ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2017

ശംഖ്

ശംഖ്

കാര്‍മ്മിക പ്രാധാന്യമുള്ള വാദ്യ സമ്പ്രദായത്തിലുള്ള ഒന്നാണ് ശംഖ്. പ്രകൃതിദത്തമായ ഒന്നാണിത്. പല ആകൃതിയിലും ഇവ ലഭിക്കുന്നുണ്ട്. വെളുത്തനിറമുള്ളവ മാത്രമാണ് അമ്പലങ്ങളില്‍ ഉപയോഗിച്ചുവരുന്നത്.
സാസങ്ക് എന്ന ജീവിയുടെ പുറംതോടാണിതെന്ന് പറയുന്നു. ഇതിനകത്തുള്ള ജീവി ചത്ത് മാംസം ദ്രവിച്ചാല്‍ ഇവ കടലില്‍ അടിയുന്നു.

വലംപിരിയും ഇടംപിരിയുമായി രണ്ടിനുമുണ്ട്. വലംപിരിയ്ക്കാണ് ഹൈന്ദവര്‍ പവിത്രത കല്‍പ്പിക്കുന്നത്. ഇത് അതിധാരാളം കിട്ടുന്നില്ല.
വലതുഭാഗത്ത് നിന്നും പിരിയുള്ളതാണ് വലംപിരി ശംഖ്. ലക്ഷണമൊത്ത ഇത് ഐശ്വര്യമാണത്രേ. പൂജയ്‌ക്കൊന്നും ഉപയോഗിക്കില്ല.

ദേവവാദ്യത്തില്‍ മംഗളധ്വനി ഉയര്‍ത്തുന്നത് ശംഖിനാലാണ്. സംഗീതശബ്ദം ആദ്യമായി വന്നത് ശംഖില്‍നിന്നത്രെ.
ദേവനെ പള്ളി ഉണര്‍ത്താനും നിവേദ്യസമയത്തും സന്ധ്യയ്ക്കും ദീപാരാധനയ്ക്കും ശംഖ് വിളിക്കും. ദേവനെ പുറത്തേയ്‌ക്കെഴുന്നെള്ളിക്കുന്ന പാണിയ്ക്ക് ശംഖ് മുഴക്കണം. സന്ന്യാസിമാരുടെ ആഗമനത്തിനും പഞ്ചവാദ്യം തുടങ്ങുമ്പോഴും ശംഖ് വിളിച്ചാണ് തുടങ്ങുന്നതുതന്നെ. കഥകളി, കൂടിയാട്ടം എന്നിവയിലും ശംഖ് വേണം. യുദ്ധം തുടങ്ങുന്നതും അവസാനിക്കുന്നതും ശംഖ് വിളിച്ചാണ്.

ശംഖുകള്‍ക്ക് ശബ്ദ വ്യത്യാസമുണ്ട്. വലിയ സുഷിരം ചെമ്പുകുഴലിനാലും മെഴുകുവച്ചും ക്രമപ്പെടുത്തുകയും ചെയ്യും. ശംഖാകൃതിപോലെ ചെറുതായി തുടങ്ങി നടുവശം വീര്‍ത്തും ചെറുതായി അവസാനിക്കും. മാരാര്‍ വിഭാഗത്തില്‍പെട്ടവരാണ് ശംഖ് വിളിക്കുക.

ഓംകാര സാദൃശ്യമാണ് ശംഖധ്വനി... ഇതൊരു സുഷിരവാദ്യമാണ്. ഹിന്ദുക്കള്‍ ശംഖിനെ പവിത്രമായി സങ്കല്‍പ്പിക്കുന്നു. പുരാതന കാലം മുതല്‍ താന്ത്രിക കര്‍മ്മങ്ങളില്‍ സുപ്രധാനമായി ഉപയോഗിക്കുന്ന ഒരു വാദ്യമാണിത്.

യുദ്ധം തുടങ്ങുന്നതിനു മുമ്പ് രാജാക്കന്മാര്‍ ശംഖ് മുഴക്കിയിരുന്നു. അവരുടെ യാത്രാവേളകളിലും എഴുന്നെള്ളത്ത് അറിയിക്കാനും ശംഖനാദം ആവശ്യമായിരുന്നു. കുരുക്ഷേത്ര യുദ്ധകളത്തില്‍ ഭീഷ്മരുടെ ആഗമനം തന്നെ ശംഖ് മുഴക്കികൊണ്ടാണ്...

