ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 November 2017

ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 33

ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ

ശ്രീധര്‍മ്മശാസ്താവിനെ വ്യത്യസ്തഭാവങ്ങളില്‍ ആരാധിച്ചുവരുന്നു. ഭഗവാന്റെ മുഖ്യധ്യാനശ്ലോകങ്ങളും അവയുടെ ലഘുവിവരണവുമാണ് ഇനി നല്‍കുന്നത്.

പ്രഭാസത്യകസമേതശാസ്താവ്

ശ്ലോകം
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനം

സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം

നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-

സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാകല്പം സ്മരേദാര്യകം

ശ്ലോകവിവരണം
മിനുത്തുചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍ വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടുംകൂടിയവനും, ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ (ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു.

പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവ്

ശ്ലോകം
ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം

ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ

ശ്ലോകവിവരണം
ശങ്കരനന്ദനനും ഹരിസുതനും കുമാരന്‍ (സുബ്രഹ്മണ്യന്‍) മാരന്‍ (കാമദേവന്‍) എന്നിവരുടെ അഗ്രജന്‍ (ജ്യേഷ്ഠന്‍) ആയവനും ചാപം (കരിമ്പിന്‍ വില്ല്), പുഷ്പശരം എന്നിവ കയ്യില്‍ ധരിച്ചവനും മദയാനയുടെ പുറത്തേറിയവനും ചുമന്നവസ്ത്രം ഉടുത്തവനും ഭൂതപ്രേതപിശാചാദികളാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും ശ്മശ്രുവാല്‍ (താടിരോമങ്ങളാല്‍) അലംകൃതനായവനും പാര്‍ശ്വത്തില്‍ പൂര്‍ണ്ണാ പുഷ്‌ക്കലാ എന്നീ കാമിനിമാരോടുകൂടിയവനും മഹേശനുമായ ശാസ്താവിനെ ഭജിക്കുന്നു.

വിദ്യാപ്രദ മഹാശാസ്താവ്

ശ്ലോകം
ശാന്തം ശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം

ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം

വീണാം പുസ്തകമക്ഷസൂത്രവലയം വ്യാഖ്യാനമുദ്രാംകരൈര്‍

ബിഭ്രാണം കലയേസദാ ഹൃദിമഹാശാസ്താരമാദ്യം വിഭും

ശ്ലോകവിവരണം
ശാന്തസ്വരൂപനും ശരദ്കാലചന്ദ്രകാന്തത്തിന്റെ ധവളവര്‍ണ്ണത്തോടുകൂടിയവനും ചന്ദ്രനേപ്പോലെ ശോഭിക്കുന്ന മനോഹരമുഖത്തോടുകൂടിയവനും സൂര്യചന്ദ്രന്‍മാരെപ്പോലെ ശോഭിക്കുന്ന കുണ്ഡലങ്ങളണിഞ്ഞവനും ചതുര്‍ബാഹുക്കളില്‍വീണ, പുസ്തകം, അക്ഷമാല, വ്യാഖ്യാനമുദ്ര എന്നിവ ധരിച്ചവനും വിഭുവുമായ മഹാശാസ്താവിനെ ഞാന്‍ നിത്യവും ഹൃദയത്തില്‍ ധ്യാനിക്കുന്നു.
[ശാസ്താവിന്റെ സത്വഗുണസ്വരൂപ ധ്യാനമാണിത്.]

ത്രൈലോക്യമോഹന ശാസ്താവ്

മഹാദേവനെ മോഹിപ്പിച്ച മോഹിനീ ദേവിയുടെ പുത്രനായശാസ്താവിനെ ത്രിലോകങ്ങളേയും മോഹിപ്പിക്കുന്നവനായി ആരാധിക്കുന്നു. ത്രൈലോക്യസമ്മോഹനനായ ശാസ്താവിന്റെ ധ്യാനം ഇതാണ്.

ശ്ലോകം
തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം

ദേവം പുഷ്പശരേക്ഷുകാര്‍മുകലസ-
•ന്മാണിക്യപാത്രാഭയം

ബിഭ്രാണംകരപങ്കജൈര്‍മദഗജ-
സ്‌കന്ധാധിരൂഢംവിഭും

ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം

ശ്ലോകവിവരണം
തേജോമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ ഇരിക്കുന്നവനും ത്രിനേത്രങ്ങളോടുകൂടിയവനും ദിവ്യമായവസ്ത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടവനും പുഷ്പശരം (പൂവമ്പ്), ഇക്ഷുകാര്‍മ്മുകം (കരിമ്പിന്‍ വില്ല്) മാണിക്യനിര്‍മ്മിതമായ പാത്രം, അഭയമുദ്ര എന്നിവ നാലുകരങ്ങളില്‍ ധരിക്കുന്നവനും മദയാനയുടെ കഴുത്തില്‍ ഇരിക്കുന്നവനും ത്രൈലോക്യങ്ങളെ മോഹിപ്പിക്കുന്നവനും വിഭുവും ആയ ശാസ്താവിനെ എല്ലായ്‌പ്പോഴും ശരണം പ്രാപിക്കുന്നു.
[ശാസ്താവിന്റെ രജോഗുണസ്വരൂപ ധ്യാനമാണിത്]

