ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2017

ഭൂതനാഥോപാഖ്യാനം - 13

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 30

ഭൂതനാഥോപാഖ്യാനം - പതിമൂന്നാം അദ്ധ്യായം

ദേവേന്ദ്രന്റെ ദുര്‍വ്വിചാരം ബ്രാഹ്മണര്‍ക്കുണ്ടായ ഗൗതമശാപം

ദയാപൂര്‍വ്വം മുനിമാരെ നോക്കി സന്തോഷത്തോടുകൂടി സൂതന്‍ വീണ്ടും പറഞ്ഞു തുടങ്ങി. ഹരിഹരസുതന്‍ വിജയബ്രാഹ്മണനോടു വീണ്ടും അരുളിചെയ്തു. ധരണീദേവന്മാര്‍ക്ക് (ബ്രാഹ്മണര്‍ക്ക്) ആസുരസ്വഭാവം വന്നു ചേരുന്നതിനുള്ള കാരണം ഞാന്‍ പറയാം. ഭവാന്‍ പരമഭക്തനാണ്. അതിനാല്‍ ഗുഹ്യമായതു പറയുവാന്‍ എനിക്ക് അശേഷം മടിയില്ല.

കൃതയുഗത്തില്‍ ബ്രാഹ്മണരെല്ലാവരും മൂന്നുവേദങ്ങളിലും പ്രവീണരായിരുന്നു. അതിനാല്‍ അവര്‍ ഫലേച്ഛയില്ലാതെ പരമാത്മാവില്‍ ചിത്തമുറപ്പിച്ച് യാഗങ്ങള്‍ നടത്തി. അതുമൂലം ഇന്ദ്രന്‍ മനസ്സില്‍ ചിന്തിച്ചു.

‘ഈ ബ്രാഹ്മണരെല്ലാം ഫലേച്ഛ കൂടാതെ യാഗം കഴിക്കുന്നു. ഇത് എത്രകാലം തുടരുമെന്ന് അറിയില്ല. പരമാത്മാവില്‍ ചിത്തമുറപ്പിച്ചു ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അതനുഷ്ഠിക്കുന്നവരെ ബാധിക്കുകയില്ല എന്നാണ് ശ്രുതി പറയുന്നത്. അതിനാല്‍ ഇനി മഴ പെയ്യിക്കാതെ ഈ ഭൂമിയാകെ ഉണങ്ങിവരളാന്‍ ഇടയാക്കുന്നതാണ്.

ഭൂമി വരളുമ്പോള്‍ ഫലേച്ഛയോടു കൂടി ബ്രാഹ്മണര്‍ യാഗങ്ങളനുഷ്ഠിക്കും. അപ്പോള്‍ ദേവന്മാര്‍ക്കും ശക്തി വര്‍ദ്ധിക്കും. ഇങ്ങനെ വിചാരിച്ച് ഇന്ദ്രന്‍ മഴപെയ്യിക്കുന്നത് നിര്‍ത്തിവെച്ചു.

മഴയില്ലാതെ ആയതോടെ ജനങ്ങള്‍ കഷ്ടപ്പെട്ടു. ജലം തേടി ആളുകള്‍ പലദിക്കിലേക്കും സഞ്ചരിച്ചു. അക്കൂട്ടത്തില്‍ കുറച്ച് ബ്രാഹ്മണര്‍ സ്ത്രീജനങ്ങളോടും പശുക്കളോടും കിടാക്കളോടും കൂടി വനത്തില്‍ പ്രവേശിച്ചു. ജലം തേടി വനത്തിലൂടെ നടന്ന അവര്‍ വിസ്മയകരമായ ഒരു തപോപവം കണ്ടു. മഴയില്ലാത്തതു കൊണ്ടുള്ള ഒരു കുഴപ്പവും അവര്‍ അവിടെ കണ്ടില്ല.

