ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 November 2017

പതിനെട്ട് പടികള്‍

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 34

പതിനെട്ട് പടികള്‍

ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പദര്‍ശനത്തിനായി വരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെ സവിധത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി.

ശബരിമല ക്ഷേത്രം ഏതുപ്രകാരം നിര്‍മ്മിക്കണമെന്ന് മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായത്തില്‍ കാണാം. പതിനെട്ടാം പടിയേക്കുറിച്ചു മണികണ്ഠന്‍ പറയുന്നു – ”ക്ഷേത്രത്തില്‍ എന്റെ ലിംഗപ്രതിഷ്ഠയുടെ കിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയ സോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെ കടന്നാലേ നിര്‍ഗുണനായഎന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറിവന്നാല്‍ ഭക്തര്‍ക്ക് എന്റെ ലിംഗം കാണാന്‍ കഴിയണം.” മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍ കാണാം.

പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്ന ആദ്യത്തെ അഞ്ചു പടികള്‍
1. കണ്ണ്
2. ചെവി
3. നാക്ക്
4. മൂക്ക്
5. തൊലി

അഷ്ടരാഗങ്ങളെ സൂചിപ്പിക്കുന്ന പതിമൂന്ന് വരെയുള്ള അടുത്ത എട്ടു പടികള്‍

6. കാമം
7. ക്രോധം
8. ലോഭം
9. മോഹം
10. മദം
11. മാത്സര്യം
12. ഡംഭ്
13. അസൂയ

ത്രിഗുണങ്ങളെ സൂചിപ്പിക്കുന്ന പതിനാറു വരെയുള്ള അടുത്ത മൂന്ന് പടികള്‍

14. സത്വഗുണം
15. രജോഗുണം
16. തമോഗുണം

അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യപാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില്‍ നിന്ന് മോചനം നേടാനാവൂ എന്ന് തത്ത്വം.

ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്.
1.കാളകെട്ടി
2. ഇഞ്ചിപ്പാറ
3. പുതുശ്ശേരിമല
4. കരിമല
5. നീലിമല
6. പൊന്നമ്പലമേട്
7. ചിറ്റമ്പലമേട്
8. മൈലാടുംമേട്
9. തലപ്പാറ
10. നിലയ്ക്കല്‍
11. ദേവന്‍മല
12. ശ്രീപാദമല
13. കല്‍ക്കിമല
14. മാതംഗമല
15. സുന്ദരമല
16. നാഗമല
17. ഗൗണ്ടമല
18. ശബരിമല 
എന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നും കരുതാം. ഓരോമലയുടേയും ദേവത ഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നുചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശിക്കുന്നു എന്നുസാരം.

ചുരിക മുതല്‍ അസ്ത്രം വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി പരിണമിച്ചുവെന്നും ഒരു സങ്കല്പമുണ്ട്.

നാലുവേദങ്ങള്‍, ആറ്ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍, നാലുവര്‍ണ്ണങ്ങള്‍  എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ് എന്നും പറയാറുണ്ട്.

നാലുവേദങ്ങള്‍
1. ഋക്വേദം
2. യജ്ജുര്‍വേദം
3. സാമവേദം
4. അഥര്‍വ്വവേദം

ആറ് ശാസ്ത്രങ്ങള്‍
5. ജ്യോതിഷം
6. കല്പം
7. നിരുക്തം
8. ശിക്ഷ
9. വ്യാകരണം
10. ഛന്ദസ്സ്

ചതുരുപായങ്ങള്‍
11. സാമം
12. ദാനം
13. ഭേദം
14. ദണ്ഡം

നാലുവര്‍ണ്ണങ്ങള്‍
15. ബ്രാഹ്മണൻ
16. ക്ഷത്രിയൻ
17. വൈശ്യൻ
18. ശൂദ്രൻ

18 എന്ന അക്കത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്‍.

ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പണ്ടു പടിപൂജ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അതു തീര്‍ഥാടനകാലത്തും മാസപൂജയ്ക്ക് നട തുറക്കുമ്പോഴും മിക്ക ദിവസങ്ങളിലും നടക്കുന്നു. ശബരിമലയില്‍ ഏറ്റവും ചെലവേറിയ പൂജയും ഇതുതന്നെ. പൂജാദ്രവ്യങ്ങള്‍ക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്. ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിര്‍ത്തിവെക്കും. 30 നിലവിളക്കുകള്‍, 18 നാളികേരം, 18 കലശവസ്ത്രങ്ങള്‍, 18 പുഷ്പഹാരങ്ങള്‍ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

പതിനെട്ടു തത്വങ്ങളുടെ ഇരിപ്പിടവും പരമപവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ ദിവ്യസോപാനങ്ങള്‍ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടും ഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാം പടി ചവുട്ടാനുള്ള അര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജപ്രതിനിധിക്കും ഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ച് ആയിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. പതിനെട്ടുപടികളിലും തേങ്ങയുടച്ചുകയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായി വരുന്നയാള്‍ ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാം പടിയിലും നാളികേരം ഉടയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌ സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ ഒരുതെങ്ങു നടണമെന്നും ആചാരമുണ്ട്. പതിനെട്ടാം പടിയെ പരിശുദ്ധമായ നാളികേരജലത്താല്‍ അഭിക്ഷേകം ചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും; തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍ തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേര മുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടുവര്‍ഷം മലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19-ാം വര്‍ഷം വീണ്ടും ഒന്നാം പടിയില്‍ നാളികേരമുടച്ച്‌ ദര്‍ശനം നടത്തുന്നു. പല തവണ ഒന്നാം പടിയില്‍ നാളികേരമുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച അനേകം പരമഭക്തര്‍ കേരളത്തിലുണ്ടായിരുന്നു.

പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നുവന്നതിനാല്‍ കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ചലോഹം കൊണ്ട് പൊതിഞ്ഞ് ഇപ്പോള്‍ സംരക്ഷിക്കുന്നു. പടികളില്‍ നാളികേരം ഉടയ്ക്കുന്നതും നിര്‍ത്തലാക്കി. പടികളുടെ ഇരുവശത്തുമായി കറുപ്പസ്വാമിയും കറുപ്പായി അമ്മയും കടുത്തസ്വാമിയും ശബരിമലക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെ ചുവട്ടിലുള്ള ജലപ്രവാഹത്തില്‍ കാല്‍ നനച്ച് പതിനെട്ടുപടികളും തൊട്ടു വന്ദിച്ചുവേണം പതിനെട്ടാം പടികയറുവാന്‍. ഇടതുകാല്‍വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരം ഉടച്ച് ഭഗവാനെ വന്ദിച്ച് പുറംതിരിയാതെ ഓരോപടിയും തൊട്ടുവന്ദിച്ച് പടികളിറങ്ങി മടക്കയാത്ര ആരംഭിച്ചിരുന്നു. ഭക്തജന ബാഹുല്യംകാരണം ഇപ്പോള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്ല. പടിയുടെ മുകളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് നാളികേരമുടച്ച് ശരണംവിളിച്ച്‌ വടക്കേനടവഴി ഇറങ്ങിയാണ് ഇപ്പോള്‍ ഭക്തരുടെ മടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിനോളം തന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വം ശരണം വിളിയിലൂടെയും സ്മരിക്കുന്നു.

പതിനെട്ടാം പടിയുടെ സാംഗത്യത്തേക്കുറിച്ച് ശ്രീമദ് അയ്യപ്പഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിക്ക് അയ്യപ്പന്‍ നല്‍കിയ ദിവ്യോപദേശങ്ങളാണ് അയ്യപ്പഗീതയിലെ പ്രതിപാദ്യം.

18 അദ്ധ്യായങ്ങളുള്ള അയ്യപ്പഗീത കാശിയിലെ തിലപാണ്ഡികേശ്വരമഠത്തിലെ സന്യാസിവര്യനായിരുന്ന ശ്രീസ്വാമി അച്യുതാനന്ദമഹാരാജ് രചിച്ചതാണ്. അയ്യപ്പഗീതയ്ക്ക് ശ്രീജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ രചിച്ച മലയാള വ്യാഖ്യാനത്തെ ആസ്പദമാക്കിയാണ് പതിനെട്ടാം പടിയുടെ തത്വം ഇവിടെ ഉള്‍ക്കൊള്ളിക്കുന്നത് (കന്യാകുമാരി ആനന്ദകുടീരം ശ്രീമദ് അയ്യപ്പഗീത വ്യാഖ്യാനസഹിതം പ്രസിദ്ധികരിച്ചിട്ടുണ്ട്).

