തന്ത്രശാസ്ത്രവും മന്ത്രദീക്ഷയും
ഇന്നത്തെ കാലത്ത് അനവധി വ്യക്തികളിൽ നിന്നും കേൾക്കുന്ന ഒന്നാണ് ഞാൻ സാധകനാണ്, ദീക്ഷ എടുത്തിട്ടുണ്ട് എന്നൊക്കെ. മുഖ്യമായും ശ്രീവിദ്യാ മന്ത്ര ദീക്ഷകരാണ് കൂടുതൽ പേരും.
തന്ത്രശാസ്ത്രത്തെക്കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. കാരണം എന്താണ് മന്ത്ര ദീക്ഷയെന്നും എങ്ങിനെയാണ് ദീക്ഷ നൽകേണ്ടതെന്നും
ദീക്ഷ നൽകുന്ന ഗുരു എങ്ങനെയുള്ള ആളായിരിക്കണമെന്നും എപ്രകാരമുള്ള യോഗ്യതകളാണ് ശിഷ്യന് വേണ്ടതെന്നും എല്ലാം തന്ത്രശാസ്ത്രം നിഷ്ക്കർഷിച്ചിരിക്കുന്നു. അതെല്ലാം പരിശോധിച്ചാൽ ഇന്നത്തെ താന്ത്രിക ഗുരുക്കന്മാരും അവരിൽ നിന്നും ദീക്ഷ സ്വീകരിച്ച ശിഷ്യന്മാരും അവരവരുടെ യോഗ്യതകളെ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടി വരും.
അറിഞ്ഞോ അറിയാതെയോ താനൊരു ഉപാസകനാണ് എന്ന് മറ്റുള്ളവരെ അറിയിക്കുവാൻ വേണ്ടി ഘോഷിക്കുന്നവരാണ് പലരും.
തന്ത്ര ഗ്രന്ഥങ്ങളിൽ ഗുരുശിഷ്യലക്ഷണങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. സദ്ഗുരുവിൽ നിന്നും മാത്രമേ മന്ത്രദീക്ഷ സ്വീകരിക്കാവൂ. അല്ലാതെയുളള മന്ത്രസാധനാ കോടി ജന്മം ചെയ്താലും സിദ്ധമാവുകയില്ല. അതുപോലെ തന്നെ ശിഷ്യൻ യോഗ്യനായിരിക്കണമെന്നും പറയുന്നുണ്ട്. യോഗ്യതയില്ലാത്തവർക്ക് മന്ത്ര ദീക്ഷ നൽകിയാൽ ഗുരുവിന്റെ മന്ത്ര സിദ്ധിക്ക് നാശം ഉണ്ടാകുമെന്നും പറയുന്നു.'
കുലാർണ്ണവതന്ത്രം 14-ാം ഉല്ലാസം നോക്കുക.
" വിനാ ദീക്ഷാം ന മോക്ഷ:
സ്യാത്തദുക്തം ശിവ-
ശാസനേ
സാ ച ന സ്യാദ്വിനാചാര്യ -
മിത്യാചാര്യ പരമ്പരാ"
അർത്ഥം :- ഗുരുവിൽ നിന്നും വിധിപ്രകാരം ദീക്ഷ ലഭിക്കാതെ മോക്ഷം ലഭിക്കുകയില്ല എന്നാണ് ശിവശാസന. അത് പൂർവാചാര്യ പരമ്പരയിൽപ്പെട്ട ആചാര്യന്മാരിൽ നിന്നും മാത്രമേ ദീക്ഷ സ്വീകരിക്കാവൂ.
" തസ്മാത് സിദ്ധാന്തം
സംപ്രാപ്യ സംപ്രദായാദി -
ഹേതുഭി:
അന്തരേണോപദേഷ്ടാരം
മന്ത്രാ: സ്യൂർ നിഷ്ഫലം
യത: "
അർത്ഥം - ഗുരു പാരമ്പര്യം, സിദ്ധാന്തം എന്നിവ ക്കനുസരിച്ചുള്ള ഗുരുവിനെ സമീപിക്കണം.
