എരുമേലി മുതൽ പമ്പ വരെ ഒരു വനയാത്ര
പേരുർത്തോട്
എരുമേലിയിൽ നിന്ന് ഏകദേശം 3.5km സഞ്ചരിച്ചാൽ പേരുർത്തോട് എത്താം. പേരൂർത്തോടിലേയ്ക്ക് എത്തുന്നതിനു മുമ്പുള്ള സ്ഥലമാണ് കോട്ടപ്പട്ടി. വനയാത്ര തുടങ്ങുന്നത് കോട്ടപ്പട്ടി മുതലാണ്. വാപരന്റെ ഗോഷ്ഠാതിര്‍ത്തിയാണു പുരാണ പ്രകാരം കോട്ടപ്പടി. പുലിവൃന്ദങ്ങളോടുകൂടി പന്തളത്തേക്കു പുറപ്പെടും മുമ്പ് ദുഷ്ടമൃഗങ്ങളില്‍ നിന്നും ഉപദ്രവം ഉണ്ടാകാതെ ഭക്ത സംരക്ഷണത്തിനായി ഗോഷ്ഠം സ്ഥാപിച്ച് കാത്തിരിക്കാന്‍ വാപരനെ ഭഗവാന്‍ ഉപദേശിച്ച സ്ഥാനമാണിത്. കോട്ടപ്പടി. കോട്ടപ്പടി കഴിഞ്ഞാൽ അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിലേക്ക് പ്രവേശിക്കൂകയാണ്. അയ്യപ്പന്റെ കോട്ടയുടെ തുടക്കമാണിവിടം. അവിടെ ഇല പറിച്ചിട്ട് തൊഴുത് വേണം യാത്ര തുടങ്ങേണ്ടത്..
ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പരിപാവനമായിത്തീർന്ന പേരൂർതോട് ഒരു പുണ്യതീർത്ഥമായാണ് ശബരിമല തീർത്ഥാടകർ കരുതുന്നത്. വനവാസകാലത്ത് ധര്‍മശാസ്താവ് ഭൂതഗണങ്ങളോടൊപ്പം വിശ്രമിച്ചതായി വിശ്വസിക്കുന്ന സ്ഥലമാണു പേരൂര്‍ത്തോട്. ഭഗവാൻ ഇവിടെ സ്നാനം ചെയ്തതായി വിശ്വസിക്കുന്നു. പേരൂർത്തോട്ടിൽ കളി കഴിഞ്ഞ് അവിടെയുള്ള പാറകളിൽ അരിയും മലർപ്പോടിയും തൂകണം. കന്നി അയ്യപ്പന്മാർക്ക് ഒഴിച്ചു കൂടുവാൻ പാടില്ലാത്ത ഒരു കർമ്മമാണിത്. കന്നി അയ്യപ്പന്മാർ കാളകെട്ടിയിൽ ഉടയ്ക്കുവാനുള്ള നാളീകേരം പേരൂർത്തോട്ടിൽ നിന്നാണ് മുക്കി എടുക്കുന്നത്. അവിടെ നിന്നു നടന്നു നീങ്ങുമ്പോള്‍ എത്തുന്നത് ഇരുമ്പൂന്നിക്കരയില്‍. അവിടെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഭക്തന്മാര്‍ ദര്‍ശനവും വഴിപാടും നടത്തി വിശ്രമിച്ചാണു നടന്നു നീങ്ങുക. വഴിപാടുകള്‍, അര്‍ച്ചന, പായസം, കര്‍പ്പൂരം കത്തിച്ചു പ്രാര്‍ഥിക്കുന്നവരും ഉണ്ട്. ഇരുമ്പൂന്നിക്കര പിന്നിട്ടാല്‍ വനമായി. തേക്കു പ്ളാന്റേഷനിലൂടെയാണ് ഇനിയുളള കൂടുതല്‍ യാത്ര.
കാളകെട്ടി
പേരൂർത്തോട്ടിൽ നിന്നും 13 Km ദൂരാമാണ് കാളകെട്ടിയ്ക്കുള്ളത്. മഹിഷി നിഗ്രഹത്തിനു ശേഷം ധര്‍മ്മശാസ്‍താവ് ആനന്ദ നൃത്തം ചെയ്യുന്നത് കാണാന്‍ എത്തിയ പരമശിവന്‍ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണ് കാളകെട്ടി. കാളയെ കെട്ടിയതെന്ന് കരുതുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ ആഞ്ഞിലി മരവും ക്ഷേത്രത്തിന് സമീപം കാണാം. ദുര്‍ഘടമായ കാട്ടുപാതയിലൂടെ ക്ഷീണിതരായി എത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസമാണ് വന്‍മരങ്ങള്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന കാളകെട്ടി ഇടത്താവളം.