അയ്യപ്പഗീതയിലെ പതിനെട്ടാം അദ്ധ്യായമായ അയ്യപ്പദര്‍ശന യോഗത്തിലാണ് പതിനെട്ടാം പടിയെക്കുറിച്ച് വര്‍ണ്ണിക്കുത്. ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ പറയുന്നു - ”പ്രകൃതിതത്വങ്ങളാകുന്ന പഞ്ചകോശങ്ങളാല്‍ മറയ്ക്കപ്പെട്ട ആത്മസ്വരൂപം തെന്നയാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹമെന്നാണ് പതിനെട്ടാം അദ്ധ്യായം കൊണ്ട് സമര്‍ത്ഥിക്കുന്നത്. അല്ലെങ്കില്‍ പ്രസ്തുത ആത്മസ്വരൂപത്തെ ഉല്‍ബോധിപ്പിക്കുകയും സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗത്തെ നിര്‍ദ്ദേശിക്കുകയുമാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹം. അതിനാല്‍ ശബരിമല ശാസ്തൃദര്‍ശനം ഒരു പ്രകാരത്തില്‍ ആത്മദര്‍ശനം തന്നെ അല്ലെങ്കില്‍ ആത്മദര്‍ശനത്തിനുള്ള പ്രചോദനമെങ്കിലുമാണ്.”

ജ്ഞാനാമൃതപാനംകൊണ്ട് സംതൃപ്തയായ ശബരി അയ്യപ്പഭഗവാനെ സ്തുതിക്കുന്നു...

ശ്രേണീ തേ പ്രഥമാ തു സര്‍വ്വജഗതാം സന്ധാരിണീ മേദിനീ
സോപാനസ്യതഥാ പരാസു വിമലാ തത്വം ജലം ശോഭനം 
തേജസ്തസ്യ തൃതീയകാ ച തമസോരാശേരലം ഭക്ഷകം 
ഭൂയോ വായുരലങ്കരോതി ഭഗവന്‍ വ്യോമസ്ഥിതാ പഞ്ചമീ 1

ഷഷ്ഠീ തസ്യ വിരാജതേ തു രുചിരാ ശ്രേണീ തു വാണീ ശുഭാ 
ഭൂയഃ പാണിയുഗഞ്ച മംഗളമയീ സാ സ്യാദനംഗാരിജ!
പാദൗ ചാപി സുഗണ്യതേ സുരഗുരോ ശ്രേണീ പുനശ്ചാഷ്ടമീ 
പായുശ്ചേന്ദ്രിയ മസ്യ സുഷ്ഠു നവമീ സഞ്ജായതേ ശങ്കരീ 2

രമ്യം തേഖലു തസ്യ ദേവ ദശമീ ശ്രേണീ ച ശിശ്‌നേന്ദ്രിയം 
ശ്രോത്രം ചാത്ര പ്രചണ്ഡശാസ്ത്ര കുശലഞ്ചൈകാദശീ ശ്രേണികാ 
ത്വക് ഭൂയോപി ച ശോഭനാ രസപതേ തത്വം പരം ദ്വാദശീ 
ചക്ഷുശ്ചാപി സ്വരൂപദര്‍ശനകരം ജേഗീയതേ ശ്രേണികാ 3

ഘ്രാണശ്ചൈവ ചതുര്‍ദശീ പരതരം ഗന്ധോദ്വഹം സാ ശുഭാ
സ്വാദ്വസ്വാദുവിചാരണേ ച രസനാ ജിഹ്വാഗ്രദേശസ്ഥിതാ
ശ്രേണീ പഞ്ചദശീ മനോ മനനകൃല്‍ ശ്രേണീ വരാ ഷോഡശീ 
ബുദ്ധിര്‍ബ്ബോധകരീ സദാ ശുഭകരീ ശ്രേണീ മനോമോദിനീ 4

