ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2017

പത്‌മത്തിന്റെ പ്രാധാന്യം

പത്‌മത്തിന്റെ പ്രാധാന്യം

പൂജാവിധാനങ്ങളിൽ വളരെയധികം പ്രാധാന്യം പത്‌മങ്ങൾക്കുണ്ട്‌. ക്ഷേത്രാരാധന അഥവാ വിഗ്രഹാരാധന, ഹോമം, പത്‌മമിട്ട്‌ പൂജ എന്നിങ്ങനെ പൂജാവിധികളെ മൊത്തത്തിൽ മൂന്നായി വർഗ്ഗീകരിക്കാവുന്നതാണ്‌. മൂന്നിനും ഏതാണ്ട്‌ തുല്യമായ പ്രാധാന്യമാണ്‌ ആരാധനാസമ്പ്രദായങ്ങളിൽ കാണുന്നത്‌. പത്‌മം ഇട്ട്‌ ചെയ്യുന്ന പൂജകളിൽ പത്‌മത്തിനാണ്‌ പരമപ്രാധാന്യം. പത്‌മത്തിനകത്ത്‌ വിഗ്രഹങ്ങളോ വിളക്കുകളോ വെച്ചിരിക്കണമെന്നില്ല. പത്‌മത്തിന്‌ തന്നെയാണ്‌ അപ്പോൾ എല്ലാ പൂജകളും ചെയ്യുന്നത്‌. ഇത്തരം പത്‌മങ്ങൾ മൊത്തത്തിൽ വൈദികം, താന്ത്രികം, മാന്ത്രികമ എന്ന്‌ മൂന്നു വിഭാഗങ്ങളിൽപെട്ടവയാണ്‌. കളംപാട്ട്‌ തുടങ്ങിയ ഫോക്ക്‌ കലകളിൽ കളങ്ങൾക്ക്‌ കൽപ്പിച്ചിരിക്കുന്ന പ്രാധാന്യത്തിന്‌ തുല്യമാണ്‌ വൈദികപാരമ്പര്യത്തിൽ പത്‌മങ്ങൾക്കുളളത്‌.

സ്‌ഥലശുദ്ധിചെയ്‌ത്‌ അലങ്കരിച്ച മണ്‌ഡപത്തിൽ പൂജ തുടങ്ങുന്നതിനു മുൻപേ പത്‌മം വരയ്‌ക്കുന്നു. വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, പച്ച എന്നീ വർണ്ണപൊടികളാണ്‌ പത്‌മങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌. ഉണക്കലരി ഉണക്കിപ്പൊടിച്ച അരിപ്പൊടിയാണ്‌ വെളളപ്പൊടി. മഞ്ഞൾ ചുണ്ണാമ്പ്‌ ഇവ ചേർത്ത്‌കുഴച്ച്‌ ഉണക്കിപ്പൊടിച്ചാണ്‌ ചുവപ്പുപൊടി തയ്യാറാക്കുന്നത്‌. ഉമികത്തിച്ച്‌ കരിച്ച്‌ പൊടിച്ചാണ്‌ കറുപ്പ്‌ പൊടിയുടെ നിർമ്മാണം. മഞ്ഞൾ പൊടിച്ചുണക്കി മഞ്ഞപ്പൊടി ഉണ്ടാക്കുന്നു. വാകയില പൊടിച്ചാണ്‌ പച്ചപ്പൊടി നിർമ്മിക്കുന്നത്‌. ഈ പൊടികളുടെ വർണ്ണങ്ങൾക്ക്‌ പിന്നിലുളള സങ്കൽപ്പത്തെക്കുറിച്ച്‌ തന്ത്രസമുച്ചയത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. (തന്ത്രസമുച്ചയം. പടലം 12 ശ്ലോ. 48)

പഞ്ചഭൂതസങ്കൽപമാണ്‌ അഞ്ചു വർണ്ണങ്ങൾക്കുളളത്‌.
മഞ്ഞ പൃഥിവീഭൂതമായും
വെളുപ്പ്‌ ജലഭൂതമായും
ചുവപ്പ്‌ തോജോഭൂതമായും
പച്ച വായുഭൂതമായും
കറുപ്പ്‌ ആകാശഭൂതമായും
പരികല്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ പഞ്ചഭൂതമയമായ മൂർത്തീശരീര സങ്കൽപം പത്‌മങ്ങളുടെ നിർമ്മാണത്തിനു പിറകിലുണ്ടെന്ന്‌ കണ്ടെത്താവുന്നതാണ്‌. പൊടികളുടെ വർണ്ണങ്ങൾക്ക്‌ ഗുണകൽപനയുമുണ്ട്‌.