പഞ്ചാജന്‍ എന്നാ അസുരന്‍ താമസിച്ചിരുന്നത് ഒരു ശംഖിലായിരുന്നെന്നു ഭാഗവതത്തില്‍ പറയുന്നുണ്ട്. സാന്ദീപനി മഹര്‍ഷി ഗുരുദക്ഷിണയായി ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടത് പഞ്ചജന്‍ തട്ടിക്കൊണ്ടുപോയ പുത്രനെയാരുന്നു. കണ്ണനും ബലഭദ്രരും പഞ്ചജനനെ അന്വേഷിച്ചു കണ്ടെത്തി. ശംഖില്‍ ഒളിച്ചിരുന്ന അസുരനെ ശ്രീകൃഷ്ണന്‍ വധിച്ചിട്ട് മഹര്‍ഷി പുത്രനെ ഗുരുസമക്ഷം കാഴ്ചവെച്ചു. ഒപ്പം പഞ്ചജന്റെ ശംഖും സ്വീകരിച്ചു...

അവന്റെ ശംഖിന്റെ പേരാണ് പാഞ്ചജന്യം. ശ്രീകൃഷ്ണനും യുദ്ധവേളകളില്‍ പാഞ്ചജന്യം മുഴക്കിയിരുന്നു, അര്‍ജുനന്റെ ശംഖ് "ദേവദത്തം" എന്നാ പേരില്‍ അറിയപ്പെടുന്നു. ഭീമന്‍ ഉപയോഗിക്കുന്നത് പൌണ്ഡ്രവും നകുലന്റെ ശംഖ് സുഘോഷവും സഹദേവന്റെ മണിപുഷ്പകവുമാണ്. അന്ന് എല്ലാ വീരയോദ്ധാക്കള്‍ക്കും രാജാക്കന്മാര്‍ക്കും ശംഖ് ഉണ്ടായിരുന്നു.

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ശംഖ് മുഴക്കിയാണ് ദേവനെ ഉണര്‍ത്തുന്നത്. ദീപാരാധനയ്ക്കും ശ്രീകോവിലിലേക്ക് നിവേദ്യം എഴുന്നള്ളത്തിനും ശംഖനാദം ഉണ്ടാകും. ക്ഷേത്രത്തിനു പുറത്തു ചുറ്റംബലത്തിലും പ്രദക്ഷിണ വഴിയിലും ശീവേലിക്ക് തിടമ്പ് എഴുന്നള്ളിക്കുംമ്പോളും ശംഖധ്വനി നിര്‍ബന്ധമാണ്‌. ഇടയ്ക്കയുടെ നാദവും ശംഖധ്വനിയും കാതിനു ഇമ്പമേകും. പഞ്ചവാദ്യം തുടങ്ങുന്നത് ശംഖ് വിളിയോടെയാണ്.

ശംഖിന്റെ പൊടി ആയുർവേദത്തിൽ മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്.

ശംഖുകൾ ദ്വാരമില്ലാത്തവയും ഉണ്ടാകാറുണ്ട്. പക്ഷേ ദ്വാരമില്ലാത്ത ശംഖ് വാദ്യമായി ഉപയോഗിക്കാനാവില്ല. വൈദികകർമ്മങ്ങൾക്കാണ് ഈ തരം ശംഖുകൾ ഉപയോഗിക്കുന്നത്. ഹോമത്തിലും മറ്റുമായി തളിക്കുവാനുള്ള വെള്ളം ശേഖരിക്കാൻ ഈ തരം ശംഖുകൾ ഉപയോഗിക്കുന്നു.

വലംപിരിശംഖ്

കാലം ഇപ്പോൾ കലിയുഗം ആണ്. ധനാർത്തി മൂത്ത കാലം. ധർമ്മം ക്ഷയിച്ച്, അർത്ഥം, കാമം, ലോഭം, മോഹം എന്നിവ അരങ്ങ് വാഴുന്ന കാലം. അപ്പോഴാണ് ധനമോഹത്തെ ഉത്തേജിപ്പിക്കാനായി വലംപിരിശംഖിന്റെ വരവ്. മലർത്തി വയ്ക്കു മ്പോൾ ശംഖിന്റെ വായ ഭാഗം വലത്തോട്ട് തിരിഞ്ഞ് ഇരിക്കുന്നത് വലംപിരിയും, ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത് ഇടം പിരിയും.  ഇടംപിരി ശംഖ് കടലിൽ നിന്ന് ധാരാളമായി ലഭ്യമാകുന്നു. എന്നാൽ വലംപിരി ശംഖ് വളരെ കുറവ്. അതിൽ തന്നെ ലക്ഷണമൊത്ത  വലംപിരിശംഖ് അപൂർവ്വമായി മാത്രം ലഭിക്കുന്നു. 

