ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 June 2019

പരദേവതാ സങ്കല്പം

പരദേവതാ സങ്കല്പം

"ദേവ്യാ യയാ  തതമിദം
ജഗദ്ദാത്മശക്ത്യാ
നിശ്ശേഷദേവഗണശക്തിസമൂഹമൂർത്ത്യാ
താമംബികാമഖിലദേവമഹർഷിപൂജ്യാം
ഭക്ത്യാ നതാ: സ്മ വിദധാതു ശുഭാനി സാ ന: "

(എല്ലാ ദേവഗണങ്ങളുടെയും ഏകീകൃതമായ ശക്തിയോടു കൂടി അവതരിച്ചവളും ആത്മശക്തിയാൽ ഈ ജഗത്തു മുഴുവൻ വ്യാപിച്ചിരിക്കുന്നവളും എല്ലാ ദേവ, മഹർഷിമാരാലും പൂജിക്കപ്പെടുന്നവളുമായ അംബികയെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ആ ദേവി ഞങ്ങൾക്ക് ശുഭം വരുത്തട്ടെ.)

പലപ്പോഴും നിങ്ങളിൽ പലർക്കും ഈ സംശയങ്ങളുണ്ടാകാം...

പരദേവത, ഭരദേവത, കുലദേവത എന്നിവയെല്ലാം ഒന്നാണോ...? 

പരദേവതയെ കണ്ടെത്തുന്നതെങ്ങനെ?

പരദേവതയെ പൂജിച്ചില്ലെങ്കിലുള്ള ദോഷമെന്ത്?

പരദേവത ഏതെന്നറിയാത്തപ്പോൾ എന്ത് ചെയ്യണം.?

ഒന്നാമതായി പരദേവത, ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒന്നാണോയെന്ന് ചിന്തിക്കാം. ഈ നാമങ്ങളെല്ലാം ഒരേ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിഘണ്ടുക്കളിൽ കാണപ്പെടുന്നു. ഒരു കുടുംബമോ ,ഒരു വംശമോ പാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്നതും കുടുംബത്തിന്റെയോ വംശത്തിന്റേയോ രക്ഷയുടെ ചുമതലയുള്ളതുമായി സങ്കല്പിക്കപ്പെടുന്നതുമായ ദേവതയാണ് പര ദൈവം. ഓരോ നാമങ്ങളും ഈ അർത്ഥത്തെ പ്രകാശിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

'പരദേവത'' എന്ന നാമത്തിന് കുടുംബ ദൈവം അഥവാ കുടുംബദേവത എന്നു തന്നെ നിഘണ്ടുവിൽ കാണുന്നു. ശബ്ദതാരാവലി, സംസ്കൃത നിഘണ്ടുക്കൾ നോക്കുക. രണ്ടാമത്തെ 'ഭര ദേവത'യെന്ന നാമത്തിൽ 'ഭര'യെന്ന വാക്കിന് ഭരിക്കുക, രക്ഷിക്കുക, താങ്ങുക എന്നീ അർത്ഥങ്ങളാണുള്ളത്. കുടുംബത്തിന്റെ അല്ലെങ്കിൽ വംശത്തിന്റെ രക്ഷയുടെ ചുമതലയുള്ളതിനാൽ ആ വംശത്തെ രക്ഷിക്കുന്നവൻ അഥവാ വഹിക്കുന്നവൻ, എന്ന അർത്ഥത്തിൽ പരദേവത ഭര ദേവതയായി. മൂന്നാമത്തെ 'കുലദേവത'യെന്നതിന്നും പരദേവത അഥവാ കുലത്തെ സംരക്ഷിക്കുന്ന ദേവത എന്ന് അർത്ഥം കൊടുത്തിരിക്കുന്നു. ഒരു കുലത്തിന്റെ ദേവതയാണ് കുലദേവത
ഇനി ധർമ്മദേവത' എന്തെന്ന് നോക്കാം. ഓരോ കുടുംബത്തിനും അല്ലെങ്കിൽ വംശത്തിനും ആചരിക്കേണ്ടതായ ചില ധർമ്മങ്ങളുണ്ട്. കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ സംരക്ഷിക്കുന്നത്.

" കുലം ച കുലധർമ്മം ച മാം ച
പാലയ പാലയ''

അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു. കൂടാതെ ധർമ്മ ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം.

ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2 വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും.
പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും -

പ്രശ്നത്തിൽ 4, 9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്. നാലാം ഭാവാധിപൻ, 4ൽ നിൽക്കുന്ന ഗ്രഹം, നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ. ഇത് ഗ്രഹങ്ങളെക്കൊണ്ട് എങ്ങനെ ചിന്തിക്കണമെന്ന് പ്രശ്നമാർഗ്ഗം 15-ാം അധ്യായം 4-ാം ശ്ലോകം മുതൽ 7-ാം ശ്ലോകം വരെ വിവരിക്കുന്നുണ്ട്.

