ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2017

ഭൂതനാഥോപാഖ്യാനം - 6

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 23

ഭൂതനാഥോപാഖ്യാനം - ആറാം അദ്ധ്യായം

സുന്ദരമഹിഷവുമായി പിരിയുന്ന മഹിഷി വീണ്ടും ദേവലോകം ആക്രമിക്കുന്നതും, ദേവന്മാരുടെ സ്തുതികേട്ട് ധര്‍മ്മശാസ്താവ് മഹിഷിയുടെ അഹങ്കാരം ശമിപ്പിക്കുന്നതും, മാളികപ്പുറത്തമ്മയുടെ ഉത്ഭവവും, പുലിക്കൂട്ടത്തോടൊപ്പം പന്തളരാജധാനിയിലെത്തിയ സ്വാമിയുടെ തത്വം രാജശേഖരമഹാരാജാവ് തിരിച്ചറിയുന്നതുമാണ് ആറാം അദ്ധ്യായത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

സൂതന്‍ പറഞ്ഞു: പൊന്നമ്പലമേട്ടില്‍ ഭൂതനാഥസ്വാമി വിശ്രമിക്കുന്ന അവസരത്തില്‍ മഹിഷി എന്തു ചെയ്തുവെന്നു കേള്‍ക്കുക. സുന്ദരമഹിഷത്തോടൊപ്പം കാമകേളികളാടി മഹിഷി കഴിയാന്‍ ആരംഭിച്ചതോടെ രക്ഷിക്കാന്‍ ആരുമില്ലാതെ വലഞ്ഞ ദാനവന്മാര്‍ ഒത്തുചേര്‍ന്ന് ഒരുദിവസം മഹിഷിയുടെ മുന്നിലെത്തി.

അവര്‍ മഹിഷിയോടു പറഞ്ഞു: ധന്യയായ ഭവതിയെ മോഹിപ്പിക്കുവാന്‍ ദുര്‍ന്നയന്മാരായ ദേവകള്‍ നിര്‍മ്മിച്ചതാണ് ഈ സുന്ദര മഹിഷത്തെ. മഹിഷത്തെ കാമിച്ച് ഭൂതലത്തിലെ വനാന്തരങ്ങളില്‍ അലഞ്ഞുതിരിയുന്ന ഭവതിയെ കണ്ടിട്ട് ഞങ്ങള്‍ക്ക് അതിയായദുഃഖമുണ്ട്. ഇന്ദ്രാദിദേവന്മാര്‍ ഇപ്പോള്‍ ദേവലോകത്ത് സുഖിച്ചുവാഴുകയാണ്.

പാലാഴികടയാന്‍ സുരന്മാരോടൊരുമിച്ച് ഞങ്ങളും കഠിന പരിശ്രമം ചെയ്തു. എന്നിട്ടും ഒരുതുള്ളി അമൃതുപോലും തരാതെ ഞങ്ങളെ പാതാളത്തിലേക്ക് ഓടിച്ചുവിട്ടു. ഞങ്ങളിനി എന്താണു ചെയ്യേണ്ടത്? അമൃതപാനത്താല്‍ അതിശക്തരായിത്തീര്‍ന്ന അമരന്മാരോട് ഏറ്റുമുട്ടാന്‍ ഞങ്ങള്‍ അശക്തരായിരിക്കുന്നു. ദാനവന്മാര്‍ക്കെല്ലാം കഷ്ടകാലം വന്നുചേര്‍ന്നു കഴിഞ്ഞു.

ദാനവന്മാരുടെ വാക്കുകള്‍കേട്ട് മഹിഷികോപം കൊണ്ടുജ്വലിച്ചു. സുന്ദരമഹിഷത്തെ തല്‍ക്ഷണം ത്യജിച്ച മഹിഷി ബ്രഹ്മദേവന്റെ വരത്തേക്കുറിച്ച് ചിന്തിച്ചു. ആ വരത്തിന്റെ പ്രഭാവത്താല്‍ മുന്‍പുണ്ടായപോലെ എണ്ണമറ്റ മഹിഷീഗണം അവളുടെ ശരീരത്തില്‍ നിന്നും ആവിര്‍ഭവിച്ചു. ഇതേസമയം സുന്ദരമഹിഷം തന്റെ ദേഹം ത്യജിച്ച് തന്റെ ഉത്പത്തിക്കുകാരണമായ ത്രിമൂര്‍ത്തികളില്‍ ലയിച്ചു.

