ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 10/108 ചൊവ്വല്ലൂർ ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 10/108

ചൊവ്വല്ലൂർ ശിവക്ഷേത്രം

പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം മൂന്നു കിലോമീറ്റർ ദൂരത്തിൽ ചൊവ്വല്ലൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവ ക്ഷേത്ര നിർമ്മാണത്തിനു മുൻപ് തന്നെ അവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നു .തിരുവമ്പാടി കൃഷ്ണ ക്ഷേത്രം .കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ആ ക്ഷേത്രത്തിലെ ശ്രീകോവിൽ മനോഹരമാണ്. തിരുവമ്പാടി കണ്ണനെ കൂടി ദർശിച്ചാലേ ശിവക്ഷേത്രദർശനം പൂർത്തിയാകുകയുള്ളൂ എന്നാണ് വിശ്വാസം. എന്നാൽ പ്രചാരത്തിലുള്ള മറ്റൊരൈതീഹ്യം ഇങ്ങനെയാണ്. ചൊവ്വല്ലൂരിലെ ശിവൻ പരശുരാമ പ്രതിഷ്ഠയാണ്. സ്വയംഭൂവായ ആ വിഗ്രഹശില ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉദയത്തിന് വളരെ മുമ്പുതന്നെ അവിടെ ഉണ്ടായിരുന്നു. വൈകിയാണ് അതിലെ ശിവ സാന്നിധ്യം അറിഞ്ഞത് .പിന്നീടവിടെ ശിവക്ഷേത്രം ഉയർന്നുവന്നു. അതുകൊണ്ട് ശ്രീകൃഷ്ണക്ഷേത്രത്ത്തേക്കാൾ പഴമ അവകാശപ്പെടാൻ ശിവനു കഴിയും. എന്നാൽ ശിവക്ഷേത്രത്തിന് പഴമ അവകാശപ്പെടാൻ കഴിയുമോയെന്ന് അറിയില്ല .ആരംഭകാലത്ത് ശിവക്ഷേത്രത്തിന്റെ ഊരാളന്മാർ 28- ഇല്ലക്കാരായയിരുന്നുവത്ര! അവർ എല്ലാം നശിച്ചു പോയപ്പോൾ ക്ഷേത്രം മഴുവന്നൂർ മനക്കാരുടെതായി തീർന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ ആ മനയും അന്യം വന്നു. പിന്നീട് താഴ്കുളത്തുമനക്കാരുടെ ഭരണത്തിലമർന്നു. ഇപ്പോൾ ആരുമില്ല; നാട്ടുകാരുടെ കമ്മിറ്റിയാണ്. ഊരായ്മക്കാരുടെ അസ്ഥിരത ക്ഷേത്ര നാശത്തിന് ഇടയാക്കിയിട്ടുണ്ടാകാം. അതുകൊണ്ട് ചൊവ്വല്ലൂർ ശിവക്ഷേത്രത്തിനു തന്നെയാണ് കൂടുതൽ പഴമ അവകാശപ്പെടാൻ അർഹത.

ചൊവ്വല്ലൂര് മഹേശ്വരസാന്നിധ്യത്താൽ അനുഗ്രഹീതമാണ്. സാമാന്യം വലിയ വട്ടശ്രീകോവിലിൽ ത്യാഗത്തിന്റെ മൂർത്തിയായ ഭഗവാൻ ഗതകാലമഹിമ വിളിച്ചോതിക്കൊണ്ട് പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. ഭഗവാന് ആഡംബരങ്ങൾ ഒന്നും വേണ്ട. വെറും ജലം കൊണ്ടുള്ള അഭിഷേകം. സുഗന്ധ പുഷ്പങ്ങൾ വേണ്ട .കൂവളത്തില മതി. ഇതിന്റെയൊക്കെ അർത്ഥമെന്താണെന്നോ? ഭക്തന്മാരിലും ത്യാഗമനോഭാവം വളരണം.

ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് പാർവ്വതി ഉണ്ട് .കിഴക്കോട്ട് ദർശനമായി സ്ഥിതിചെയ്യുന്നു. പാർവ്വതിയുടെ ദാരു വിഗ്രഹം മനോഹരമാണ്. ശിവക്ഷേത്രത്തിൽ പിൻവിളക്കിനുള്ള പ്രാധാന്യം പാർവതി പിന്നിലുണ്ടെന്നത് തന്നെയാണ്.

ക്ഷേത്രത്തിലെ ഉപദേവതകൾ,ഗണപതി, അയ്യപ്പൻ, സപ്തമാതാക്കൾ, സിംഹോദരൻ, എന്നിവരാണ്. ശിവരാത്രി യാ ണ് പ്രധാന ആഘോഷം. ശക്തി സാന്നിധ്യമുണ്ട് കർമ്മനിരതനായ ശിവൻ ഏത് ആഗ്രഹത്തേയും സാധിച്ചു കൊടുക്കും എന്നാണ് വിശ്വാസം.ദമ്പതി പൂജ പ്രധാനം. തന്ത്രിസ്ഥാനം കീഴ് മുണ്ടയൂർ മനയ്ക്കലേക്ക് ആണ്. ജനപങ്കാളിത്തത്തോടെ ശിവരാത്രി ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.

ഐതിഹ്യം……

എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച് ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.

No comments:

Post a Comment