ഉദാ: 4-ാം ശ്ലോകം നോക്കുക.

'അർക്ക: ശംഭുരുദാഹൃതോഖില ഗൃഹേ
ഷ്വർക്കോ യദി ദ്വന്ദഭേ
ദ്രേക്കാണേ പ്രഥമേ ഗുഹോത്രകഥിതോ
വിഘ്നേശ്വരോ മദ്ധ്യമേ
ദുർഗ്ഗാ ശീതകരോബലി സ വിബല:
കാളീ സ ഏവാബലശ്ചാമുണ്ഡി
പ്രമുഖാസ്തമോഗുണജുഷോ
ഭൗമാലയസ്ഥോ യദി.'

അർത്ഥം -
എല്ലാ രാശികളിലും നിൽക്കുന്ന അർക്കൻ അഥവാ സൂര്യൻ ശിവനെ സൂചിപ്പിക്കുന്നു. സൂര്യൻ നിൽക്കുന്നത് ഉഭയരാശിയിൽ പ്രഥമ ദ്രേക്കാണത്തിലായാൽ ഗുഹനെയും ഉഭയരാശി മദ്ധ്യമദ്രേക്കാണത്തിലായാൽ ഗണപതിയെയും സൂചിപ്പിക്കുന്നു. ബലവാനായ ചന്ദ്രൻ ദുർഗ്ഗയെയും, ബലഹീന ചന്ദ്രൻ കാളിയെയും സൂചിപ്പിക്കുന്നു. ചന്ദ്രൻ ബലഹീനനായി ചൊവ്വയുടെ രാശിയിൽ നിന്നാൽ തമോഗുണ പ്രധാനരായ കാളി, രക്തേശ്വരീ, രക്തചാമുണ്ഡി എന്നിവരെ സൂചിപ്പിക്കുന്നു. പ്രശ്നത്തിൽ 4-ാം ഭാവമായോ9-ാം ഭാവമായോ ഈ വിധം ഗ്രഹങ്ങൾ ബന്ധപ്പെട്ട് വന്നാൽ അവയുടെ ബലാബലങ്ങളനുസരിച്ച് ഗ്രഹങ്ങൾ സൂചിപ്പിക്കുന്ന ദേവത പരദേവതയാകും. ഈ വിധം 9-ാം ഭാവം കൊണ്ടും ചിന്തിക്കാവുന്നതാണ്.
അതിന് പ്രമാണമെന്തെന്നാൽ,

" ധർമ്മം തപോനിഷ്ഠ പൂജാതീർത്ഥസ്നാനാദി ബന്ധവും
ഗുരുക്കന്മാർ, പിതൃക്കന്മാർ, കാരണപ്പെട്ട ദൂതരും
മന്ത്രവും നിയമം നിഷ്ഠാപൂജയും പൂജാ
പാത്രവും
ഭരദൈവാദികളും പിന്നെ വഴിയും പുഴയും തഥാ "

എന്നിങ്ങനെ 9-ാം ഭാവത്താൽ ചിന്തിക്കേണ്ട വിഷയങ്ങൾ പ്രശ്ന ഭാഷയെന്ന ഗ്രന്ഥത്തിൽ പറയുന്നു. ഇതിൽ ഭരദൈവാദികൾ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഇതിനാൽ 4, 9 ഭാവങ്ങളെക്കൊണ്ട് രണ്ടിനാലും പരദേവതയെ ചിന്തിക്കാമെന്ന് സിദ്ധിക്കുന്നു. അതിനാൽ നാലാം ഭാവത്തിനാൽ മാതൃ വഴിയും 9-ാം ഭാവത്തിനാൽ പിതൃവഴിയുമുള്ള പരദേവതമാരെ ചിന്തിക്കാവുന്നതാണ്‌. അതുകൊണ്ട് അമ്മ വഴിയും അച്ഛൻ വഴിയുമുള്ള പരദേവതകളെ പൂജിക്കേണ്ടതാണെന്ന് തെളിയുന്നു. അതിനാൽ 2 പേരുടെയും പരദേവതയേതെന്നറിയാമെങ്കിൽ അത് രണ്ടും ആരാധിക്കേണ്ടതാണ്.

ഇനി എങ്ങനെയാണ് ആരാധിക്കേണ്ടത്?

കൗളാചാരപ്രകാരമോ സമയാചാരപ്രകാരമോ വേണ്ടത്?