വന്‍പടയോടുകൂടി മഹിഷി ദേവലോകത്തിലെത്തി. ദാനവസേനയും മഹിഷസേനയും ഒത്തു പരമശക്തയായ മഹിഷി സ്വര്‍ഗ്ഗകവാടത്തിലെത്തി ഇടിമുഴക്കം പോലെ ഗംഭീരശബ്ദത്തില്‍ സിംഹനാദം ചെയ്ത് ഇന്ദ്രനെ പോരിനു വിളിച്ചു. ദുര്‍മ്മതിയായ ഇന്ദ്രാ, നീ എന്നെ വഞ്ചിച്ച് അപഹരിച്ച നാകലോകം ഞാന്‍ തന്നെ വീണ്ടും അനുഭവിക്കുന്നതാണ്. എന്റെ പരാക്രമം നീ മുന്‍പേ കണ്ടറിഞ്ഞിട്ടുള്ളതാണ്. ദേവന്മാരായ നിങ്ങളുടെ അഹങ്കാരമാകുന്ന കാട്ടാനക്കൂട്ടത്തെ സംഹരിക്കുവാന്‍ സിംഹിയെപ്പോലേ ഒറ്റയ്ക്ക് ഞാന്‍ വന്നിതാ നില്‍ക്കുന്നു. ദുര്‍ന്നയന്മാരായ നിര്‍ജ്ജരകീടങ്ങളേ,എന്നോടു പോരിനായ്‌ വരിക.

മഹിഷിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍കേട്ട് ക്ഷുഭിതരായ ദേവകള്‍ വന്‍സൈന്യത്തോടൊപ്പം അസുരപ്പടയെ നേരിട്ടു. യാതൊരു അസ്ത്രവും മഹിഷിയുടെ ശരീരത്തില്‍ ഏല്‍ക്കുകയില്ല എന്നു കണ്ട് ദേവകള്‍ വിഷണ്ണരായി. അവളുടെ പരാക്രമത്തില്‍ വലഞ്ഞ ദേവകള്‍ ഹരിഹരപുത്രനായ ധര്‍മ്മശാസ്താവിന്റെ പാദപങ്കജങ്ങള്‍ സ്മരിച്ചു.

തങ്ങള്‍ക്കു ഭഗവാന്‍ മുന്‍പേ നല്‍കിയ വരത്തെക്കുറിച്ച് ഓര്‍മ്മിച്ച അവര്‍ ഭക്തിപൂര്‍വം ശാസ്താവിനെ ഭജിക്കാനൊരുമ്പെട്ടു. ദക്ഷിണദിക്കിലെ പമ്പാനദിയുടെ തീരത്തുചെന്ന് അവര്‍ ദക്ഷാരി സുതനായ ശാസ്താവിനെ സ്തുതിച്ചു തുടങ്ങി...

ഓം നമസ്‌തേ ഭഗവതേ,നാരായണായ നമോ

നമസ്‌തേ ഭഗവതേ,പാര്‍വ്വതീശായ നമഃ

ഘോരസംസാരാര്‍ണ്ണവതാരകായതേ നമഃ

താരകബ്രഹ്മരൂപധാരിണേ നമോ നമഃ

ഭൂതനാഥായ നമോ ബോധരൂപായ നമോ

പൂതരൂപായ നമോ പുണ്യപൂര്‍ണ്ണായ നമോ

ഓം എന്ന വര്‍ണ്ണത്രയമൊന്നായിവിളങ്ങീടു

മോങ്കാരരൂപായതേ നമസ്‌തേ നമസ്‌ക്കാരം

നമസ്‌തേ പകാരായസാദരം നമസ്‌ക്കാരം

നമസ്‌തേരേഫാന്തായസമസ്‌തേശായ നമഃ

നമസ്‌തേയകാരായ നമസ്‌തേഗോകാരായ

നമസ്‌തേ പകാരായ നമസ്‌തേതകാരായ

നമസ്‌തേരേഫാന്തായ നമസ്‌തേ നകാരായ

നമസ്‌തേമകാരായ നമസ്‌തേ നമോ നമഃ

നമസ്‌തേഹരിഹരനന്ദനായതേ നിത്യം

സമസ്തദുഃഖങ്ങളുമൊഴിച്ചുകൊള്ളേണമേ

വിശ്വകര്‍ത്താവേ! പരിപാലയജഗത്പതേ!

വിശ്വഭര്‍ത്താവേ! ജയവിശ്വഹര്‍ത്താവേ! ജയ

ജീവികള്‍ക്കെല്ലാമേകരൂപമാംജീവനാകും

ദേവദേവനാം ഭവാനെപ്പൊഴുംജയിച്ചാലും

ജന്മ:ദുഃഖങ്ങളെല്ലാംതീര്‍ത്തരുളീടുന്നൊരു

ധര്‍മ്മശാസ്താവേ! ജയിച്ചീടുകസദാകാലം

പന്തളഭൂമീശന്റെ പുണ്യപുഞ്ജമായീടും

സന്താനദൃമം പൂത്തുകായ്ച്ചു നിന്നീടും പോലെ

ചന്തംചിന്തീടുന്നൊരു നിന്തിരുപാദങ്ങളെ

ചിന്തചെയ്തീടുന്നോര്‍ക്കുസന്താപമുണ്ടാകുമോ?
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)

ഇങ്ങനെ സ്തുതിച്ച് ദേവവൃന്ദം ഭക്തിപരവശരായി നൃത്തം ചെയ്തു. (ധര്‍മ്മശാസ്താവിന്റെ അഷ്ടാക്ഷര മന്ത്രമായ ഓം പരായഗോപ്‌ത്രേ നമഃ ഈ സ്തുതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു).