അതികാരുണ്യവാനായ ഗൗതമ മുനി വസിക്കുന്ന തപോപവനമാണ് അതെന്നു മനസ്സിലാക്കിയ ബ്രാഹ്മണര്‍ ആശ്രമകവാടത്തിനുള്ളില്‍ പ്രവേശിച്ചു. അതീവസന്തോഷത്തോടെ ഗൗതമമുനി ബ്രാഹ്മണരെ സ്വീകരിച്ചു പറഞ്ഞു. ഭൂസുരന്മാരേ, നിങ്ങള്‍ക്കു നമസ്‌ക്കാരം. ഇന്ദ്രന്‍ ചെയ്ത പ്രവര്‍ത്തികളേക്കുറിച്ചെല്ലാം ഞാന്‍ നേരത്തെ അറിഞ്ഞിരിക്കുന്നു. ഈ ആശ്രമസ്ഥലം നിങ്ങള്‍ക്കുള്ളതാണ്. ഇത് സ്വന്തമെന്നു വിചാരിച്ച് ഇവിടെ സുഖത്തോടെ വസിച്ചാലും.

മഴയില്ലാത്തതുകൊണ്ടുള്ള യാതൊരു കുഴപ്പങ്ങളും ഇവിടെ ബാധിക്കുകയില്ല. കുളങ്ങളില്‍ നല്ല തെളിനീരും, ചണം, ഗോതമ്പ്, വരിനെല്ല്, പശുക്കള്‍ക്കാവശ്യമായ പുല്ല്, വൃക്ഷങ്ങളില്‍ പാകമായ മധുരഫലങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഉണ്ട്. ഫലമൂലാദികള്‍ പറിക്കും തോറും ഇരട്ടിയായിത്തീരും. ഇവയെല്ലാം അനുഭവിച്ച് സുഖത്തോടെ വസിക്കുക. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്.

മുനിയുടെ കനിവേറുന്ന വാക്കുകള്‍ കേട്ട് സന്തുഷ്ടരായ ബ്രാഹ്മണര്‍ ആ തപോവനത്തില്‍ ശാന്തിയോടെ വസിച്ചു. ഇതു കണ്ട് കുപിതനായ ഇന്ദ്രന്‍ ഈര്‍ഷ്യയോടെ ചിന്തിച്ചു. എന്റെ പഴയ ശത്രുവായ ഗൗതമന്‍ ബ്രാഹ്മണരെ സംരക്ഷിക്കുന്നു. ബ്രാഹ്മണരെ പറഞ്ഞിളക്കി ഗൗതമനെ ആശ്രമത്തില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നതാണ്. ഇങ്ങനെ ചിന്തിച്ച് പുരന്ദരന്‍ ഒരു ബ്രാഹ്മണന്റെ വേഷം ധരിച്ച് താപസാശ്രമത്തില്‍ വസിക്കുന്ന ബ്രാഹ്മണരോടു ചേര്‍ന്നു. അവരില്‍ ഒരുവനായി തഞ്ചത്തില്‍ ഇന്ദ്രന്‍ കഴിഞ്ഞു.

ബ്രാഹ്മണര്‍ ഇന്ദ്രനെ തിരിച്ചറിഞ്ഞില്ല. കപടഭൂസരവേഷം ധരിച്ച ഇന്ദ്രന്‍ ഒരു ദിനം ദ്വിജന്മാരോടു പറഞ്ഞു: മനസ്സില്‍ കൃപവെടിഞ്ഞു ഗൗതമന്‍ ദിവസം തോറും ഓരോ പശുവിനെക്കൊല്ലും. പാചകം ചെയ്തു ഭക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണരേ, നിങ്ങള്‍ ഇതറിയുന്നില്ലേ? നമ്മുടെ പശുക്കളുടെ കണക്കെടുക്കുമ്പോള്‍ എല്ലാം വ്യക്തമാകും. പശുക്കളെ കൊന്നുതിന്നുന്ന ആ കള്ളനെ പിടിച്ചു കെട്ടി അടിച്ചു കൊല്ലുവാന്‍ നാം അല്പം പോലും മടിക്കരുത്. ഈ വാക്കുകള്‍ കേട്ട് ഒരു വൃദ്ധബ്രാഹ്മണന്‍ ചെവിരണ്ടും പൊത്തി പറഞ്ഞു.

ശാന്തം പാപം, ശാന്തം പാപം. ഇനിയാരും ഇങ്ങനെയാന്നും പറയരുത്. മഹാതാപസനായ ഗൗതമന്‍ പശുക്കളെ കൊല്ലുമെന്ന് പറയുന്നവര്‍ക്ക് മഹാപാപം ഉണ്ടാകും. അതു കേട്ട് കപടഭൂസുരനായ ഇന്ദ്രന്‍ പറഞ്ഞു. പ്രഭാതത്തില്‍ മഹര്‍ഷി താമസിക്കുന്നിടത്തു ചെന്നാല്‍ ഗോവധം തെളിവോടുകൂടി കാണാം. അതില്‍പരമൊരു തെളിവ് വേണമോ? നിങ്ങള്‍ പറയുക.

കുറച്ചുനേരം ആലോചിച്ചശേഷം ബ്രാഹ്മണര്‍ പറഞ്ഞു. അതു കൊള്ളാം. നമ്മളെല്ലാവരും കൂടി നാളെ രാവിലെ മുനിയുടെ ആശ്രമത്തില്‍ ചെന്ന് പരിശോധിക്കുക തന്നെ. പിറ്റേ ദിവസം പ്രഭാതത്തില്‍ എല്ലാവരും കൂടി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. പതിവുപോലെ പ്രഭാതത്തില്‍ സ്‌നാനം ചെയ്ത് അര്‍ഘ്യം നല്‍കി ആശ്രമത്തിലെത്തി അഗ്നി ജ്വലിപ്പിച്ച് മഹര്‍ഷി ഹോമമാരംഭിച്ചു. ഈ സമയം ഇന്ദ്രന്‍ ഒരു പശുവിന്റെ രൂപമെടുത്ത് ആശ്രമത്തിലെത്തി ഹോമസാമഗ്രികളായ സ്രുവവും ജൂഹുവും ചവിട്ടിപ്പൊട്ടിച്ചു. പൂക്കളെല്ലാം ചവച്ചു തിന്നു.

മൂത്രമൊഴിച്ച് ഹോമാഗ്നി കെടുത്തി. മുഴുത്ത കൊമ്പുകള്‍ കൊണ്ട് മുനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മദം പൂണ്ടു നില്‍ക്കുന്ന പശുവിനെ മഹര്‍ഷി കൈകൊണ്ടു മെല്ലെ തള്ളിനീക്കി. ഉടന്‍ തന്നെ പിടച്ചുകൊണ്ട് പശു നിലത്തു വീണു. കൈകാലുകള്‍ തടിച്ചു വീര്‍ത്തു. നാക്കു കടിച്ച് മരിച്ചപോലെ ആ പശു കിടപ്പായി.

ഇതേ സമയം അവിടെയെത്തിയ ബ്രാഹ്മണര്‍ ഗൗതമന്‍ പശുവിനെകൊന്നു എന്ന് വിചാരിച്ച് ശബ്ദമുണ്ടാക്കി മുനിയുടെ അടുത്തെത്തി. കഷ്ടം! കഷ്ടം! ഈ മഹാപാപിയുടെ കയ്യാല്‍ പാവം പശു മരിച്ചിരിക്കുന്നു. ബ്രാഹ്മണന്മാരേ, ഈ ഘാതകനായ മുനിയെ പിടിച്ചുകെട്ടുക.

അടിച്ചുകൊല്ലുവാന്‍ ഒട്ടം മടിക്കേണ്ടതില്ല. എന്നെല്ലാം ആക്രോശിച്ചു പാഞ്ഞടുത്ത ബ്രാഹ്മണരെ തന്റെ തപശക്തിയാല്‍ തടഞ്ഞു നിര്‍ത്തി ഗൗതമന്‍ അല്പനേരം ധ്യാനിച്ചു. തന്റെ ദിവ്യദൃഷ്ടിയാല്‍ നടന്നതെല്ലാം മനസ്സിലാക്കിയ മഹര്‍ഷി ഇന്ദ്രനെ തപശക്തിയാല്‍ തല്‍ക്ഷണം തന്റെ മുന്നിലെത്തിച്ചു. ക്രുദ്ധനായ ഗൗതമന്‍ ശപിച്ചു. എന്നില്‍ ഗോവധം എന്ന കുറ്റം ആരോപിച്ച നിനക്ക് രണ്ട് ബ്രഹ്മഹത്യകള്‍ക്കു തുല്യമായ മഹാപാപം ഉണ്ടാകും.

പുരന്ദരനെ ശപിച്ച ശേഷം മുനി ബ്രാഹ്മണരേയും ശപിച്ചു. പരമാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവുള്ള നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതിനാല്‍ പരമാര്‍ത്ഥബോധരഹിതരായി അസുരതുല്യരായി മാറുന്നതാണ്.

