ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2017

ഭൂതനാഥോപാഖ്യാനം - 1

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 18

ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം

പുരാണകഥകള്‍ പറയുന്നതില്‍ പ്രവീണനായ സൂതന്‍ മഹര്‍ഷിമാരോടു ശാസ്താവിന്റെ അപദാന കഥകള്‍ വര്‍ണ്ണിക്കുന്നതാണു ഭൂതനാഥോപാഖ്യാനത്തിന്റെ ഉള്ളടക്കം.

ഭഗവാന്റെ മാഹാത്മ്യകഥകള്‍ കേള്‍ക്കാന്‍ ഉത്‌സുകരായി നൈമിഷാരണ്യത്തില്‍ വസിച്ചിരുന്ന മഹര്‍ഷിമാര്‍ ആനന്ദമോടെ വീണ്ടും വീണ്ടും സൂതനോടു ചോദിച്ചു. കേരളത്തിന്റെ രക്ഷയ്ക്കായി ഭാര്‍ഗ്ഗവരാമന്‍ ആരാധിച്ച താരകബ്രഹ്മത്തിന്റെ മാഹാത്മ്യം അങ്ങ് പറയുകയുണ്ടായില്ല. തരകബ്രഹ്മരൂപം എപ്രകാരമാണു ഉത്ഭവിച്ചത്? എന്തിനായിട്ടാണു ഉത്ഭവിച്ചത്? എവിടെ നിന്നാണു ഉത്ഭവിച്ചത്? ഞങ്ങള്‍ക്ക് ആ കഥ കേള്‍ക്കാന്‍ മോഹമുണ്ട്. ഞങ്ങള്‍ യോഗ്യരെങ്കില്‍ പൂജ്യനായ ഭവാന്‍ അതു വിസ്തരിച്ചു ഉപദേശിച്ചാലും.
ഭക്തിയോടെ ഭഗവദ്കഥാ ശ്രവണത്തിനു ഉത്‌സുകരായിരിക്കുന്ന മുനിമാരുടെ ചോദ്യം കേട്ട് അല്‍പനേരം ധ്യാനിച്ച് ഇരുന്നശേഷം സന്തോഷപൂര്‍വം സൂതന്‍ ഭൂതനാഥചരിതം പറയാന്‍ ആരംഭിച്ചു. സൂതന്‍ മംഗളശ്ലോകം ചൊല്ലി താരകബ്രഹ്മമായ ഭൂതനാഥനെ സ്മരിച്ചു.

താരകംഘോരസംസാരസാഗരസ്യതുതാരകം
കൈവല്യായാസ്തുയുഷ്മാകംവസ്തുലോകൈകശങ്കരം

ഘോരമായ സംസാര സാഗരത്തില്‍ നിന്നും കരകയറുന്നതിനുള്ള താരകമായവനും (വഴികാട്ടിയായ നക്ഷത്രമായവനും) ലോകത്തിനു മംഗളം നല്‍കുന്നവനുമായ ആ താരക ബ്രഹ്മമൂര്‍ത്തി കൈവല്യത്തിലേക്കുള്ള (മോക്ഷത്തിലേക്കുള്ള) മാര്‍ഗ്ഗം കാട്ടുന്ന ആ സദ്‌വസ്തു (ഭക്തി) നല്‍കുന്നവനായി എല്ലാവരെയും സംസാര സാഗരത്തില്‍ നിന്നുകരകേറ്റുന്നവനായി ഭവിക്കട്ടെ.