സ്തുതി സ്വീകരിച്ച ഭക്തവത്‌സലനും പുരുഷോത്തമനുമായ ഭൂതനാഥന്‍ ദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷനായി. ഭഗവാന്‍ അമരന്മാരോടു പറഞ്ഞു: നിങ്ങളാല്‍ സ്തുതിക്കപ്പെട്ട ഞാന്‍ ഇതാ വരദായകനായി വന്നിരിക്കുന്നു. നിങ്ങളുടെ ആഗ്രഹം അറിയിക്കുക. ആര്യതാതനായ ഭൂതനായക സ്വാമി ഇങ്ങനെ കാരുണ്യാമൃതം ചൊരിഞ്ഞ് അരുളിച്ചെയ്തപ്പോള്‍ ദേവന്മാര്‍ ഭഗവാനെ വന്ദിച്ച് ഒന്നും മിണ്ടാതെ വിഷാദമോടെ മൗനം പൂണ്ടു നിന്നു.

ആദിതേയന്മാരുടെ അവസ്ഥ മനസ്സിലാക്കിയ ഭൂതനാഥന്‍ ഇന്ദ്രനോടു പറഞ്ഞു: ദുര്‍മ്മദമേറിയ മഹിഷിയുടെ മദം നശിപ്പിച്ച് സ്വര്‍ഗ്ഗലോകം ഭവാനു ഞാന്‍ നല്‍കുന്നതാണ്. മാത്രമല്ല, മേലില്‍ ഇങ്ങനെയുള്ള ദുഃഖങ്ങളുണ്ടായാല്‍ അവയും ഞാന്‍ തന്നെ പരിഹരിച്ചു തരുന്നതാണ്. നിങ്ങള്‍ ചൊല്ലിയ ഈ സ്തുതി നിറഞ്ഞ ഭക്തിയോടെ ജപിക്കുന്നവരാരോ അവര്‍ ഉത്തമജ്ഞാനികളായി ഭവിക്കും. അവര്‍ക്ക് ഒരുകാലത്തും ദുഃഖമുണ്ടാവുകയില്ല.

മകരലഗ്നത്തിലേക്ക് സൂര്യന്‍ കടക്കുന്ന വേളയിലോ മന്ദവാസരങ്ങളിലോ (ശനിയാഴ്ചകളിലോ) ഉള്ളില്‍ ഭക്തിയോടെ ഈ സ്‌തോത്രം ജപിക്കുന്നവന്‍ എനിക്കു പ്രിയങ്കരനാകും. ഇതുസത്യമാണ്. ഇങ്ങനെ അരുള്‍ ചെയ്ത് ഭൂതവൃന്ദത്തോടൊപ്പം ഭൂതനാഥസ്വാമി സ്വര്‍ഗ്ഗലോകത്തിലെത്തി. ആയുധപാണിയായി വന്നു ചേര്‍ന്ന ആര്യതാതനെക്കണ്ട് കോപിച്ച മഹിഷിതന്റെ ഉഗ്രമായശൃംഗങ്ങള്‍ (കൊമ്പുകള്‍) കുലുക്കി യുദ്ധത്തിനു പുറപ്പെട്ടു.

കൊമ്പുകള്‍ കൊണ്ടു ഭൂതനാഥനെ ആക്രമിക്കാന്‍ ശ്രമിച്ച മഹിഷിയെ ഭൂതനാഥന്‍ കോപത്തോടെ കൊമ്പുകളില്‍ പിടിച്ചുയര്‍ത്തി ആകാശത്തു വട്ടംകറക്കി. കുട്ടികള്‍ വടി വട്ടംകറക്കി കളിക്കുന്ന ലാഘവത്തോടെ ശാസ്താവ മഹിഷിയെ ചുഴറ്റിയ ശേഷം ഭൂമിയിലേക്ക് എറിഞ്ഞു. പമ്പാനദിയുടെ പടിഞ്ഞാറുഭാഗത്ത് അലസാനദിയുടെ (അഴുതയാറിന്റെ) തീരത്താണു മഹിഷി വന്നുവീണത്.