ഉഗ്രമായ ഗൗതമശാപം കേട്ട് അതീവദു:ഖിതരായി കരഞ്ഞു കൊണ്ട് ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു. എഴുന്നേറ്റ് വീണ്ടും വീണ്ടും വന്ദിച്ച് അവര്‍ ക്ഷമയാചിച്ചു. അറിയാതെ ഞങ്ങള്‍ ചെയ്ത പിഴകളൊക്കെയും കരുണാപൂര്‍വ്വം അങ്ങ് ക്ഷമിക്കേണമേ.

മുനി തിലകമേ ജയിച്ചാലും. അങ്ങയുടെ പാദങ്ങള്‍ വിജയിക്കട്ടെ. ഇത്തരത്തില്‍ പറഞ്ഞു ശരണം യാചിച്ച് നിലകൊള്ളുന്ന ബ്രാഹ്മണരില്‍ കനിവുതോന്നി ഗൗതമ മഹര്‍ഷി പറഞ്ഞു. എന്റെ ശാപം വെറുതെയാവില്ല. എന്നിരുന്നാലും ശാപത്തിനു മോക്ഷം തരാന്‍ ശ്രമിക്കാം. ഇതല്ലാതെ മറ്റൊരു വഴിയില്ല. നിങ്ങളെല്ലാവരും കലിയുഗത്തില്‍ ഭൂസുരന്മാരായി ജനിക്കും. പരമാര്‍ത്ഥ ബോധമുണ്ടാകുവാന്‍ നിങ്ങള്‍ ഭാഷ്യം പഠിച്ചുകൊള്ളുക.

കലിയുഗത്തില്‍ മഹിമയേറുന്ന മലയാള ഭൂമിയില്‍ ശിവഗുരുവെന്ന ബ്രാഹ്മണന്റെ പുത്രനായി പുരാന്തകനായ മഹാദേവന്‍ ജനിക്കുന്നതാണ്. ശിവാംശജാതനായ ആ കുമാരന് ‘ശങ്കരന്‍’ എന്നായിരിക്കും നാമധേയം. ശങ്കരന്‍ ശ്രുതിഭാഷ്യത്തെ ശരിയായി രചിക്കും. അതു പഠിച്ചാല്‍ നിങ്ങള്‍ക്കേവര്‍ക്കും പരമാര്‍ത്ഥ ബോധം വരും.

പരമേശ്വരനെ ഭക്തിയോടെ ഭജിച്ചാല്‍ കലിയുഗം വരെ പഠിച്ചനുഷ്ഠിക്കാനുള്ള ഒരു ശാസ്ത്രം ഭഗവാന്‍ നിങ്ങള്‍ക്കു തരുന്നതാണ്. ഇത്രയും പറഞ്ഞ് ഗൗതമ മഹര്‍ഷി കൊടും തപസ്സാരംഭിച്ചു. ചപലമതികളായ ബ്രാഹ്മണര്‍ക്കു വേണ്ടി ഭഗവാന്‍ മഹാദേവന്‍ ‘കുളാര്‍ണ്ണവതന്ത്രം’ നിര്‍മ്മിച്ചു. ശിവനിര്‍ദ്ദേശാനുസരണം ബ്രാഹ്മണര്‍ തന്ത്രോക്തരീതിയില്‍ ആരാധനകള്‍നടത്തി കാലം കഴിച്ചു.

വിശ്വരൂപദര്‍ശനം

ഭൂതനാഥന്‍ പറഞ്ഞു: ഈ കലിയുഗത്തില്‍ ബ്രാഹ്മണര്‍ക്ക് ഗൗതമശാപത്താല്‍ ആസുരസ്വഭാവം വന്നു ചേരും. വലിയവന്‍ ഞാനാണ് എന്നു ചിന്തിച്ചും, സ്ത്രീകളെ മോഹിച്ചും, കരുണയില്ലാതെ പെരുമാറിയും കഴിയുന്നവരാണ് ആസുരസ്വഭാവത്തോടുകൂടിയവര്‍ എന്നു മനസ്സിലാക്കുക. ഇത്തരം ആസുരസ്വഭാവം ചില ബ്രാഹ്മണരില്‍ നന്നായിക്കാണാം.

