സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 38
ഹരിവരാസനം
അയ്യപ്പഭക്തരെയെല്ലാം ആനന്ദത്തില്‍ ആറാടിക്കാന്‍ സഹായകമായ മനോഹരസ്തുതിഗീതമാണ് “ഹരിവരാസനം വിശ്വമോഹനം” എന്നാരംഭിക്കുന്ന ഹരിഹരസുതാഷ്ടകം. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായി ഹരിവരാസനം പ്രസിദ്ധമായിരിക്കുന്നു.
ശബരിമലയില്‍ നടതുറന്നിരിക്കുന്ന ദിവസങ്ങളിലെല്ലാം അത്താഴ പൂജകഴിഞ്ഞു നട അടയ്ക്കുന്നതിനു മുന്‍പായി ഹരിവരാസനം ആലപിക്കപ്പെടുന്നു. 1950 മുതല്‍ 5 വര്‍ഷം ശബരിമലയില്‍ മേല്‍ശാന്തിയായിരുന്ന മാവേലിക്കര വടക്കത്തില്ലത്ത് ഈശ്വരന്‍ നമ്പൂതിരിയാണു ഹരിവരാസനം പാടി നട അടയ്ക്കുന്ന പതിവുതുടങ്ങിയത് എന്നുകരുതപ്പെടുന്നു. പരമഭക്തനായിരുന്ന വി. ആര്‍ ഗോപാലമേനോന്‍ എന്ന സുഹൃത്ത് ഭക്തി പുരസ്സരം പാടിയിരുന്ന ഹരിവരാസനമാണ് അതിന് അദ്ദേഹത്തിനു പ്രചോദനമായത്.
നട അടയ്ക്കുന്നതിനു മുന്‍പ് ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തിയും, സോപാനത്തും ക്ഷേത്രപരിസരങ്ങളിലും നിന്ന് ഭക്തരും ഹരിവരാസനം ചൊല്ലുന്നു. ആലാപനം പകുതിയാകുന്നതോടെ കീഴ്ശാന്തിമാരും/പരികര്‍മ്മികളും ഒന്നൊന്നായി ശ്രീകോവിലില്‍ നിന്നും ഇറങ്ങുന്നു. ഹരിവരാസനം പാടിത്തീരാറാകുമ്പോഴേക്കും ഒന്നൊഴികെ മറ്റെല്ലാ നിലവിളക്കും അണച്ചു മേല്‍ശാന്തി നടയടയ്ക്കുന്നു.
സന്നിധാനത്ത് ഇപ്പോള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയിലാണു ഹരിവരാസനം ഈ സമയത്തു മുഴങ്ങുന്നത്. രാത്രിയില്‍ കാനനനടുവില്‍ ശബരീശസ്തുതിഗീതം ഗന്ധര്‍വ്വനാദത്തില്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന അനുഭൂതി അവാച്യമാണ്.
കനകമഞ്ജരി എന്നും വിളിക്കപ്പെടുന്ന ഇന്ദിരാവൃത്തത്തില്‍ രചിക്കപ്പെട്ടതാണ് ഹരിഹരസുതാഷ്ടകം (നഗണംരഗണംരഗണം ലഘു ഗുരു എന്നിങ്ങനെ ഗണങ്ങളും ആറില്‍യതിയും നാലുപാദങ്ങളിലായി 44 അക്ഷരങ്ങളുമുള്ള സമവൃത്തമാണു കനകമഞ്ജരി). എട്ട് ശ്ലോകങ്ങള്‍ ഉള്ളതിനാലും ഹരിഹരാത്മജനെ സ്തുതിക്കുന്നതിനാലും ഈ സ്തുതി ഹരിഹരസുതാഷ്ടകം എന്ന് അറിയപ്പെടുന്നു. ഹരിഹരസുതാഷ്ടകത്തിന്റെ വ്യാഖ്യാനം ഇവിടെ നല്‍കുന്നു.
ശ്ലോകം പൂർണ്ണരൂപം
ഹരിവരാസനംവിശ്വമോഹനം
ഹരിദധീശ്വരാരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനംപ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ....
