത്യാന്വേഷണത്തിനു ഭൗതികം ആത്മീയം എന്നിങ്ങനെ വേർതിരിവില്ല.

പരമസത്ത ഒന്നേയുള്ളൂ എന്ന് ചിലർ പറയുന്നത് ഏകത്വവാദം. ചിലരാകട്ടെ  സത്യം പലതുണ്ടെന്നു പറയുന്നു. ഇതിനു അനേകത്വവാദം  എന്നുപറയും. സത്യം ശൂന്യത ആണെന്നു പറയുന്നവരും  കുറവല്ല. ഇതിനു ശൂന്യവാദം എന്നാണ് പറയുന്നത്. ശക്തി മാത്രമാണു സത്യം  എന്നു വിശ്വസിക്കുന്നവർ  ധാരാളമുണ്ട്. ശക്തിയാണ സത്യം എന്നു വിശ്വസിക്കുന്നവരെ  ശാക്തേയന്മാർ എന്നു വിളിക്കുന്നു.

ഇനിയും ഒരു വിഭാഗം ചിന്തകന്മാർ  ജ്ഞാനമാണ് സത്യം എന്ന് വിശ്വസിക്കുന്നു. ഇവരെ ജ്ഞാനവാദികൾ  എന്നുപറയുന്നു. വൈയാകരണന്മാർക്കു ശബ്ദമാണ്  സത്യം. ആത്മ വാദികൾക്കാകട്ടെ  ആത്മാവു മാത്രമാണു  സത്യം. ഇങ്ങനെ പരമ സത്യത്തെ പലരും   അവരുടെ അറിവിനും ബുദ്ധിക്കും  യുക്ത്തിക്കും സംസ്കാരത്തിനും  യോജിച്ചവിധം പല വിധത്തിലാണ്  വിവരിക്കുന്നത്.

പാശ്ചാത്യ ചിന്തകരായ ഫിക്ടെ  ആത്മാവെന്നും, ഷെലിങ്ങ് പ്രകൃതി എന്നും, ഫ്രെഡറിക് ഹെഗൽ  നിരപേക്ഷ പ്രത്യയമെന്നും, ഗ്രീൻ അപരിച്ചിന്ന ചൈതന്യം എന്നും ബ്രൈഡൽ അപരോക്ഷാനുഭുതിയെന്നും പരമസത്യത്തെ വിശേഷിപ്പിക്കുന്നു. മേൽപറഞ്ഞ പാശ്ചാത്യ ചിന്തകരുടെ  പരമസത്യത്തെ സംബന്ധിച്ച എല്ലാ വിവരണങ്ങളും കുരുടന്മാർ ആനയെ  വിവരിച്ചതു പോലെയാണെന്ന് ഭാരതീയ ദർശനങ്ങളെ അവയുടെ  രീതി  ശാസ്ത്രം അനുസരിച്ചു പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവർക്കു ബോദ്ധ്യപ്പെടും.

ഭാരതീയ ഋഷിമാരുടെ സത്യാന്വേഷണ ത്വരയുടെ ആഴവും പരപ്പും  സമാനതകളില്ലാത്തതും അവരുടെ   കണ്ടെത്തലുകൾ അതിശയകരമാം  വിധം കാല ദേശങ്ങളെ  അതിലംഘിക്കുന്നതും സമ്പുർണ്ണവും  ആണ്. അവരുടെ ധിഷണാ വൈഭവം  നമ്മെ അമ്പരപ്പിക്കും. അവർ  കണ്ടെത്തിയ ജ്ഞാനത്തിൻറെ രത്നങ്ങൾ അമുല്യങ്ങളാണ്. പരമസത്യത്തെ സംബന്ധിച്ച ഭാരതീയ  ചിന്ത ഹിമാലയം പോലെ അത്യുന്നതവും ലോകോത്തരവും   നിസ്തുലവുമാണ്. ഇവിടെ നാം  കാണുന്നതു മാത്രമാണ് സത്യം എന്നു  പറയുന്ന ചാർവക ദർശനം മുതൽ ഈ കാണുന്നതൊന്നും സത്യമല്ല  എന്നു ബുദ്ധിക്കും യുക്തിക്കും ചേരും  വിധം സമർത്ഥിക്കുന്ന അദ്വൈത  സിദ്ധാന്തം വരെ ആസ്തികവും   നാസ്തികവും ആയ അനേക ചിന്താധാരകൾ ഉൾകൊള്ളുന്നതാണ്  ഭാരതീയ തത്ത്വചിന്ത. മനുഷ്യനു സാധ്യമാകുന്ന എല്ലാ ചിന്തകൾക്കും  വേദങ്ങളിൽ വേരു കണ്ടെത്താം  എന്നതു അതിശയകരമാണു.