അവരെല്ലാം മുന്‍ജന്മത്തില്‍ അസുരന്മാരായിരുന്നു എന്ന് അറിവുള്ളര്‍ മനസ്സിലാക്കുന്നു. കുളിക്കുക, വേദം പഠിക്കുക, താരകബ്രഹ്മമായ എന്നെ ഭജിക്കുക എന്നിവയെല്ലാം എക്കാലത്തും അനുഷ്ഠിക്കുന്നവനാണ് എന്റെ ദൃഷ്ടിയില്‍ ബ്രാഹ്മണന്‍.

നാലു വേദങ്ങളും പഠിച്ച് അനേകം യാഗങ്ങള്‍ അനുഷ്ഠിച്ച് വസിക്കുന്നവനാണെങ്കിലും അസൂയപൂണ്ട് അന്യര്‍ക്ക് ഉപദ്രവം ചെയ്യുന്നവന്‍ ബ്രാഹ്മണനാവുന്നതെങ്ങനെ? മദയാനയെ കൊല്ലുന്ന സിംഹത്തിന്റെ തോല്‍ ഉരിഞ്ഞെടുത്ത് വലിയ നായയെ പുതപ്പിച്ചാലും സിംഹത്തിന്റെ ശബ്ദം മുഴുക്കുവാന്‍ നായ സമര്‍ത്ഥനാകുമോ? ബ്രാഹ്മണ ചിഹ്നം അണിഞ്ഞാല്‍ മാത്രം ബ്രാഹ്മണനായി പരിണമിക്കുമോ? അരക്കും, പാലും, ഉപ്പും, വിശക്കുന്നവര്‍ക്ക് അന്നവും വിലയ്ക്കു വിക്കുന്നവരായി ബ്രാഹ്മണര്‍ മാറും.

നവരത്‌നങ്ങള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയെല്ലാം ഭൂമിയില്‍ നിന്ന് മറഞ്ഞു തുടങ്ങും. ഗുണവാന്മാരുടെ എണ്ണം കുറഞ്ഞു വരും. പശുക്കള്‍ക്കു ഭക്ഷിക്കുവാനുള്ള പുല്ലുപോലും ഇല്ലാതെയാകും. ഭൂമിയെ ഭരിക്കാനുള്ള അവകാശം ക്ഷത്രിയന്മാര്‍ക്കു നഷ്ടമാകും. വിളവുകള്‍ കുറയും. വീടുകളില്‍ എലികള്‍ വര്‍ദ്ധിക്കും.

കലിയുഗത്തിലെ ജനങ്ങളെല്ലാം കുലാചാരങ്ങള്‍ കൈവെടിയും. മധുരമേറിയ ഫലങ്ങളെല്ലാം മധുരമില്ലാത്തവയാകും. മധുരപദാര്‍ത്ഥങ്ങളെക്കാള്‍ ഉപ്പും പുളിയും ഏറിയ പദാര്‍ത്ഥങ്ങള്‍ മനുഷ്യര്‍ക്ക് ഇഷ്ടമാകും. മരിചം (കുരുമുളക്) മദ്യം, പലലം (മാംസം) എന്നിവ മനുഷ്യര്‍ക്ക് മരണം വരെ രുചികരമായിരിക്കും. ഒരുവന്‍ ഈശ്വരഭജനം ചെയ്താല്‍ മറ്റുള്ളവര്‍ അവനെ പരിഹസിക്കും. കലികാലത്തു വന്നു ചേരുന്ന ദോഷങ്ങള്‍ ഇതുപോലെ പലതുമുണ്ട്.

പറഞ്ഞതു കൊണ്ട് ഫലമൊന്നും ഇല്ലെങ്കിലും കലിയ്ക്കുള്ള ഗുണങ്ങളും പറയാം. മനസ്സിരുത്തി എന്നെ ഭജിക്കുന്നവര്‍ക്കെല്ലാം കലികാലത്ത് ക്ഷണനേരം കൊണ്ട് മുക്തി ലഭിക്കും. എന്നില്‍ മനസ്സിരുത്തുവാന്‍ കുറച്ചു പ്രയാസമായിരിക്കും. എന്നില്‍ ഭക്തിയുണ്ടായി എന്നെ ഭജിക്കുന്നവര്‍ക്ക് അത് സുസാദ്ധ്യമായിത്തീരും. സര്‍വതും എന്നില്‍ നിലനില്‍ക്കുന്നതാണ്. സഗുണനായി എന്നെ ഭജിക്കുന്നവര്‍ക്കും മനസ്സ് നിര്‍ഗ്ഗുണത്തിന്‍ ലയിപ്പിക്കുവാന്‍ ക്ഷണനേരത്തില്‍ സാധ്യമാകുമെന്നതില്‍ സംശയമില്ല. നിര്‍ഗുണനായി എന്നില്‍ അവര്‍ ലയിക്കും. വീണ്ടും ഒരു ജന്മം ഉണ്ടാവുകയില്ല.