ശിഷ്യന് പ്രാഥമികമായ ഉപദേശങ്ങൾ നൽകി ശരിയായ വഴി നിർദ്ദേശിക്കുവാൻ കഴിവുള്ള ഗുരുവിനെയല്ല സ്വീകരിക്കുന്നതെങ്കിൽ മന്ത്രോപാസന നിഷ്ഫലമായിത്തീരും.
" ദേവാസ്തമേവ ശംസന്തി
പാരമ്പര്യ പ്രവർത്തകം
ഗുരും മന്ത്രാഗമാഭിജ്ഞം
സമയാചാരപാലകം "
അർത്ഥം - ഗുരു പാരമ്പര്യത്തെ സംരക്ഷിക്കുന്നവരും മന്ത്രം, ആഗമം എന്നിവയെക്കുറിച്ചെല്ലാം ശരിയായി അറിയാവുന്നവരും സമയാചാരം ശരിയായി പാലിക്കുന്നവരുമായ ഗുരുക്കന്മാരെ മാത്രമേ ദേവതകൾ സംരക്ഷിക്കുകയുള്ളൂ.
"ഗുരു: ശിഷ്യാധി - കാരാർത്ഥം വിരക്തോfപി
ശിവാജ്ഞയാ
കിഞ്ചിത്കാലം വിധായേ - ത്ഥം സ്വശിഷ്യായ സമർപ്പ -
യേത് "
അർത്ഥം :- വിരക്തനാണെങ്കിലും ഗുരു ശിഷ്യന്റെ യോഗ്യതയെ കുറച്ച് കാലം നിരീക്ഷിക്കണം. എന്നിട്ട് ശിവാജ്ഞക്കനുസരണമായി ഗുരു തന്റെ എല്ലാ സിദ്ധികളും ശിഷ്യന് സമർപ്പിക്കണം.
ശിഷ്യനെ ശരിയായി പരീക്ഷിച്ചതിനു ശേഷം മാത്രമേ ദീക്ഷ നൽകാവൂ എന്ന് ആവർത്തിച്ചു പറയുന്നുണ്ട്.
" ശക്തി സിദ്ധി സുസിദ്ധ്യർത്ഥം പരീക്ഷ്യ
വിധിവദ് ഗുരു:
പശ്ചാദുപദിശേന്മന്ത്രന്യഥാ
നിഷ്ഫലം ഭവേത് "
"അന്യായേന തു യോ
ദദ്യാത് ഗൃഹ്ണാത്യന്യായ-
തശ്ച യ:
ദദതോ ഗൃഹ്ണതോ ദേവി
കുലശാപോ ഭവിഷ്യതി "
അർത്ഥം:- അല്ലയോ ദേവീ, അന്യായവും ശാസ്ത്ര വിരുദ്ധമായി സമ്പ്രദായങ്ങൾക്കനുസരിച്ചല്ലാതെയും പരീക്ഷകൾ കൂടാതെയുമുള്ള ദീക്ഷ നൽകിയാൽ ഗുരുവും ശിഷ്യനും കുലശാപമനുഭവിക്കേണ്ടി വരും.
ഇതിന്റെ ഫലം തലമുറകളോളം അനുഭവിക്കും.
"ഗുരുശിഷ്യാവുഭൗ
മോഹാദപരീക്ഷ്യ പരസ്പ-
രം
ഉപദേശം ദദദ് ഗൃഹ്ണൻ
പ്രാപ്നുയാതാം പിശാചതാം "
" അശാസ്ത്രീയോപദേശ-
ഞ്ച യോ ഗൃഹ്ണാതി
ദദാതി ഹി
ഭുഞ്ജാതേ താവുഭൗ
ഘോരാന്നരകാനേക -
വിംശതിം "
അശാസ്ത്രീയമായും പരീക്ഷകൾ കൂടാതെയും മന്ത്ര ദീക്ഷ കൊടുത്താൽ ഗുരുവും ശിഷ്യനും പിശാചുക്കളായിത്തീരുകയും 21 വർഷം ഘോരന രകയാതന അനുഭവിക്കുമെന്നും പറയുന്നു.