ഭാരതത്തിലെ പുരാതന ശാസ്ത്രജ്ഞരായ ഋഷീശ്വരന്മാർ സ്വപ്നം സുഷുപ്തി ജാഗ്രത്  എന്നീ  മൂന്നവസ്ഥകളെ, നിരീക്ഷണ,  പഠന, മനന, നിദിദ്ധ്യാസന, ധ്യാന മാർഗങ്ങളിലുടെ അതിലംഘിച്ചു  തുരീയാവസ്ഥയെ പ്രാപിച്ചു  സത്യത്തെ  സാക്ഷാൽക്കരിച്ചവരാണ്. ഋഷിമാർ മന്ത്ര ദൃഷ്ടാക്കൾ  ആണു. അവർ ദർശിച്ചതാണു വേദമന്ത്രങ്ങൾ. പവിത്ര മനസ്സുള്ള ഋഷിമാർ അകക്കണ്ണുകൊണ്ടു നേരിൽ കണ്ട സത്യം, പശ്യന്തി മധ്യമ എന്നിവ കടന്നു വൈഖരി ആയി. അതാണു വേദമന്ത്രങ്ങൾ;  ഋഷി:  ഛന്ദസ്: ദേവതാഃ എന്നിവ  ചേർത്തു  ശിഷ്യന്മാർ കേട്ടുപഠിച്ചപ്പോൾ “ശ്രുതി” ആയി. വേദം ഗുരുക്കന്മാരിൽ നിന്നും ചൊല്ലി കേട്ടു പഠിച്ചാണ് അനേകായിരം വർഷങ്ങളായി  നിലനിന്നു  പോരുന്നതു. അതുകൊണ്ടു വേദങ്ങളെ ശ്രുതി എന്നും പറയുന്നു. മന്ത്ര ദ്രഷ്ടാക്കളിൽ സ്ത്രീകളും ഉണ്ടു.  മൈത്രേയി എന്ന വനിത മന്ത്ര ദ്രഷ്ടാക്കളിൽ പ്രമുഖയായ ഒരു ഋഷിയാണു.

ഭാരതീയ ദർശനങ്ങളുടെ അടിത്തറ വേദങ്ങളാണ്. വേദങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടാണു ദർശനങ്ങൾ  രൂപപ്പെട്ടതു. വേദങ്ങളുടെ പിൻബെലമില്ലാത്ത നാസ്തിക ദർശനങ്ങളും ഉണ്ട്. എന്നാൽ  നാസ്തിക ദർശനങ്ങളെയും  ഉൾകൊള്ളുന്നതാണ് വേദങ്ങൾ. മൽസ്യം ജലത്തെ നിഷേധിച്ചാലും മത്സ്യത്തെ ജല ജീവിയെന്നു തന്നെ പറയണമല്ലോ? അതുപോലെയാണു നാസ്തികന്മാരുടെ അവസ്ഥ. 

വേദം എന്നാൽ അറിവു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥവും മാനവരാശിയുടെ ആദ്യത്തെ ഗ്രന്ഥവും വേദമാണു. വേദങ്ങളെ  ഋക്  യജുർ  സാമം  അഥർവം എന്നു വിഭജിച്ചതു വ്യാസൻ. യജുർ വേദത്തിനു  കൃഷ്ണയജുർവ്വേദം, ശുക്ലയജുർവ്വേദം എന്നു  രണ്ടു  ഭാഗങ്ങളുണ്ടു. പരാശര മുനിയുടെയും സത്യവതി എന്ന മുക്കുവ സ്ട്രീയുടെയും മകനായി ദ്വീപിൽ ജനിച്ച വ്യക്തിയാണു വ്യാസൻ. ദ്വീപിൽ ജനിച്ചതുകൊണ്ടും കറുത്ത  നിറം ആയിരുന്നതു കൊണ്ടും കൃഷ്ണ ദ്വൈപായനൻ എന്നുപേരുനല്കി. പിന്നീടു വേദങ്ങളെ വ്യസിച്ചതു (വിഭജിച്ചതു) മൂലം വേദവ്യാസൻ എന്നറിയപ്പെടുന്നു. ബാദരായണൻ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഒരു ലക്ഷത്തി  ഇരുപത്തയ്യായിരം  ശ്ലോകങ്ങളുള്ള മഹാഭാരതം  എന്ന ഇതിഹാസം രചിച്ചതും വേദവ്യാസൻ തന്നെ. ലോകത്തിലെ ഏറ്റവും വലിയ  ഇതിഹാസ ഗ്രന്ഥം  മഹാഭാരതമാണു.