ശ്ലോകം
“ഹരിവരാസനംവിശ്വമോഹനം
ഹരിദധീശ്വരാരാദ്ധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജംദേവമാശ്രയേ”
ഹരിവരാസനം - ഹരി എന്ന ശബ്ദത്തിനു നിരവധി അര്‍ത്ഥങ്ങളുണ്ട്. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍, യമന്‍, സൂര്യന്‍, ശുക്രന്‍, ചന്ദ്രന്‍, അഗ്നി, വായു എന്നീ ദേവകളും സിംഹം, കുതിര, കുരങ്ങ്, കുയില്‍, മയില്‍, അരയന്നം, തത്ത, തവള, പാമ്പ് എന്നീ ജീവികളും ഹരി ശബ്ദം കൊണ്ട് വിവക്ഷിക്കപ്പെടുന്നു. ശ്രേഷ്ഠനായ ഹരിയെ ആസനമാക്കിയവന്‍ (ഇരിപ്പിടം അല്ലെങ്കില്‍ വാഹനം ആക്കിയവന്‍) എന്ന അര്‍ത്ഥത്തിലാണ് ഹരിവരാസനം എന്ന് പ്രയോഗിച്ചിരിക്കുന്നത്.
അയ്യപ്പന്റെ വാഹനം കുതിരയാണ് എന്നതിനാല്‍ ഹരിവരാസനം എന്ന പദത്തിനു കുതിരപ്പുറമേറിയവന്‍ എന്ന അര്‍ത്ഥം തന്നെയാണു യോജിക്കുക. മാത്രവുമല്ല സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന രോമങ്ങളോടും മഞ്ഞപ്പട്ടിന്റെ കാന്തിയോടുംകൂടിയ കുതിരയാണു ഹരിഃ എന്ന പ്രമാണവും അതുതന്നെയാണു സൂചിപ്പിക്കുന്നത്. (ത്വക്കേശവാലരോമാണിസുവര്‍ണാഭാനി യസ്യതുഹരിഃസവര്‍ണതോ/ശ്വസ്തു പീതകൗശേയസപ്രഭഃ). സിംഹാരൂഢന്‍ എന്ന അര്‍ത്ഥവും പറയപ്പെടുന്നു.
വിശ്വമോഹനം - വിശ്വത്തെ ഒന്നാകെ മോഹിപ്പിക്കുന്നവന്‍ (ത്രൈലോക്യമോഹകനാണു മോഹിനീപുത്രന്‍)
ഹരിദധീശ്വരാരാദ്ധ്യപാദുകം - ഹരിദധീശ്വരന്മാരാല്‍ ആരാധിക്കപ്പെടുന്ന പാദങ്ങളോടു (പാദുകങ്ങളോടു) കൂടിയവന്‍. ഹരിദധീശ്വരന്‍ എന്നാല്‍ ദിക്കിന് അധിപതിയായവന്‍ (ഹരിത് + അധീശ്വരന്‍) അഥവാദിക് പാലകന്‍ എന്നര്‍ത്ഥം. ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നീ എട്ട് ദേവന്മാരാണു ദിക്പാലകര്‍. ശാസ്താവ് അഷ്ടദിക്പാലകന്മാരാല്‍ ആരാധിക്കപ്പെടുന്ന പാദുകങ്ങളോടു (മെതിയടികളോടു) കൂടിയവന്‍ ആണെന്നു സാരം.