ഭൂമിയില്‍ നിന്നും മഹിഷി എഴുന്നേല്‍ക്കുന്നതിനു മുന്‍പേ മണികണ്ഠസ്വാമി മഹിഷിയുടെ ശരീരത്തിലേക്കു ചാടി അവളുടെ ഘോരശരീരത്തില്‍ കാല്‍പ്പാദങ്ങളാല്‍ പ്രഹരിച്ചു. മഹിഷീശരീരത്തില്‍ ഭൂതനാഥന്‍ നര്‍ത്തനം ചെയ്യുന്നതു കണ്ട ദാനവന്മാര്‍ ഭീതരായി പലായനം ചെയ്തു. സ്വാമിയുടെ നിര്‍ദ്ദേശാനുസാരം ഭൂതഗണങ്ങള്‍ ദാനവന്മാരെ സംഹരിച്ചു തുടങ്ങി.

മഹിഷിയുടെ ശരീരത്തില്‍ ശ്രീഭൂതനാഥന്‍ ശക്തിയോടുകൂടി നൃത്തമാടിത്തുടങ്ങിയതോടെ ആദിശേഷന്റെ പത്തികള്‍ ഞെരുങ്ങിത്തുടങ്ങി. ഭൂമി ആസകലം വിറച്ചു. ഭൂകമ്പം വരുന്നതാണോ എന്നുചിന്തിച്ച് ജനങ്ങള്‍ പരിഭ്രാന്തരായി.

നൃത്തത്തിന്റെ താളത്തിനൊത്ത് നാരദമഹര്‍ഷി വീണമീട്ടി സാമഗാനം ചെയ്തു. പുത്രന്റെ നൃത്തം കണ്ടു സന്തുഷ്ടരായി മഹാവിഷ്ണുവും മഹാദേവനും ആകാശത്തു നിലകൊണ്ടു. ദേവകള്‍ ഭക്തിയോടെ ആകാശത്തു നിന്നും പാരിജാതകുസുമങ്ങള്‍ വര്‍ഷിച്ചു. പന്തളകുമാരന്റെ നൃത്തത്തിന്റെ ഫലമായി ശക്തി ക്ഷയിച്ച മഹിഷി രക്തം ഛര്‍ദ്ദിച്ചു തുടങ്ങി.

പരാജിതയായ മഹിഷി ചിന്തിച്ചു: എന്റെ പാര്‍ശ്വഭാഗത്തു നിന്ന് ധീരതയോടെ നര്‍ത്തനം ചെയ്യുന്ന അതിധന്യനായ ഈ കുമാരന്‍ ആരാണ്? ഇവന്‍ ശങ്കരനാരായണന്മാരുടെ പുത്രന്‍ തന്നെ. ഇങ്ങനെ ചെയ്യുവാന്‍ വേറെയാര്‍ക്കും ശക്തിയുണ്ടാവുകയില്ല എന്നുറപ്പാണ്. അങ്ങയുടെ തത്വമൊക്കെ യഥാര്‍ത്ഥമായി അറിയുവാന്‍ ഭക്തവത്‌സലനായ അങ്ങയുടെ കാരുണ്യമുണ്ടാകണം. ഇങ്ങനെയോരോന്നു ചിന്തിച്ച മഹിഷി പരമസത്യമായ തത്വം തിരിച്ചറിഞ്ഞു. ഭക്തിയോടെ മഹിഷി ഭൂതനാഥനെ സ്തുതിച്ചു തുടങ്ങി.