വേദങ്ങളെ പൊതുവായി കർമ്മകാണ്ഡം ജ്ഞാനകാണ്ഡം എന്നിങ്ങനെരണ്ടു ഭാഗങ്ങൾ ആയി വിഭജിക്കാം. കർമ്മകാണ്ഡത്തെ വീണ്ടും ബ്രാഹ്മണങ്ങൾ ആരണ്യകങ്ങൾ എന്നു വിഭജിക്കാം. മറ്റൊരു വിഭജന സമ്പ്രദായ മനുസരിച്ചു വേദങ്ങളെ സംഹിതകൾ ബ്രാഹ്മണങ്ങൾ ആരണ്യകങ്ങൾ ഉപനിഷത്തുകൾ എന്നിങ്ങനെ തരം തിരിക്കാം.

മന്ത്രങ്ങളേയും ദേവതകളെയും കുറിച്ചുള്ള പ്രാഥമിക പഠനമാണു സംഹിതയിൽ. വേദമന്ത്രങ്ങളുടെ യജ്ഞവിനിയോഗമാണു ബ്രാഹ്മണം. ആരണ്യത്തിൽ ദേവതോപാസനവും തത്വവിചാരവും ചെയ്യേണ്ടതെങ്ങനെയെന്നു ശാസ്ത്രീയമായി പ്രതിപാദിക്കുന്നു. ഉപനിഷത്തുകൾ ഏറ്റവും ഉയർന്ന തലത്തിലുള്ള ജ്ഞാനം പകർന്നു നൽകുന്നു. അതി ശ്രേഷ്ടവും അത്യുജ്ജലവുമാണു ഉപനിഷത്തുകളിലെ പ്രതിപാദന രീതികളും വിഷയങ്ങളും.

ഉദാഹരണം

ഈശാവാസ്യ ഉപനിഷത്തിൻറെ ശാന്തിമന്ത്രം.

“ഓം പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത്പൂർണ്ണം ഉദച്യതേ
പൂർണ്ണസ്യ    പൂര്ണമാദായ 
പൂർണ്ണമേവാവശിഷ്യതേ” 
ഓം ശാന്തിഃ ശാന്തിഃ  ശാന്തിഃ

വാച്യാർത്ഥം: ഓം എന്നാൽ പ്രണവം.  പരബ്രഹ്മം പരാശക്തി എന്നൊക്കെ വിവരിക്കപ്പെടുന്ന പരമാത്മ ചൈതന്യത്തെ സൂചിപ്പിക്കുന്ന ശബ്ദം- ഒംകാരം. അതും പൂർണ്ണമാണ് ഇതും പൂർണ്ണമാണ് പൂർണ്ണത്തിൽ  നിന്നും പൂർണ്ണം ഉണ്ടായി പൂർണത്തിൽ നിന്നും പൂർണ്ണം എടുത്താൽ പൂർണ്ണം തന്നെ ശേഷിക്കുന്നു.

ഋഗ്വേദത്തിൽ 10552 മന്ത്രങ്ങൾ ഉണ്ടു. ഋഗ്വേദം മന്ത്രപ്രധാനം ആണു. സ്തുതിയും പ്രാർത്ഥനയും ഉൾകൊള്ളുന്ന മന്ത്രങ്ങൾ യജ്ഞത്തിനു ഉപയോഗിക്കുന്നു. ആശ്വലായനവും ശാoഖായനവും ഉൾപ്പെടെ 21ശാഖകൾ. ആയുർവേദമാണ് ഉപവേദം. ഐതരേയം കൗഷീതകം എന്നിവയാണു  ഋഗ്വേദത്തിന്റെ ബ്രാഹ്മണങ്ങൾ.

