ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2017

ഏഴരപ്പൊന്നാനയും പതക്കവും

ഏഴരപ്പൊന്നാനയും പതക്കവും

മാര്‍ത്താണ്ഡവര്‍മ്മ മഹരാജാവിന്റെ കാലത്തിനു ശേഷം തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവാണ്‌ ഏട്ടുമാനൂരപ്പന്‌ എല്ല വര്‍ഷവും എഴുന്നള്ളിക്കാന്‍ ഏഴരപ്പൊന്നാന നടയ്ക്കു വച്ചത്‌. തിരുവനന്തപുരത്ത്‌ രാജകൊട്ടാരത്തില്‍ വിദഗ്‌ധശില്‍പ്പികളെ വരുത്തി താമസിപ്പിച്ച്‌ ദീര്‍ഘകാലം കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌ ഏഴരപ്പൊന്നാന. ആ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരെത്തിക്കുന്നതിന്‌ മഹാരാജാവ്‌ ഒരു പ്രത്യേക തോണി ഏര്‍പ്പാടു ചെയ്തു. ആ തോണിയിൽ ഏഴരപ്പൊന്നനകളേയും അതു സൂക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക ഭണ്ഡാരവും കയറ്റി ഏറ്റുമാനൂര്‍ക്കയച്ചു. ദേവസ്വം ഉദ്യോഗസ്ഥന്മാരും പോലീസുകാരും മഹാരാജാവിന്റെ ഒരു പ്രത്യേക പ്രതിനിധിയും ബോട്ടില്‍ ഏറ്റുമാനൂര്‍ക്കു യാത്രയായി. ഇന്നത്തെപ്പോലെ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നും അന്നില്ലായിരുന്നു. ഇരുവശത്തും തണ്ടുകെട്ടി ആളുകള്‍ വലിച്ചു കൊണ്ടു പോകുന്ന ബോട്ടായിരുന്നു അന്നുണ്ടായിരുന്നത്‌. ആഘോഷപൂര്‍വ്വമാണ്‌ ബോട്ട്‌ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത്‌. അന്നത്തെ യാത്രാബോട്ടുകളില്‍ സാധാരണയായി തണ്ടു വലിക്കാന്‍ നാലാളുകളില്‍ കൂടുതല്‍ ഉണ്ടാകാറില്ല. ഏഴരപ്പൊന്നനകളെ എഴുന്നള്ളിച്ചു കൊണ്ടു പോകുന്ന ബോട്ടില്‍ നാലാളുകള്‍ കൂടി പ്രത്യേകം കയറി. ബോട്ട്‌ അതിവേഗം നീങ്ങിസന്ധ്യയോടുകൂടി ഏഴരപ്പൊന്നാനകളേയും വഹിച്ചു കൊണ്ടുള്ള ബോട്ട്‌ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി. രാത്രിയില്‍ യാത്രചെയ്യരുതെന്ന് മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നു. ബോട്ട്‌ അമ്പലക്കടവിലേക്കടുപ്പിച്ചു. ഏഴരപ്പൊന്നാനകളെ സൂക്ഷിച്ചിരുന്ന ഭണ്ഡാരം അമ്പലപ്പുഴയിലെ ഭണ്ഡാര അറയില്‍ വച്ചു പൂട്ടി. അറയുടെ താക്കോല്‍ ഉദ്യോഗസ്ഥന്മാര്‍ മഹാരാജാവിന്റെ പ്രതിനിധിയെ ഏല്‍പ്പിച്ചു. ബോട്ടുവലിക്കാരും മറ്റെല്ലാവരുമന്നു രാത്രി അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ഭണ്ഡാര അറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിധത്തിലും അത്‌ തുറക്കാന്‍ സാധിക്കാതെയായി. കൊല്ലന്മാര്‍ വന്ന് പല വിധത്തിലും