ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 November 2017

ആര്യങ്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രം

ആര്യങ്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രം

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ (പുനലൂർ ചെങ്കോട്ട റൂട്ട്) തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ആര്യങ്കാവ് ക്ഷേത്രം.

കുളത്തൂപ്പുഴയിൽ നിന്ന് റോഡ്‌ മാർഗം തെന്മലയിൽ ചെന്ന് ആര്യങ്കാവിലെത്താൻ 25 കിലോ മീറ്റർ, ട്രാക്കിംഗ് ദൂരം (തെന്മല ഡാം കടന്ന്) 10കിലോ മീറ്റർ. പാതയോരത്ത് നിന്ന് 35 അടി താഴ്ചയിലാണ് ആര്യന്റെ കാവായ ക്ഷേത്രം. കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ, വിഗ്രഹം നടയ്ക്ക് നേരെയല്ല, വലതു മൂലയിൽ അൽപ്പം ചരിഞ്ഞാണ്. പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യ രശ്മി പതിയും. പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തു വശത്തായി കാവൽ ദൈവങ്ങളായ കറുപ്പസ്വാമിയുടെയും കറുപ്പായി അമ്മയുടെയും പ്രതിഷ്ഠകൾ. പടികൾ അവസാനിക്കുന്നതിനു മുമ്പിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കം എറിയ തറയാണിത്.

മറ്റ് ഉപ ദേവകൾ ശിവൻ, ഗണപതി, നാഗരാജ, അഷ്ടദിക്ക് പാലകർ എന്നിവരാണ്. മൂല പ്രതിഷ്ഠയിൽ ഉച്ചക്ക് മാത്രമേ അഭിഷേകമുള്ളൂ. കുറെ നാൾ മുമ്പ് വരെ ശബരി മലയിലെ പോലെ തന്നെ ഇവിടെയും പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം ഇല്ലായിരുന്നു (നാലമ്പലത്തിനുള്ളിൽ). ക്ഷേത്രം തമിഴ്‌നാട് അതിർത്തിൽ ആയതിനാൽ പൂജകൾ കേരള ആചാര പ്രകാരവും ഉത്സവം തമിഴ് ആചാര പ്രകാരവുമായാണ്. ധനു മാസം മൂന്ന് മുതൽ പന്ത്രണ്ട് വരെയാണ് ഉത്സവം. ഉത്സവത്തിന്റെ എട്ടാം ദിവസം നടക്കുന്ന തൃകല്യാണത്തിനു ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന മംഗല്യ ചരട് അണിഞ്ഞാൽ യുവതികളുടെ വിവാഹം പെട്ടന്ന് നടക്കുമെന്നാണ് വിശ്വാസം (തൃക്കൈകല്യാണം എന്നും പറയാറുണ്ട്).

തമിഴ് നാട്ടിൽ നിന്നുള്ള ഭക്തരാണ് തൃക്കല്യാണ ചടങ്ങുകൾക്ക് മുമ്പിൽ നിൽക്കുന്നത്. ആര്യങ്കാവ് ക്ഷേത്രത്തിൽ നിന്ന് 10 കിലോ മീറ്റർ ദൂരെയാണ് മാമ്പഴത്തറ ക്ഷേത്രം, ഇവിടുത്തെ പുഷ്ക്കല ദേവിയുമായാണ് പാണ്ഡ്യശ വംശ തിലകമായ ആര്യങ്കാവിൽ അയ്യന്റെ കല്യാണം നടത്തൻ ഒരുങ്ങുന്നത്. കല്യാണത്തിന് മുമ്പുള്ള വിവാഹ നിശ്ചയ ചടങ്ങാണ് പാണ്ഡ്യന് മുടിപ്പ്. വൃശ്ചികം 29ന് മാമ്പഴത്തറ ദേവിയുടെ കാർണവന്മാരായ നാട്ട് പ്രമാണിമാർ ദേവി നടയിൽ നിന്ന് കൊളുത്തിയ ദീപം ഘോഷയാത്രയായി കൊണ്ട് വന്നു ആര്യങ്കാവ് ക്ഷേത്രത്തിൽ വച്ച് സാന്നിധ്യം അറിയിക്കുന്നു. ഈ സമയം പാണ്ഡ്യ രാജ വംശജർ പുരുഷ ധനമായ പണകിഴി മാമ്പഴത്തറക്കാർക്ക് കൊടുക്കുകയും നിശ്ചയ താംബൂലം നടത്തുകയും ചെയ്യുന്നു. ശബരി മലയിൽ മണ്ഡല പൂജയും ആര്യങ്കാവിൽ തൃക്കല്യാണവും അച്ചൻ കോവിൽ രഥോത്സവവും ഒരേ ദിവസം തന്നെ നടക്കുന്നു. തൃക്കല്യാണ മണ്ഡപം അലങ്കരിച്ച്‌ പാണ്ടി വാദ്യ മേളത്തോടെ വരന്റെ ആൾക്കാരായ തമിഴ് നാട്ടുകാർ വധുവിനെ സ്വീകരിച്ച് മണ്ഡപത്തിലേയ്ക്ക് ആനയിക്കും. എന്നാൽ ഈ സന്ദര്‍ഭത്തിൽ വധു ഋതുമതിയായി എന്നറിയിച്ച് വിവാഹം മുടങ്ങുകയും താലി അയ്യന്റെ വിഗ്രഹത്തിൽ തന്നെ ചാർത്തുകയും ചെയ്യുന്നു. ഇതിന്‌ ശേഷം തമിഴ്‌ തന്ത്ര വിധി പ്രകാരമുള്ള കുഭാംഭിഷേകം നടക്കുന്നു. ആര്യങ്കാവ്‌ അയ്യന്റെ പേരിൽ തമിഴ്‌ നാട്ടിലെ പമ്പിളിയിൽ 30 ഏക്കർ നിലം ഇന്നും വീരമണി കണ്ഠനയ്യന്മാർ എന്ന തണ്ട പേരിൽ നില നില്‍ക്കുന്നു.

No comments:

Post a Comment