യജുർവേദം യജ്ഞപ്രധാനമാണു.  1975മന്ത്രങ്ങൾ ഉണ്ട്. കൃഷ്ണയജുർവ്വേദവും ശുക്ലയജുർവ്വേദവും യജുർവേദത്തിന്റെ രണ്ടു വിഭാഗങ്ങളാണു. കൃഷ്ണയജുർവേദത്തിനു 100 ശാഖകൾ ഉണ്ട്. ശുക്ലയജുർ വേദത്തിനു രണ്ടു ശാഖകൾ. ശുക്ലയജുർവേദത്തിന്റെ ബ്രാഹ്മണം ശതപഥം. കൃഷ്ണയജുർ വേദത്തിന്റെ ബ്രാഹ്മണം തൈത്തിരീയം. ധനുർവേദമാണ്‌ യജുർവേദത്തിന്റെ ഉപവേദം. 

സാമവേദത്തിൽ 1875  മന്ത്രങ്ങൾ  ഉണ്ടു. സാമവേദം ഗാനപ്രധാനം. കൗമുധം ജൈമിനീയം തുടങ്ങി 1000  ശാഖകൾ. ആർഷേയം ദേവാദ്ധ്യായം  താണ്ഡവമഹാബ്രാഹ്മണം അത്ഭുതം   സാമവിധാനം  എന്നിങ്ങനെ 5 ബ്രാഹ്മണങ്ങൾ. ഉപവേദം ഗാന്ധർവ്വ വേദം.

അഥർവ്വവേദത്തിൽ 5987 മന്ത്രങ്ങൾ ഉണ്ടു. ശൗനകീയം, പൈപ്പലാദം എന്ന് രണ്ടു ശാഖകൾ. ഗോപഥ ബ്രാഹ്മണം ആണു ഈ വേദത്തിന്റെ ബ്രാഹ്മണം. അർത്ഥ വേദമാണു അഥർവ്വവേദത്തിന്റെ ഉപവേദം. അർത്ഥവേദത്തിൻറെ ഭാഗമാണു ശില്പശാസ്ത്രം.

വേദാംഗങ്ങൾ ആയ ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്,  ജ്യോതിഷം, എന്നിവയെ  ആറു ശാസ്ത്രങ്ങൾ എന്നും പറയും.

നാലു വേദങ്ങൾ  അവയുടെ 4 ഉപവേദങ്ങൾ 6  വേദാംഗങ്ങൾ (ശാസ്ത്രങ്ങൾ) പുരാണങ്ങൾ  മീമാംസ ന്യായശാസ്ത്രം ധർമ്മശാസ്ത്രം എന്നിവയാണു പതിനെട്ടുവിദ്യകൾ. ഇവ പഠിക്കുകയും ബ്രഹ്മജ്ഞാനം നേടുകയും അതനുസരിച്ചുള്ള ജീവിത സമ്പ്രദായം സ്വീകരിക്കുകയും ചെയ്തവരെയാണു അന്നു ബ്രാഹ്മണർ എന്നു വിളിച്ചിരുന്നതു. ബ്രഹ്മജ്ഞാനം  എന്നാൽ  ബ്രഹ്മത്തെക്കുറിച്ചുള്ള  ജ്ഞാനം  ബൃഹത്തായ  ജ്ഞാനം  ഉന്നതനിലവാരത്തിലുള്ള അറിവു എന്നെല്ലാം അർത്ഥം.