അവിടുത്തെ ശിവക്ഷേത്രത്തില്‍ വഴിപാടുകള്‍ അര്‍ച്ചന, ധാര, എണ്ണവിളക്ക്, എന്നിവയാണ്. കാളകെട്ടിയിൽ പേരൂത്തോടിൽ നിന്നും മുക്കിയെടുത്ത നാളികേരം ഉടയ്ക്കുകയും കർപ്പൂരം കത്തിച്ച് കുറച്ച് സമയം ഭജനമിരിക്കുകയും ചെയ്യുന്നു. ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.
അഴുത
കാളകെട്ടിയാൽ നിന്നും അഴുതയിലേക്ക് 3 Km ദുരമുണ്ട്. പമ്പയിലേക്ക് ഒഴുകി വരുന്ന കാട്ടരുവിയാണ് അഴുത. നദിയിലെ പുണ്യസ്നാനം തീർത്ഥാടനത്തിന്റെ ഒരു ഭാഗമാണ്. അഴുതയില്‍ മുങ്ങിക്കുളിച്ച് ചെറിയ ഉരുളന്‍ കല്ലെടുത്ത് വേണം ഇനിയുള്ള യാത്ര. ഭക്തര്‍ക്കായി കരുതിവെച്ച പോലെയാണ് അഴുതയില്‍ ഉരുളന്‍ കല്ലുകളുടെ ശേഖരം. ഇവിടെ വരെ മാത്രമാണ് ജനവാസ പ്രദേശങ്ങള്‍. ഇനി ദുര്‍ഘടമായ കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും മറ്റുമുള്ളതിനാല്‍ ഇടയ്ക്കിടെ വിശ്രമിച്ച് വേണം മലകയറാന്‍. കൈയില്‍ കുടിവെള്ളം കരുതാന്‍ മറക്കരുത്. നദിയുടെ മറുകരയില്‍ അയ്യപ്പ സേവാസംഘം ക്യാമ്പുണ്ട്. ഇവിടെ അന്നദാനമുണ്ടാകും. അഴുതനദിയുടെ അക്കരെയെത്താന്‍ കടത്തുവള്ളമോ, ചങ്ങാടമോ ലഭിക്കും.
കല്ലിടാംകുന്ന്
അഴുതയില്‍ നിന്നും 5 Km ദൂരത്തില്‍ കിഴക്കാം തൂക്കായ കയറ്റമാണ് അഴുതമേട്. കരിമലകയറ്റത്തേക്കാള്‍ കാഠിന്യമാണ് അഴുതമേടിലൂടെയുള്ള യാത്ര. അങ്ങനെ യാത്ര ചെയ്ത്താൽ കല്ലിടാംകുന്നിലെത്താം.
മഹിഷിയെ നിഗ്രഹിച്ചശേഷം എടുത്തെറിഞ്ഞപ്പോള്‍ വന്നുവീണ സ്ഥലമാണിത്. മഹിഷിയുടെ ജഡം ലോകര്‍ക്ക് ഉപദ്രവമായി മാറാതിരിക്കാന്‍ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പന്‍ കല്ലിട്ടുമൂടി എന്നാണ് സങ്കല്‍പം. ഇതിന്റെ സ്മരണ പുതുക്കുവാനാണ് അഴുതാ നദിയിൽ നിന്നും മുങ്ങിയെടുത്ത കല്ല് ഇവിടെയാണ് നിക്ഷേപിക്കുന്നത്. ഇവിടെ കല്ല് ഇട്ട് വന്ദിച്ച് കര്‍പ്പൂരം കത്തിക്കുന്നതാണ് പ്രധാനവഴിപാട്. കാനനപാതയില്‍ കല്ലിടാംകുന്ന് കയറ്റവും, കരിമല കയറ്റിറക്കവുമാണ് ഏറെ ദുര്‍ഘടം. കല്ലിടാംകുന്നില്‍ നിന്നും ഇഞ്ചപ്പാറക്കോട്ട, മുക്കുഴി താവളങ്ങള്‍ കഴിഞ്ഞാല്‍ കരിമലയായി. കരിമല കയറിയിറങ്ങി വലിയാനവട്ടവും ചെറിയാനവട്ടവും കടന്നാല്‍ പമ്പയിലെത്തും.