ഈരേഴുലോകങ്ങള്‍ക്കുംകാരണഭൂതനായും

ഘോരസംസാരാര്‍ണ്ണവതാരകരൂപനായും

യാതൊരു ദേവന്‍ മമ മേനിയില്‍കളിക്കുന്നു

സാദരമവനെ ഞാനെപ്പോഴും നമിക്കുന്നേന്‍

അംബുജോത്ഭവവാക്യം സത്യമാക്കീടുവാനും

ഉന്മദമെനിക്കുള്ളതൊക്കെയും പോക്കുവാനും

യാതൊരു ദേവന്‍ മമ മേനിയില്‍ കളിക്കുന്നു

സാദരമവനെ ഞാനെപ്പോഴും നമിക്കുന്നേന്‍

ഭക്തരാം ദേവന്മാരെപ്പാലനം ചെയ്യുവാനും

ഭര്‍ത്തൃശാപത്തെ നമുക്കുള്ളതു നീക്കുവാനും

യാതൊരു ദേവന്‍ മമ മേനിയില്‍ കളിക്കുന്നു

സാദരമവനെ ഞാനെപ്പോഴും നമിക്കുന്നേന്‍

യാതൊരു ദേവന്‍ തന്റെ തേജസ്സില്‍ സമാശ്രയി

ച്ചാദിത്യാദികളാകും ഖേടങ്ങള്‍ ശോഭിക്കുന്നു

യാതൊരു ദേവന്‍ തന്റെ ചേതനകൊണ്ടുസര്‍വ്വ

ഭൂതസഞ്ചയങ്ങളും ചേതനമായീടുന്നു

അങ്ങനെയുള്ള ദേവനെന്നുടെ പാര്‍ശ്വഭാഗം

തന്നിലെന്നതു പോലെമാമകചിത്തത്തിലും

നൃത്തമാടീടുവാനായേഷ ഞാന്‍ ഭര്‍ത്തൃശാപ

യുക്തയെന്നിരിക്കിലും പത്തുകള്‍ പണിയുന്നേന്‍

ധര്‍മ്മഹീനരായീടും ദുര്‍മ്മതികളെയെല്ലാം

നന്മയില്‍ നടത്തുവാന്‍ സല്‍ഗുണശരീരനാം

ധര്‍മ്മശാസ്താവേ! ഭവാന്‍ മാമകാപരാധങ്ങള്‍

അംബുജേക്ഷണാ! പൊറുത്താശിഷം നല്‍കേണമേ
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)

മഹിഷിയുടെ ഈ സ്തുതികേട്ട് നൃത്തം മതിയാക്കി ഭൂതനാഥന്‍ ഭൂമിയിലേക്കു ചാടി. കരുണാമയനായ ഭൂതനാഥന്‍ അഹങ്കാരമെല്ലാമൊഴിഞ്ഞു തന്നെ സമാശ്രയിച്ച മഹിഷിയുടെ ശരീരത്തില്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍ നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു. ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക അനേകം ദിവ്യനാരിമാരോടൊരുമിച്ച് വിമാനത്തില്‍ ശോഭിച്ചു.

ദേവവൃന്ദങ്ങളാല്‍ പോലും വന്ദിക്കപ്പെട്ടവളായ ആ ദേവീ മണി കണ്ഠസ്വാമിയോടു പറഞ്ഞു:

ഭഗവാനേ, അങ്ങയുടെ കൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്. കൃപാനിധിയായ ഭൂതനാഥന്‍ മന്ദം ദേവിയോടു പറഞ്ഞു: നിര്‍മ്മലയായ ഭവതി എന്റെ ശക്തി തന്നെയാണ്. എന്നിരിക്കിലും ഈ ജന്മം എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാല്‍ എന്റെ സഹജയായി (സഹോദരിയായി) മഞ്ചമാതാവെന്ന ധന്യമായ നാമത്തോടെ ദേവപൂജിതയായി ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്‍പം ദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന്‍ ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ചമാതാവ് അപ്രത്യക്ഷയായി.

മഹാവിഷ്ണുവിനോടൊരുമിച്ച് ശ്രീപരമേശ്വരന്‍ അലസാനദിക്കരയില്‍ പ്രത്യക്ഷനായി. അവതാരലക്ഷ്യം നിറവേറ്റിയ പുത്രനെ മഹാദേവന്‍ ആലിംഗനം ചെയ്തു.

മഹാദേവന്‍ പറഞ്ഞു: ഭൂതനാഥാ, ദേവന്മാരുടെ ദുഃഖം ഭവാന്‍ ശമിപ്പിച്ചിരിക്കുന്നു. എങ്കിലും ഇനിയും പലകാര്യങ്ങളും നടത്താനുണ്ട്. നിന്നെക്കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന പന്തളരാജാവിനെ ഇപ്പോള്‍ തന്നെ ചെന്നുകാണുക. മോക്ഷം ലഭിക്കുവാന്‍ ഉതകുന്ന വേദാന്തതത്വങ്ങള്‍ മഹാരാജാവിനു ഉപദേശിച്ചു നല്‍കുക. ശ്രീരാമനായി ഭവാന്‍ തന്നെ ത്രേതായുഗത്തില്‍ ഉത്ഭവിച്ചുവല്ലോ. അന്ന് വാമലോചനയായ ശബരിയെന്ന തപസ്വിനി ഭവാനെ ആരാധിച്ചു ജീവന്‍ വെടിഞ്ഞിരുന്നു.

സഗുണരൂപത്തില്‍ തന്നെ ഭവാനെ ചിന്തിച്ചു ജീവത്യാഗം ചെയ്ത ശബരി ഭവാനില്‍ നിന്നും ധര്‍മ്മോപദേശങ്ങള്‍ ശ്രവിക്കുവാനായി വീണ്ടും ജനിച്ചിട്ടുണ്ട് (അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമന്‍ ശബരിക്കു നല്‍കുന്ന ഉപദേശങ്ങള്‍കാണാം). പമ്പാനദിയുടെ കിഴക്കുഭാഗത്ത് നീലപര്‍വ്വത സാനുവില്‍ ഭവാനെ നിര്‍ഗ്ഗുണനായി ധ്യാനിച്ച് യോഗനിഷ്ഠയായി ധന്യയായ ശബരി വസിക്കുന്നു. ഇനിയൊരു ജന്മം ഇല്ലാത്തവിധം ബ്രഹ്മസായൂജ്യം ലഭിക്കുവാന്‍ ശബരിക്കു വരം നല്‍കുക.