ശരിയായ അറിവുനേടുന്നതിനും ജീവിതം സഫലമാകുന്നതിനും ആവശ്യമായ ഉപായങ്ങൾ  ആചാര്യന്മാർ ഉപദേശിച്ചിട്ടുണ്ടു. അഹിംസ, സത്യം, അസ്തേയം, അപരിഗ്രാഹ്യം, ബ്രഹ്മചര്യം, എന്നിവ യമം എന്നറിയപ്പെടുന്നു. ശുചിത്വം,  സന്തോഷം, തപസ്സ്, സ്വാദ്ധ്യായം,  ഈശ്വരോപാസനം,  എന്നിവയാണു  നിയമങ്ങൾ. യമനിയമങ്ങൾ അന്തഃകരണ ശുദ്ധി വരുത്തുന്നതിനു  സഹായിക്കുന്നു. ഇങ്ങനെയുള്ള യമനിയമങ്ങൾ  പത്തും ആചരിച്ചാൽ ജ്ഞാനസമ്പാദനം എളുപ്പമാകും. കലുഷിതമായ മനസ്സിൽ ജ്ഞാനം പ്രകാശിക്കില്ല. പരമമായ ജ്ഞാനത്തിന്റെ അത്യുജ്ജ്വലമായ പ്രകാശം ഓരോ വ്യക്തിയിലും ഉണ്ടു. ആ ജ്ഞാനശക്തി അനാവരണം ചെയ്യപ്പെടണമെങ്കിൽ അന്തഃകരണ  ശുദ്ധി ആവശ്യമാണു. സത്വഗുണത്തിൻറെ ആധിക്യം അന്തഃകരണ ശുദ്ധി സാധ്യമാക്കും. മനസ്സും ബുദ്ധിയും ഞാനെന്ന ബോധവും ചൈതന്യവും ചേരുന്ന സംഘാതമാണു അന്തഃകരണം.  

ബ്രഹ്മജ്ഞാനമുള്ളവൻ ബ്രാഹ്മണൻ.  അതാണു  നിർവചനം. ബ്രാഹ്മണ്യം ഒരു അവസ്ഥയാണു. അതുനേടിയെടുക്കേണ്ടതാണു; ജന്മനാ ലഭിക്കുന്നതല്ല. തമോ ഗുണത്തേയും, രജോഗുണത്തെയും യമ, നിയമ, സംയമന മാർഗ്ഗത്തിലൂടെ കുറച്ചും സത്വഗുണത്തെ വർദ്ധിപ്പിച്ചും സാത്വിക ജീവിതം നയിച്ചും ബ്രഹ്മജ്ഞാനം നേടുന്നവർക്കു ബ്രാഹ്മണ്യം ഉണ്ടെന്നു പറയാം. സത്വഗുണസമ്പന്നനായാൽ മാത്രമേ ബ്രഹ്മജ്ഞാനം നേടാനാകൂ. ജ്ഞാനികൾ തീർച്ചയായും സത്വഗുണം അധികമുള്ള  “സാത്വികന്മാർ” ആണെന്നു എല്ലാവർക്കും  ബോധ്യമുള്ള വസ്തുതയാണു. അതു കൊണ്ടാണു സത്വഗുണം അധികമുള്ളവരെ ബ്രാഹ്മണൻ എന്നു പറയുന്നതു. വിദ്യയാണു  ഏറ്റവും വിലപ്പെട്ട ധനം  അതു ആർജ്ജിക്കുകയും മറ്റുള്ളവർക്കു നിസ്വാർത്ഥമായി പകർന്നു കൊടുക്കുകയുമാണു ബ്രാഹ്മണന്റെ കുലധർമ്മം.

