ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 07/108 തൃപ്രങ്ങോട് ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 07/108

തൃപ്രങ്ങോട് ശിവക്ഷേത്രം

മലപ്പുറം ജില്ലയിലാണ് തൃപ്രങ്ങോട് ക്ഷേത്രം. ഷൊർണൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിനിൽ കുറ്റിപ്പുറത്തോ തിരുനാവായയിലോ തിരൂരോ ഇറങ്ങി ബസ്സിൽ ക്ഷേത്രചിറയുടെ അടുത്ത് ഇറങ്ങാം. അവിടെനിന്ന് 4 ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിലെത്താം.

ക്ഷേത്രമാഹാത്മ്യം വ്യക്തമാക്കുന്ന ഐതിഹ്യ കഥ ഇങ്ങനെ: മൃകണ്ഡുവിന്റെ പുത്രനായ മാർക്കണ്ഡേയമുനി ശിവഭക്തനായിരുന്നു. മാർക്കണ്ഡേയൻ അല്പായുസ്സുള്ളവൻ ആകയാൽ യഥാസമയം യമരാജൻ ജീവനപഹരിക്കാൻ ദൂതന്മാരോടൊപ്പമെത്തി. മാർക്കണ്ഡേയൻ വിവരമറിഞ്ഞു. ആത്മരക്ഷാർത്ഥം പരമശിവന്റെടുത്തേക്ക് ഓടിയെത്തി. സംരക്ഷിക്കാതിരിക്കാൻ പറ്റുമോ യമകിങ്കരന്മാർ കാലപാശവും വീശിക്കൊണ്ട് മാർക്കണ്ഡേയനെ പിടികൂടാൻ തുനിഞ്ഞു. മാർക്കണ്ഡേയൻ പരമശിവനെ വിളിച്ച് കരഞ്ഞു . ദൂതന്മാർ രണ്ടുഭാഗത്തുനിന്നും മാർക്കണ്ഡേയനെ പിടികൂടാൻ അടുത്തു. ആലിന്റെ ഏതു ഭാഗത്തു കൂടി കടന്നാലും മാർക്കണ്ഡേയൻ കിങ്കരന്മാരുടെ കയ്യിൽ പെടും. എന്തുവേണം? മാർക്കണ്ഡേയൻ ഭഗവാനെ വിളിച്ചു.

ദീനരോദനം കേട്ട് ക്ഷേത്രനടയിൽ ആല രണ്ടായി പിളർന്നു. പിളർപ്പിലൂടെ മാർക്കണ്ഡേയൻ ഓടി ശ്രീകോവിലിൽ കയറി. ശിവലിംഗത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു. യമരാജാവ് അത് ചെവികൊണ്ടില്ല കാലപാശം മാർക്കണ്ഡേയനു നേരെ എറിഞ്ഞു .ശിവലിംഗവും മാർക്കണ്ഡേയനും അതിൽ കുടുങ്ങി. യമകിങ്കരന്മാർ ഇത്ര ധിക്കാരികളോ? പരമശിവൻ കോപം കൊണ്ട് ജ്വലിച്ചു. മൂന്നാം തൃക്കണ്ണ് തുറന്നു. അവിടെനിന്നും ജ്വലിച്ച അഗ്നിയിൽ യമധർമ്മൻ ദഹിച്ചു. മാർക്കണ്ഡേയനെ രക്ഷിച്ചു.

കാലന്റെ കൈകളിൽനിന്ന് രക്ഷിക്കാൻ ശക്തനാണ് തൃപ്പങ്ങോട്ടപ്പൻ. ആയുർദൈർഘ്യത്തിനും, അപമൃത്യുവിൽ നിന്ന് രക്ഷപ്പെടാനും തൃപ്രങ്ങോട്ട് തൊഴുത് ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ശംഖാഭിഷേകം വഴിപാട് കഴിച്ചാൽ ശിവൻ സംപ്രീതനായി ഭക്തനെ രക്ഷിക്കുമെത്ര ! ശംഖാഭിഷേകം ചെയ്യുന്നത് തന്ത്രിയാണ്. രഹസ്യ മന്ത്രം തന്ത്രി കുടുംബക്കാർ രഹസ്യമായി തന്നെ സൂക്ഷിക്കുന്നു. ശംഖാഭിഷേകം പന്തീരടിപൂജയ്ക്കാണ്പതിവ് .തന്ത്രിസ്ഥാനം കൽപ്പുഴ മനയ്ക്കലേക്ക് ആണ്. മുഖ്യ മൂർത്തിയുടെ ഗജ പൃഷ്ട ശൈലിയിലുള്ള ശ്രീകോവിൽ നിർമ്മാണം ആ മഹാക്ഷേത്രത്തിലെ മഹത്വം വെളിവാക്കുന്നു.

ഉപദേവന്മാർ കാരണയിൽ ശിവൻ, നവാമുകുന്ദൻ, ഗോശാലകൃഷ്ണൻ, വേട്ടയ്ക്കൊരുമകൻ, ദുർഗ്ഗ ,അയ്യപ്പൻ, എന്നിവരാണ് .വേറെയും മൂന്ന് ശിവ പ്രതിഷ്ഠകളുണ്ട്. കാരണയിൽ ശിവനാണ് ധാര വഴിപാട്. ക്ഷേത്രസങ്കേതത്തിലെ വ്യത്യസ്ത ശിവസങ്കൽപ്പങ്ങൾ പരമശിവന്റെ വിവിധഭാവങ്ങളെ ഉൾക്കൊള്ളുന്നു. വടക്കുഭാഗത്ത് വലിയ ക്ഷേത്രക്കുളവും, അതിന്റെ അടുത്ത് രണ്ട് തീർത്ഥ കുളങ്ങളും ഉണ്ട്.

ക്ഷേത്രസങ്കേതത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ചിലത് ക്ഷേത്രത്തിനു വേണ്ടി വിട്ടുകൊടുത്ത വസ്തുവകകളുടെ വിവരവും, മറ്റു ചിലത് സത്ഭരണം കാഴ്ചവെക്കാനുള്ള രാജകല്പനകളുമാണ്. കുലശേഖര രാജ്യത്തിന്റെ അസ്തമയത്തോടെ ക്ഷേത്രഭരണം വെട്ടത്തു രാജാവിനും പിന്നീട് സാമൂതിരിയുടെയും അധീനതയിലും ആയിത്തീർന്നു.

No comments:

Post a Comment