ഇപ്രകാരം മംഗളവചനങ്ങള്‍ പറഞ്ഞ ശേഷം സൂതന്‍ മഹര്‍ഷിമാരെ നോക്കി പറഞ്ഞുതുടങ്ങി. സകലചരാചരങ്ങളുടേയും ഉള്ളില്‍ നിറഞ്ഞിരിക്കുന്ന ആ പരമശക്തി തന്നെയാണു താരകബ്രഹ്മം. നിത്യവും, സത്യസ്വരൂപവും, ആധാരമില്ലാത്തതും, നിര്‍ഗ്ഗുണവും, നിരാധാരവും ചിദ്ഘ്നവും ആണ് താരകബ്രഹ്മം. എങ്കിലും എല്ലായിടവും നിറഞ്ഞിരിക്കുന്ന ആ ദിവ്യശക്തി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നിര്‍വഹിക്കുന്നതിന് സഗുണസ്വരൂപമായി ഭവിച്ചു.
എന്റെ ഗുരുവായ വ്യാസന്റെ കാരുണ്യത്താല്‍ ആ സഗുണ സ്വരൂപത്തിന്റെ മഹിമകളെല്ലാം ഞാന്‍ നിങ്ങളോടു പറയാം. ശ്രദ്ധയോടെ ഇതുകേട്ടാല്‍ പാപങ്ങളെല്ലാം അകന്നു എല്ലാവരും മുക്തരാകും. ചണ്ഡികാദേവി പണ്ട് ലോകകണ്ടകനായ മഹിഷാസുരനെ വധിച്ചു. ഈ വാര്‍ത്തയറിഞ്ഞ മഹിഷാസുര സഹോദരിയായ മഹിഷി (കരംഭിക) ദുഃഖിതയായി കരഞ്ഞുകൊണ്ട് അസുരഗുരുവായ ശുക്രാചാര്യരുടെ സമീപത്തു ചെന്നു. ശുക്രാചാര്യര്‍ മഹിഷിക്ക് ഒരു മന്ത്രം ഉപദേശിച്ചു നല്‍കി. മന്ത്രം ലഭിച്ച മഹിഷി ദേവകളോടു പ്രതികാരം ചെയ്യണം എന്ന ലക്ഷ്യത്തോടെ വിന്ധ്യപര്‍വ്വതത്തില്‍ ചെന്നു തപസ്സാരംഭിച്ചു.

വലതുകാല്‍ പെരുവിരല്‍ മാത്രം ഭൂമിയിലൂന്നി ലോകബാന്ധവനായ സൂര്യനില്‍ ദൃഷ്ടി പതിപ്പിച്ച് ഏകാഗ്രചിത്തത്തോടെ മഹിഷി ബ്രഹ്മദേവനെ ധ്യാനിച്ചു തപസ്സു ചെയ്തു. പലവിധത്തിലുള്ള കഷ്ടതകള്‍ നേരിട്ടും ധൈര്യത്തോടെ വളരെക്കാലം മഹിഷി തപസ്സു ചെയ്തു. എന്നിട്ടും ബ്രഹ്മദേവന്‍ പ്രത്യക്ഷനാകാത്തതിനാല്‍ യോഗാഗ്നിയില്‍ തന്റെ ശരീരം ദഹിപ്പിക്കുവാന്‍ മഹിഷി നിശ്ചയിച്ചു. കഠിനതപസ്സില്‍ പ്രീതനായ ബ്രഹ്മദേവന്‍ മഹിഷിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

മരണമില്ലായ്മ (അമരത്വം) ഒഴികെയുള്ള ഏതുവരവും നല്‍കാം എന്ന ബ്രഹ്മദേവന്റെ വാക്കുകേട്ടു മഹിഷിവിധാതാവിനെ വന്ദിച്ചു പറഞ്ഞു. ’ലോകത്തിലുള്ള യാതൊന്നുകൊണ്ടും (കല്ല്, മരം, അഗ്നി, ജലം, വായു ആയുധം തുടങ്ങിയവകൊണ്ട്) രോഗങ്ങള്‍കൊണ്ടും എന്റെശരീരത്തിന് ഒരുദോഷവും സംഭവിക്കരുത്. ഇന്ദ്രനും ദേവകളും എന്റെകയ്യാല്‍ പരാജിതരാകണം. സ്വര്‍ഗ്ഗലോകത്തില്‍ ഞാന്‍ ദേവിയായി വസിക്കണം. എന്റെ ഓരോ രോമകൂപത്തില്‍ നിന്നും എന്നേപ്പോലുള്ള അനേകം മഹിഷീഗണങ്ങള്‍ ഉത്ഭവിക്കണം. ഹരിയും ഹരനും സംഗമിച്ചു ജാതനാകുന്ന പുത്രന്‍ പന്ത്രണ്ടു വര്‍ഷം മനുഷ്യനു ദാസനായി ഭൂമിയില്‍ കഴിയുമെങ്കില്‍ ആ ബാലകനേ എന്നെ വധിക്കാന്‍ കഴിയാവൂ. അല്ലാതെ യാതൊരു വിധത്തിലും എന്റെ ദേഹം നശിക്കരുത്. അല്ലയോ ദയാനിധിയായ ബ്രഹ്മദേവാ ഈ വരം എനിക്കു നല്‍കിയാലും’.
ഭാവികാര്യങ്ങളേക്കുറിച്ച് നന്നായി അറിയാവുന്ന ബ്രഹ്മദേവന്‍ മഹിഷിയുടെ അഭ്യര്‍ത്ഥന കേട്ട് ‘അപ്രകാരം തന്നെയാവട്ടെ’ എന്നുവരം നല്‍കി അനുഗ്രഹിച്ച് അന്തര്‍ദ്ധാനം ചെയ്തു.