അരിവിമര്‍ദ്ദനം - അരികളെ (ശത്രുക്കളെ ) നശിപ്പിക്കുന്നവന്‍. ദുഷ്ടന്മാരായ അസുരന്മാരേയും രാക്ഷസരേയും മറ്റും നശിപ്പിക്കുന്നവനാണു വീരപരാക്രമിയായ ശാസ്താവ്. തന്നെ ആശ്രയിക്കുന്ന ഭക്തരുടെ മുഖ്യ ശത്രുക്കളെ; ഷഡ്‌വൈരികളെ; നശിപ്പിക്കുന്നവന്‍ എന്ന അര്‍ത്ഥവും ഉണ്ട്. കാമം. ക്രോധം, ലോഭം, മോഹം, മദം, മാത്‌സര്യം എന്നീ ആറു ശത്രുക്കളെ എതിര്‍ത്തു തോല്‍പ്പിച്ചാലേ ഭക്തന് അയ്യപ്പനിലേക്കുള്ള മാര്‍ഗ്ഗം തെളിയുകയുള്ളൂ. ശക്തരായ ഈ ആറുഅരികളേയും നശിപ്പിച്ചു ഭക്തനെ രക്ഷിക്കുന്നവന്‍ എന്ന് ശാസ്താവിനെ വിശേഷിപ്പിക്കുന്നു.
നിത്യനര്‍ത്തനം – നിത്യവും (എക്കാലവും) ഭക്തഹൃദയങ്ങളില്‍ രക്ഷകനായി ആനന്ദനര്‍ത്തനവും, ദുഷ്ടരുടേയും ദുര്‍വിചാരങ്ങളുടേയും മുകളില്‍ മഹിഷിയുടെ ശരീരത്തിലെന്ന പോലെ താണ്ഡവ നര്‍ത്തനവും ചെയ്യുന്നവന്‍.
ഹരിഹരാത്മജം – ഹരിയുടേയും (വിഷ്ണുവിന്റേയും) ഹരന്റേയും (ശിവന്റേയും) ആത്മജനായവന്‍ (പുത്രനായവന്‍)
ദേവമാശ്രയേ - ദേവനെ (ആരാധ്യനായവനെ, പരമാത്മാവിനെ, ഈശ്വരനെ) ഞാന്‍ ആശ്രയിക്കുന്നു (ശരണം പ്രാപിക്കുന്നു)
ശ്ലോക വിവരണം
കുതിരപ്പുറത്ത് ഇരിക്കുന്നവനും വിശ്വത്തെ മോഹിപ്പിക്കുന്നവനും അഷ്ടദികപാലകന്‍മാരാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും കാമക്രോധാദിവൈരികളെ നശിപ്പിച്ചു നിത്യവും നര്‍ത്തനം ചെയ്യുന്നവനും ഹരിഹരപുത്രനുമായദേവനെ ഞാന്‍ ആശ്രയിക്കുന്നു എന്ന് ഒന്നാം ശ്ലോകത്തിന്റെസാരം.
ശ്ലോകം
“ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ”
ശരണകീര്‍ത്തനം - ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ കീര്‍ത്തിക്കപ്പെടുന്നവനും (സ്വയംശരണകീര്‍ത്തനമായവനും)
ശക്തമാനസം - ശക്തമായ മനസോടുകൂടിയവനും (ശരണകീര്‍ത്തനം മുഴക്കുന്ന ഭക്തരുടെ മാനസത്തെ ശക്തമാക്കുന്നവനും)
ഭരണലോലുപം - ലോകത്തെ ഭരിക്കുന്നതില്‍ താല്‍പര്യത്തോടുകൂടിയവനും
നര്‍ത്തനാലസം - നര്‍ത്തനത്തില്‍ അഭിരുചിയോടുകൂടിയവനും
അരുണഭാസുരം – ചുവന്ന നിറമാര്‍ന്ന പ്രകാശരശ്മികള്‍ എല്ലാദിക്കിലേക്കും പ്രസരിപ്പിച്ച് വിളങ്ങുന്നവനും