"അസംസ്കൃതോപദേശഞ്ച യ: കരോതി സ
പാതകീ
വിനശ്യതി ച തന്മന്ത്രം
സൈകതേ ശാലിബീജവത്"
" അനർഹേ മന്ത്രവിജ്ഞാനം ന
തിഷ്ഠതി കദാചന
തസ്മാത് പരീക്ഷ്യ കർ-
ത്തവ്യമന്യഥാ നിഷ്ഫലം
ഭവേത് "
അർത്ഥം :- അശാസ്ത്രീയമായി രീതിയിൽ മന്ത്രോപദേശം നൽകുന്നയാൾ മഹാപാതകിയാണ്. അങ്ങനെ നൽകുന്ന മന്ത്രം മണലിൽ വിത്തുപാകിയതുപോലെ നശിക്കുന്നു. അനർഹരിൽ മന്ത്രവിജ്ഞാനം നിലനിൽക്കുകയില്ല. അതിനാൽ ശരിയായ പരീക്ഷകളിലൂടെ ശിഷ്യന്റെ യോഗ്യത ബോധ്യപ്പെട്ടാൽ മാത്രമേ ദീക്ഷ കൊടുക്കാൻ പാടുള്ളൂ. അല്ലെങ്കിൽ മന്ത്രം നിഷ്ഫലമാകും.
"അസച്ഛിഷ്യേഷ്വഭക്തേ - ഷു യജ് ജ്ഞാനമുപ-
ദിശ്യതേ
തത് പ്രയാത്യപവിത്രത്വം
ഗോക്ഷീരം ശ്വഘൃതാദിവ"
അർത്ഥം :- അയോഗ്യരോ, ഭക്തിയില്ലാത്തവരോ ആയ ശിഷ്യന്മാർക്ക് മന്ത്ര ദീക്ഷ നൽകുന്നത് ശുദ്ധമായ പശുവിൻ പാലിൽ പട്ടി നെയ്യ് ചേർക്കുന്നതു പോലെ പവിത്രത നഷ്ടപ്പെടും.
"ധനേഛാഭയലോഭാദ്യൈ-
രയോഗ്യം യദി ദീക്ഷയേത്
ദേവതാശാപമാപ്നോതി
കൃതഞ്ച നിഷ്ഫലം ഭവേത് "
അർത്ഥം - ധനമോഹം, ഭയം, ലോഭം എന്നിവ കൊണ്ട് അയോഗ്യനായ ശിഷ്യന് ദീക്ഷ കൊടുത്താൽ ദേവതാ ശാപം കിട്ടുകയും ദീക്ഷ നിഷ്ഫലമായിത്തീരുകയും ചെയ്യുന്നതാണ്.
ദീക്ഷ എന്നാലെന്താണ്?
"ദിവ്യഭാവപ്രദാനാച്ച
ക്ഷാലനാത്കല്മഷസ്യ ച
ദീക്ഷേതി കഥിതാ സദ്ഭിർ
ഭവബന്ധവിമോചനാത്.
(കു.ത- ഉല്ലാസം- 17 -51)
അർത്ഥം :-ദിവ്യഭാവം നൽകുന്നതു കൊണ്ടും സകലപാപങ്ങളെയും ക്ഷാളനം അഥവാ നശിപ്പിക്കുന്നതിനാലും എല്ലാ ഭൗതിക ബന്ധങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനാലും ദീക്ഷ എന്ന് പറയുന്നു.
അപ്പോൾ ദീക്ഷയിലൂടെ സാധകൻ അഥവാ ശിഷ്യന്റെ എല്ലാ പാപങ്ങളും ഇല്ലാതാവുകയും ഭവ ബന്ധങ്ങളിൽ നിന്നും മോചിച്ച് മോക്ഷപ്രാപ്തി ലഭ്യമാകുന്നുവെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
ഇതിൽ നിന്നു തന്നെ ദീക്ഷയുടെ പ്രാധാന്യമെന്തെന്ന് വ്യക്തമാകുന്നു.
ശിഷ്യനിലെ മനോ മാലിന്യങ്ങളെ അകറ്റി മോക്ഷപ്രാപ്തിയെന്ന ഉന്നത സോപാനത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ കഴിവുള്ളവനാകണം ഗുരു.