പ്രശ്ന രീതി 9-ാം അധ്യായത്തിൽ 12-ാം ശ്ലോകം പറയുന്നു,

'എന്തു ചെയ്തു പണ്ടുള്ളോരെന്നറിഞ്ഞതു ചെയ്യണം
ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ "

അതിനാൽ പൂർവ്വികർ ആചരിച്ചിരുന്നത് ഏത് വിധമെന്നറിഞ്ഞ് അതേ വിധം ആചരിക്കുകയാണ് വേണ്ടത്. മറ്റൊരു രീതിയിലുമുള്ള ആചരണത്തിന് പ്രസക്തിയില്ലായെന്ന് ഇതിനാൽ വ്യക്തമാകുന്നു.

എങ്ങനെ പരദേവതയെ പൂജിക്കണമെന്ന് വ്യക്തമാക്കി. ഇനി പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?

കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു. എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ.

പ്രശ്നമാർഗ്ഗം 15-ാം അധ്യായം 30-ാം ശ്ലോകം നോക്കുക.
' വാച്യാ ഭക്ത്യാ പ്രതിസമമിദം പൂജനീയം
സമൃദ്ധ്യൈ '- അതായത് ഇദം -

ഈ ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു.

ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം. ഇത് പലർക്കും സംശയമാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം.
ഒന്നാമത് പരദേവതയെടുക്കാം.

'പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ദേവതയെന്ന വാക്ക് 'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു. കൂടാതെ 'പര ' എന്നത്
ശബ്ദത്തിന്റെ ആദിരൂപമാണ്. അതായത് ശബ്ദത്തിന് 4 അവസ്ഥകളുണ്ട്. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ.
ലളിതാസഹസ്രനാമത്തിൽ 366,368,370,371 എന്നീ നമ്പറുകളിൽ വരുന്ന നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്. ശബ്ദ ബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ. ഇതിന്റെ ഉൽപ്പത്തി സൂഷ്മ ശരീരത്തിലെ ആധാര ചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്. ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീ ശക്തി കുടികൊള്ളുന്നത്.
ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്. മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ 4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു. ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു. ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു.ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന514-ാം നാമവും വ്യക്തമാക്കുന്നത്.കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്. ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്.

യജുർവേദഭാഷ്യകാരനായ മഹീധരന്റെ 'മന്ത്രമഹോദധി'യെന്ന തന്ത്ര ഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക.

"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത :"

അർത്ഥം:
ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക.
ഇവിടെയും  കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു. കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു.
ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീ ശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി.കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതായെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി. അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്. ഇങ്ങനെ പരദേവതയെന്തെന്ന് വ്യാഖ്യാനിച്ചു.

'ഭര'' എന്നതിന് ഭരിക്കുക, രക്ഷിക്കുക, താങ്ങുന്ന എന്നീ അർത്ഥങ്ങളാണുള്ളത്. ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് ദേവിയാണ്. ലളിതാസഹസ്രനാമത്തിലെ രണ്ടാമത്തെ നാമം ശ്രീ മഹാരാജ്ഞി എന്നാണ്. രാജ്ഞിയെന്ന പദത്താൽ ഈ പ്രപഞ്ചത്തെ പാലിക്കുന്നതിനുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. ബ്രഹ്മാണ്ഡത്തെ ഭരിക്കുന്ന, പാലിക്കുന്ന സ്ഥിതിയാണ് ഈ നാമത്തിനുള്ളത്. അധികാരത്തിൽ മഹനീയത കൊണ്ട് ശോഭിക്കുന്നവളാണ് ദേവി.

"സൈവ കാലേ മഹാമാരീ സൈവ സൃഷ്ടിർ
ഭവത്യജ
സ്ഥിതിം കരോതി ഭൂതാനാം സൈവ കാലേ സനാതനീ "
( ദേവീ മാഹാത്മ്യം 12-ാം അധ്യായം, ശ്ലോകം 669)

ജനനാദികൾ ഇല്ലാത്തവളാണെങ്കിലും നിത്യയും സനാതനിയുമായ ആ ദേവി തന്നെ എല്ലാ ലോകങ്ങളേയും അതതു സമയത്ത് സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു.
ഇതിൽ നിന്നും എല്ലാറ്റിനുമുള്ള ദേവിയുടെ അധികാരത്തെ വ്യക്തമാക്കുന്നു. മുഖ്യ പ്രാണൻ പോലും ഛായ പോലെ ബ്രഹ്മസ്വരൂപിണിയായ ദേവിയെ അനുഗമിക്കുന്നുവെന്ന് ഉപനിഷത് വാക്യങ്ങൾ വ്യക്തമാക്കുന്നു.