ശബരിയുടെ നാമം സ്മരിച്ചു കൊണ്ട് ആ മലയ്ക്ക് ശബരിമലയെന്നു തന്നെ പേരുണ്ടാകും. ഉത്തമനായ പന്തളരാജാവ് ആ മലയില്‍ ഭവാനുവേണ്ടി ഒരു സുന്ദരക്ഷേത്രം പണികഴിപ്പിക്കും. ഭവാന്‍ ആ പുണ്യക്ഷേത്രത്തിലും സര്‍വ്വദാ ഭക്തരുടെ അന്തരംഗത്തിലും മാമുനിമാര്‍ തീര്‍ത്ത പൊന്നമ്പലത്തിലും സല്‍ഗുണാഢ്യനായി ആമോദത്തോടെ വസിക്കുക.

ഒട്ടും വൈകാതെ ഭവാന്‍ പന്തളരാജധാനിയില്‍ ചെല്ലുക. ശോകാകുലനായ രാജശേഖരരാജാവിനെ സമാശ്വസിപ്പിക്കുക. ദേവസ്ത്രീകള്‍ പെണ്‍പുലികളായും ദേവവൃന്ദങ്ങള്‍ പുലിക്കുട്ടികളായും ദേവരാജനായ ഇന്ദ്രന്‍ മഹാവ്യാഘ്രമായും മാറുന്നതാണ്. ദേവരാജാവിന്റെ കഴുത്തിലേറി പന്തളത്തേക്കു പോവുക.

ദേവദേവനും കാമവൈരിയുമായ പരമേശ്വരന്‍ ഇപ്രകാരം പറഞ്ഞു നിര്‍ത്തിയപ്പോള്‍ പത്മനാഭനായ മഹാവിഷ്ണു ആനന്ദം പൂണ്ട് പുത്രസമീപം നിലകൊണ്ടു.

മണികണ്ഠന്റെ ശിരസ്സില്‍ ചുംബിച്ച് ബ്രഹ്മദേവന്‍ പറഞ്ഞു: ഉഗ്രയായ മഹിഷിയുടെ ഭൗതിക ശരീരം ഉടന്‍ തന്നെ അലസാനദിയുടെ കിഴക്കേക്കരയിലാക്കണം. അല്ലെങ്കില്‍ ആ ശരീരം അനുനിമിഷം വളര്‍ന്ന് ആകാശംമുട്ടി സൂര്യചന്ദ്രന്മാരുടെ ഗതിയെപ്പോലും തടയുന്നതാണ്. ആ ശരീരത്തിനുമുകളില്‍ കല്ലുകളിട്ട്മൂടി ഒരു കുന്നാക്കി മാറ്റണം.

കല്ലിടാംകുന്ന് എന്ന് ആ കുന്നിനു പേരുലഭിക്കും. ഇത്രയും പറഞ്ഞ് ഭൂതനാഥനെ അനുഗ്രഹിച്ച് ത്രിമൂര്‍ത്തികള്‍ അന്തര്‍ദ്ധാനം ചെയ്തു.

ബ്രഹ്മദേവന്‍ പറഞ്ഞതു പ്രകാരം മണികണ്ഠന്‍ മഹിഷീശരീരം അലസാ (അഴുതാ) നദിയുടെ മറുകരയിലാക്കുകയും ഭൂതഗണങ്ങള്‍ നാനാദിക്കുകളില്‍ നിന്നും കല്ലുകള്‍ കൊണ്ടുവന്ന് ആ ശരീരം മൂടുകയും ചെയ്തു. മഹിഷിയുടെ ശരീരം പ്രശസ്ത ഗിരിയായിമാറി.

മഹിഷിയുടെ ശരീരം മറവു ചെയ്തശേഷം ഭൂതനാഥന്‍ വാപരന്‍ എന്ന് പേരുള്ള ഭൂതത്തെ തന്റെ സമീപത്തേക്കു വിളിച്ചു. ശോഭന ഗാത്രനായ മണികണ്ഠസ്വാമി വാപരനോടു പറഞ്ഞു: ഈസ്ഥലത്ത് ഒരു ആലയം പണികഴിപ്പിച്ച് ഭൂതവൃന്ദങ്ങളോടുകൂടി ഭവാന്‍ സന്തോഷപൂര്‍വം വസിക്കുക. പന്തളരാജനെ കണ്ട് ഞാന്‍ തിരികെവരുന്നതുവരെ ഭക്തരെ സംരക്ഷിക്കുവാന്‍ ദുഷ്ട സത്വങ്ങളെ ഭൂതഗണങ്ങളോടൊരുമിച്ച് വേട്ടയാടി അമര്‍ച്ച ചെയ്ത് ഇവിടെ വാസമുറപ്പിക്കുക. അലംഭാവമൊട്ടുമില്ലാതെ ഭക്തരെ സംരക്ഷിക്കുക.