ആദ്ധ്യാത്മിക ജീവിതത്തിന്റെ പൂർണ്ണത ഉത്തമനായ ഒരു ഗുരുവിൽ നിന്നും മാത്രമേ സാധ്യമാകൂ. അപൂർവ്വം ചിലർ മാത്രം അതില്ലാതെയും പൂർണ്ണതയിലെത്തിയിട്ടുണ്ട്. എന്നാൽ അവർ ജന്മാന്തരങ്ങളിലെ സാധനയിലൂടെ പൂർണ്ണതയിലെത്തുന്നതിനു തൊട്ടുമുമ്പ് ശരീരം വെടിഞ്ഞവരായിരിക്കും. അവർ ഈ ജന്മം പൂർവ്വജന്മ സംസ്കാരത്തിനനുസരിച്ച് പ്രവർത്തിച്ച് വളരെ വേഗം പൂർണ്ണതയിലെത്തുന്നു. അവരാണ് സിദ്ധ പുരുഷന്മാർ. എന്നാൽ അധികമാളുകളും അങ്ങനെയുള്ളവരല്ല. അവർക്ക് പൂർണ്ണതയിലേക്കുയരാൻ ഉത്തമനായ ഒരു ഗുരു ആവശ്യമാണ്.
സദ്ഗുരുവിന്റെ സഹായമുണ്ടാകുമ്പോൾ മാത്രമാണ് ജീവന്റെ കഴിവുകൾക്കും ശക്തികൾക്കും പ്രസരിപ്പു കൂടുകയും അദ്ധ്യാത്മജീവിതത്തിന്റെ വളർച്ച ത്വരിതപ്പെടുകയും പരിശുദ്ധിയും പരമമായ സിദ്ധിയും ഉണ്ടാവുകയും ചെയ്യുന്നുള്ളൂ.
ഇങ്ങനെ ശിഷ്യന്റെ കഴിവുകളെയും ശക്തികളെയും വികസിപ്പിക്കുവാൻ ഒരു ഗുരുവിന് എന്താണ് വേണ്ടത്?
അതിന് ഗുരു സ്വയം ശക്തിയുള്ളവനാകണം.
ദീർഘനാളത്തെ സാധന കൊണ്ട് വലിയ അദ്ധ്യാത്മിക ശക്തി സംഭരിച്ച വ്യക്തിയായിരിക്കണം ഗുരു. അങ്ങനെയുള്ള ഒരു ഗുരുവിന് മാത്രമേ ശിഷ്യനിലെ ശക്തികളെ തൊട്ടുണർത്തി വികാസത്തിന്റെ അത്യുച്ചതലത്തിലേക്ക് നയിക്കുവാൻ സാധ്യമാകൂ.
എന്നാൽ ഗുരുവിൽ നിന്നുമുള്ള ഈ ശക്തിയെ സ്വീകരിക്കുന്നതിനുള്ള യോഗ്യത ശിഷ്യനും ഉണ്ടാകണം. ബീജത്തിനു ജീവസ്സുണ്ടാവുകയും നിലം ഉഴുതു ശരിപ്പെടുത്തിയിമിരുന്നാൽ, രണ്ടും വേണ്ടതു പോലെ ആയാൽ അവിടെ അത്യന്തം വിസ്മയകരമായ രീതിയിൽ ആദ്ധ്യാത്മികത വളർന്നു വരുന്നതാണ്.
കഠോപനിഷത്തിലെ ഒരു വരി ഉദ്ധരിക്കട്ടെ,
"ആശ്ചര്യോ വക്താ
കുശലോfസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ
കുശലാനുശിഷ്ട:"
(ക - 2 -7)
അർത്ഥം :- ഈ ആത്മാവിനെ ഉപദേശിക്കുന്നവൻ അത്ഭുത വസ്തുപോലെ ദുർലഭനാണ്. ഇത് ലഭിക്കുന്നവൻ സമർത്ഥനാണ് -
ഗുരു ഇത്തരത്തിൽ ആശ്ചര്യപ്പെടത്തക്ക ശക്തിയുള്ളവനും ശിഷ്യൻ കുശലൻ അഥവാ സമർത്ഥനുമാകണം.
ഇങ്ങനെ ആയിരുന്നാൽ മാത്രമേ ശിഷ്യനിൽ ആദ്ധ്യാത്മിക വികാസം സംസിദ്ധമാവുകയുള്ളൂ.