എല്ലാ ശാസ്ത്രങ്ങളും പഠിക്കുന്നതിന്  ഒരു രീതി ശാസ്ത്രവും ക്രമവും  ഉണ്ട്. ഉദാഹരണത്തിന് സ്കൂളിൽ  താഴ്ന്ന   ക്ലാസ്സുകളിൽ നാം സുര്യൻ  കിഴക്കുദിക്കുകയും  പടിഞ്ഞാറസ്തമിക്കുകയും ചെയ്യുന്നു  എന്നു പഠിക്കുകയും പഠിപ്പിക്കുകയും  ചെയ്യുന്നു. യഥാർത്ഥത്തിൽ  സുര്യൻ  ഒരിടത്തു നിൽക്കുകയും ഭുമി  അതിൻറെ അച്ചുതണ്ടിൽ പടിഞ്ഞാറു നിന്നു കിഴക്കോട്ടു തിരിയുകയുമാണ് ചെയ്യുന്നതെന്നു  പിന്നീടറിയുന്നു. വീണ്ടും കൂടുതൽ പഠിക്കുമ്പോൾ  സുര്യനും ഭുമിയും മറ്റു  ഗ്രഹങ്ങളും  ഉൾകൊള്ളുന്ന സൌരയൂഥം  ബ്രഹ്മാണ്ഡത്തിന്റെ  വളരെ  ചെറിയൊരു  അംശം  മാത്രമാണെന്നും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും  സാപേക്ഷികമായി ചലിച്ചു കൊണ്ടിരിക്കുന്നു എന്നും  മനസിലാക്കുന്നു. നക്ഷത്രങ്ങളുടെയും  ഗ്രഹങ്ങളുടെയും  ഉദയാസ്തമനങ്ങൾ  വ്യവഹാരികതലത്തിൽ  സാപേക്ഷികമായി ഉണ്ടാകുന്ന ഭ്രമം  മാത്രം ആണ് എന്നും നാം തിരിച്ചറിയുന്നുAlgebra പഠിച്ച  ഒരാൾക്കു മാത്രമേ Calculus   പഠിക്കാൻ കഴിയുകയുള്ളു. എങ്കിലും  ഗണിത ശാസ്ത്രം നന്നായി  പഠിച്ച  ഒരു  വ്യക്തി കൂട്ടലും കുറക്കലും  എന്ന രണ്ടു ക്രിയകൾ മാത്രമേ യഥാർത്ഥത്തിൽ നാം ചെയ്യുന്നുള്ളു  എന്നു തിരിച്ചറിയുന്നു. ഇതുപോലെ  സത്യാന്വേഷണത്തിന്റെ പാതയിൽ    ജ്ഞാനത്തിൻറെ വിവിധ പടവുകൾ  താണ്ടേണ്ടതുണ്ട്. അവയെല്ലാം   ഒന്നൊന്നായി പരീക്ഷിച്ചും  നിരീക്ഷിച്ചും പഠിച്ചും തരണം ചെയ്തു പരമ ജ്ഞാനത്തിന്റെ പാരമ്യംകണ്ടവരാണ് ഋഷിമാർ. നിരീക്ഷണ, പഠന,  മനന, നിദിദ്ധ്യാസന, ധ്യാന  മാർഗങ്ങളിലുടെ മാത്രമേ ഭാരതീയ ദർശനങ്ങളുടെ  യുക്തിഭദമായ അന്തസത്ത  ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. ആധുനിക ശാസ്ത്രം പഠിച്ചവർക്കു  പൊതുവായും, ഫിസിക്സ്‌  രസതന്ത്രം   ജീവശാസ്ത്രം മോഡേണ്‍ മാത്തമാറ്റിക്സ് എന്നിവയിൽ  ഉന്നത  പഠനം നടത്തിയവർക്കു  പ്രത്യേകമായും ഭഗവദ്ഗീത  ഉപനിഷദ്, എന്നിവയുടെ   താത്വികമായ  അർത്ഥം  വേഗത്തിൽ മനസിലാക്കാൻ കഴിയും എന്നാണ്  അനുഭവം.

ആത്മീയതയും ഭൗതികതയും രണ്ടാണെന്നും ഭൗതിക സുഖങ്ങളുടെ  നിഷേധത്തിലൂടെ മാത്രമേ ആത്മജ്ഞാനം ഉണ്ടാകുകയുള്ളൂ എന്നും ചിന്തിക്കുന്നതു  വലിയ  അജ്ഞാനത്തിന്റെ  ലക്ഷണമാണു. നമ്മുടെ  ഋഷിമാരിൽ  പലരും  ഗൃഹസ്ഥന്മാർ അല്ലെങ്കിൽ  രാജാക്കന്മാർ ആയിരുന്നു.  ആത്മീയതയെന്നാൽ ഭക്തിയുടേയും മതാചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രകടനമാണു എന്നു ചിന്തിക്കുന്നതും അജ്ഞതയാണു. അതു പോലെ തന്നെയാണു തത്വശാസ്ത്രവും പ്രായോഗിക ജീവിതവും തമ്മിൽ ബന്ധമില്ല എന്നു പറയുന്നതും. “ആ വല്ലിയിൽ നിന്നും ചെമ്മേ പൂക്കൾ  പോകുന്നിതാ പറന്നമ്മേ”  എന്നു പറയുന്ന   കുട്ടിയോടു   “അല്ല  നിനക്കുണ്ണി തെറ്റി നൽ പൂമ്പാറ്റകളല്ലോ ഇതെല്ലാം” എന്നു പറയാനുള്ള  അറിവോ ആർജ്ജവമോ ഉള്ളവർ  കുറഞ്ഞുവന്നു. തെറ്റായ  നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള  നിഗമനങ്ങളും സ്വാർത്ഥ പ്രേരിതമായ വ്യാഖ്യാനങ്ങളും സ്വന്തം പൈതൃകത്തോടുള്ള  അവജ്ഞയും  കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തേയും  പ്രത്യേകിച്ചു  കേരളത്തെയും സാംസ്കാരികമായി മലീമസപ്പെടുത്തി. “ഭാരത ക്ഷേത്രത്തിലെ പൂർവരാം  ഋഷീന്ദ്രന്മാർ പാരിനുള്ളടിക്കല്ലു  പാർത്തുകണ്ടറിഞ്ഞവർ” എന്നതു  നാം മറന്നു. ഇതുമൂലം സാംസ്കാരിക മുന്നേറ്റത്തിനു  തടസ്സം ഉണ്ടാകുവാനും  ദിശാബോധം നഷ്ടപ്പെടുവാനും ഇടയായി.