മഹിഷിയുടെ രോമകൂപങ്ങളില്‍ നിന്നും അനേകായിരം മഹിഷങ്ങള്‍ ആവിര്‍ഭവിച്ചു. തന്റെ തപശ്ശക്തിയാല്‍ മഹിഷി മഹിഷഗണങ്ങളോടൊരുമിച്ചു സ്വര്‍ഗ്ഗലോകത്തിലെത്തി. മഹിഷിയുടെ വരലബ്ധിയെക്കുറിച്ച് അറിഞ്ഞ മറ്റ് അസുരന്മാരും ആ പടയോടുകൂടി ച്ചേര്‍ന്നു. അസുരന്മാരാല്‍ ബഹുമാനിതയായ മഹിഷി നിര്‍ജ്ജരലോകത്തില്‍ (സ്വര്‍ഗ്ഗത്തില്‍) ചെന്നു ഗര്‍ജ്ജിച്ച് ഇപ്രകാരം ദേവകളോടു പറഞ്ഞു. ‘ഹേ നിര്‍ജ്ജര കീടങ്ങളേ, നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ ഈ വന്‍പടയോടുവന്നു യുദ്ധം ചെയ്യുക. നിര്‍ദ്ദയന്മാരായ നിങ്ങള്‍ ചണ്ഡികയെക്കൊണ്ട് എന്റെ സഹോദരനെ മര്‍ദ്ദിച്ചില്ലേ?’.

മഹിഷിയും പടയും സ്വര്‍ഗ്ഗലോകത്തിലെ നന്ദനോദ്യാനത്തില്‍ കയറി മന്ദാരവൃക്ഷങ്ങളെ വെട്ടിമുറിച്ചു തുടങ്ങി. ഇതുകണ്ടു കോപിച്ച ഉദ്യാനപാലകരായ ദേവന്മാര്‍ മഹിഷിയോടേറ്റുമുട്ടി. അവര്‍ മഹിഷിയുടെമേല്‍ പ്രയോഗിച്ച അസ്ത്രങ്ങള്‍ മഹിഷിയുടെ പരാക്രമത്താല്‍ ഭസ്മീകരിക്കപ്പെട്ടു. ഭയന്ന ഉദ്യാനപാലകര്‍ ദേവേന്ദ്രനെ വിവരം അറിയിച്ചു. കുപിതനായ ഇന്ദ്രനും ദേവകളും മഹിഷിയോടു യുദ്ധം ചെയ്യാനായി ഒരുമ്പെട്ടു. ഈ സമയം ദേവഗുരുവായ ബൃഹസ്പതി ഇന്ദ്രനെ തടഞ്ഞു.

ദേവഗുരു പറഞ്ഞു. ‘ഹേ ഇന്ദ്രാ, നില്‍ക്കുക. മഹിഷിയോടേറ്റുമുട്ടിയാല്‍ നിങ്ങള്‍ പരാജിതരാകും എന്നതില്‍ സംശയമില്ല. മഹിഷിയുടെ പൂര്‍വ്വവൃത്താന്തം നിങ്ങളെല്ലാവരും കേള്‍ക്കുക.
തുടര്‍ന്ന് ബൃഹസ്പതിമഹിഷിയുടെ പൂര്‍വജന്മത്തേക്കുറിച്ചു പറഞ്ഞുതുടങ്ങി.