ഇങ്ങനെ ആശ്ചര്യകരമായ ശക്തിയുള്ളവർ മാത്രമാണ് യഥാർത്ഥ ഗുരുക്കന്മാർ. ഇതിനെ സ്വീകരിക്കാൻ കഴിവുള്ളവനാണ് യഥാർത്ഥ ശിഷ്യൻ.
ഇനിയും നമുക്ക് ഗുരുശിഷ്യയോഗ്യതകളെന്തൊക്കെയെന്നും മന്ത്ര ദീക്ഷ എപ്രകാരമെന്നും ഉള്ള കാര്യങ്ങൾ അറിയുവാൻ അനേകം ശാസ്ത്ര പ്രമാണങ്ങളിലൂടെ സഞ്ചരിക്കാം.
ദീക്ഷയെന്നാലെന്ത് എന്നതിനെക്കുറിച്ചാണല്ലോ പറഞ്ഞത്. ഇനി ദീക്ഷ എന്നതിന് ശിവപുരാണത്തിൽ പറയുന്ന അർത്ഥം നോക്കാം.
ദീയതേ യേന വിജ്ഞാനം
ക്ഷീയതേ പാശബന്ധനം
തസ്മാത്സംസ്കാര ഏവായം
ദീക്ഷേത്യപി ച കഥ്യതേ"
(ശിവപുരാണം, വായവീയസംഹിത - ഉത്തരഖണ്ഡം -
അധ്യാ- 15,ശ്ലോ - 5 )
അർത്ഥം:
യാതൊന്നു കൊണ്ട് ജ്ഞാനം നൽകപ്പെടുകയും പാശ ബന്ധനം ഇല്ലാതാവുകയും ചെയ്യുന്നുവോ അത് സംസ്ക്കാരമെന്നും ദീക്ഷയെന്നും പറയപ്പെടുന്നു.
ഇവിടെയും അർത്ഥം മുൻപറഞ്ഞതു തന്നെ. ദീക്ഷയിലൂടെ ഗുരു ശിഷ്യന് ജ്ഞാനം നൽകുന്നു.
അതെങ്ങനെയാണ്?
ഇവിടെ ശ്രീരാമകൃഷ്ണ മിഷന്റെ 12-ാമത്തെ അധ്യക്ഷനായിരുന്ന ഭൂതേശാനന്ദ സ്വാമിയുടെ വാക്കുകളെ ഉദ്ധരിക്കട്ടെ!
" യാതൊന്നിന്റെ വീണ്ടും വീണ്ടുമുള്ള ഉച്ചാരണംകൊണ്ട് അജ്ഞാന ബന്ധനത്തിൽ നിന്നും അതായത് ജനന മരണ രൂപത്തിലുള്ള ചങ്ങലയിൽ നിന്നും മോചനം ലഭിക്കുന്നുവോ ആ രഹസ്യമായ ആദ്ധ്യാത്മിക സൂത്രമാണ് മന്ത്രം. പ്രസ്തുത മോചനമാണ് മന്ത്രദിക്ഷയുടെ ഉദ്ദേശ്യം "
ജ്ഞാനം ലഭ്യമാവുമ്പോൾ ജനനമരണ രൂപത്തിലുള്ള പാശ ബന്ധനവും ഇല്ലാതാകുന്നു.
ജ്ഞാനമെന്നാൽ വിദ്യ എന്നർത്ഥം.
ഈ വിദ്യ 2 വിധമുണ്ട്.
പരാവിദ്യ, അപരാവിദ്യ.
ഇവ 2-ഉം എന്താണെന്ന് നോക്കാം.
രുദ്രഹൃദയോപനിഷത്തിൽ പരാ, അപരാ വിദ്യകളെക്കുറിച്ച് പറയുന്നത് നോക്കുക.
