ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 June 2019

പ്രാർത്ഥനയും ഫലവും

പ്രാർത്ഥനയും ഫലവും

അനേകം പേ‍ർ ജീവിതത്തി‍ൽ എപ്പോഴെങ്കിലും തന്നോടുതന്നെ ചോദിച്ചിരിക്കാവുന്ന അതി നി‍ർണ്ണായകമായ ചോദ്യം തന്നെയാണ്‌ ഇത്‌. പലപ്പോഴും നമ്മുടെ ഉപാസനകൾ അഥവാ പ്രാർ‍ത്ഥനകൾ‍ ഒരു ഫലവും നല്‍കാതെ വരുന്നത്‌ എന്തുകൊണ്ടാണ്‌? -

ആദ്യം തന്നെ ഒരു കാര്യം മനസ്സിലാക്കുക.. നാം എല്ലാം ഈശ്വരാംശം തന്നെയാണ്. ഭഗവാന്റെ സമസ്ത ഗുണങ്ങളും നമ്മിലുണ്ട്. അത് പരിപോഷിപ്പിച്ചാ‍ൽ നീ വിശ്വവിജയിയാകും . നിന്നിൽ‍ നിന്ന് ആയിരങ്ങ‍ൾ ശാന്തി നേടും." നമ്മേക്കാ‍ൾ വലിയ ഒന്നുണ്ട് അതിന് നമ്മെ രക്ഷിക്കാനാകും . ഈ സത്യം മനസ് അംഗീകരിച്ചാ‍ൽ‍ മാത്രം മതി നമ്മുടെ പ്രശ്നങ്ങൾ‍ മാറി കിട്ടും .

നമ്മുടെ പ്രാർ‍ത്ഥനകൾ‍ എങ്ങനെയാണ്‌ പ്രവ‍ർത്തിക്കുന്നത്‌ എന്നും അവ ഫലം നല്‍കുന്നത്‌ എങ്ങനെയാണ്‌ എന്നും ആദ്യമായി അറിയേണ്ടത്‌ ആവശ്യമാണ്‌. അനേക കോടി താരാപഥങ്ങളും അങ്ങനെയുളള അനവധി ഗാലക്‌സികളിലായി കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമടങ്ങുന്ന ഈ മഹാപ്രപഞ്ചം ഇന്നുകാണുന്നതായ ഒരു ക്രമത്തി‍ൽ നിലനില്‍ക്കണമെങ്കിൽ‍ ഇതിന്റെയെല്ലാം പിന്നി‍ൽ അനന്തമായ ഒരു ബോധമണ്ഡലം അഥവാ പ്രപഞ്ചമനസ്സ്‌ എന്നൊന്ന്‌ ഉണ്ടായേപറ്റൂ. നാം പല പേരുകളിൽ‍ പലഭാവങ്ങളിൽ‍ വിവക്ഷിക്കുന്ന ഈശ്വരസങ്കല്‍പ്പം എന്നത്‌ ഈ പ്രപഞ്ചമനസ്സുതന്നെയാണ്‌. നാം ഓരോരുത്തരുടെയും ഉപബോധമനസ്സിന്‌ ഈ പ്രപഞ്ചമനസ്സുമായി നേരിട്ടൊരു ബന്ധമുളളതായി പൂർ‍വ്വചാര്യന്മാ‍ർ മനസ്സിലാക്കിയിരുന്നു. ശക്‌തമായ ഒരു സങ്കല്‍പ്പം ഉപബോധ മനസ്സിലെത്തിയാൽ‍ അത്‌ ഉടൻ‍ പ്രപഞ്ചമനസ്സിലേക്ക്‌ പ്രസരണം ചെയ്യപ്പെടുകയും താമസിയാതെ അത്‌ യാഥാർ‍ത്ഥ്യമായിത്തീരുകയും ചെയ്യും. എന്നാൽ ഉപബോധമനസ്സിൽ‍ വരുന്ന ചിന്താശകലങ്ങളെ ഇച്‌ഛാനുസരണം നിയന്ത്രിക്കുവാൻ‍ നമുക്കു കഴിവില്ല. ബാഹ്യ മനസ്സി‍ൽ വരുന്ന എല്ലാ ചിന്തകളും ആശയങ്ങളും ഉപബോധമനസ്സിലേക്ക്‌ എത്തുകയുമില്ല. നമ്മുടെ മനസ്സിന്റെ ഉള്ളി‍ൽ നാം ഗാഢമായി വിശ്വസിച്ചുപോകുന്ന കാര്യങ്ങളാണ്‌ ഉപബോധമനസ്സിൽ നാം അറിയാതെ എത്തുന്നത്‌. അപ്പോ‍ൾ ഫലപ്രാപ്‌തി ലഭിക്കുമെന്ന സത്യസന്ധമായ, അതീവഗാഢമായ ആത്മവിശ്വാസത്തോടെ നടക്കുന്ന പ്രാ‍ർത്ഥനകൾ‍ ഉപബോധമനസ്സി‍ൽ എത്തുകയും അവിടെനിന്ന്‌ വിശ്വമനസ്സിലേക്ക്‌ പ്രവേശിച്ച്‌ യാഥാർത്ഥ്യമാവുകയും ചെയ്യുന്നു.