ശ്രേണീ തേ പരിമാര്‍ജ്ജിതാ സകലദാ കാമപ്രവാഹാനലാ 
സോപാനസ്യ വിരാജതേ/തിജയിനീ ജീവാത്മതത്വേന യാ 
ശ്രീശേശാത്മജനസ്യ പന്തളപതേരീശസ്യ ശാന്തിപ്രദാ 
ഇത്യഷ്ടാദശതത്വമച്യുതപദസ്ഥാനം ഹി വന്ദേ മുദാ 5

(ശ്രീമദ് അയ്യപ്പഗീത പതിനെട്ടാം അദ്ധ്യായം 1 മുതല്‍ 5 വരെ ശ്ലോകങ്ങള്‍)

പതിനെട്ടുപടികളെയും ധ്യാനിച്ചു വന്ദിക്കുവാന്‍ ഏറ്റവും ഉചിതമായ ശ്ലോകങ്ങളാണിവ. ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സ്വാമി ജ്ഞാനാനന്ദ സരസ്വതി പറയുന്നു:-

”സൂക്ഷ്മ ശരീരത്തിന് ആകെ പതിനേഴു ഘടകങ്ങളാണുള്ളത്. പ്രസ്തുത പതിനേഴു ഘടകങ്ങളും ജീവത്വമാകുന്ന അഭിമാനവും കൂടി പതിനെട്ടു തടസ്സങ്ങളാണ് ജീവന് ആത്മാവിനെ ദര്‍ശിക്കാന്‍ സമ്മതിക്കാതെ നില്‍ക്കുന്ന മുഖ്യങ്ങളായ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങളെ അതിക്രമിച്ചാല്‍ മാത്രമേ ആത്മസാക്ഷാല്‍ക്കാരത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ. പ്രസ്തുത പതിനെട്ട് പ്രതിബന്ധങ്ങളാണ് ശബരിമലക്ഷേത്രത്തിലെ പതിനെട്ടു പടികളാണിവിടെ സമര്‍ത്ഥിക്കുന്നത്.

ശബരിമല ക്ഷേത്രത്തില്‍ പതിനെട്ടു പടികള്‍ കയറിയാണ് ഭഗവല്‍ സന്നിധാനത്തിലെത്തുന്നത്. അപ്പോഴാണല്ലോ ഭഗവദ് ദര്‍ശനം സാധിക്കുന്നത്. അന്തര്‍യ്യാമിയായ ആത്മാവിനെ ദര്‍ശിക്കാനുള്ള പതിനെട്ടു തത്വപ്രതിബന്ധങ്ങളെയാണ് പതിനെട്ടു പടികളാക്കി കെട്ടിയിരിക്കുന്നത്. അതില്‍ അഞ്ചു പടികളുടെ താത്വിക സ്വരൂപത്തെയാണ് ആദ്യപദ്യം കൊണ്ടുപന്യസിക്കുന്നത്.

പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ് ആദ്യത്തെ അഞ്ചുപടികളെന്നാണു പറയുന്നത്. ഒന്നാമത്തേതു ഭൂമിയുടെയും രണ്ടാമത്തേതു ജലത്തിന്റെയും മൂന്നാമത്തേത് അഗ്നിയുടേയും നാലാമത്തേത് വായുവിന്റേയും അഞ്ചാമത്തേത് ആകാശത്തിന്റെയും പ്രതീകങ്ങളാണ്.

ജീവോപാധികളുടെ മുഖ്യങ്ങളായ ഘടകങ്ങള്‍ പഞ്ചഭൂതങ്ങള്‍ തന്നെ. സ്ഥൂലസൂക്ഷ്മാകാരമായ ജഗത്തു മുഴുവന്‍പഞ്ചഭൂതമയം തന്നെ അകവും പുറവും മുഴുവന്‍ പഞ്ചഭൂതവികാരങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ഏറ്റവും പുറമേയുള്ള കനത്ത ആവരണങ്ങളും പഞ്ചഭൂതങ്ങള്‍ തന്നെ. അതിനാല്‍ ആദ്യം അതിക്രമിക്കേണ്ടിയിരിക്കുന്നതു പഞ്ചഭൂതങ്ങളേയും അവയുടെ വികാരങ്ങളേയും തന്നെ ഈ തത്വത്തെ ഉല്‍ബോധിപ്പിക്കുന്നു ശബരിമല ക്ഷേത്ര സന്നിധാനത്തിലെ ആദ്യത്തെ അഞ്ചു പടികള്‍.