ഭൂതനായകം - ഭൂതഗണങ്ങളുടെ നായകനുമായ
ഹരിഹരാത്മജംദേവമാശ്രയേ - ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ കീര്‍ത്തിക്കപ്പെടുന്നവനും ശരണകീര്‍ത്തനം മുഴക്കുന്ന ഭക്തരുടെ മാനസത്തെ ശക്തമാക്കുന്നവനും ലോകത്തെ ഭരിക്കുന്നതില്‍ താല്‍പര്യത്തോടുകൂടിയവനും നര്‍ത്തനത്തില്‍ അഭിരുചിയോടുകൂടിയവനും ചുവന്ന നിറമാര്‍ന്ന പ്രകാശരശ്മികള്‍ എല്ലാദിക്കിലേക്കും പ്രസരിപ്പിച്ച് വിളങ്ങുന്നവനും ഭൂതഗണങ്ങളുടെ നായകനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോകം
”പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ”
പ്രണയസത്യകം - തന്നില്‍ പ്രണയം (ആദരപൂര്‍വമുള്ള നമിക്കല്‍, സ്‌നേഹം, ആത്മാര്‍ത്ഥത, വിശ്വാസം) ഉള്ളവനായ സത്യകന്‍ എന്ന പുത്രനോടുകൂടിയവനും
പ്രാണനായകം – പ്രാണനു (ജീവന്‍, പ്രാണവായു, ജീവതത്ത്വം, ഓജസ്സ്) നായകന്‍ (നയിക്കുന്നവന്‍) ആയവനും. ജീവികളുടെ പ്രാണനെ നയിക്കുന്നവനാണു ശാസ്താവ്. പ്രാണവായുവാണ് ശാസ്താവിന്റെ വാഹനമായ അശ്വം എന്ന് മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്. പ്രാണവായു സ്വരൂപനായ അശ്വമെന്ന വാഹനത്തെ നയിക്കുന്നവനായി ജീവികളില്‍ ശാസ്താവ് കുടികൊള്ളുന്നു എന്നര്‍ത്ഥം.
പ്രണതകല്‍പകം - പ്രണതന് (നമസ്‌കരിക്കുന്നവന്) കല്‍പവൃക്ഷം ആയിരിക്കുന്നവന്‍.
ആവശ്യപ്പെടുന്നതെന്തും നല്‍കുന്ന ദിവ്യവൃക്ഷമാണു കല്‍പവൃക്ഷം. തന്നെ നമസ്‌കരിക്കുന്ന ഭക്തര്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുന്നവനാണു ശാസ്താവ്.
സുപ്രഭാഞ്ചിതം - ഉത്തമമായ പ്രഭയാല്‍ (പ്രകാശത്താല്‍, ശോഭയാല്‍) ചുറ്റപ്പെട്ടവന്‍ എന്നും ഉത്തമയായ പ്രഭാദേവി എന്ന പത്‌നിയാല്‍ അഞ്ചിതന്‍ (പൂജിതന്‍, അലങ്കരിക്കപ്പെട്ടവന്‍) ആയവന്‍ എന്നുംഅര്‍ത്ഥം
പ്രണവമന്ദിരം - പ്രണവമാകുന്ന (ഓംകാരമാകുന്ന) മന്ദിരത്തില്‍ (ദേവാലയത്തില്‍, ഗൃഹത്തില്‍) വസിക്കുന്നവന്‍ (വിളങ്ങുന്നവന്‍). എന്നും പുതിയതായിരിക്കുന്നത് (പ്രകര്‍ഷേണ നവം) ആണ് പ്രണവം എന്ന ഓംകാരം. എന്നും പുതിയതായി പരിലസിക്കുന്ന ആ മന്ദിരത്തില്‍ വസിക്കുന്നവന്‍ ആണുശാസ്താവ്.