വെളുപ്പ്‌ സാത്വികഗുണത്തേയും
ചുവപ്പ്‌ രാജസഗുണത്തേയും
കറുപ്പ്‌ താമസഗുണത്തേയും
പ്രതിനിധാനം ചെയ്യുന്നു. പത്‌മങ്ങളുടെ നിർമ്മാണത്തിൽ ഈ ത്രിഗുണ സങ്കൽപത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌.

പത്‌മങ്ങളുടെ തരംതിരിവ്‌

താന്ത്രികം, മാന്ത്രികം, വൈദികം എന്നീ തരംതിരിവുകളിൽ താന്ത്രികവും വൈദികവുമായ വിഭാഗങ്ങളിൽ പ്രധാനികളായ സപ്തദേവൻമാരെ ഉദ്ദേശിച്ചാണ്‌ വിധികൾ കാണുന്നത്‌. വിഷ്‌ണു, ശിവൻ, ദുർഗ്ഗ, ശങ്കരനാരായണൻ, സുബ്രഹ്‌മണ്യൻ, ഗണപതി, ശാസ്‌താവ്‌ എന്നീ സപ്‌തദേവതമാർക്ക്‌ പരിവാര പൂജചെയ്യാൻ ഇടുന്നതാണ്‌ ഏറ്റവും വലിയ പത്‌മങ്ങൾ. വിഷ്‌ണുവിന്റെ സപരിവാരപൂജ ചെയ്യാൻ ഇടുന്നതാണ്‌ ചക്രാബ്‌ജമാണ്‌ പത്‌മങ്ങളിൽവച്ച്‌ ഏറ്റവും വലുതും മനോഹരവും. ആശാരിക്കോലിന്‌ എട്ടുകോൽ നീളത്തിലും എട്ടുകോൽ വീതിയിലും സമചതുരമായി നിർമ്മിച്ചെടുക്കുന്നതാണ്‌ ചക്രാബ്‌ജം. ദുർഗ്ഗയ്‌ക്ക്‌ ശക്തിദണ്‌ഡ്‌ എന്ന പത്‌മമാണ്‌ ഇടുന്നത്‌. സുബ്രഹ്‌മണ്യന്‌ ഷൾദളപത്‌മം നിർമ്മിക്കുന്നു. ശിവൻ, ഗണപതി, ശങ്കരനാരായണൻ, ശാസ്‌താവ്‌ എന്നീ ദേവതകൾക്ക്‌ ഭദ്രകപത്‌മമാണ്‌ ഇടേണ്ടത്‌. രൂപത്തിലും ഭാവത്തിലും വിഭിന്നമായ നാലുവിധത്തിലാണ്‌ ഇങ്ങനെ ഏറ്റവും വലിയ പത്‌മങ്ങൾ ഇടുന്നത്‌.
മഹാകുംഭകലശത്തിന്‌ രണ്ടുവിധത്തിലുളള സ്വസ്തികഭദ്രകപത്‌മവും ദേവപ്രതിഷ്‌ഠയിൽ ദേവനെ കിടത്താനുളള ശയ്യാപത്‌മവും (എല്ലാദേവൻമാർക്കും) പ്രധാനപത്‌മങ്ങളാണ്‌. ഇതിനുപുറമേ 41 വിധത്തിലുളള കലശപത്‌മങ്ങൾ ഉളളത്‌ താന്ത്രികപത്‌മങ്ങളുടെ വിഭാഗത്തിൽ പെടുന്നു. പുതിയ വീട്‌ നിർമ്മിച്ചാൽ ഗൃഹപ്രവേശത്തോടനുബന്ധിച്ച്‌ നടത്തിയിരുന്ന വാസ്‌തുബലി നടത്താൻ ഇട്ടിരുന്ന വാസ്‌തുബലി പത്‌മവും താന്ത്രികവിഭാഗത്തിൽ പെടുന്നു. ഹോമകർമ്മങ്ങളിൽ അതുമായി ബന്ധപ്പെട്ട്‌ വരയ്‌ക്കുന്ന പത്‌മങ്ങളും മറ്റും വൈദികപത്‌മങ്ങളുടെ വിഭാഗത്തിലാണ്‌ പെടുന്നത്‌. ഗ്രഹശാന്തി ഹോമത്തിന്‌ ബന്ധപ്പെട്ട കർമ്മങ്ങൾക്ക്‌ ഇടുന്ന ഗ്രഹശാന്തി പത്‌മം ഇവയിൽ പ്രധാനമാണ്‌. വിസ്വകർമാവിനെ പൂജിക്കാൻ തയ്യാറാക്കുന്ന മഹാമേരു യന്ത്രം യന്ത്രങ്ങളിൽ ഏറ്റവും ശ്രെഷ്ടമത്രേ...

No comments:

Post a Comment