പഞ്ചഭൂതങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കര്‍മ്മേന്ദ്രിയങ്ങളാണു സൂക്ഷ്മശരീരത്തിലെ മുഖ്യങ്ങളായ അഞ്ചു ഘടകങ്ങള്‍. ജീവിതവും ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ജനനമരണങ്ങളും എന്നു വേണ്ട, ജീവന്റെ എല്ലാ അനുഭവങ്ങളും കര്‍മ്മമയങ്ങളാണ്. കര്‍മ്മങ്ങള്‍ക്കെല്ലാം ആസ്പദം കര്‍മ്മേന്ദ്രിയങ്ങളുമാണ്. വാക്ക്, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ് അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍.

ശബരിമല ക്ഷേത്രത്തിലെ 18 പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം കഴിഞ്ഞാല്‍ ആറു മുതല്‍ പത്തുവരെയുള്ള പടികള്‍ ക്രമേണ വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എന്നീ അഞ്ച് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതീകമാണ്.

പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ മൂന്നുപടികള്‍ ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ് എന്നീ മൂന്നു ജ്ഞാനേന്ദ്രിയങ്ങളുടെയും പ്രതീകമാണ്. പതിനാലും പതിനഞ്ചും പടികള്‍ ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നീ രണ്ടു ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്.

പതിനാറാമത്തെ പടി മനനാത്മകതത്വമായ മനസ്സിന്റേയും പതിനേഴാമത്തേതു ബോധാത്മകതത്വമായ ബുദ്ധിയുടെയും പ്രതീകങ്ങളാണ്. അങ്ങിനെ പതിനേഴു പടികളും സൂക്ഷ്മശരീരത്തിന്റെ പതിനേഴു ഘടകങ്ങളുടെ പ്രതീകങ്ങളോ, ഉല്‍ബോധകങ്ങളോ ആണ്.

പഞ്ചഭൂതങ്ങള്‍ അഞ്ച്, കര്‍മ്മേന്ദ്രിയങ്ങള്‍ അഞ്ച്, ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്, മനസ്സും ബുദ്ധിയും കൂടിയ അന്തഃകരണം രണ്ട്. ഇങ്ങിനെ ആകെ പതിനേഴു ഘടകങ്ങളാണ് സൂക്ഷ്മശരീരത്തിലൂള്ളത്. അവയും അവയുടെ വൃത്തികളുമാണ് ജീവന് ഈശ്വരദര്‍ശനത്തിനു തടസ്സങ്ങളായിട്ടിരിക്കന്നുത്. അതിനാല്‍ അവയെ അവശ്യം അതക്രമിക്കേണ്ടിയിരിക്കുന്നു. എങ്കിലേ ഈശ്വരനുമായി അടുക്കാന്‍ പോവുന്നുള്ളൂ. ഈ തത്വരഹസ്യത്തെ ഉൽബോധിപ്പിക്കുന്നവയാണ് പ്രസ്തുത പതിനേഴ് പടികള്‍.

പതിനെട്ടാമത്തേത് ജീവാത്മതത്വം തന്നെയാണ്. നാനാമുഖങ്ങളായ ആഗ്രഹപരമ്പരകള്‍ പ്രവഹിച്ചുകൊണ്ട് എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവുമായഭിമാനിക്കുന്ന അഭിമാനസ്വരൂപമായ ജീവാത്മാവുതന്നെ പതിനെട്ടാമത്തെ തത്ത്വം. അതിന്റെ പ്രതീകം അല്ലെങ്കില്‍ ഉല്‍ബോധകമാണ് പതിനെട്ടാമത്തെ പടി. അതിനേയും അതിക്രമിക്കുമ്പോഴാണ് ഒരാള്‍ക്ക് ഈശ്വരദര്‍ശമുണ്ടാവുന്നത്.

അങ്ങിനെയാണല്ലോ ശബരിമല ക്ഷേത്രത്തിലേയും സ്ഥിതി. ഇങ്ങിനെ തത്വോല്‍ബോധകങ്ങളും ശാന്തിപ്രദങ്ങളുമായ പ്രസ്തുത പതിനെട്ടു പടികളേയും ഞാന്‍ വന്ദിക്കുന്നു.”

No comments:

Post a Comment