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ച് തങ്ങളുടെ അംശങ്ങള്‍ ചേര്‍ത്ത് അത്രിമഹര്‍ഷിയുടേയും അനസൂയാദേവിയുടേയും മകനായി ദത്താത്രേയന്‍ (ദത്തന്‍) എന്ന നാമത്തോടെ അവതരിച്ചു.

ത്രിദേവിമാരുടെ അംശങ്ങള്‍ ചേര്‍ന്ന് ഗാലവമഹര്‍ഷിയുടെ പുത്രിയായി അവതരിച്ചു. ദേവിയുടെ മായയെക്കുറിച്ച് അറിവുള്ള ഗാലവമഹര്‍ഷി പുത്രിക്ക്‌ലീല എന്നു പേരിട്ടു.

ലീലയുടെ ജനനോദ്ദേശം അറിഞ്ഞിരുന്ന ഗാലവമഹര്‍ഷി ദത്തനു മായിലീലയുടെ വിവാഹം നടത്തി. ദത്തനും ലീലയും വളരെക്കാലം ഒരുമിച്ചു സുഖങ്ങള്‍ അനുഭവിച്ചു ജീവിച്ചു. ഇങ്ങനെ കഴിഞ്ഞുവരുന്ന കാലത്ത് ദത്തനു തന്റെ ജന്മോദ്ദേശം ഓര്‍മ്മവരികയും ലോകോപകാരകമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹേഹയ രാജ്യാധിപനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തുടങ്ങിയതന്റെ ഭക്തരുടെ ദുഃഖങ്ങള്‍ ശമിപ്പിക്കാന്‍ അവധൂതനായി മഹായോഗിയായി കഴിയാന്‍ ദത്തന്‍ തീരുമാനിച്ചു. വന്‍ തപം അനുഷ്ഠിച്ച് തന്റെ അവതാരോദ്ദേശങ്ങള്‍ നിര്‍വഹിച്ച് തന്റെ ഉത്ഭവത്തിനു കാരണമായ ബ്രഹ്മത്തില്‍ ലയിക്കാന്‍ സന്നദ്ധനായ ദത്തനെ കണ്ട് ലീല ദുഃഖാര്‍ത്തയായി.

കാമലീലകളിലും വിഷയസുഖങ്ങളിലും തൃപ്തിവരാത്ത ലീല തപസ്സിനൊരുങ്ങിയ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി കാമവിവശയായി പറഞ്ഞു. ‘പ്രഭോ, അങ്ങ് പത്‌നിയായ ഇവളെ ഉപേക്ഷിച്ച് തപസ്സിനു പോകരുത്. എനിക്കു മറ്റൊരാശ്രയമില്ല. എന്റെ ആഗ്രഹങ്ങള്‍ ഒന്നും ഇതുവരെ സഫലമായിട്ടുമില്ല. അതിനാല്‍ അങ്ങ് എന്നോടൊത്തു വസിച്ചാലും’. ലീലയോടു ദത്തന്‍ പറഞ്ഞു: ’ചപലകളായ സ്ത്രീകളേ പ്പോലെ ഭവതി സംസാരിക്കരുത്.

കാലനു ജീവഗണങ്ങളോടും സമുദ്രത്തിനു നദികളോടും അഗ്നിക്കു വിറകിനോടും ഉള്ള ആഗ്രഹത്തിനു തൃപ്തി ഒരിക്കലും ഉണ്ടാവുന്നതല്ല. ആസ്വദിക്കും തോറും ഭോഗങ്ങളിലുള്ള ആസക്തി കൂടുകയേ ഉള്ളു എന്ന് മനസ്സിലാക്കുക. അല്ലയോ സാധ്വീ, ശാശ്വതമായ സുഖത്തിനു തടസ്സമായി നില്‍ക്കുന്ന തൃഷ്ണയെ നീ ജയിക്കുക. ആത്മബോധം ഉണ്ടാകുന്നതിനുള്ള വഴികള്‍തേടുക. എന്റെയാത്രയെ തടയാതിരിക്കുക.