ഞാ‍ൻ നല്ല വിശ്വാസത്തോടെയാണ്‌ പ്രാ‍ർത്ഥിക്കുന്നത്‌'' എന്നു പലരും പറയാറുണ്ടെങ്കിൽ‍ത്തന്നെ, ഈയൊരു ദൃഢമായ, നിഷ്‌കളങ്കമായ വിശ്വാസാവസ്‌ഥ എത്തുകയെന്നത്‌ ഒരു ചെറിയ കാര്യമല്ല. മറിച്ച്‌ അതൊരു അത്ഭുതകരമായ കാര്യം തന്നെയാണ്‌. ''ഒരു കടുകുമണിയോളം വിശ്വാസം നമ്മളിലുണ്ടെങ്കിൽ നമ്മൾ പ്രാർത്ഥിക്കുന്നത്  ഫലിക്കും''  സത്യത്തിൽ‍ സാധാരണ ആർക്കും തന്നെ, ആ കടുകുമണി വിശ്വാസം പോലും ഇല്ലാത്തതുകൊണ്ടാണ്‌ ഉളളിന്റെയുള്ളി‍ൽ ആ ബോധം ഇല്ലാത്തതുകൊണ്ടാണ്‌, പ്രാർത്ഥനക‍ൾ പലപ്പോഴും ഫലവത്താകാതെ പോകുന്നത്‌. മനസ്സിന്റെ ഉളളി‍ൽ അനവധി ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും ഭയങ്ങളും മറ്റനേകം നിഷേധ വികാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുമ്പോൾ‍  സഹജമായ നിഷ്‌കളങ്കവിശ്വാസം ഉണ്ടാവുക എളുപ്പമല്ല. മനസ്സിലെ ചിന്താമാലിന്യങ്ങൾ‍ എല്ലാം നീക്കി ശാന്തവും സ്വച്‌ഛവുമായ വിശ്വാസം ഉണ്ടാകുമ്പോ‍ൾ സർവ്വലക്ഷ്യങ്ങളും പൂർ‍ത്തീകരിക്കപ്പെടുന്നു.

പരമപ്രകാശമായ ചൈതന്യത്തെ നാം ഹൃദയ കമലത്തിൽ‍ അഥവാ നമ്മുടെ ബോധമണ്ഡലത്തിൽ ശരിയായി ഭാവന ചെയ്‌ത്, ധ്യാനിച്ച്‌, ജപാ‍ർച്ചന നടത്തി, ഭാവനാ നിവേദ്യമ‍ർപ്പിച്ച്‌, ആത്മതർ‍പ്പണം നിർവ്വഹിച്ച്‌ സമസ്‌തോപചാരങ്ങളും ഹൃദയസങ്കല്‌പേന നടത്തുമ്പോൾ‍ വിശ്വമണ്ഡലത്തെ മുഴുവ‍ൻ പ്രകാശിപ്പിക്കുന്ന ആ ചേതന, നമ്മിൽ‍ അനുഗ്രഹമായി നിറയുകയും നമ്മുടെ മനസ്സി‍ൽ ഉറവെടുക്കുന്ന സമസ്‌ത അഭിലാഷങ്ങളും സ്വയമേവ പൂർ‍ണ്ണമാകുകയും അപാരമായ ഒരു ആനന്ദനിർ‍വൃതിയിൽ‍ നാം എത്തിച്ചേരുകയും ചെയ്യുന്നു.

No comments:

Post a Comment