കീര്‍ത്തനപ്രിയം - കീര്‍ത്തനപ്രിയനായവന്‍. കീര്‍ത്തനത്തില്‍ (സ്തുതിയില്‍) പ്രീതിയോടുകൂടിയവന്‍
ഹരിഹരാത്മജംദേവമാശ്രയേ -ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
തന്നില്‍ ആദരപൂര്‍വമുള്ള നമിക്കല്‍, സ്‌നേഹം, ആത്മാര്‍ത്ഥത, വിശ്വാസം ഉള്ളവനായ സത്യകന്‍ എന്ന പുത്രനോടുകൂടിയവനും പ്രാണനെ നയിക്കുന്നവനും കല്‍പവൃക്ഷം ആയിരിക്കുന്നവനും [ആവശ്യപ്പെടുന്നതെന്തും നല്‍കുന്ന ദിവ്യവൃക്ഷമാണു കല്‍പവൃക്ഷം. തന്നെ നമസ്‌കരിക്കുന്ന ഭക്തര്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുന്നവനാണു ശാസ്താവ്.] ഉത്തമമായ പ്രഭയാല്‍ ചുറ്റപ്പെട്ടവന്‍ എന്നും ഉത്തമയായ പ്രഭാദേവി എന്ന പത്‌നിയാല്‍ അലങ്കരിക്കപ്പെട്ടവനും പ്രണവമാകുന്ന മന്ദിരത്തില്‍ വസിക്കുന്നവനും കീര്‍ത്തനപ്രിയനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോകം
”തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരംകീര്‍ത്തനപ്രിയം
ഹരിഹരാത്മജംദേവമാശ്രയേ”
തുരഗവാഹനം –തു രഗത്തെ (കുതിരയെ) വാഹനമാക്കിയവനും. വേഗത്തില്‍ ഗമിക്കുന്നത് (പോകുന്നത്) ആണ് തുരഗം. മനസ്സെന്നും ചിന്തയെന്നും തുരഗശബ്ദത്തിനു അര്‍ത്ഥമുണ്ട്. ചിന്തകളെ അല്ലെങ്കില്‍ മനസ്സിനെ വാഹനമാക്കിയവന്‍ എന്നും പറയാം.
സുന്ദരാനനം - സുന്ദരമായ ആനനത്തോടു (മുഖത്തോടു) കൂടിയവന്‍
വരഗദായുധം – ഉത്തമമായ ഗദ ആയുധമാക്കിയവന്‍
വേദവര്‍ണ്ണിതം - വേദങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്നവന്‍, വേദമന്ത്രങ്ങളാല്‍ സ്തുതിക്കപ്പെടുന്നവന്‍
ഗുരുകൃപാകരം – ഗുരു (വലിയ, ഉത്തമമായ) കൃപാകരന്‍ (ദയയുള്ളവന്‍, ഫലേച്ഛകൂടാതെ ഉപകാരം ചെയ്യാന്‍ ആഗ്രഹമുള്ളവന്‍) ആയവന്‍. ഗുരുവില്‍ (ആചാര്യനില്‍) കൃപയുള്ളവനുമാണ് അയ്യപ്പന്‍. ജന്‍മനാ അന്ധനും ബധിരനുമായ പുത്രനെ രക്ഷിക്കണം എന്ന ഗുരുവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു ഗുരുപുത്രനു കാഴ്ചശക്തിയും കേള്‍വിശക്തിയും നല്‍കിയവനാണ് പന്തളകുമാരനായ മണികണ്ഠസ്വാമി.
കീര്‍ത്തനപ്രിയം -കീര്‍ത്തനപ്രിയനായവനുമായ
ഹരിഹരാത്മജംദേവമാശ്രയേ - ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
കുതിരയെ വാഹനമാക്കിയവനും [ചിന്തകളെ അല്ലെങ്കില്‍ മനസ്സിനെ വാഹനമാക്കിയവന്‍ എന്നും പറയാം.] സുന്ദരമായ മുഖത്തോടു കൂടിയവനും ഉത്തമമായ ഗദ ആയുധമാക്കിയവനും വേദങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്നവന്‍, വേദമന്ത്രങ്ങളാല്‍ സ്തുതിക്കപ്പെടുന്നവനും ഗുരു ഭക്തിയുള്ളവനും കീര്‍ത്തനപ്രിയനായവനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോകം
“ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ”
ത്രിഭുവനാര്‍ച്ചിതം – ത്രിഭുവനങ്ങളിലും (മൂന്നു ലോകങ്ങളിലും, ഭൂസ്വര്‍ഗ്ഗപാതാള ലോകങ്ങളിലും) ഉളളവരാല്‍ അര്‍ച്ചിക്കപ്പെടുന്നവനും (പൂജിക്കപ്പെടുന്നവനും)
ദേവതാത്മകം – സര്‍വദേവതാ സ്വരൂപനും
ത്രിനയനം – മൂന്നു നേത്രങ്ങളോടുകൂടിയവനും
പ്രഭും – സര്‍വോത്കൃഷ്ടനും (യജമാനനും, സ്വാമിയും)
ദിവ്യദേശികം – ദിവ്യനായ ഗുരുവും (വഴികാട്ടിയും)
ത്രിദശപൂജിതം - ത്രിദശന്‍മാരാല്‍ (ദേവന്‍മാരാല്‍) പൂജിക്കപ്പെടുന്നവനും.