ധര്‍മ്മശാസ്താവിന്റെ വാക്കുകള്‍ ശ്രവിച്ച് മനസ്സില്‍ നിറഞ്ഞ ഭക്തിയോടെ വിജയബ്രാഹ്മണന്‍ പറഞ്ഞു. സകലതും ഒന്നായി വിളങ്ങി നില്‍ക്കുന്ന തവസ്വരൂപം അടിയനു കാണിച്ചു തരുവാന്‍ അങ്ങേയ്ക്ക് കൃപയുണ്ടാകണം. കൃപാനിധേ, അങ്ങയുടെ പാദപങ്കജങ്ങള്‍ നന്നായി ഞാന്‍ നമസ്‌കരിക്കുന്നു. ശുഭപ്രദനായ അവിടുന്ന് ശുഭമായ രൂപം എനിക്ക് ഇന്ന് കാട്ടിത്തന്നാലും.

ബ്രാഹ്മണന്റെ വാക്കുകള്‍ കേട്ട് ദയാപരനായ ചന്ദ്രശേഖരാത്മജന്‍ പറഞ്ഞു. ‘തഥാസ്തു’ (അപ്രകാരമാകട്ടെ) ഹേ, ഭക്താ അങ്ങേയ്ക്ക് എന്റെ രൂപം കാണാനുള്ള ദിവ്യദൃഷ്ടി ഞാന്‍ നല്‍കുന്നു.

ദിവ്യദൃഷ്ടിയാല്‍ വിജയബ്രാഹ്മണന്‍ ശ്രീധര്‍മ്മശാസ്താവിന്റെ വിശ്വരൂപം ദര്‍ശിച്ചു. സഹസ്രശീര്‍ഷനായി ആയിരക്കണക്കിനു നേത്രങ്ങളോടും ആയിരക്കണക്കിന് പാദങ്ങളോടും വിശ്വം കവിഞ്ഞു നിലകൊള്ളുന്ന ശാസ്താവിന്റെ വിശ്വരൂപം വിജയന്‍ ദര്‍ശിച്ചു. കഴിഞ്ഞകാലവും കഴിയാനുള്ളതും, കഴിയുന്നതുമെല്ലാം കാണാന്‍ കഴിഞ്ഞു.

അതലമാകുന്ന പാദവും, വിതലമാകുന്ന ജാനുവും, രസാതലമാകുന്ന കടീദേശവും, ഭൂതലമാകുന്ന ഉദരവും, ഭൂവര്‍ല്ലോകമാകുന്ന ഹൃദയവും, സ്വര്‍ഗ്ഗമാകുന്ന മുഖവും, സൂര്യചന്ദ്രാഗ്നികളായ മൂന്നുനേത്രങ്ങളും, നഭഃസ്ഥലമാകുന്ന കേശത്തില്‍ അണിഞ്ഞതാരകഗണങ്ങളാകുന്ന പൂക്കളും, തരുക്കളാകുന്ന സമസ്തരോമങ്ങളും, കൂപഗണങ്ങളാകുന്ന തനൂരുഹവും, പര്‍വ്വതങ്ങളാകുന്ന കരങ്ങളും, ധര്‍മ്മങ്ങളാകുന്ന കൈപ്പത്തികളില്‍ ധരിക്കുന്ന അധര്‍മ്മങ്ങളാകുന്ന ആയുധങ്ങളും ചേര്‍ന്നതായിരുന്നു ശ്രീധര്‍മ്മശാസ്താവിന്റെ വിശ്വരൂപം.