വാപരനോട് ഇങ്ങനെ പറഞ്ഞശേഷം താപസകുലത്തെ ഒന്നാകെ കടാക്ഷിച്ച് പന്തളരാജധാനിയിലേക്ക് അന്തകാന്തക പുത്രനായ ഭൂതനാഥന്‍ പുറപ്പെട്ടു. ലോകത്തെ ഭരിക്കുന്ന നാഥനെ ചുമക്കുവാന്‍ തനിക്കുയോഗമുണ്ടായല്ലോ എന്ന സന്തോഷത്തോടെ ദേവേന്ദ്രന്‍ വ്യാഘ്രരൂപം ധരിച്ച് മണികണ്ഠനു മുന്നില്‍ നിന്നു. വ്യാഘ്രത്തിന്റെ പുറത്തേറി ഭഗവാന്‍ യാത്രയാരംഭിച്ചു.

ദേവവനിതകള്‍ പെണ്‍പുലികളായും ദേവന്മാര്‍ പുലിക്കുട്ടികളായും ഇന്ദ്രനോടൊപ്പംചേര്‍ന്നു പന്തളത്തേയ്ക്കു നടന്നു. മണികണ്ഠനും പുലിക്കൂട്ടവും പന്തളരാജധാനിയില്‍ എത്തി.

പുലികളെ കണ്ടു പേടിച്ച് നഗരവാസികള്‍ ഭയഭീതരായി കോലാഹലശബ്ദത്തോടെ രക്ഷതേടി അങ്ങുമിങ്ങും ഓടിത്തുടങ്ങി. മഹാരാജാവ് കുമാരനെ കാട്ടില്‍ അയച്ച തുമൂലം ഇതാ നമുക്കു ഇപ്പോള്‍ നാട്ടിലും വസിക്കാനാവാത്ത അവസ്ഥയായിരിക്കുന്നു.

കാട്ടിലെ പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ട് ഒരുകേടും സംഭവിക്കാതെ ഇതാ മണികണ്ഠന്‍ വന്നിരിക്കുന്നു. ഇങ്ങനെ പറഞ്ഞു പലായനം ചെയ്യുന്ന പ്രജകളുടെ ശബ്ദം കേട്ട് രാജശേഖരരാജാവ് കൊട്ടാരത്തിന്റെ ഗോപുരവാതിലില്‍ വന്നു നോക്കി. ഉഗ്രതയേറുന്ന ശാര്‍ദ്ദൂലത്തിന്റെ കഴുത്തിലേറി കയ്യില്‍ ചാപബാണങ്ങളോടും എണ്ണമറ്റ ഈറ്റപ്പുലികളോടും പുലിക്കുട്ടികളോടും കൂടി വരുന്ന ശോഭന ഗാത്രനായ മണികണ്ഠനെ രാജാവ് കണ്ടു. ആനന്ദത്താല്‍ വിസ്മിതനായ മഹാരാജാവ്‌ വൃക്ഷത്തെപ്പോലെ ചലിക്കാനാവാതെ നിന്നു.

പിതാവിനെ കണ്ട് ഭൂതനാഥന്‍ പെട്ടെന്നു തന്നെ പുലിപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തെ വന്ദിച്ചു പറഞ്ഞു: മഹാരാജാവേ, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ കാര്യം സാധിച്ചു പുലികളേയും കൊണ്ട് ഇതാവന്നിരിക്കുന്നു.

ശീഘ്രം തന്നെ കിണ്ടിയുമായിവന്ന് പുലിപ്പാല്‍ കറന്നെടുത്ത് രാജ്ഞിക്കു നല്‍കാന്‍ ഭൃത്യന്മാരോട് ആജ്ഞാപിച്ചാലും. രാജ്ഞിയുടെ അസുഖം നിശ്ശേഷം മാറുന്നതാണ്. പാല്‍ ഉടന്‍ തന്നെ കറന്നെടുത്തില്ലെങ്കില്‍ പുലിക്കൂട്ടം വിശന്നു തളരും. ഇവയ്ക്ക് തിന്നാന്‍ എന്തെങ്കിലും നല്‍കുവാന്‍ നമുക്കു സാധിക്കുകയില്ല. പുലികള്‍ കടിക്കും എന്നുവിചാരിച്ചു പാല്‍ കറന്നെടുക്കാതിരിക്കരുത്.