ശരിയായ വലംപിരിശംഖ് (ലക്ഷ്മി ശംഖ്) ഭവനത്തിലും വ്യാപാരസ്ഥാപനത്തിലും മറ്റും സൂക്ഷിച്ചു വച്ചാലും വെച്ച് പൂജിച്ചാലും അവിടെ ധന ഐശ്വര്യങ്ങൾ വർദ്ധിക്കും എന്നത് ഒരു പാരമ്പര്യ ഭാരതീയ വിശ്വാസമാണ്. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നാടോടിക്കഥകളിലും അത്തരം പരാമർശം കാണാം. ഇതിനെ കലിയുഗത്തിൽ വ്യാപാരവൽക്കരിക്കുകയാണ് വലംപിരി ശംഖ് വ്യാപാരികൾ.

മഹാലക്ഷ്മി വലംപിരിശംഖ്, ശ്രീ ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്, കുബേര മഹാലക്ഷ്മി വലംപിരിശംഖ്, സർവ്വ ഐശ്വര്യ ജന–മന ധനാകർഷണ മഹാലക്ഷ്മി ശംഖ് കൂടാതെ മറ്റ് പല വിധമായ പേരുകളിലും വലംപിരിശംഖ് വിൽക്കുന്നു. വലംപിരി ശംഖിന്റെ മാർക്കറ്റിംഗ് തന്ത്രത്തിൽ കുടുങ്ങാത്ത വീട്ടമ്മമാർ ചുരുക്കം. മാർക്കറ്റിംഗ് പരസ്യങ്ങളിൽ ഹിറ്റ് പ്രോഗ്രാം ആണ് വലംപിരി ശംഖുകൾ. വലംപിരി ശംഖ് വലിയ വില കൊടുത്ത് വാങ്ങി ഭയഭക്തി ബഹുമാനപുരസ്സരം ത്രിസന്ധ്യകളിൽ പൂജ  ചെയ്ത് ധനവും, ഐശ്വര്യവും കാത്തിരിക്കുന്നവരാണ് നമ്മുടെ ചില വീട്ടമ്മമാരും, ചില ഗൃഹനാഥൻമാരും. 

ധനമോഹികൾ ആയ പൂജാരിമാരും, ജ്യോത്സ്യൻമാരും വലം പിരിശംഖിന്റെ പരസ്യം സാക്ഷ്യപ്പെടുത്താനും എത്താറുണ്ട്. ചിലപ്പോൾ അത് അവരുടെ അറിവില്ലായ്മ മൂലവും ആകാം. മിക്ക വലംപിരിശംഖ് വ്യാപാരികളും ഇന്ത്യൻ സമുദ്രങ്ങൾ ആയ ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാ സമുദ്രം എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന ശരിയായ വലം പിരിശംഖിന് പകരം വടക്കേ അമേരിക്കയുടെ കടലിൽ നിന്ന് കിട്ടുന്ന വലംപിരിശംഖിന്റെ അനുകരണത്തെയാണ് വിൽക്കുന്നത്. 

WHELK (ഹൽക്ക്) എന്ന വടക്കേ അമേരിക്കൻ കടൽ ശംഖ് അല്ല നിങ്ങളുടെ കൈവശം ഉള്ളത് എന്ന് ഉറപ്പ് വരുത്തിയ ശേഷം ഇനി പൂജ തുടർന്നാൽ മതി. പ്രസ്തുത വിദേശി ശംഖാണ് നിങ്ങളുടെ ഭവനത്തിലോ, സ്ഥാപനത്തിലോ ഇരിക്കുന്നത് എങ്കിൽ അത് വിശ്വാസ പ്രകാരമുള്ള ധനാകർഷണം ഒന്നും നടത്തുകയില്ല. നിങ്ങളുടെ ധനം അമേരിക്കൻ ശംഖ് വില്പനക്കാരൻ ആകർഷിച്ച് കൊണ്ട് പോയി എന്നു കരുതി ആശ്വസിക്കുക. 

