ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 November 2017

അച്ചൻ കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം

അച്ചൻ കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം

കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിൽ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻ കോവില്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമൻ സ്ഥാപിച്ച പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതന വിഗ്രഹം ഇവിടെയാണന്നാണ് വിശ്വാസം. ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ മലയാളികളേക്കാൾ തമിഴ് നാട്ടിലെ ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. അച്ചൻ കോവിൽ മലയുടെ കിഴക്കു വടക്കെ കോണിലുള്ള താഴ്വരയിലാണ് ക്ഷേത്രം.

ആര്യങ്കാവ് ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗം ചെങ്കോട്ടയിൽ ചെന്ന് അച്ചൻ കോവിൽ ക്ഷേത്രത്തിലെത്താൻ 40 കിലോ മീറ്റർ, ട്രാക്കിംഗ് ദൂരം 10 കിലോ മീറ്റർ.

പത്തനാപുരം കരവൂറിൽ നിന്ന് കാനന പാത വഴി 32 കിലോ മീറ്റർ.

കോന്നിയിൽ നിന്ന് കാനന പാത വഴി 40 കിലോ മീറ്റർ.

പുനലൂരിൽ നിന്ന് ചെങ്കോട്ട, പിറവന്തൂർ, മുള്ളുമല വഴിയും ഇവിടെത്താം. തമിഴ്‌ നാട്ടിലെ തെങ്കാശി വഴിയും ക്ഷേത്രത്തിലെത്താം.

പൂര്‍ണ്ണ പുഷ്ക്കല സമേതനായ ഗൃഹസ്ഥാശ്രമി ശാസ്താ സങ്കല്പമാണിവിടെ. വിഷഹാരിയാണ് അച്ചൻ കോവിൽ ശാസ്താവ്, പ്രതിഷ്ഠയുടെ വലതു കൈയ്യിൽ (ഇവിടെ ശാസ്താവ് ചിന്മുദ്ര ഹസ്തനല്ല) എപ്പോഴും ചന്ദനം അരച്ച് വയ്ക്കും. വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാം. ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും, ഇതിനായ് ക്ഷേത്രത്തിൽ പണ്ട് മുതലേ രണ്ട് ശാന്തിക്കാരുണ്ട്. വിഷം തീണ്ടിയവർ എത്തിയാൽ അര്‍ദ്ധ രാത്രിയിലും ശാന്തിക്കാരൻ കുളിച്ച് നട തുറക്കും. ദേവന്റെ കൈയിൽ അരച്ച് വെച്ച ചന്ദനം തീർത്ഥത്തിൽ ചാലിച്ച് മുറിപ്പാടിൽ തേക്കും, കഴിക്കാനും കൊടുക്കും. ചികിത്സാ സമയം ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യ ദിവസം കടും ചായ മാത്രം, പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി, ദാഹിക്കുമ്പോൾ ക്ഷേത്ര കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
ക്ഷേത്ര മതിൽക്കെട്ടിനുളളിലും പുറത്തും ധാരാളം ഉപദേവാലയങ്ങളുണ്ട്‌. പ്രധാന ഉപദേവകൾ ഗണപതി, മാളികപുറത്തമ്മ, ഭഗവതി, മുരുകൻ, ദുർഗ, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ്. അയ്യപ്പന്റെ പരിവാരങ്ങളായ കാള മാടൻ, കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ,മാടന്‍തേവൻ തുടങ്ങിയവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും കോവിലുകളും ഉണ്ട്. കറുപ്പസ്വാമിയും, കറുപ്പായി അമ്മയും തമിഴ് നാട്ടിലെ കല്ലർ സമുദായത്തിന്റെ പ്രധാന ദേവതകളാണ്. ചതുർ ബാഹു വിഷ്ണു പ്രതിഷ്ഠയുമുണ്ട്.

നിത്യവും അഞ്ച് പൂജയുണ്ട്, ശനി ദോഷത്തിനു പ്രത്യേക വഴിപാടുണ്ട്. ചില ഗ്രന്ഥങ്ങളിൽ കൊല്ല വർഷം 1106 മകരം പന്ത്രണ്ടിനാണ് പുനപ്രതിഷ്ഠ നടന്നത് എന്ന് കാണുന്നു. മകരത്തിലെ പ്രതിഷ്ഠാ ദിനം രേവതി പൂജയായി കൊണ്ടാടുന്നു, അന്ന് പുഷ്പാഭിഷേകം പ്രധാന ചടങ്ങണ്. രേവതി പൂജയിലെ പോലെ ഇത്ര അധികം പുഷ്പങ്ങൾ അഭിഷേകത്തിന് ഉപയോഗിക്കുന്ന പൂജകൾ ദക്ഷിണ ഇന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇല്ലെന്നു പറയപ്പെടുന്നു.

മണ്ഡല പൂജയുടെ പിറ്റേ ദിവസം ആറാട്ടായി പത്ത് ദിവസമാണ് ഉത്സവം. വൃശ്ചിക മാസത്തിന് മുപ്പത് ദിവസം ഉണ്ടെങ്കിൽ ധനു രണ്ടിനും ഇരുപത്തി ഒമ്പത് ദിവസമേയുള്ളു എങ്കിൽ ധനു ഒന്നിനുമാണ് കൊടിയേറ്റ്.

കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചൻ കോവിൽ. മൂന്നാം ഉത്സവ ദിവസം മുതൽ തേരിന്റെ ആകൃതിയിലുള്ള ചെറു വാഹനത്തിൽ വർണ ശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിൽ ഏന്തിയുളള ശാസ്താ വിഗ്രഹം വഹിച്ച് എഴുന്നള്ളത്തു നടക്കുന്നു. ഒമ്പതാം ഉത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ഇതിന് മണികണ്ഠ മുത്തയ്യ സ്വാമിയുടെ എഴുന്നള്ളത്ത് എന്നാണ് പറഞ്ഞു വരുന്നത്. രഥം നിർമ്മിച്ചിരിക്കുന്നത് വനത്തിൽ നിന്ന് ശേഖരിച്ച തടി മാത്രം ഉപയോഗിച്ചാണ്. ഉത്സവത്തിന്റെ അഞ്ചാം ദിവസം മുതൽ രഥത്തിന്റെ അറ്റ കുറ്റ പണികളാരംഭിക്കും. ഒമ്പതാം നാൾ പ്രഭാതത്തിൽ പണി പൂര്‍ത്തീകരിച്ച രഥം പതിനെട്ടാം പടിക്കു താഴെ അലങ്കരിച്ച്‌ നിര്‍ത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രഥത്തിലേക്ക് മണിമുത്തയ്യനെ എഴുന്നള്ളിക്കുന്നതോടെ ചടങ്ങ് തുടങ്ങും. ക്ഷേത്രത്തിനു ചുറ്റും തേര്‍വീഥി ഉണ്ട്, രഥത്തിനിരുവശവും കെട്ടിയ ചൂരൽ വള്ളി കൈയ്യിൽ ഏന്തി ഭക്തർ ശരണം വിളികളോടെ തേര് വലിയ്ക്കും. രഥത്തിന് മുന്നിലായി കാന്തമല ശിവ ക്ഷേത്രത്തിൽ നിന്ന് കൊടുത്തയച്ച തങ്കവാൾ കൈയ്യിലേന്തി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും കോന്നി ശിവ ക്ഷേത്രത്തിൽ നിന്ന് കൊടുത്തയച്ച അന്നക്കൊടി കൈയ്യിൽ ഏന്തി കറുപ്പ സ്വാമിയുടെ പൂജാരി നടക്കും. പടിഞ്ഞാറെ നടയിലെ അമ്മൻ കോവിലിൽ എത്തുമ്പോൾ പൂജാരി ഉറഞ്ഞു തുള്ളും. വടക്കെ നടയിൽ എത്തുമ്പോൾ രഥം മൂന്നു തവണ അങ്ങോട്ടുമിങ്ങോട്ടും വലിക്കും. തമിഴ്‌ നാട്ടിലേക്ക് അയ്യനെ കൊണ്ടുപോകാൻ ശ്രമിക്കുന്നതായും നാട്ടുകാർ ഇവിടെ തന്നെ പിടിച്ചു നിർത്തുന്നതായുമാണ് സങ്കല്‍പ്പം. ക്ഷേത്രത്തിന് മുന്നിൽ ഒരു വലം വക്കുന്നതോടെ തേരോട്ടം അവസാനിക്കും.

ആചാര പെരുമയിൽ അച്ചൻ കോവിൽ ശാസ്താവിന്റെ പരിവാര മൂര്‍ത്തിയായ കറുപ്പ സ്വാമിക്ക്‌ പ്രാധാന്യമുണ്ട്‌. മഹിഷീ നിഗ്രഹത്തിന്‌ മണി കണ്ഠനെ സഹായിക്കാൻ ശിവൻ കുശ പുല്ല്‌ ഉപയോഗിച്ച്‌ സൃഷ്ടിച്ച ഭൂത ഗണമാണ്‌ കറുപ്പ സ്വാമി എന്നാണ് ഐതീഹ്യം. അഭീഷ്ട സിദ്ധിക്ക്‌ കറുപ്പനൂട്ട്‌ എന്ന വഴിപാട് അച്ചൻ കോവിലിൽ നടത്താറുണ്ട്‌. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതിൽ കുടുംബത്തിനാണ്‌ കറുപ്പൻ കോവിലിലെ പൂജാരി സ്ഥാനം. ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന്‌ അകമ്പടി സേവിക്കാനും കറുപ്പ സ്വാമിയുണ്ടാകും. ഉത്സവത്തിന്റെ മൂന്നാം ദിനം മുതലാരംഭിക്കുന്ന ചടങ്ങാണ് കറുപ്പൻ തുള്ളൽ. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കാലുറകളണിഞ്ഞ്‌, കച്ചമണികൾ കെട്ടി, ശിരസിൽ അലങ്കാര വസ്ത്രം ചുറ്റി, വലം കൈയ്യിൽ വേലും ഇടം കൈയ്യിൽ ഭസ്മ കൊപ്പരയും വഹിച്ച്‌ പ്രത്യേക ഭാവാദികളോടെ കറുപ്പ സ്വാമി രംഗത്തെത്തുമ്പോൾ സ്ത്രീജനങ്ങൾ കുരവയിട്ട് സ്വീകരിക്കും. ജന നന്മയ്ക്കു വേണ്ടി ധര്‍മ്മ ശാസ്താവ്‌ നടത്തുന്ന ദേശ രക്ഷ പരിപാടികള്‍ക്ക്‌ മാര്‍ഗ്ഗ തടസ്സം നീക്കുന്ന കര്‍മ്മം കൂടിയാണ്‌ ഈ ചടങ്ങെന്ന് പഴമക്കാർ.

No comments:

Post a Comment