യഥാർത്ഥത്തിൽ, ഭാരതീയ തത്വശാസ്ത്ര - ദർശനങ്ങളുടേയും ആത്മീയതയുടെയും വളക്കൂറുള്ള  മണ്ണിൽ   വേരുറപ്പിച്ചും അതിന്റെ ഉർവ്വരതയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടും ഭൗതികതയുടെ വിഹായസ്സിലേക്കു തഴച്ചു വളരുന്നതാകണം മനുഷ്യജീവിതം.

“ഏതൊന്നറിഞ്ഞാൽ എല്ലാം അറിഞ്ഞതായി ഭവിക്കുമോ  ആ  ജ്ഞാനമാണ്” ഋഷി പ്രോക്തങ്ങളായ  വേദങ്ങളിൽ ഉള്ളത് എന്ന് യുവ തലമുറയും ആധുനിക ശാസ്ത്രജ്ഞരും തിരിച്ചറിഞ്ഞു  തുടങ്ങിയിരിക്കുന്നു. ഏകത്വത്തിൽ വൈവിധ്യം ഉണ്ടായതെങ്ങനെയെന്നും വൈരുദ്ധ്യം തോന്നുന്നതെന്തു കൊണ്ടെന്നും സ്വന്തം സ്വത്വം എന്തെന്നും സ്വധർമ്മം എന്തെന്നും സ്വന്തം ഇടം ഏതെന്നും തിരിച്ചറിയുക എന്നതു  ജീവിത വിജയത്തിനു  അനിവാര്യമാണു. അമൂല്യമായ ആ അറിവിന്റെ  ഖനിയാണു  ഭാരതീയ വൈദിക സാഹിത്യം. “ആത്മാവിനെ കൊണ്ടു ആത്മാവിനെ ഉയർത്തുക; ആത്മാവിനെ തളർത്താതിരിക്കുക” സ്വധർമ്മം ഈശ്വരാർപ്പണമായി അനുഷ്ഠിക്കുക. അതു സർവ്വ  ഐശ്വര്യങ്ങൾക്കും അഭിവൃദ്ധിക്കും  നിദാനമായിത്തീരും നിങ്ങൾക്കർഹതപ്പെട്ട നല്ല അനുഭവങ്ങൾ സ്വയം വന്നെത്തുകയും  ചെയ്യും; ഉറപ്പാണു. YOU ARE THE ARCHITECT OF YOUR OWN LIFE.

സത്യാന്വേഷണ മാർഗത്തിൽ പുരാതന ഋഷിമാർ കണ്ടെത്തിയ  പ്രത്യക്ഷവും പരോക്ഷവും ആയ തത്ത്വങ്ങളെ തർക്കശാസ്ത്ര പ്രകാരം വിചാര വിമർശനം നടത്തിയും ശാസ്ത്രാനുസൃതം പുർവ പക്ഷാക്ഷേപം ചെയ്തും രൂപപ്പെടുത്തിയതും, അതതു തലത്തിൽ സാർഥകവും  സമ്പൂർണവും എന്നു പറയാവുന്ന വയുമായ ദർശനങ്ങൾ ആറെണ്മുണ്ട്. “അതാതു തലത്തിൽ സാർഥകവും സമ്പൂർണവും“ എന്ന വാക്കുകൾ പ്രാത്യേകം ശ്രദ്ധിക്കുക.   