(ത്രിദശന്‍മാരെന്നാല്‍ പന്ത്രണ്ട് ആദിത്യന്‍മാര്‍, പതിനൊന്ന് രുദ്രന്‍മാര്‍, എട്ട് വസുക്കള്‍, രണ്ട് അശ്വിനീദേവകള്‍ എന്നിങ്ങനെ 33 ദേവന്‍മാരാണ്. കശ്യപ മഹര്‍ഷിക്ക് അദിതിയില്‍ ജനിച്ച 12 പുത്രന്‍മാരായ വരുണന്‍, സൂര്യന്‍, സഹസ്രാംശു, ധാതാവ്, തപനന്‍, സവിതാവ്, ഗഭസ്തി, രവി, പര്‍ജ്ജന്യന്‍, ത്വഷ്ടാവ്, മിത്രന്‍, വിഷ്ണു എന്നിവരാണ് ദ്വാദശാദിത്യന്‍മാര്‍. ശിവാംശജരായ അജൈകപാത്, അഹിര്‍ബുധ്‌ന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സവിത്രന്‍, ത്ര്യംബകന്‍, വൈവസ്വതന്‍, ഹരന്‍ അല്ലെങ്കില്‍ മൃഗവ്യാധന്‍, സര്‍പ്പന്‍, നിര്യതി, അജൈകപാത്, അഹിര്‍ബുദ്ധ്‌ന്യന്‍, പിനാകി, ഈശ്വരന്‍, കപാലി, സ്ഥാണു, ഭര്‍ഗ്ഗന്‍ എന്നിവരാണ് ഏകാദശരുദ്രന്‍മാര്‍. ധര്‍മ്മദേവന് ദക്ഷപുത്രിയായ വസുവില്‍ ജനിച്ച എട്ട് ദേവന്മാര്‍ ആണ് അഷ്ടവസുക്കള്‍. ധരന്‍(ആപന്‍), ധ്രുവന്‍, സോമന്‍, അഹസ്സ്(ധര്‍മ്മന്‍), അനിലന്‍, അനലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍ എന്നിങ്ങനെയാണ് അഷ്ടവസുക്കളുടെ പേരുകള്‍ എന്ന് മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും പറയുന്നു. സൂര്യന് സംജ്ഞാ ദേവിയില്‍ ജനിച്ചവരും ദേവവൈദ്യന്‍മാരുമായ സത്യനും, ദസ്രനുംആണ് അശ്വിനീ ദേവകള്‍.)
ചിന്തിതപ്രദം – ചിന്തിക്കുന്നത് (ആഗ്രഹിക്കുന്നത്) എല്ലാം പ്രദാനം ചെയ്യുന്നവനുമായ (നല്‍കുന്നവനുമായ)
ഹരിഹരാത്മജം ദേവമാശ്രയേ - ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
മൂന്നു ലോകങ്ങളിലും ഉളളവരാല്‍ അര്‍ച്ചിക്കപ്പെടുന്നവനും സര്‍വദേവതാ സ്വരൂപനും മൂന്നു നേത്രങ്ങളോടുകൂടിയവനും സര്‍വോത്കൃഷ്ടനും ദിവ്യനായ ഗുരുഉള്ളവനും ദേവന്‍മാരാല്‍ പൂജിക്കപ്പെടുന്നവനും ത്രിദശന്‍മാരാല്‍ (ദേവന്‍മാരാല്‍) പൂജിക്കപ്പെടുന്നവനും. ആഗ്രഹിക്കുന്നത് എല്ലാം പ്രദാനം ചെയ്യുന്നവനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോകം
“ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ”
ഭവഭയാപഹം – ഭവ (സംസാര) ഭയത്തെ ഇല്ലാതാക്കുന്നവനും; ജീവന്‍മാര്‍ക്ക് പ്രപഞ്ചത്തില്‍ മായമൂലം ഉണ്ടാകുന്ന എല്ലാ ഭയങ്ങളും അകറ്റുന്നവനും
ഭാവുകാവഹം - ഭാവുകം (മംഗളം, ഭാഗ്യം, ഭവിക്കാന്‍ പോകുന്നത്) ആവഹിക്കുന്നവന്‍(കൊണ്ടു വരുന്നവന്‍, ഉണ്ടാക്കുന്നവന്‍). ഭവിക്കാന്‍ പോകുന്നവയെ ഉണ്ടാക്കുന്നവന്‍ (സൃഷ്ടികര്‍ത്താവ്) എന്നും ഭാഗ്യം കൊണ്ടുവരുന്നവന്‍ എന്നും അര്‍ത്ഥം പറയാം.
