ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 November 2017

പന്തളം ധര്‍മ്മ ശാസ്താ ക്ഷേത്രം

പന്തളം ധര്‍മ്മ ശാസ്താ ക്ഷേത്രം

അയ്യപ്പനോളം പഴക്കമുണ്ട് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന്. പന്തളം രാജാവ് ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അച്ചൻ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തീര്‍ത്ഥാടന കേന്ദ്രം പന്തളം കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. മണികണ്ഠൻ ശൈശവവും യൗവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയിൽ ഭക്തലക്ഷങ്ങൾ ഈ ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തുന്നു.
എല്ലാ വർഷവും മകര സംക്രാന്തി നാളിൽ ശബരിമലയിൽ എത്തിച്ചേരുന്ന ചരിത്ര പ്രസിദ്ധമായ തിരുവാഭരണ യാത്ര ഈ ക്ഷേത്രത്തിൽ നിന്നുമാണ്‌ ആരംഭിക്കുന്നത്. അച്ഛൻ മകനണിയാനുള്ള ആഭരണങ്ങളുമായി പോകുന്നു എന്നതാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പിന്നിലുള്ള വിശ്വാസം. തനി തങ്കത്തിൽ തീർത്തിട്ടുള്ള തിരുവാഭരണങ്ങൾ പന്തളം രാജാവ് അയ്യപ്പന്‌ സമ്മാനിച്ചതാണ്. ഇന്നും പന്തളം രാജവംശത്തിന് മാത്രം സ്വന്തമായിട്ടുള്ള തിരുവാഭരണങ്ങൾ ക്ഷേത്രത്തോട് ചേർന്നുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ ആണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിവസം പ്രഭാതം മുതൽ ഉച്ച വരെയും, മേടത്തിൽ ഉത്രത്തിനും (അയ്യപ്പ സ്വാമിയുടെ ജന്മ ദിനം), വിഷുവിനും മാത്രമാണ് തിരുവാഭരണങ്ങൾ പന്തളം തേവരെ അണിയിക്കുന്നത്‌. മകര സംക്രമത്തിന് തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാര്‍ത്തിയ ശേഷം മാത്രമേ ശബരിമലയിൽ ദീപാരാധന നടത്തുകയുള്ളു.