ഭഗവാന്റെ ശ്വാസോച്ഛ്വാസം വായുവും, ജ്വലിക്കുന്ന കോപം അഗ്നിയും, സംഭാഷണം ശ്രുതികളും, ജപിക്കുന്ന മന്ത്രങ്ങള്‍ വേദാന്തവും, സത്യാസത്യങ്ങള്‍ ചെവികളും, ഗുണദോഷങ്ങള്‍ ധ്രുവയുഗ്മങ്ങളും ആണ്. ത്രിമൂര്‍ത്തികളാദിയായ ദേവവര്‍ഗ്ഗങ്ങളേയും ദേവിമാരേയും, അസുരഗന്ധര്‍വ്വ ഉരഗരക്ഷോഗണപിശാചകിന്നരാദികളും ഗണപതി ഗുഹ വടുകഭൈരവഗണങ്ങളും, ദിവ്യമുനിഗണങ്ങളും ഭഗവാന്റെ തിരുവുടലായിരിക്കുന്നത് ദിവ്യദൃഷ്ടിയാല്‍ വിജയന്‍ കണ്ടു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും, ദേവാസുരന്മാര്‍ തമ്മിലുള്ള മഹായുദ്ധങ്ങളും ബ്രാഹ്മണന്‍ കണ്ടു. ബ്രഹ്മലോകമാണ് ശിരസ്സ്. ചന്ദ്രലോകമാണ് കഴുത്ത്. ശിവലോകമാണ് മാറിടം. ശ്രീപാര്‍വ്വതിയാണ് മന്ദസ്മിതം.

സരസ്വതീദേവി നാവും ബ്രഹ്മദേവന്‍ നാസികയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അശേഷലോകവും ധര്‍മ്മശാസ്താവിന്റെ തിരുവുടലില്‍ വിജയഭൂസുരന്‍ കാണുകയുണ്ടായി. ദംഷ്ട്രകളില്‍ നിന്ന് ഘോരഘോരശബ്ദം മുഴങ്ങുന്നു. ജലനിധികളായ നേത്രങ്ങളില്‍ നിന്ന് ശബ്ദത്തോടെ നദികള്‍ പ്രവഹിക്കുന്നു. ഹിരണ്യനെ വലിച്ചുകീറി കുടല്‍മാലചൂടി അലറി നരസിംഹമര്‍ത്തി നില്‍ക്കുന്നു. കോദണ്ഡധാരിയായ ശ്രീരാമന്‍ യുദ്ധത്തില്‍ രാവണനെ വധിക്കുന്നു. എന്തിനേറെപ്പറയേണ്ടൂ, ദശാവതാരങ്ങളുടെ പരാക്രമങ്ങളെല്ലാം ആ ശരീരത്തില്‍ കാണായിവന്നു.

ഭൂമീദേവിയാകുന്ന രഥമേറി കൈലാസനാഥന്‍ പുരത്രയങ്ങളെ ചുട്ടെരിക്കുന്നു. മധുകൈടഭന്‍മാര്‍ ബ്രഹ്മാവിനെ യുദ്ധത്തിനു വിളിക്കുന്നു. മഹിഷനെന്ന മഹാസുരനെ അതീവകോപത്തോടെ മഹാദേവി കൊല്ലുന്നു. മഹിഷിയുടെ കഠിനദേഹത്തില്‍ മണികണ്ഠസ്വാമി നര്‍ത്തനം ചെയ്യുന്നു. ഇതുപോലെ മുന്‍പ് സംഭവിച്ചതും ഇനി സംഭവിക്കാനുള്ളതുമെല്ലാം ഭഗവാനില്‍ കണ്ട് പേടിച്ചു വിറച്ച് ഭൂമിയില്‍ വീണു കണ്ണുനീര്‍തൂകി വിജയന്‍ പറഞ്ഞു: നാഥാ, അങ്ങയുടെ രൂപം ദര്‍ശിച്ചതുമതി. അതിവേഗം ഈ രൂപം മറച്ചാലും ഭയം വര്‍ദ്ധിച്ച് ഞാന്‍ വല്ലാതെ കുഴങ്ങുന്നു. ദയാമയാ അങ്ങെനിക്ക് അഭയം തന്നാലും. തുടര്‍ന്ന് വിജയന്‍ ഭഗവാനെ സ്തുതിച്ചു.