ഭുവനമോഹനം – ഭുവനത്തെ (ലോകത്തെ) മോഹിപ്പിക്കുന്നവനും(വശീകരിക്കുന്നവനും)
ഭൂതിഭൂഷണം – ഭൂതി ഭൂഷണം (അലങ്കാരം, ആഭരണം) ആക്കിയവനും. ഭൂതി എന്നാല്‍ ഐശ്വര്യം, സൗഭാഗ്യം, ധനം, അഴക്, മഹിമ, അഭിവൃദ്ധി, സമ്പത്ത്, വിജയം, തപസ്സുമൂലം ലഭിക്കുന്ന അമാനുഷിക ശക്തികള്‍ എന്നിങ്ങനെ അര്‍ത്ഥം പറയാം. ഇവയെല്ലാം അലങ്കാരമാക്കിയവനാണ് ശാസ്താവ്. ഭൂതി ശബ്ദത്തിനു വിഭൂതി (ഭസ്മം) എന്നും അര്‍ത്ഥം ഉണ്ട്. ഭസ്മത്താല്‍ അലങ്കരിക്കപ്പെട്ട ശരീരത്തോടു കൂടിയവന്‍ എന്നും അര്‍ത്ഥം.
ധവളവാഹനം ദിവ്യവാരണം -ധവളവര്‍ണ്ണമാര്‍ന്ന (വെളുത്ത) ദിവ്യമായ വാരണം (ആന) വാഹനം ആയിട്ടുള്ളവനുമായ (ഭാരം വഹിക്കുന്നതിനുള്ള ആനകളെ വാഹവാരണം എന്നു വിളിക്കുന്നു)
ഹരിഹരാത്മജം ദേവമാശ്രയേ - ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
സംസാര ഭയത്തെ ഇല്ലാതാക്കുന്നവനും എന്നും ഭാഗ്യം കൊണ്ടുവരുന്നവനും ലോകത്തെ മോഹിപ്പിക്കുന്നവനും ഭസ്മത്താല്‍ അലങ്കരിക്കപ്പെട്ട ശരീരത്തോടു കൂടിയവനും വെളുത്ത ആന വാഹനം ആയിട്ടുള്ളവനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോകം
“കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ”
കളമൃദുസ്മിതം- അവ്യക്തമധുരമായ മൃദുമന്ദഹാസത്തോടു കൂടിയവനും
സുന്ദരാനനം -സുന്ദരമായ മുഖത്തോടു കൂടിയവനും
കളഭകോമളം ഗാത്രമോഹനം – കളഭത്തിന്റെ കോമളതയോടു (മനോഹരതയോടു) കൂടിയ മോഹിപ്പിക്കുന്ന ഗാത്രത്തോടു (ശരീരത്തോടു) കൂടിയവനും. കളഭത്തിന്റെ ശീതളിമയോടു കൂടിയവന്‍ അല്ലെങ്കില്‍ കളഭത്തിന്റെ (ആനക്കുട്ടിയുടെ)എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്ന ശരീരത്തോടു കൂടിയവന്‍ എന്നു അര്‍ത്ഥം.