ശത്രുമര്‍ദ്ദകശാസ്താവ്

ശ്ലോകം
കല്‍ഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം

കര്‍പ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം

ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-

രൂഢം ശത്രുവിമര്‍ദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ

ശ്ലോകവിവരണം
കല്‍ഹാരത്തിനേപ്പോലെ (നീല ആമ്പലിനെപ്പോലെ) ഉജ്ജ്വലിക്കുന്ന നീലനിറമാര്‍ന്ന തലമുടിക്കെട്ടോടുകൂടിയവനും, കാര്‍മ്മേഘത്തിന്റെ ശ്യാമവര്‍ണ്ണത്തോടുകൂടിയവനും, കര്‍പ്പൂരസുഗന്ധത്താല്‍ അഭിരാമമായ ദേഹത്തോടുകൂടിയവനും കാന്തിയേറിയ ചന്ദ്രബിംബം പോലെ പ്രകാശിക്കുന്ന മുഖത്തോടു കൂടിയവനും ദണ്ഡം (ഇരുമ്പുലക്ക), പാശം (കയറ്), അങ്കുശം (തോട്ടി), ശൂലം എന്നിവ ധരിച്ച നാലുകരങ്ങളോടുകൂടിയവനും മദയാനയുടെ പുറത്തേറിയവനും ശത്രുക്കളെ മര്‍ദ്ദിക്കുന്നവനും ആദ്യനു മായമഹാശാസ്താവിനെ ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.
[ശാസ്താവിന്റെ തമോഗുണസ്വരൂപ ധ്യാനമാണിത്.]

ഇഷ്ടവരദായകശാസ്താവ്

ശ്ലോകം
ആശ്യാമകോമളവിശാലതനും വിചിത്ര

വാസോവസാന മരുണോത്പലദാമഹസ്തം

ഉത്തുംഗരത്‌നമകുടംകുടിലാഗ്രകേശം

ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ

ശ്ലോകവിവരണം
ശ്യാമവര്‍ണ്ണമാര്‍ന്ന വലിയശരീരത്തോടുകൂടിയവനും വിചിത്രമായ (വൈവിധ്യമാര്‍ന്ന) വസ്ത്രം അണിഞ്ഞവനും ചുവപ്പു നിറമാര്‍ന്ന ഉത്പല (താമര) ദാമം (മൊട്ട്) കയ്യില്‍ ധരിച്ചവനും ഉത്തുംഗമായ രത്‌നകിരീടത്തോടും കുടിലോഗ്രമായ കേശത്തോടുംകൂടിയവനും ഇഷ്ടവരദായകനുമായ ശാസ്താവിനെ ഞാന്‍ ശരണം പ്രാപിക്കുന്നു.

ഭൂതനായകശാസ്താവ്

ശ്ലോകം
ഘനച്ഛവീകളേബരം കനല്‍കിരീടമണ്ഡിതം

വിധോഃ കലാധരംവിഭുംവിഭൂതിമണ്ഡിതാംഗകം

അനേക കോടിദൈത്യഗോത്രഗര്‍വവൃന്ദനാശനം

നമാമി ഭൂതനായകംമുരാന്തകം പുരാന്തകം

ശ്ലോകവിവരണം
ഗംഭീരമായ ശോഭയുള്ള ശരീരത്തോടുകൂടിയവനും ജ്വലിക്കുന്ന കിരീടമണിഞ്ഞവനും ചന്ദ്രക്കല അണിഞ്ഞവനും ഭസ്മലേപിതമായ അംഗങ്ങളോടുകൂടിയവനും അനേകകോടി ദൈത്യഗോത്രങ്ങളുടെ ഗര്‍വിനെ നശിപ്പിച്ചവനും മുരാന്തകനും പുരാന്തകനുമായ ഭൂതനായകനെ ഞാന്‍ നമിക്കുന്നു.

ശബരിഗിരീശ്വരന്‍

ശ്ലോകം
അഖിലഭുവനദീപം ഭക്തചിത്താബ്ജസൂനം

സുരഗണപരിസേവ്യംതത്ത്വമസ്യാദിലക്ഷ്യം

ഹരിഹരസുതമീശംതാരകബ്രഹ്മരൂപം

ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം

ശ്ലോകവിവരണം
ഭക്തരുടെ ചിത്തമാകുന്ന താമരമൊട്ടിന് അഖിലഭുവനങ്ങള്‍ക്കും പ്രകാശമേകുന്ന ദീപമായിരിക്കുന്നവനും (ഭക്തഹൃദയപദ്മത്തെ വിടര്‍ത്തുന്നവനും) സുരഗണങ്ങളാല്‍ പരിസേവിതനായവനും തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ ലക്ഷ്യമായവനും ഹരിഹരസുതനും ഈശനും താരകബ്രഹ്മരൂപനും ശബരിഗിരിയില്‍ വസിക്കുന്നവനുമായ ഭൂതനാഥനെ ഞാന്‍ ചിന്തിക്കുന്നു.