ശരിയായ വലംപിരി ശംഖ് ഇന്ത്യൻ മഹാ സമുദ്രത്തില്‍ നിന്നും, അതിന്റെ പാർശ്വത്തിൽ ഉള്ള രണ്ട് കടലുകളിൽ നിന്നും ആണ് ലഭിക്കുന്നത്. ഇവ എണ്ണത്തിൽ കുറവാണ്. ഈ ശംഖിലാണ് ധന ദേവതയായ മഹാലക്ഷ്മി വസിക്കുന്നു എന്ന് പുരാണ കഥകളിൽ പറയുന്നത്. പ്രസ്തുത ശംഖിനെ പൂജിക്കുന്നത് ശ്രേയസ്സ്കരം എന്നു വിശ്വസിച്ചു പോരുന്നു. പ്രസ്തുത ശംഖിൽ മഹാലക്ഷ്മിയെ ആവാഹിച്ച് പൂജിക്കുന്നവരും ഉണ്ട്.

പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് ലക്ഷണമൊത്ത വലംപിരിശംഖിന്റെ വില. വലംപിരിശംഖിന്റെ ശാസ്ത്രീയ നാമം TURBINELLA PYRUM എന്നാണ്. ഇവയുടെ വലംപിരിയോടൊപ്പം ഇടം പിരിയും ലഭ്യമാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമായ ശരിയായ വലംപിരിശംഖിന്റെ എണ്ണം വച്ച് നോക്കുമ്പോൾ ലഭ്യതയും, വില്പനയും തമ്മിൽ പൊരുത്തപ്പെടാറില്ല. 

അതായത് ഭാർഗ്ഗവിയുടെ കറുത്ത ആടിന് ദിവസം 3 ഗ്ലാസ്സ് പാല് കിട്ടും. കറുത്ത ആടിന്റെ പാലിന് ഔഷധഗുണം ഉണ്ടെന്ന വിശ്വാസം മൂലം ഈ പാലിന് വലിയ വിലയാണ്. ആവശ്യക്കാർ ഏറെ ആയതോടെ ഭാർഗ്ഗവി 6 ഗ്ലാസ്സ് പാൽ വിൽക്കാൻ തുടങ്ങി. ഇതേ സ്ഥിതിയാണ് വലംപിരിശംഖ് എന്ന ലക്ഷ്മി ശംഖിന്റെയും സ്ഥിതി.

ഇവിടെയാണ് വടക്കേ അമേരിക്കൻ കടലിൽ നിന്നു ലഭിക്കുന്ന വലംപിരിശംഖിന്റെ വ്യാപാര സാധ്യത തെളിഞ്ഞത്. WHELK (ഹൽക്ക്) എന്ന അമേരിക്കൻ വലംപിരിശംഖിന്റെ ശാസ്ത്രീയ നാമം BUSYCON CONTRARIUM. 

ഈ ശംഖാണ് പെട്ടിക്കണക്കിന് ഇറക്കുമതി ചെയ്ത് മാർക്കറ്റിൽ വിൽക്കുന്നത്. നിറം, മിനുസം, ഭാരം, ആകൃതി, എന്നിവയിൽ ഇന്ത്യൻ വലംപിരി ശംഖും അമേരിക്കൻ വലംപിരിശംഖും തമ്മിൽ മോരും –മുതിരയും പോലെയുള്ള വ്യത്യാസം കാണാം. ഇക്കാര്യം മനസ്സിലാക്കാതെയാണ് അമേരിക്കൻ വലംപിരി ശംഖിനെ പല വ്യാപാരികളും, വിശ്വാസികളും പൂജാമുറിയിൽവെച്ച് ആരാധിക്കുന്നത്. സംശയം ഉള്ളവർ ഗൂഗിൾ സെർച്ചിൽ നോക്കുക. അപ്പോൾ മനസ്സിലാകും. വലംപിരി ശംഖിന്റെ ഉള്ളിലെ ഇടംപിരി ചതികൾ. ലക്ഷണമൊത്ത വലംപിരിശംഖുകൾ വാങ്ങി വിശ്വാസം സംരക്ഷിക്കുക.