ചന്ദനത്തിൽ തീർത്ത മൂന്നു പേടകങ്ങളിലായാണ്‌ തിരു ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പ്രധാനം ഗോപുരാകൃതിയിലുള്ള നെട്ടൂർ പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള തിരു മുഖം, വെളക്ക് മാല, ശര പൊളി മാല, എരിക്കിൻ പൂമാല, വില്ലു തള മാല, മണി മാല, നവ രത്ന മോതിരം, അരപ്പട്ട, പൂന്തട്ടം, കഞ്ചമ്പരം, പ്രഭാ മണ്ഡലം, വെള്ളി കെട്ടിയ വലം പിരി ശംഖ്, വലിയ ചുരിക, ചെറിയ ചുരിക, ലക്ഷ്മിരൂപം, കടുവ, പുലി, ആനകൾ, നെറ്റിപ്പട്ടം എന്നിവയാണ്‌. ചതുരാകൃതിയിലുള്ള അഭിഷേക കുടം പെട്ടി എന്ന രണ്ടാമത്തെ പെട്ടിയിൽ തങ്കത്തിൽ തീർത്ത കലശ കുടവും, മകര സംക്രാന്തി നാളിൽ ശബരിമലയിൽ നടക്കുന്ന പൂജകൾക്കുള്ള സാധന സാമഗ്രികളുമാണ്‌. കൊടിപ്പെട്ടിയെന്ന് വിളിക്കുന്ന ദീർഘചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയിൽ മല ദൈവങ്ങൾക്കുള്ള കൊടികൂറകൾ, ജീവത (ആനപ്പുറത്ത്‌ എഴുന്നള്ളിക്കാനുള്ള വിഗ്രഹം വയ്ക്കുന്ന ചട്ടക്കൂട്‌), മെഴുവട്ടക്കുട എന്നിവയാണ്‌. ഘോഷ യാത്രയിലുടനീളം നെട്ടൂർപ്പെട്ടി ഒന്നാമതും, കൊടി പെട്ടി മൂന്നാമതും ആയിട്ടാണ് പോകുക. പോലിസ്, സേനാ വിഭാഗങ്ങളുടെ കനത്ത സംരക്ഷണത്തിൽ നാൽപ്പത്തൊന്ന് ദിവസം കഠിന വ്രതമനുഷ്ഠിച്ച പതിനഞ്ച് അയ്യപ്പന്മാർ ഗുരു സ്വാമിയുടെ നേതൃത്വത്തിൽ തലച്ചുമടായിട്ടാണ്‌ തിരുവാഭരണ പേടകങ്ങൾ ശബരി മലയിലേക്ക് കൊണ്ടു പോകുന്നത്.
എല്ലാ വർഷയും ധനു മാസം ഇരുപത്തെട്ടിനാണ് തിരുവാഭരണം പന്തളം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നതെങ്കിലും തലേന്ന് വൈകിട്ട് തിരുവാഭരണ പേടകങ്ങൾ ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റു വാങ്ങി ക്ഷേത്രത്തിലേക്ക് കൊണ്ടു വരും. തിരുവാഭരണം കൊട്ടാരത്തിൽ നിന്നും ഏറ്റു വാങ്ങുമ്പോൾ മുതൽ സംക്രമ പൂജ കഴിഞ്ഞ് ശബരിമലയിൽ നിന്നും കൊട്ടാരത്തിൽ തിരിച്ചെത്തിക്കും വരെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനായിരിക്കും. പിറ്റേന്ന് പ്രഭാത പൂജയ്ക്ക് കോയിക്കൽ ശാസ്താവിന് ചാർത്തുന്ന തിരുവാഭരണം കണ്ടു തൊഴാൻ പതിനായിര കണക്കിന് ഭക്ത ജനങ്ങളെത്തും. തിരുവാഭരണം ദർശിക്കുവാൻ ഉച്ചക്ക് പന്ത്രണ്ട് മണി വരെ ഭക്തർക്ക് അനുവാദം ഉണ്ടായിരിക്കും. ക്യത്യം പന്ത്രണ്ട് മണിക്ക് ക്ഷേത്ര നട അടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തിൽ പ്രത്യേകപൂജകളും വഴിപാടുകളും നടക്കും. ഈ സമയം കൊട്ടാരത്തിലെ അംഗങ്ങൾ ഒഴികെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ല. ദീപാരാധന അവസാനിച്ചാലുടൻ തന്നെ ആഭരണ പേടകങ്ങളടച്ച് വീരാളി പട്ട് വിരിച്ച് പൂമാലകൾ ചാർത്തി ഘോഷയാത്രക്ക് തയ്യാറാക്കും. അപ്പോഴേക്കും പൂജിച്ച ഉടവാളുമായെത്തുന്ന മേൽശാന്തിക്ക് പണക്കിഴി ദക്ഷിണയായി നൽകി വലിയ തമ്പുരാൻ ഉടവാൾ സ്വീകരിക്കും. പന്തളം രാജവംശത്തിലെ തമ്പുരാൻ സ്ഥാനമേല്‍ക്കുന്നയാൾ പിന്നീട് ശബരിമല ക്ഷേത്രം ദര്‍ശനം നടത്താൻ പാടില്ലാത്തതിനാൽ ഉട വാളുമായ് തമ്പുരാന്റെ പ്രതിനിധിയായ ഇളമുറ തമ്പുരാൻ ഘോഷയാത്രക്ക് നേതൃത്വം നൽകും. ഒരു മണിയോടെ വടക്കു പടിഞ്ഞാറ് ഭാഗത്തു നിന്നും പറന്നെത്തുന്ന രണ്ട് കൃഷ്ണ പരുന്തുകൾ വലിയ കോയിക്കൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളിൽ മൂന്ന്തവണ വട്ടമിട്ടു പറക്കുന്നതോടെ നട തുറക്കും. ആയിരക്കണക്കിനു വരുന്ന ഭക്തജനങ്ങളുടെ കണ്ഠത്തിൽ നിന്ന് ഉയരുന്ന ശരണം വിളികളോടെ തിരുവാഭരണ പേടകങ്ങളേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിനു പുറത്തേക്കു വന്ന് വാദ്യ ഘോഷ അകമ്പടിയോടെ ശബരിമലയിലേക്ക് പുറപ്പെടുകയായി. രാജാവിന്റെ സ്ഥാനത്ത് നിന്ന് ഘോഷയാത്ര നയിക്കുന്നത് ഇളമുറ തമ്പുരാൻ ആണെങ്കിലും രാജപ്രധിനിധി കുറുപ്പാണ്. ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് തമ്പുരാൻ ഉടവാളും പരിചയും കുറുപ്പിന് കൈമാറുന്നു. തിരുവാഭരണ പേടകങ്ങളുടെ വാഹകര്‍ മുന്നിലും, അതിന് പിന്നിൽവാളും പരിചയുമായി കുറുപ്പും, തൊട്ട് പുറകിലായി തമ്പുരാനും യാത്ര ആരംഭിക്കുന്നു.

No comments:

Post a Comment