ജയവിശ്വരൂപ! ജയ വിശ്വനാഥ! 
ജയദുഷ്ടജനഹര! ജയ വിഭോ! 
ഒരുവനില്‍ പലവിധമാം നാമങ്ങള്‍ 
പരിചില്‍ കല്പിക്കും തരംപോലെ പലര്‍ 
ഒരുവനമ്മാവനപരനു താതന്‍ 
ഒരുവനു പുത്രനൊരുവനു ഭൃത്യന്‍
പലരുമിങ്ങനെയൊരുവനെത്തന്നെ 
പറയുന്നതുപോലെ പറയുന്നു നിന്നെ
ഇരിക്കുന്ന ഗേഹം കരിക്കുന്നോരല്ലോ 
ത്യജിക്കുന്നു നിന്നെ വെറുക്കുന്നോരെല്ലാം
എനിക്കു ത്വല്‍പാദയുഗളത്തില്‍ 
ഭക്തി ഭവിക്കുവാനായിട്ടനുഗ്രഹിച്ചാലും
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)

ഇങ്ങനെ പലതും പറഞ്ഞു കേഴുന്ന പരമഭക്തനായ വിജയന്റെ കൈകള്‍ പിടിച്ച് എഴുന്നേല്പ്പിച്ച് തന്റെ മാറിടത്തില്‍ ചേര്‍ത്തു പുണര്‍ന്ന ധര്‍മ്മശാസ്താവ് ഉടന്‍ തന്നെ വില്ലുമമ്പും ധരിച്ചു നില്‍ക്കുന്ന ഒരു ബാലന്റെ സ്വരൂപം കൈക്കൊണ്ടു. ചിരിച്ചു കൊണ്ടു സകലഭുവനനായകനായ ഭഗവാന്‍ അരുള്‍ ചെയ്തു.

എന്റെ ഈ രൂപം ഇതുപോലെ കാണുവാന്‍ എന്റെ ഭക്തന്മാര്‍ക്കേ കഴിയുകയുള്ളൂ. ഭഗവാന്‍ എന്റെ ഭക്തിശിരോമണിയാണ്. അങ്ങേയ്ക്ക് മംഗളം ഭവിക്കട്ടെ. ഭവനത്തിലേക്ക്‌ പോവുക. സമ്പത്തും സന്താനങ്ങളും ഇനിവര്‍ദ്ധിച്ചുവരും. അടുത്ത ജന്മത്തില്‍ ഭവാന്റെ പുത്രനായി ഞാന്‍വരും. ആ ജന്മത്തില്‍ സായൂജ്യവും ലഭിക്കും. വിജയനോട് ഇങ്ങനെ പറഞ്ഞു ഭൂതനാഥന്‍ മറഞ്ഞു.

അഗസ്ത്യന്‍ പറഞ്ഞു: ആ വിജയബ്രാഹ്മണനാണ് പന്തളമഹാരാജാവായ ഭവാന്‍ എന്നറിയുക. അതു കാരണമാണ് അഖിലഭൂതേശന്‍ അങ്ങയുടെ പുത്രഭാവത്തോടെ ഇവിടെ വസിച്ചത്. ‘എന്റെ മണികണ്ഠന്‍’ എന്നിങ്ങനെ അങ്ങേയ്ക്ക് മനസ്സില്‍ അതീവസ്‌നേഹം ഉണ്ടായതും അതിനാലാണ്. ഭഗവല്‍ ഭക്തരായ ജനങ്ങളാരും ഭവസമുദ്രത്തില്‍ പതിക്കുകയില്ല.

ഭൂമിയിലുള്ള സകല തീര്‍ത്ഥങ്ങളേയും ഒരുമിച്ചു ചേര്‍ത്ത് പരശുരാമന്‍ മലയാള ഭൂമിയില്‍ പമ്പയെന്ന പാപമില്ലാത്ത തീര്‍ത്ഥം സൃഷ്ടിച്ചുവെന്നും അറിയുക. വിജയനു ദര്‍ശിക്കുവാന്‍ മണികണ്ഠസ്വാമി വിശ്വരൂപമെടുത്തതും വിജയനോടു അരുളിചെയ്തതും ഭക്തിപൂര്‍വ്വം ശ്രവിക്കുന്നവര്‍ക്ക് എല്ലാക്കാര്യങ്ങളിലും വിജയമുണ്ടാകും.

(പതിമൂന്നാം അദ്ധ്യായം സമാപിച്ചു)



No comments:

Post a Comment