ഇഞ്ചിപ്പാറക്കോട്ടയും കരിയിലാംതോടും
കല്ലിടാംകുന്നിൽ നിന്നും അഴുതമേട്ടിലെ കുത്തനെയുള്ള കയറ്റം അവസാനിക്കുന്നത് ഇഞ്ചിപ്പാറക്കോട്ടയിലാണ്. ഉദയനന്റെ പ്രധാനക്കോട്ട ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വനപാലദേവനായ ഇഞ്ചിപ്പാറ മൂപ്പന്റെ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ചെറിയൊരു ശാസ്താ ക്ഷേത്രവും സ്ഥിതി ചെയുന്നു. കോട്ടയില്‍ ശാസ്‍താവ് എന്ന മൂർത്തിയെ സങ്കൽപ്പിച്ച് ഇവിടുത്തെ പ്രതിഷ്ഠ. നാളീകേരം അടിക്കല്‍, വെടിവഴിപാട്, സര്‍പ്പം പാട്ട് എന്നിവയാണ് പ്രധാനപ്പെട്ട വഴിപാടുകള്‍. അയ്യപ്പന്‍മാരുടെ പ്രധാന വിശ്രമകേന്ദ്രമായ ഇവിടെ ഭക്ഷണം പാകം ചെയ്‍തു കഴിച്ചശേഷം വിശ്രമിക്കാം. കാനനഭംഗി ശരിക്കും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് കരിയിലാംതോട്. തോടും ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളും പക്ഷിക്കൂട്ടങ്ങളുടെ ചിലമ്പലും ക്ഷീണിച്ചെത്തുന്ന ഭക്തര്‍ക്ക് ആശ്വാസകരമാണ്. ഇഞ്ചിപ്പാറക്കോട്ടയിൽ നിന്ന് വലിയ ഇറക്കം അവസാനിക്കുന്നത് മുക്കഴി എന്ന താഴവരയിലാണ്. ഇവിടെ ഒരു ദേവീക്ഷേത്രവും, ഗണപതി ക്ഷേത്രവും ഉണ്ട്. പ്രധാനപ്പെട്ട വിശ്രമകേന്ദ്രങ്ങളാണ്. ഇവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും കാട്ടുമൃഗങ്ങളുടെ ശല്യമില്ലാതെ ഉറങ്ങാനുമൊക്കെയുള്ള സൌകര്യമുണ്ട്. വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടർന്ന് കുറെ ദൂരം പോയാൽ കരിയിലം തൊട്ടിൽ എത്തുന്നു. കരിമല കയറ്റത്തിനു മുൻപുള്ള ഒരു വിശ്രമതാവളമാണിത്.
കരിമല
ശബരിമലയാത്രയില്‍ പല മലകള്‍ കടന്നുപോകേണ്ടതുണ്ടെങ്കിലും അവകളിലെല്ലാം കൊണ്ടും ഭയങ്കരമായിട്ടുള്ളതാണ് കരിമല. ഇതിന്റെ പേരുതന്നെ ഏതാണ്ട് ഇതിന്റെ ഭയങ്കരതയെ സൂചിപ്പിക്കുന്നുണ്ട്. ദൂരെനിന്നും കണ്ടുതുടങ്ങുമ്പോള്‍ തന്നെ കറുത്തിരുണ്ടുള്ള കാഴ്ച ഇതരമലകളില്‍ നിന്ന് കരിമലയെ നമുക്ക് മനസിലാക്കിത്തരുന്നു. ഇതിലെ മണ്ണിന്റെ നിറം തന്നെ വളരെ കറുത്തതാണ്. കരിവീരന്മാരും ഈ മലയില്‍ ധാരാളമുണ്ട്. പലതുകൊണ്ടും കരിമല എന്ന പേര് ഇതിന് അന്വര്‍ത്ഥമാണ്. “കരിമലകേറ്റം കഠിനമെന്റയ്യപ്പാ” എന്ന് ശരണം വിളിച്ചുകൊണ്ടാണ് അയ്യപ്പന്മാര്‍ കയറുന്നത്. കഠിതമായ കയറ്റമാണ് കരിമലകയറ്റം കരിമലദേവിയെ ധ്യാനിച്ച് ഒരില പറിച്ച് പാതയിലിട്ട് വലതുകാൽ ഇലയിൽ ചവിട്ടിയെ മല കയറാവൂ. വ്രതഭംഗം വന്നവരെ കരിമല കടത്തിവിടാറില്ല എന്നൊരു ചൊല്ലുണ്ട്. ഏഴുമടക്കുകളായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഏഴാമത്തെത്തട്ടു കയറി ഒരു സമഭൂമിയിലെത്തുന്നു. പ്രകൃതീരമണീയമായ ആ സ്ഥലം അനവധി ലതാനികുഞ്ജങ്ങളാലും പൂത്തുനില്‍ക്കുന്ന പലതരം വൃക്ഷങ്ങളാലും പരിശോഭിതമായി കാണാം. ക്ഷീണിച്ചുവരുന്ന യാത്രക്കാര് അവിടെയുള്ള മന്ദമാരുതനേറ്റ് കുറച്ചെങ്കിലും വിശ്രമിക്കാതെ പുറപ്പെടാറില്ല. ഇവിടെ “കരിമലനാഥ”ന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഏകദേശം നാലടിനീളവും രണ്ടടി ചുറ്റവും കാണുന്ന ആ ശില “കരിമല”യുടെ പ്രതിഷ്ഠയാണെന്നും വിശ്വസിക്കുന്നു. ഇവിടെ മഞ്ഞപ്പൊടി വിതറി കര്‍പ്പൂര ദീപവും മറ്റും ആരാധിക്കാറുണ്ട്. ഇവിടെയുള്ള കിണറും കുളവും മണികണ്ട്ഠൻ വില്ലും ശരവും ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം.
അയ്യപ്പനും അദ്ദേഹത്തിന്റെ സൈന്യവും ഈ കിണറുകളിൽ നിന്ന് വെള്ളം കുടിച്ച് ദാഹശമനം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ഭഗവാന്റെ കിങ്കരനായ കൊച്ചുകടുത്ത സ്വാമിയുടെയും, കരിമല ഭഗവതിയുടെയും ആസ്ഥാനമായി കരിമല കരുതപ്പെടുന്നു.
ഇനി മലയിറക്കമാണ്. കയറ്റത്തേക്കാള്‍ അപകടകരമാണ് കരിമലയിറങ്ങുന്നത്. കരിമലയുടെ താഴെയാണ് കുമ്പളംതോട്. വിസ്താരമേറിയ രണ്ട് സമതലഭൂമികൾ വലിയാനവട്ടവും, ചെറിയാനവെട്ടവും. മലയിറങ്ങി എത്തുന്നത് വിശാലമായ വലിയാനവട്ടം പ്രദേശത്താണ്. കഠിനയാത്രയിലൂടെ ക്ഷീണിച്ചെത്തുന്ന അയ്യപ്പന്‍മാര്‍ വിരിവെച്ച് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. പിതൃതര്‍പ്പണം നടത്താനുള്ള സൌകര്യവും വലിയാനവട്ടത്തുണ്ട്. തുടര്‍ന്ന് നടന്നെത്തുന്നത് ചെറിയാനവട്ടത്ത്. അവിടെയും അയ്യപ്പന്‍മാര്‍ വിരിവെച്ച് വിശ്രമിക്കാറുണ്ട്. ഇവിടെ നിന്ന് പമ്പയിലേക്കും നീലിമലയിലേക്കും പോകാം. നീലിമല വഴിയാണ് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നത്. ഈ രണ്ടു വഴികളിലൂടെയും സന്നിധാനത്തേക്ക് പോകാം. പന്തളത്തുനിന്നു തിരുവാഭരണങ്ങൾ കൊണ്ടു വരുമ്പോൾ അത് കുറച്ചു സമയം വയ്ക്കുവാനുള്ള പീഠം ഇവിടെയുണ്ട്. ചെറിയാനവട്ടത്തിൽ നിന്നും തീർത്ഥാടകർ എത്തിച്ചേരുന്നത്. വിശാലമായ പമ്പാതീരത്തിലാണ്.
No comments:
Post a Comment