സത്യം ഏകമാണെങ്കിലും, അതിനു മാറ്റമൊന്നുമില്ലെങ്കിലും  ദൃഷ്ടാവിൻറെ സംസ്കാരവും, സ്ഥലകാല ബന്ധവും (സ്ഥാനവും ), മാനസികാവസ്ഥയും  ദൃശ്യത്തെ  സ്വാധീനിക്കും എന്നും, ബ്രഹ്മാണ്ഡത്തിൽ ശൂന്യത എന്നൊന്നില്ല എന്നും; ശൂന്യം  എന്നു നാം വിവക്ഷിക്കുന്നതു നമ്മുടെ അറിവിൽ പെടുന്ന  വസ്തുക്കളുടെ അഭാവത്തെയാണെന്നും;  നാം  കാണുന്നവയൊക്കെ കാണുന്ന വ്യക്തിയുടെ മനസ്സിൻറെ ഉല്പന്നമാണെന്നും; പ്രപഞ്ചം സ്ഥലകാലങ്ങളുടെ തുടർച്ചയുള്ള സംഘാതമാണെന്നും (Time Space Continuum) ഒന്നിനെയും ആരും സൃഷ്ടിക്കുകയോനശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും;അവസ്ഥാമാറ്റം  മാത്രമാണുള്ളതെന്നും ജീവാത്മാക്കൾക്കു പുനർജ്ജന്മം  ഉണ്ടെന്നും; പരിണാമത്തിലൂടെയാണു  പൂർണതയിലെത്തുക എന്നും ഭാരതീയ ഋഷിമാർ അനേകായിരം വർഷങ്ങൾക്കു മുമ്പു അറിഞ്ഞു.

പ്രപഞ്ചം അണ്ഡാകൃതിയിലാണെന്നും ആകർഷണ വികർഷണ ശക്തിയാലാണു നിലനിൽക്കുന്നതെന്നും ഭുമിയുൾപ്പെടെ എല്ലാ  ഗ്രഹങ്ങളും  ചലിക്കുന്നുവെന്നും കാലം പരാശക്തിയുടെ നിർഗുണ പ്രതിഭാസം ആണെന്നും ഗ്രഹങ്ങളുടെ സാപേക്ഷിക സ്ഥാനമാണു കാലനിർണ്ണയത്തിനുള്ള  ഉപാധിയെന്നും പഞ്ചഭൂതങ്ങളാൽ  നിർമിക്കപ്പെട്ട (പഞ്ചഭൂതല്മകമായ എന്നതാണു കൂടുതൽ  ശരി) പരമാണു ആണു വസ്തുക്കളുടെ  അടിസ്ഥാന ഘടകമെന്നും  അവക്കു  മൂന്നു  ഗുണങ്ങൾ  ഉണ്ടെന്നും പരിണാമം  പുനർജന്മത്തിലൂടെ  നടക്കുന്നുവെന്നും തുടങ്ങി അനേക കാര്യങ്ങൾ  വൈദിക സാഹിത്യത്തിൽ കാണാൻ സാധിക്കും.

പ്രപഞ്ച വസ്തുക്കളെല്ലാം സ്ഥലകാലങ്ങളാൽ ബന്ധിക്കപ്പെട്ടവയാണെന്ന ജ്ഞാനം ഭാരതീയർക്കു വേദകാലം മുതൽ ഉണ്ടായിരുന്നു. അതുകൊണ്ടാണു മനുഷ്യൻറെ സ്ഥലകാല പരിമിതികളെ മറികടക്കാനുള്ള യോഗമാർഗ്ഗങ്ങൾ അവർ കണ്ടെത്തിയതുoതർക്ക ശാസ്ത്രം ഉണ്ടായതും അതിൻ പ്രകാരമുള്ള സംവാദം നടന്നിട്ടുള്ളതും. തർക്കശാസ്ത്ര പ്രകാരമുള്ള സംവാദങ്ങളിലൂടെയാണു സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുള്ളതു. കപിലൻ, പതഞ്‌ജലി, ഗൌതമൻ, കണാദൻ, ജൈമിനി, ബാദരായണൻ എന്നീ ഋഷിമാരാണു ഷഡ് ദർശനങ്ങളുടെ ഉപജ്ഞാതാക്കൾ.

No comments:

Post a Comment