നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 01/108
ശ്രീ വടക്കുംനാഥ ക്ഷേത്രം [ദക്ഷിണ കൈലാസം]
തൃശ്ശൂർ നഗരത്തിലുള്ള വിസ്തൃതമായ തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിൽ ദക്ഷിണ കൈലാസനാഥൻ വാഴുന്ന ശ്രീ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നു. 108 ശിവാലയസ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാക്ഷേത്രമാണിത്. ശിവാലയങ്ങളെല്ലാം പരശുരാമൻ പ്രതിഷ്ഠിച്ച തെന്ന് ഐതിഹ്യം പറയുന്നു.
മഴുവെറിഞ്ഞ് വീണ്ടെടുത്ത കേരളത്തിൽ ആപത്തുകൾക്ക് ഇടവരാതെ ജീവിക്കുന്നതിനും ജനനന്മയ്ക്കും വേണ്ടി കൈലാസനാഥനോട് പാർവതീസമേതനായി സാന്നിദ്ധ്യമരുളാൻ പരശുരാമൻ അപേക്ഷിച്ചു. അതുപ്രകാരം ഭഗവാൻ ശ്രീപരമേശ്വരൻ ദക്ഷിണകൈലാസമെന്ന് പേരുകേട്ട വടക്കുന്നാഥൻ ക്ഷേത്രത്തിൽ പാർവ്വതീദേവിയോട് കൂടി മഹാവിഷ്ണു, ശങ്കരനാരായണൻ, ഗണപതി എന്നീ ദേവതകൾക്കൊപ്പം അധിവാസം ചെയ്യാമെന്ന് അരുളിചെയ്തു. അങ്ങനെ പരശുരാമൻ തൃശ്ശൂരിൽ ഒന്നാമത്തെ ശിവാലയം പ്രതിഷ്ഠിച്ചു.
മഹാദേവൻ സർവർക്കും അനുഗ്രഹം ചൊരിഞ്ഞ് വടക്കുന്നാഥൻ ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നു.
അരൂപിയായ പരമശിവനെ ദർശിക്കാൻ ആർക്കു കഴിയും? വേദസ്വരൂപൻ അദൃശ്യനായി ശ്രീകോവിലിൽ നെയ്മല ക്കുള്ളിൽ മറഞ്ഞു കിടക്കുന്നു .ഒരാൾ പൊക്കത്തിൽ കാണുന്ന നെയ്മല ശ്രീകോവിലിൽ കാണാം. യഥാർത്ഥ സ്വയംഭൂവിഗ്രഹം അതിനുള്ളിൽ ഉണ്ടെന്നാണ് വിശ്വാസം. ശ്രീമൂലസ്ഥാനത്തെ ആലിൻചുവട്ടിൽ ആണ് പരമശിവനും പാർവ്വതിയും പരശുരാമന് ദർശനം നൽകിയത്. അതുകൊണ്ട് പുണ്യഭൂമി ശ്രീമൂലസ്ഥാനം എന്ന പേരിലറിയപ്പെട്ടു . ശ്രീമൂല സ്ഥാനത്തിന് നേരെ കാണുന്ന ഏറ്റവും വലിയ ശ്രീകോവിലാണ് ദക്ഷിണ കൈലാസം. വടക്കുന്നാഥനെ വന്ദിക്കാൻ ഒരു ദർശന ക്രമം തന്നെയുണ്ട്. മഹാദേവന്റെ പിന്നിലാണ് പാർവതി. തെക്കേ അറ്റത്ത് ശ്രീരാമൻ, നടുവിൽ ശങ്കരനാരായണൻ പിന്നെ തിടപ്പള്ളിയിലേക്ക് ദർശനമായിരിക്കുന്ന ഗണപതി. തുല്യപ്രാധാന്യമുള്ള അഞ്ചു ദേവതകൾ പ്രത്യേകം ശ്രീകോവിലുകളിൽ വിരാജിക്കുന്നു. ശിവന്റെയും ശങ്കരനാരായണന്റെയും ശ്രീരാമന്റെയും ദർശനം പടിഞ്ഞാറോട്ട് ഗണപതിയും പാർവതിയും കിഴക്കോട്ടും. പാർവതിയും ശിവനും ഒരേ ശ്രീകോവിലിൽ തന്നെയാണ്. ശിൽപ്പങ്ങളെ കൊണ്ടും ചുമർചിത്രങ്ങളാലും ശ്രീകോവിലുകൾ അത്യധികം ആകർഷകമാണ്. ഗണപതിയുടെ ശ്രീകോവിലിന്റ നിർമ്മാണത്തിന് മാത്രം അധികം പഴമ അവകാശപ്പെടാനില്ല. ആദ്യകാലത്തെ ഗണപതിക്ക് ഒരുപക്ഷെ ശ്രീകോവിലിൽ ഇല്ലായിരുന്നിരിക്കാം. ശ്രീരാമന്റെയും ശങ്കരനാരായണന്റെയും മണ്ഡപത്തിന് വടക്കുന്നാഥന്റെ മണ്ഡപത്തിനോളം വലുപ്പമില്ല. ചുറ്റമ്പലവും വിളക്കുമാടത്തറയും ക്ഷേത്രത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ശ്രീകോവിലുകൾ ചെമ്പുമേഞ്ഞ് സുരക്ഷിതമാണ്. പുറത്തു വടക്കുഭാഗത്ത് കാണുന്നതാണ് കൂത്തമ്പലം. അതിന് നിർമ്മാണശൈലി കണ്ടാൽ അത്ഭുത പ്പെടാത്തവരില്ല. ഗോശാലകൃഷ്ണൻ, ഋഷഭൻ, സിംഹോദരൻ, അയ്യപ്പൻ, ശംഖ് -ചക്രം, ശങ്കരാചാര്യർ ,എന്നീ ഉപദേവതകളും മറ്റനേകം സങ്കല്പങ്ങളും വിസ്തൃതമായ ആ മതിൽകെട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുന്നു. ക്ഷേത്രത്തിലെ ഉയരംകൂടിയ ആനപ്പള്ള മതിലും നാലു ഗോപുരങ്ങളും പ്രൗഢി വെളിവാക്കുന്നവയാണ്. മൂന്നു വലിയ ബലിക്കല്ലുകൾ നിരയായി നിൽക്കുന്നത് കണ്ടോ? ഉത്സവബന്ധമല്ലേ അവ ഓർമ്മപ്പെടുത്തുന്നത്. ക്ഷേത്രത്തിലെ നിർമ്മാണശൈലി കാണുമ്പോൾ പെരുന്തച്ചന്റെ കലാവൈഭവം വ്യക്തമാകും ഐതിഹ്യ കഥകളിലേക്കും ചരിത്രത്തിലേക്ക് കടക്കുന്നില്ല.
ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. ലക്ഷദ്വീപങ്ങൾ തെളിയിച്ച് ശിവരാത്രി ആഘോഷിക്കപ്പെടുന്നു. തൃശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽ നിന്ന് ദേവിദേവന്മാർ എഴുന്നള്ളിയെത്തും. അവ തിരുവമ്പാടി, പാറമേക്കാവ്, ചെമ്പുക്കാവ്, തേതിലക്കാവ്, ചൂരക്കോട്, കാരമുക്ക്, അയ്യന്തോൾ, ലാലൂര്, കണിമംഗലം, പനേക്കംപിള്ളി, എന്നിവിടങ്ങളിൽ നിന്നാണ്.
പ്രധാന വഴിപാട് ശിവന് നെയ്‌വിളക്കും നെയ്യഭിഷേകവും ഗണപതിക്ക് അപ്പം.
No comments:
Post a Comment