കൂടാതെ ദേവീ സൂക്തം എന്നറിയപ്പെടുന്ന ഋഗ്വേദം 10-ാം മണ്ഡലം 125-ാം സൂക്തം മൂന്നാം മന്ത്രം നോക്കൂ,

"അഹം രാഷ്ട്രീ സങ്ഗമനീ വസൂനാം
ചികിതുഷീ പ്രഥമാ യജ്ഞിയാനാം
താം മാ ദേവാ വ്യദധു: പുരുത്രാ
ഭൂരിസ്ഥാത്രാം ഭൂര്യാ വേശയന്തിം "

അർത്ഥം: ഞാൻ സർവ്വജഗത്തിനും ഈശ്വരിയാകുന്നു. ഉപാസകന്മാർക്ക് ഐശ്വര്യമെത്തിക്കുന്നവളാകുന്നു. യജ്ഞാർഹതയുള്ളവരിൽ ഞാൻ മുഖ്യയാകുന്നു. ആ എന്നെ പ്രപഞ്ചത്തിൽ നാനാഭാവത്തിൽ സ്ഥിതി ചെയ്യുന്നവളായി, വിവിധ ഭൂത ജാലങ്ങളിൽ ജീവാത്മരൂപത്തിലാവേശിക്കുന്നവളായറിഞ്ഞ്, എല്ലാ ദിക്കുകളിലും ദേവന്മാർ ആചരിക്കുന്നു, ആദരിക്കുന്നു.

ഇങ്ങനെ അനേകം ശ്രുതി വാക്യങ്ങളിലൂടെയും പരമേശ്വരി പ്രപഞ്ചേശ്വരിയാണെന്ന് തെളിയുന്നു.
ഇനിയും ലളിതാസഹസ്രനാമത്തിലെ 342, 343 നാമങ്ങൾ നോക്കുക. ക്ഷേത്രേശി, ക്ഷേത്ര ക്ഷേത്രജ്ഞ പാലിനീ എന്നീ നാമങ്ങൾ. ക്ഷേത്രമെന്നാൽ ശരീരം. ശരീരത്തിന് ഈശ്വരിയായവൾ. അതിന്റെ അധിപതി. ക്ഷേത്രക്ഷേത്രജ്ഞ പാലിനിയെന്നാൽ ജീവശരീരത്തിനെയും അതിനെ അറിയുന്ന ജീവനെയും നില നിർത്തുന്നവൾ അഥവാ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം പ്രമാണങ്ങളാൽ ദേവിയാണ് എല്ലാറ്റിനെയും ഭരിച്ചു കൊണ്ട്, രക്ഷിച്ചു കൊണ്ട് സ്ഥിതി ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അതിനാൽ എല്ലാറ്റിനേയും ഭരിക്കുന്നവളും രക്ഷിക്കുന്നവളുമാകയാൽ ദേവി ഭര ദേവതയാണ്.

പരദേവത, ഭരദേവത എന്നിവയെന്തെന്ന് വ്യക്തമാക്കി. ഇനി കുലദേവതാപ്പൊരുൾ നോക്കാം.

കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്.

'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'
എന്ന് വിശ്വകോശം.

അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം. കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു.

'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'

ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി.
ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്. ഇവിടെ സങ്കേതം എന്നതിന് 'പ്രജ്ഞപ്തി' യെന്ന് പര്യായം. അതായത് ജ്ഞാനം എന്നർത്ഥം (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം) പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട് നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്.

ഇനി 'ധർമ്മദേവത'യെന്ന നാമം പരിശോധിക്കാം.

ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു,

' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '

വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്. അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്.

ഉദാ: മാതാപിതാ ഗുരുർ ദൈവം. അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്.
അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി.

ഇനി ധർമ്മയെന്നതിന് 'ധരതി ലോകാൻ
ധ്രിയതേ ' എന്ന അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു. ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു.

കൂടാതെ ദേവീമാഹാത്മ്യം ഒന്നാം അധ്യായം 75-ാം ശ്ലോകം നോക്കൂ,

" ത്വയൈതദ് ധാര്യതേ വിശ്വം ത്വയൈതത് സൃജ്യതേ ജഗത്
ത്വയൈതത് പാല്യതേ ദേവി ത്വമത്സ്യന്തേ
ച സർവ്വദാ '

ഈ ലോകത്തെ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും ദേവി തന്നെയാണ്. ഇങ്ങനെ പിന്നെയും പിന്നെയും ദേവിയാൽ ഈ വിശ്വം ധരിക്കപ്പെടുന്നു.
ഇങ്ങനെ' കുലദേവതാ ' നാമവും വിശദമാക്കി.

തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും  ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ.

കുടുംബദേവതകൾ, ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ   രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.

"ഏകൈവാഹം  ജഗത്യത്ര  ദ്വിതീയാ കാ
മമാ പരാ'

ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ.

അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലഷ്മിയായും കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണു വായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും ഏകീഭവിച്ച ആ നിത്യ ലീലാമയിയെ, അന്യ ദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോ ദയമായ, മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേ നിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ, ജനന മരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമു
യർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.

No comments:

Post a Comment