ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 June 2019

ആഗമങ്ങൾ

ആഗമങ്ങൾ

ഭഗവാൻ പരമശിവന്റെ പഞ്ചമുഖങ്ങളിൽ നിന്നുണ്ടായ ശാസ്ത്രമാണ് തന്ത്രശാസ്ത്രം.

തന്ത്രം രണ്ടുവിധത്തിലുണ്ട്. വാമതന്ത്രം എന്നും ദക്ഷിണതന്ത്രമെന്നും അവ അറിയപ്പെടുന്നു.

സത്വഗുണപ്രധാനരായ മനുഷ്യർക്കുവേണ്ടി പഞ്ചദേവ ഉപാസന വിവരിച്ചിരിക്കുന്നതാണ് ദക്ഷിണതന്ത്രം.

തമോഗുണ പ്രകൃതികളായ മനുഷ്യർക്കുവേണ്ടിയുള്ളതാണ് വാമതന്ത്രം.

തന്ത്രശാസ്ത്രത്തിന്റെ ഉത്ഭവം ആഗമങ്ങളിൽ നിന്നും ആകുന്നു.

ആഗമങ്ങൾ കാരണം, കാമിതം, ചിന്തം, വടുലം, വ്യാമളം, കലോത്തരം, ശുഭ്രം, മകുടം എന്നിവ ആണ്.

ശിവപാർവ്വതീ സംഭാഷണമാണ് ആഗമങ്ങൾ.

ക്ഷേത്രത്തിലെ പൂജാദികളായ ആഭ്യന്തരകർമ്മങ്ങൾ ശാസ്ത്രാനുസരണം നിശ്ചയിച്ചു നടത്തുന്ന സമ്പ്രദായമാണ് തന്ത്രം. ഭാരതീയ തത്വശാസ്ത്രങ്ങളിലെ ഒരു ശാഖയാണ് തന്ത്രം. പൂജാക്രമവും പൂജാവിധികളെപ്പറ്റിയുമുള്ള ആധികാരിക നിയമങ്ങളാണ് തന്ത്രശാസ്ത്രത്തിന്റെ ഉള്ളടക്കം. നിരുക്തപ്രകാരം "തനുവിസ്താരേ ഇതിതന്ത്ര" എന്നാണ് തന്ത്രനാമത്തിന് അർത്ഥം. അതായത് ശരീരംകൊണ്ട് വിസ്തരിക്കപ്പെടുന്നതിനാൽ (പഞ്ചദേവ ഉപാസനയും പൂജകളും) തന്ത്രം എന്ന് പേരുണ്ടായി.

ആഗമഃ പഞ്ചമോവേദഃ കൗലസ്തു പഞ്ചമാശ്രമഃ
ശ്രുതിശ്ച വൈദികി താന്ത്രികീചൈവദ്വിവിധാ
കീർത്തിതാ ഇതി ശ്രുതിഃ

എന്ന ശ്ലോകം ആഗമസിദ്ധാന്തങ്ങളാണ് തന്ത്രത്തിന്റെ ഉത്ഭവസ്ഥാനം എന്നതിന് തെളിവാണ്. പഞ്ചമവേദമായ ആഗമങ്ങളെ വൈദികമെന്നും താന്ത്രികമെന്നും രണ്ടായിതിരിച്ചിരിക്കുന്നു. യാഗങ്ങളും യജ്ഞങ്ങളും പൂജകളും താന്ത്രികരീതിയിലാണ് നടത്തപ്പെടുന്നത്. ആദ്യകാലങ്ങളിൽ വൈദികപണ്ഡിതന്മാർ തന്ത്രശാഖയെ അംഗീകരിച്ചിരുന്നില്ല. അവൈദികം എന്ന് പറഞ്ഞ് തന്ത്രശാഖയെ പുച്ഛിരുന്നു. കാലക്രമേണ വേദ ശാഖയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടപ്പോൾ വൈദിക ശ്രേഷ്ഠന്മാർ എന്ന് അവകാശപ്പെട്ടിരുന്നവർ താന്ത്രികമാർഗ്ഗത്തിലേക്ക് കടന്നുവന്നു. സാമ്പത്തിക ചെലവ് കുറഞ്ഞതും സാധാരണക്കാർക്ക് പ്രയോജനകരവും വേഗത്തിൽ ഈശ്വരാനുഗ്രഹം ലഭിക്കാൻ പര്യാപ്തവും ആയതിനാൽ സാധാരണ ജനങ്ങൾ വൈദികമാർഗ്ഗത്തെക്കാൾ താന്ത്രികമാർഗ്ഗത്തിന് പ്രചാരവും പ്രോത്സാഹനവും നല്കി. അങ്ങനെ വൈദികമാർഗ്ഗക്കാരായ ബ്രാഹ്മണർ താന്ത്രിക രീതിയിലേക്ക് കുറേശ്ശേ വരുകയും രണ്ടുംകൂടി ചേർത്ത് മിശ്രം എന്നൊരു ശാഖ ഉണ്ടാക്കുകയും ചെയ്തു. വൈദികമന്ത്രങ്ങൾ താന്ത്രികശാഖയിലേക്ക് മിശ്രണം ചെയ്യപ്പെട്ടതോടെ തന്ത്രകർമ്മങ്ങളുടെ അവകാശികളായി (തന്ത്രിമാർ) ബ്രാഹ്മണാരായ വൈദികർ മാറി. മാത്രവുമല്ല ഷോഡശ സംസ്കാരം ചെയ്ത ബ്രാഹ്മണർക്കു മാത്രമേ തന്ത്രിസ്ഥാനം പാടുള്ളൂ എന്ന സ്ഥിതിയും ഉണ്ടായി. എന്നാൽ മഹാനിർവ്വാണതന്ത്രപ്രകാരം കലിയുഗത്തിൽ ബ്രാഹ്മണ്യത്തിനു പ്രസക്തി ഇല്ലായെന്നും കേവലം യജ്ഞോപവീതം (പൂണൂൽ) ധരിക്കുന്നതുകൊണ്ടുമാത്രം ബ്രാഹ്മണത്വം ഉണ്ടാകില്ല എന്നും ഉള്ള സ്ഥിതിപരക്കെ പ്രചാരത്തിൽ വന്നു. ഷോഡശ സംസ്ക്കാരത്തെക്കാൾ ഗുരുവിൽനിന്നും അറിവ് (ദീക്ഷ) സ്വീകരിക്കുന്ന ആർക്കും തന്ത്രത്തിന് അവകാശമുണ്ടെന്ന് കലിയുഗത്തിൽ വ്യവസ്ഥ ഉണ്ടായി. ഈ വ്യവസ്ഥയിൽ ജാതിയോ മതമോ വർഗ്ഗമോ ആയിട്ടുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല.

കുളാർണ്ണവതന്ത്രപ്രകാരം

ഗതം ശൂദ്രസ്യ ശുദ്രത്വം വിപ്രസ്യാപിചവിപ്രതാ
ദീക്ഷാ സംസ്ക്കാര സമ്പന്നോ ജാതിഭേദേന വിദ്യതേ

ജാതി വർഗ്ഗ വർണ്ണ ഭേദമല്ല പ്രത്യുത യോഗ്യതയും ആത്മശുദ്ധിയുമാണ് ഒരു ശിഷ്യന്റെ ലക്ഷണം എന്നാണ് ഈ വരികളുടെ അർത്ഥം.

No comments:

Post a Comment