ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 June 2019

അട്ടം പിടിക്കുക

അട്ടം പിടിക്കുക

വേദമോതുമ്പോള്‍ കൈപ്പടങ്ങള്‍ ചേര്‍ത്ത് 'ബ്രഹ്മാഞ്ജലി'യായി വയ്ക്കുന്ന ക്രിയ. ബ്രാഹ്മണര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ വേദാധ്യയനപൂര്‍വം വേണം എന്നതാണ് വിധി.

വേദോച്ചാരണത്തിനുമുന്‍പ് അഭിവാദ്യം ചെയ്ത് 'അട്ടം പിടിക്കണം'. തൈത്തിരീയാരണ്യകത്തിലെ ബ്രഹ്മയജ്ഞ പ്രകരണ(2-ാം പ്രപാഠകം 11-ാം അനുവാകം)ത്തില്‍ നല്കുന്ന നിര്‍ദേശങ്ങളാണ് ഇതിന് അടിസ്ഥാനം.

അതിന്റെ വിധി:

ഇടത്തെ കാല്‍മുട്ടില്‍ വലതുകാല്‍ വച്ചശേഷം, ഇടത്തെ കൈപ്പടം മലര്‍ത്തി, അതില്‍ വലത്തെ കൈപ്പത്തി കമഴ്ത്തി, ഇടത്തെ കൈവിരലുകള്‍ കൊണ്ടു വലത്തെ കൈപ്പത്തിയും വലത്തേതുകൊണ്ട് ഇടത്തേതും പിടിച്ച്, വലത്തെ തള്ളവിരല്‍ ഇടത്തെ തള്ളവിരലിനെ ചുറ്റി വലത്തെ ചൂണ്ടാണിവിരല്‍ തൊടുവിച്ച്, വലത്തെ കാല്‍മുട്ടില്‍ വയ്ക്കുന്നു.

ഋഗ്വേദത്തിലെ അഷ്ടക(അട്ടം)ങ്ങളിലെ ആദ്യത്തെ വര്‍ഗം (വര്‍ക്കം) ചൊല്ലുമ്പോള്‍ ഈ കര്‍മം നിര്‍ബന്ധം ആയതുകൊണ്ട് ആയിരിക്കാം ഇതിന് അട്ടം പിടിക്കുക എന്ന പേരുവന്നത്.

ധര്‍മത്തിന്റെ നിലനില്പിനുവേണ്ടി ചെയ്യുന്ന കര്‍മങ്ങളെല്ലാം 'വേദപ്രണിഹിതോധര്‍മഃ' എന്ന പ്രമാണം അനുസരിച്ച് വേദങ്ങളെ കൈകൂപ്പിക്കൊണ്ട് ആരംഭിക്കുന്നതിനാല്‍ അട്ടം പിടിക്കുക എന്നതിന് സംസ്കൃതത്തില്‍ 'ബ്രഹ്മാഞ്ജലി' എന്നു പറയുന്നു (പാരമേശ്വരി 530).

കൈകള്‍ അടുക്കിവച്ചുകൊണ്ട് സ്വാധ്യായം വേദോച്ചാരണം നടത്തുക എന്ന അര്‍ഥത്തില്‍ 'അട്ടംപിടിക്ക'ലിനെ ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. 'അട്ട'ത്തിന് അഞ്ജലി (കൂപ്പുകൈ) എന്നും അര്‍ഥമുള്ളതായി കാണുന്നു. തമിഴിലും ഇതിന് 'അട്ടം' എന്നു തന്നെ പറയും; കര്‍ണാടകത്തില്‍ 'അഡ്ഡ' എന്നും തെലുങ്കില്‍ 'അഡ്ഡമു' എന്നും പറയുന്നു.

No comments:

Post a Comment