കളഭകേസരീവാജിവാഹനം – കളഭം(ആന) കേസരി(സിംഹം)വാജി(കുതിര) എന്നിവയെ വാഹനമാക്കിയവനുമായ
ഹരിഹരാത്മജം ദേവമാശ്രയേ - ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
അവ്യക്തമധുരമായ മൃദുമന്ദഹാസത്തോടു കൂടിയവനും സുന്ദരമായ മുഖത്തോടു കൂടിയവനും കളഭത്തിന്റെ കോമളതയോടു കൂടിയ മോഹിപ്പിക്കുന്ന ശരീരത്തോടു കൂടിയവനും ആന സിംഹം കുതിര എന്നിവയെ വാഹനമാക്കിയവനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോകം
“ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ”
ശ്രിതജനപ്രിയം – ശ്രിതജനങ്ങളില്‍ (തന്നെ ആശ്രയിക്കുന്ന ജനങ്ങളില്‍) പ്രിയമുള്ളവനും
ചിന്തിതപ്രദം – ചിന്തിക്കുന്നവയെല്ലാം പ്രദാനം ചെയ്യുന്നവനും
ശ്രുതിവിഭൂഷണം – ശ്രുതി (വേദങ്ങള്‍) വിഭൂഷണം (അലങ്കാരം) ആയവനും, ശ്രുതിയില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നവനും
സാധുജീവനം – സാധുക്കളെ (ഗുണവാന്‍മാരെ, സന്ന്യാസിമാരെ) ഉപജീവനത്തിനു സഹായിക്കുന്നവനും,
ശ്രുതിമനോഹരം ഗീതലാലസം – മനോഹരമായ ശ്രുതിയോടു കൂടിയ ഗീതം ശ്രവിക്കുന്നതില്‍ ലാലസനുമായ (അതീവതാത്പര്യമുള്ളവനുമായ)
ഹരിഹരാത്മജം ദേവമാശ്രയേ - ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്ലോക വിവരണം
തന്നെ ആശ്രയിക്കുന്ന ജനങ്ങളില്‍ പ്രിയമുള്ളവനും ചിന്തിക്കുന്നവയെല്ലാം പ്രദാനം ചെയ്യുന്നവനും സാധുക്കളെ ഉപജീവനത്തിനു സഹായിക്കുന്നവനും മനോഹരമായ ശ്രുതിയോടു കൂടിയ ഗീതം ശ്രവിക്കുന്നതില്‍ ലാലസനുമായ ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
“ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ”
എന്ന വരികള്‍ ഓരോ ശ്ലോകവും കഴിഞ്ഞു ചൊല്ലാറുണ്ട്. അതേപോലെ ഓരോ വരികള്‍ക്കിടയിലും സ്വാമി ശബ്ദം ഉപയോഗിച്ചും ചൊല്ലാറുണ്ട്.
“ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാദ്ധ്യപാദുകം”
എന്നിങ്ങനെ, എന്നാല്‍ വൃത്തനിബദ്ധമായ ഹരിവരാസനം ഇങ്ങനെ സ്വാമി ശബ്ദം ചേര്‍ത്ത് ചൊല്ലുമ്പോള്‍ വൃത്ത ഭംഗവും പലപാദങ്ങളിലും അര്‍ത്ഥഭംഗവും വരുന്നു.
അയ്യപ്പനെ സ്‌നേഹപുരസ്സരം പാടിയുറക്കുന്ന ഈ ഗാനം എഴുതിയത് ആരാണ് എന്നതു വ്യക്തമല്ല. കമ്പക്കുടി കുളത്തൂര്‍ അയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്ന് ഒരു വാദം. രചയിതാവാരായാലും അയ്യപ്പഭക്തരുടെ മനസ്സില്‍ ഹരിവരാസനത്തിന്റെ മാറ്റൊലി മുഴങ്ങുന്നതില്‍ ആ പുണ്യാത്മാവ് സന്തോഷിക്കുക തന്നെയാവും...
No comments:
Post a Comment