ശ്ലോകം
ധ്യായേദാനന്ദകന്ദം പരമഗുരുവരം ജ്ഞാനദീക്ഷാകടാക്ഷം ചിന്മുദ്രംസത്സമാധിംസുകൃതിജനമനോ

മന്ദിരംസുന്ദരാംഗം ശാന്തം ചന്ദ്രാവതംസം

ശബരിഗിരിവരോ ത്തുംഗ പീഠേ നിഷണ്ണം

ചിന്താരത്‌നാഭിരാമം ശ്രുതിവിനുതപദാം

ശ്ലോകവിവരണം
ഭോരുഹം ഭൂതനാഥം ആനന്ദത്തിനു മൂലമായവനും പരമഗുരുവരനും കടാക്ഷത്തിലൂടെ ജ്ഞാനദീക്ഷ നല്‍കുന്നവനും ചിന്‍ മുദ്രയണിഞ്ഞവനും സമാധിയില്‍ നിലകൊള്ളുന്നവനും സുകൃതികളായ ജനങ്ങളുടെ മനസ്സ്‌വാസഗേഹമാക്കിയവനും സുന്ദരമായ അംഗങ്ങളോടുകൂടിയവനും ശാന്തസ്വരൂപനും ചന്ദ്രനെ ശിരസ്സിലണിഞ്ഞവനും ശബരിഗിരിയിലെ ശ്രേഷ്ഠവും ഉന്നതവുമായ പീഠത്തില്‍ വാഴുന്നവനും ചിന്താരത്‌നത്തിനു സമം അഭിരാമനും വേദങ്ങളാല്‍ സ്തുതിക്കപ്പെടുന്ന പാദപദ്മങ്ങളോടുകൂടിയവനുമായ ഭൂതനാഥനെ ഞാന്‍ ധ്യാനിക്കുന്നു.

ശ്ലോകം
ശ്രീമാതാ പരമാത്മനോ ഭഗവതസ്സമ്മോഹിനീ മോഹിനീ

കൈലാസാദ്രിനികേതനോളസ്യ ജനകഃ ശ്രീവിശ്വനാഥ പ്രഭുഃ

ഉത്തുംഗേശബരീഗിരൗ പരിലസന്നീലാംബരാഢംബരഃ

അയ്യപ്പശ്ശരണാഗതാന്‍ നിജ ജനാന്‍ രക്ഷന്മുദാശോഭതേ

ശ്ലോകവിവരണം
ആരുടെമാതാവു പരമാത്മാവായ ഭഗവാന്‍ നാരായണന്റെ ഭുവനമോഹനമായ മോഹിനീസ്വരൂപവും പിതാവ് കൈലാസാചലവാസിയായ ശ്രീവിശ്വനാഥ പ്രഭുവും ആകുന്നുവോ ആ അയ്യപ്പ സ്വാമി ഉത്തുംഗമായ ശബരിഗിരിയില്‍ നീലവസ്ത്രമണിഞ്ഞവനായിതന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാരെ സദാരക്ഷിക്കുന്നവനായി ശോഭിക്കുന്നു.

ശ്ലോകം
ശബരിപര്‍വ്വതവാസ ദയാനിധേ

സകലനായകസല്‍ഗുണവാരിധേ

സപദി മാം പരിപാഹിസതാംപതേ

വിദധതേഹ്യയിതേസുമതേനുതിം

ശ്ലോകവിവരണം
ശബരിപര്‍വതത്തില്‍വസിക്കുന്ന ദയാനിധേ, സകലരുടേയും നായകനായ സല്‍ഗുണസാഗരമേ, സുകൃതികളും പണ്ഡിതരും ശ്രേഷ്ഠരുമായ സദ്ജനങ്ങളുടെ രക്ഷകനായവനേ,എപ്പോഴും എന്നെ പരിപാലിച്ചാലും. അങ്ങേയ്ക്ക് നമസ്‌ക്കാരം.

ഹരിഹരപുത്രന്‍

ശ്ലോകം
ത്രിഗുണിതമണിപദ്മംവജ്രമാണിക്യദണ്ഡം

സിതസുമശരപാശംഇക്ഷുകോദണ്ഡകാണ്ഡം

ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്‌മൈര്‍

ഹരിഹരസുതമീഢേ ചക്രമന്ത്രാത്മമൂര്‍ത്തിം

ശ്ലോകവിവരണം
ത്രിഗുണിതമണിപദ്മം, വജ്രമാണിക്യദണ്ഡം (ഗദ, രാജദണ്ഡ്), വിടര്‍ന്ന പൂക്കളാകുന്ന ശരം (പുഷ്പബാണം), പാശം (കയറ്), ഇക്ഷുകോദണ്ഡം (കരിമ്പിന്‍ വില്ല്), നെയ്യും മധുവും ഒക്കെ നിറയ്ക്കുന്ന പാത്രം കൈകളില്‍ ധരിച്ചവനും ചക്രമന്ത്രാത്മമൂര്‍ത്തിയുമായ ഹരിഹരസുതനെ ഞാന്‍ സ്തുതിക്കുന്നു.

No comments:

Post a Comment