ശ്രമിച്ചെങ്കിലും ഭണ്ഡാര അറയുടെ താക്കോല്‍ തുറക്കാന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ കഴിഞ്ഞു. ബോട്ട്‌ ഏറ്റുമാനൂരെത്തുമ്പോഴേക്കും അതിനു വേണ്ട സ്വീകരണം നല്‍കാന്‍ ഏറ്റുമാനൂരുള്ള ദേവസ്വം അധികൃതരും ഭക്തജനങ്ങളും തയ്യാറെടുക്കുകയായിരുന്നു. വളരെ നേരം കാത്തിരുന്നിട്ടും ബോട്ടു കാണാത്തതില്‍ അവര്‍ക്കെല്ലാം വിഷമമായിത്തീര്‍ന്നു. കാര്യം അറിയാന്‍ ഒരാള്‍ അമ്പലപ്പുഴ വരെ പോയി. അപ്പോള്‍ അയാള്‍ വിവരം അറിഞ്ഞ്‌ തിരിച്ചു വന്ന് എല്ലാവരെയും അറിയിച്ചു. വൈകാതെ ഈ കാര്യം മഹാരാജാവിനെ അറിയിച്ചു. ഉദ്ദേശിക്കാത്ത തടസ്സം കണ്ടപ്പോള്‍ മഹാരാജാവിനും പരിഭ്രമമായി. ഉടനേ അദ്ദേഹം കൊട്ടാരം ജ്യോത്സ്യനെ വിളിപ്പിച്ചു. ജ്യോത്സ്യര്‍ മഹാരാജാവിന്റെ നിര്‍ദ്ദേശ പ്രകാരം കവിടി നിരത്തി രാശിയുണ്ടാക്കി. ഏറെ നേരം ചിന്തിച്ച ശേഷം അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ തിരുവുള്ളം എപ്രകാരം ആണെന്ന് ജ്യോത്സ്യര്‍ തമ്പുരാനെ പറഞ്ഞു മനസ്സിലാക്കി. എല്ലാ വിവരങ്ങളും അറിഞ്ഞ തമ്പുരാന്‍ കയ്യിലൊതുങ്ങുന്ന ഒരു ചെറിയ പേടകം തന്നെ കാണാന്‍ വന്നയാളുടെ കയ്യില്‍ അമ്പലപ്പുഴയിലേക്കു കൊടുത്തയച്ചു. "ഈ പേടകം ഭണ്ഡാര അറയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ അറ തനിയെ തുറക്കും. പേടകം അറയില്‍ വച്ച്‌ ഏഴരപ്പൊന്നനകളെ എടുത്തു ബോട്ടില്‍ കയറ്റൂ. അത്താഴപൂജയ്ക്കു നട തുറക്കുമ്പോള്‍ അമ്പലപ്പുഴ മേല്‍ശാന്തിയുടെ കയ്യില്‍ പേടകം ഏല്‍പ്പിക്കണം. അദ്ദേഹം അല്ലാതെ വേറെ ആരും ഇതു തുറക്കാന്‍ പാടില്ല." മഹാരാജാവു കല്‍പ്പിച്ചു. അതുപോലെ തന്നെ കാര്യങ്ങള്‍ നടന്നു. പേടകം മേല്‍ശന്തിയെ ഏല്‍പ്പിച്ചു. ഏഴരപ്പൊന്നാനകളെ വിട്ടുകിട്ടി. അത്താഴപൂജയ്ക്കു മുമ്പുള്ള ദീപാരാധനയ്ക്കു നട തുറന്നപ്പോള്‍ അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ കഴുത്തില്‍ ഒരു പതക്കം ചാര്‍ത്തിയിരിക്കുന്നു. സാധാരണ പതുവുള്ള ദീപാലങ്കാരങ്ങളൊന്നും അന്ന് ശ്രീകോവിലില്‍ ഉണ്ടായിരുന്നില്ല. ഒരു നിലവിളക്കില്‍ തിരി താഴ്ത്തി കത്തിച്ചു വച്ചിരുന്നതേയുള്ളും വിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്ന പതക്കത്തിന്റെ പ്രകാശമായിരുന്നു അത്‌. പതക്കത്തില്‍ അമൂല്യങ്ങളായ രത്നങ്ങള്‍ പതിച്ചിരുന്നു. ഏഴരപ്പൊന്നാനകള്‍ക്കു തുല്യമായ മൂല്യം ആ പതക്കത്തിനും ഉണ്ടായിരുന്നത്രെ.

No comments:

Post a Comment