കുണ്ഢലിനി
കുണ്ഡലിനി സുഷുമ്‌നയുടെ അടിഭാഗത്തുള്ള മൂലാധാര ചക്രത്തില്‍ തലകീഴായി മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന നിദ്രാശക്തിയുള്ള സര്‍പ്പമാണ്. യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം ഈ ശക്തി നിദ്രയില്‍ നിന്നുണര്‍ന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തില്‍ ലയിച്ച് യോഗി നിര്‍വികല്‍പ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നു.
ഇഡ, പിംഗല
മൂലാധാരമൊഴിച്ചുള്ള മറ്റ് നാല് ആധാരചക്രങ്ങള്‍ സുഷുമ്‌നയിലാണ് സ്ഥിതിചെയ്യുന്നത്. ആറാമത്തെ ചക്രമായ ആജ്ഞ പുരികമദ്ധ്യത്തിലാണ്. സുഷുമ്‌നയെ ചുറ്റി ഇടവും വലവുമായി ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികള്‍ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്‌നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ശിവന്റെ രണ്ടു നേത്രങ്ങള്‍ സൂര്യചന്ദ്രന്മാരും നെറ്റിയിലെ നേത്രം അഗ്നിയുമാണ്. ഇഡയില്‍ക്കൂടി ചന്ദ്രപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ശീതളമാണ്. പിംഗളയില്‍ക്കൂടി സൂര്യപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ഊഷ്മളമാണ്. ഇഡ ഇടതു നാസികയില്‍ക്കൂടിയും പിംഗള വലതു നാസികയില്‍ക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണ്. ഇഡ അമൃതപ്രവാഹിയും പിംഗള വിഷപ്രവാഹിയുമാണ്.
സുഷുമ്‌ന
കുണ്ഡലിനിയില്‍ നിന്ന് 72000 നാഡികള്‍ ഉത്ഭവിക്കുന്നു. അവയില്‍ 72 എണ്ണം പ്രധാനപ്പെട്ടതും അവയില്‍ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവകളുമാണ്. തന്നിമിത്തം പ്രാണന്‍, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവ അവയുടെ ദേവതകളാകുന്നു. പ്രാണന്‍ സുഷുമ്‌നയില്‍ക്കൂടി ചലിക്കുമ്പോള്‍ അഗാധമായ ധ്യാനവും ക്രമേണ സമാധ്യവസ്ഥയുമുണ്ടാകുന്നു.
കുണ്ഡലിനി വര്‍ത്തുളമായി, ഓജശ്ചക്തിയായി സുഷുമ്‌നയില്‍ക്കൂടി സഞ്ചരിച്ച് ഓരോ ചക്രങ്ങളെയും മറികടക്കുമ്പോള്‍ യോഗിക്ക് പലപല അനുഭൂതികളുണ്ടാകുകയും ശക്തിയാര്‍ജിക്കുകയും അയാള്‍ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.
പ്രാണായാമത്തിലെ കുംഭകം ചെയ്യുമ്പോള്‍ ഊര്‍ജ്ജമുണ്ടാവുകയും തന്നിമിത്തം കുണ്ഡലിനി ഉണരുകയും സുഷുമ്‌നാനാഡിയിലൂടെ മേലോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ആറ് ഷഡാധാരചക്രങ്ങളെയും കടന്ന് സഹസ്രാരപത്മത്തിലെത്തി അതിന്റെ കര്‍ണികയ്ക്കുളളില്‍ കുടികൊള്ളുന്ന ശിവനുമായി ചേരുകയും ചെയ്യുമ്പോള്‍ യോഗി സച്ചിദാനന്ദസുഖം അനുഭവിക്കുന്നു. ആ യോഗി സര്‍വസ്വാതന്ത്ര്യവും സര്‍വൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു.
ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തില്‍ നിഭൃതമായിരിക്കുന്ന ആത്മീയ ഊര്‍ജ്ജമാണ്. പ്രാണായാമത്തിന്റെ ശീലനംകൊണ്ട് നാഡികള്‍ സംശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തില്‍ ലാഘവത്വം, ശരീരവര്‍ണത്തില്‍ തിളക്കം, ആമാശയാഗ്നിയുടെ വര്‍ദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികള്‍ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്....
No comments:
Post a Comment