ഞാന്‍ അവയെ പിടിച്ചു നിര്‍ത്തിക്കൊള്ളാം. ഈ വാക്കുകള്‍ കേട്ടു ഭീതിയോടെ വിറച്ചുകൊണ്ട് ഗദ്ഗദപൂര്‍വ്വം മഹാരാജാവ് ഉത്തമ പുരുഷനായ മണികണ്ഠ സ്വാമിയോടു പറഞ്ഞു: എന്തിനായാണ് അവിടുന്ന് എന്നെ ഈ വിധമെല്ലാം പരീക്ഷിക്കുന്നത്? നിന്തിരുവടി ആരാണ് എന്ന് എന്നോടു അരുളിച്ചെയ്താലും. പുലിക്കൂട്ടത്തെ ഭവാന്‍ കൊണ്ടുവന്നതില്‍ എനിക്ക് അശേഷം അത്ഭുതമില്ല.

ദിവ്യമന്ത്രൗഷധങ്ങളാലും രത്‌നങ്ങളാലുമൊക്കെ ഇതു സാധിക്കുന്ന മനുഷ്യര്‍ പലരുമുണ്ട് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും നിന്തിരുവടിയുടെ തേജസ്സു് പോലെ ദിവ്യമായ തേജസ്സ് ആര്‍ക്കും മന്ത്രൗഷധങ്ങളാല്‍ നേടിയെടുക്കാനാവില്ല. ഇത്രനാളും ഇല്ലാതിരുന്ന ദിവ്യതേജസ്സ് അങ്ങയുടെ തിരുമുഖത്ത് ഇന്നു കാണുകയാല്‍ അങ്ങ് എന്റെ പുത്രനാണ് എന്നുള്ള ഭാവം ഇന്നുമുതല്‍ എനിക്കില്ല. സത്യനായ ജഗദീശ്വരനാണ് അങ്ങ് എന്ന് ഞാന്‍ ഇന്നുമുതല്‍ ഓര്‍ക്കുന്നതാണ്.

ധന്യനായ ഭവാന്‍ ഇവിടെ നിന്നും വനത്തിലേക്ക് പോയ അന്നുമുതല്‍ എന്റെ പത്‌നിയുടെ രോഗവും ശമിച്ചു. അതിനാല്‍ ഇനി പുലിപ്പാല്‍ ആവശ്യമില്ല. ഈ പുലികളെ വന്ന വഴിയേതന്നെ വനത്തിലേക്കു വിട്ടാലും. അങ്ങയുടെ തത്വമെല്ലാം വിസ്തരിച്ച് ഉപദേശിച്ചുതന്ന് പന്തളരാജനായ എന്നെ മുക്തനാക്കിയാലും’.

ഇപ്രകാരം മണികണ്ഠനെ വന്ദിച്ച് രാജശേഖരനൃപന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവിടെ താപസോത്തമനായ അഗസ്ത്യന്‍ വന്നുചേര്‍ന്നു. കുംഭോത്ഭവനും ലോപാമുദ്രയുടെ പതിയുമായ അഗസ്ത്യ മഹര്‍ഷിയെ വിധിപ്രകാരം മഹാരാജാവ് പൂജിച്ചു.

മഹര്‍ഷിയുടെ പാദപത്മങ്ങളില്‍ പ്രണമിച്ച് അതീവ പരിഭ്രമത്തോടെ രാജശേഖരന്‍ ചോദിച്ചു. മഹാമുനേ, പന്തളരാജ്യത്തിന്റെ ഭാഗ്യലക്ഷ്മിയായ മണികണ്ഠകുമാരന്‍ ആരാണ് എന്നുള്ളത് ഇത്രയും കാലമായിട്ടും ഞാന്‍ അറിഞ്ഞില്ല. അത് അറിയുവാനുള്ള യോഗ്യത എനിക്ക് ഇല്ല എന്നറിയാം. എങ്കിലും അങ്ങ് അതെനിക്ക് പറഞ്ഞു തരുവാന്‍ ദയയുണ്ടാകണം.

രാജാവിന്റെ ചോദ്യം കേട്ട് അഗസ്ത്യമഹര്‍ഷി ശ്രീപരമേശ്വരന്റെ തൃപ്പാദങ്ങള്‍ സ്മരിച്ച ശേഷം മണികണ്ഠ സ്വാമിയുടെ ജന്മലക്ഷ്യവും മറ്റും അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.

വിസ്മയാവഹമായ ഭൂതനാഥചരിതം കേട്ട് രാജശേഖരമഹാരാജാവ് ആനന്ദവിവശനായി.

(ആറാം അദ്ധ്യായം സമാപിച്ചു)

രാജശേഖര മഹാരാജാവിന് ഭൂതനാഥനായ ഭഗവാന്‍ ഉപദേശിച്ചു നല്‍കിയ അദ്വൈതശാസ്ത്രത്തിന്റെ സംഗ്രഹമായ ‘ശ്രീഭൂതനാഥഗീത’യാണു ഭൂതനാഥോപാഖ്യാനത്തിലെ ഏഴുമുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദ്യം.

No comments:

Post a Comment