ശംഖ്‌ പൂരണം

ഒരു ഉപകരണമാണ്‌ ശംഖ്‌. പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌. വിശ്വപ്രപഞ്ചത്തിന്റെ ആദികാരണമായ പ്രണവശബ്ദം ശംഖിലൂടെയാണ്‌ പ്രവഹിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം ശബ്ദരൂപമായ പ്രപഞ്ചത്തെ ശംഖ്‌ പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌. ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. ശംഖില്‍ നിറയ്ക്കുന്ന ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ ജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌. കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌. പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹനമന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തുവച്ച കിണ്ടിയിലേക്ക്‌ പകരുന്നു. കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പാജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌. ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌. പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌. ഈ സങ്കല്‍പത്തോടെ വേണം ക്രിയചെയ്യാന്‍. ‘കുഴിക്കാട്ടുപച്ച’യില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തീര്‍ത്ഥവാഹനമന്ത്രമായ ‘ഗംഗേചയമുനേ ചൈവഗോദാവരി സരസ്വതി നിര്‍മ്മദേ സിന്ധു കാവേലി ജലേസ്മിന്‍ സന്നിധിം കുരു’ എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആഹ്വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌ മൂലമന്ത്രം കൊണ്ട്‌ പൂജിക്കണം. അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം.
                                      
ശംഖുകള്‍  കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം  ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി  കടുത്ത പുറംതോടുള്ളത് കാരണം   ജലത്തിന്റെ മര്ദ്ധം കൊണ്ട് ശരീരം തകരുന്നില്ല. നമ്മുടെ പരിസരം   ദുര്‍ഗന്ധം വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം  കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?

ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ  അവിടം ശുദ്ധമാകുന്നു ..

സൂര്യ കിരണങ്ങള്‍ ജലത്തെ ശുദ്ധമാക്കും. പക്ഷേ   സുര്യ പ്രകാശ രശ്മികള്‍ക്ക് വളരെ താഴെയുള്ള    അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താന്‍  സാദിക്കില്ല. കടല്‍ ജലം ശുദ്ധികരിക്കാനും  ഒരു മാര്‍ഗ്ഗം പ്രുകൃതിദേവി. സീകരിച്ചു അങ്ങിനെ  പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകള്‍

ദക്ഷിണവർത്തി ശംഖ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ടുകിടക്കുന്നു മഹാവിഷ്ണുവിന്റേയും ലക്ഷ്മിയുടെയും കൈകളിൽ ഇതുണ്ടാവും.വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ശംഖിൽ പാലും ഗംഗാജലവും ഒഴിച്ച് വീടുകളിലോ ഓഫീസുകളിലോ തളിച്ചാൽ സാമ്പത്തികവിഷമം തീണ്ടുകയില്ല എന്നാണു വിശ്വാസം

ശംഖ് ചില അറിവുകൾ...

1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
ഓംകാരം

2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം

3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
വലം പിരി ശംഖ്, ഇടം പിരി ശംഖ്

4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
വിഷ്ണു സ്വരൂപം

5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
ദേവി സ്വരൂപം

6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
ദുർഗ്ഗാദേവിയുടെ

7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
ജലത്തിലൊഴുക്കണം

8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
ഇക്കരകൊട്ടിയൂർ ക്ഷേത്രം

9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
രക്തശുദ്ധി

10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
ഇടംപിരി ശംഖ്

11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം

12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
അനന്തവിജയം

13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
പൗണ്ഡ്രം

14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
ദേവദത്തം

15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
സുഘോഷം

16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
മണിപുഷ്പകം

17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
മംഗളകരമായധ്വനി

18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
ജലനിധി

19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്

20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
ചലഞ്ചലം.....

2 comments:

  1. മഹാവിഷ്ണുവിൻ്റെ ശംഖിൻ്റെ പേര് പാഞ്ചജന്യമല്ല. പാഞ്ചജന്യം ശ്രീകൃഷ്ണൻ്റെ ശംഖാണ്. ശരിയായ ഉത്തരം അന്വേഷിക്കുക.

    ReplyDelete
  2. അറിവില്ലാത്തവന്റെ ലേഖനം ശുദ്ധ വിഡ്സ്സിത്തരം

    ReplyDelete