ദത്തന്റെ വാക്കുകള്‍ കേട്ടിട്ടും പിന്മാറാതെ ലീലവീണ്ടും വീണ്ടും ദത്തനെ തടഞ്ഞു. തനിക്കു ലഭിക്കേണ്ട ഭൗതിക സുഖങ്ങളേക്കുറിച്ചു ലീലയും ഭൗതികസുഖത്തിന്റെ നശ്വരതയെക്കുറിച്ചും സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചും മനസ്സിന്റെ ശുദ്ധാശുദ്ധാവസ്ഥകളെക്കുറിച്ചും ദത്തനും സുദീര്‍ഘമായി സംസാരിച്ചു. ദത്തന്റെ വാക്കുകള്‍ കേട്ടില്ല എന്ന മട്ടില്‍ ലീല ഒടുവില്‍ ദത്തനോടു ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ ധന്യനായ അങ്ങയുടെ മഹിഷി (ഭാര്യ)യാണ്. എന്നെ കൈവെടിഞ്ഞ് അങ്ങ് എവിടേയും പോകരുതേ’. തന്റെവാക്കുകള്‍ കേട്ടിട്ടും കേട്ടിട്ടും മനസ്സിലാവാതെ തന്റെവഴി തടയുന്ന ലീലയുടെ പ്രവൃത്തിയില്‍ അരിശം പൂണ്ട ദത്തന്‍ ലീലയെ ശപിച്ചു. ‘കാമാവേശത്താല്‍ മഹിഷി, മഹിഷി എന്നിങ്ങനെ പറഞ്ഞു നീ എന്റെയാത്രയെ തടയുന്നത് അനുചിതമാണ്. അതിനാല്‍ നീ ദാനവകുലത്തില്‍ മഹിഷിയുടെ രൂപം പൂണ്ട് ജനിക്കട്ടെ’.

ഭര്‍ത്താവിന്റെ ശാപവചസ്സുകള്‍കേട്ട് കോപതാപകലുഷിതയായ ലീല ചുമന്നുതുടുത്ത നേത്രങ്ങളോടുകൂടിയവളായി. തന്നെത്തന്നെ മറന്ന ലീലദത്തനേയും ശപിച്ചു: ‘എന്നു ഞാന്‍ മഹിഷിയായി ഭൂമിയില്‍ പിറക്കുന്നുവോ അന്ന് മഹിഷരൂപത്തില്‍ അങ്ങും പിറക്കുന്നതാണ്. മഹിഷിയായ എന്നോടുകൂടെ മഹിഷരൂപനായിരമിച്ച് അങ്ങെനിക്കു ആഗ്രഹസാഫല്യം വരുത്തുന്നതാണ്. അതിനുശേഷം ശാപമോക്ഷവും ലഭിക്കട്ടെ’. ഭാര്യയുടെ ശാപവാക്കുകള്‍കേട്ട് ഒന്നും മിണ്ടാതെ ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടു ദത്തന്‍ വനത്തിലേക്കു നടന്നു

സുന്ദരിയായ ലീല പിന്നീട് കരംഭനെന്ന ദാനവശ്രേഷ്ഠന്റെ പുത്രിയായി മഹിഷീമുഖത്തോടെ ജനിച്ചു. കരംഭന്റെ ജ്യേഷ്ഠനായ രംഭന്റെ പുത്രനാണ് സര്‍വ്വലോകര്‍ക്കും പേടിസ്വപ്‌നമായി മാറിയ മഹിഷാസുരന്‍. മഹിഷാസുരനെ വന്‍ യുദ്ധത്തിനൊടുവില്‍ ചണ്ഡികാദേവി നിഗ്രഹിച്ചു. സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ് കുപിതയായി പ്രതികാരദാഹിയായി ദേവകളെ പരാജയപ്പെടുത്തുവാനുറപ്പിച്ച് മഹിഷി ബ്രഹ്മദേവനെ ധ്യാനിച്ച് വിന്ധ്യപര്‍വ്വതത്തില്‍ തപസ്സുചെയ്തു.

മരണമില്ലായ്മ ഒഴികെയുള്ള ഏതുവരവും നല്‍കാം എന്ന ബ്രഹ്മദേവന്റെവാഗ്ദാനം കേട്ട്ഹരിഹരന്മാരുടെ പുത്രനേ തന്നെ വധിക്കാവൂ എന്ന് അവള്‍ വരം വാങ്ങി. ബ്രഹ്മദേവനില്‍ നിന്നും അങ്ങനെ വരംവാങ്ങി അജയ്യയായി സ്വര്‍ഗ്ഗലോകത്തില്‍വന്നു ദേവിയായി വാഴുകയാണു മഹിഷി. അല്ലയോ ഇന്ദ്രാ, നിനക്ക് അവളെ പരാജയപ്പെടുത്താനാവില്ല. സത്യലോകത്തില്‍ ചെന്ന് ബ്രഹ്മദേവനോടു സങ്കടമെല്ലാം അറിയിക്കുക. നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരം പിതാമഹന്‍ പറഞ്ഞുതരുന്നതാണ്. ഇത്രയും പറഞ്ഞ് ബൃഹസ്പതി അപ്രത്യക്ഷനായി.

ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ദേവകള്‍ ദേവിമാരോടൊരുമിച്ചു സത്യലോകത്തിലെത്തി ബ്രഹ്മദേവനോടു സങ്കടമുണര്‍ത്തിച്ചു. ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുവാന്‍ ബ്രഹ്മാവ്മഹാദേവനെ സമീപിച്ചു. ഒടുവില്‍ ശിവ നിര്‍ദ്ദേശാനുസാരം എല്ലാവരുംകൂടി വൈകുണ്ഠത്തിലെത്തി. ശങ്കരാദികളെ കണ്ടു മഹാവിഷ്ണു പറഞ്ഞു: ‘മഹിഷിയെക്കൊണ്ടു ദേവകള്‍ക്കുണ്ടായ ദുഃഖത്തേക്കുറിച്ച് ഞാന്‍ അറിഞ്ഞിരിക്കുന്നു. നിങ്ങള്‍ ദേവലോകത്തു നിന്നും പോന്ന ശേഷം അവള്‍ അമരാവതിയില്‍ ദേവിയായി വാഴുകയാണ്. ഇന്ദ്രാദിദേവകള്‍ക്കുള്ള അധികാരങ്ങളെല്ലാം അവള്‍കയ്യടക്കിയിരിക്കുന്നു. അല്ലയോ ബ്രഹ്മദേവാ, അങ്ങ് നല്‍കിയവരം മൂലം അവള്‍ക്കു ആരേയും പേടിയില്ലാതെ ആയിരിക്കുന്നു’.

ഇങ്ങനെ പറഞ്ഞ ശേഷം മഹാവിഷ്ണു മഹാദേവനേയും ബ്രഹ്മദേവനേയും ഒരുമിച്ച്തഴുകി. ത്രിമൂര്‍ത്തികളുടേയും അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഒരുമഹിഷത്തിന്റെരൂപം പൂണ്ടു. ദത്തന്റെ പുനരാവിര്‍ഭാവമായ ആ മഹിഷത്തിനു സുന്ദരമഹിഷം എന്നു ബ്രഹ്മദേവന്‍ പേരു നല്‍കി. വിശ്വകര്‍മ്മാവുമാണിക്യം കൊണ്ടു നിര്‍മ്മിച്ച ഒരുകിങ്കിണി മഹിഷത്തിനെ അണിയിച്ചു. സുന്ദരമഹിഷത്തെ തലോടി മഹാവിഷ്ണു പറഞ്ഞു: ’ഹേമഹാമതേ, സ്വര്‍ഗ്ഗലോകത്തില്‍ വസിക്കുന്ന മഹിഷിയെ കാമത്താല്‍ വശീകരിക്കുക. നിന്നില്‍ ആകൃഷ്ടയാകുന്ന അവളെ ഭൂമിയില്‍ വനത്തിലേക്കു കൊണ്ടു പോകുക. ഭവാനെ കാണുമ്പോള്‍ അവള്‍ക്കു അനുരാഗമുദിക്കും. പൂര്‍വജന്മത്തില്‍ ഭവാന്റെ പത്‌നിയായിരുന്നു അവള്‍. കാമദേവന്‍ അങ്ങയെ സഹായിക്കും. ദേവകാര്യാര്‍ത്ഥമായി ഇപ്രകാരം ചെയ്തു ഭവാന്‍ ഒടുവില്‍  കേവല സ്വരൂപരാകുന്ന ഞങ്ങളില്‍ ചേരുന്നതാണ്’.

(ഒന്നാം അദ്ധ്യായം സമാപിച്ചു)

No comments:

Post a Comment