ദ്വേവിദ്യേ വേദിതവ്യേഹി
പരാ ചൈവാപരാചതേ
തത്രാ പരാതു വിദ്യൈഷാ
ഋഗ്വേദോ യജുരേവ ച"
സാമവേദസ്തഥാഥർവ വേദ: ശിക്ഷാ മുനീശ്വര
കല്പോ വ്യാകരണം ചൈവ
നിരുക്തം ഛന്ദ ഏവ ച '
ജ്യോതിഷം ച യഥാ നാത്മ-
വിഷയാ അപി ബുദ്ധയ:
അഥൈവ പരമാ വിദ്യാ
യയാത്മാ പരമാക്ഷരം "
(രുദ്ര. ഉപ-28, 29, 30 )
അർത്ഥം - 2 വിദ്യകളാണുള്ളത്. പരാ എന്നും അപരായെന്നും. ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നീ 4 വേദങ്ങളും ശിക്ഷ,കല്പം വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ 6 ശാസ്ത്രങ്ങളും അപരാ വിദ്യയാണ്. ഇതിൽ ആത്മ വിഷയമല്ലാത്ത എല്ലാ ബൗദ്ധിക ജ്ഞാനവും അടങ്ങിയിട്ടുണ്ട്. അനശ്വരവും സത്യവുമായ ആത്മജ്ഞാനം പരാ വിദ്യയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.
യത്തദദ്രേശ്യമഗ്രാഹ്യ-
മഗോത്രം രൂപവർജ്ജിതം
അചക്ഷു: ശ്രോത്രമത്യർത്ഥം
തദപാണി പദം തഥാ "
( രുദ്ര-31)
അർത്ഥം :- ആത്മാവ് അദൃശ്യവും അഗ്രാഹ്യവുമാണ്. അതിന് ഗോത്ര മോ രൂപമോ കുലമോ, കരചരണങ്ങളോ ഇല്ല. അത് വിഷയാതീതവും നിർവ്വികാരവുമാണ്. എന്നാൽ എല്ലാറ്റിന്റെയും ആശ്രയ സ്ഥാനം അതു മാത്രമാണ്. പരമാത്മാവായ അതു തന്നെയാകുന്നു പരാവിദ്യ.
ഇതു തന്നെയാണ് മുണ്ഡകോപനിഷത്തിലും
(മുണ്ഡകം - 1 - 4,5) പറഞ്ഞിരിക്കുന്നത്-
ഈ പരാ വിദ്യയാണ് ആദ്ധ്യാത്മവിദ്യ അഥവാ ബ്രഹ്മവിദ്യ.
ഇവിടെ ഈ ആദ്ധ്യാത്മ വിദ്യയെന്താണെന്നു കൂടി പറയാം.
അധ്യാത്മത്തെ സംബന്ധിച്ചുള്ള വിദ്യയാണ് അധ്യാത്മ വിദ്യ.
എന്താണ് അധ്യാത്മം?
"അക്ഷരം ബ്രഹ്മ പരമം
സ്വഭാവോfധ്യാത്മമുച്യതേ "
( ഭഗവദ് ഗീത - 8-3 )
അർത്ഥം :- ഒരിക്കലും ക്ഷരം (നാശം) സംഭവിക്കാത്ത ശാശ്വതമായ ആ പരബ്രഹ്മത്തിന്റെ സ്വഭാവമാണ് അധ്യാത്മം.
ആചാര്യസ്വാമികളുടെ ഭാഷ്യം നോക്കുക.
തസ്യ ഏവ പരസ്യ ബ്രഹ്മണ: പ്രതിദേഹം
പ്രത്യഗാത്മഭാവ: സ്വഭാവ:
സ്വോ ഭാവ: സ്വഭാവ: അധ്യാത്മം ഉച്യതേ "
അർത്ഥം :- ഓരോരോ ശരീരത്തിൽ ആ പരബ്രഹ്മത്തിന്റെ തന്നെ പ്രത്യേകം ആത്മഭാവമായി അന്തരാത്മാവായി ഓരോരുത്തരുടെയും സ്വന്തം ഭാവമായി- ജീവനായി - സ്ഥിതി ചെയ്യുന്നതാണ് അധ്യാത്മം എന്നു പറയുന്നു.
"ആത്മാനം ദേഹം അധികൃത്യ പ്രത്യഗാത്മതയാ പ്രവൃത്തം പരമാർത്ഥ ബ്രഹ്മാവസാനം വസ്തുസ്വഭാവ: അധ്യാത്മംഉച്യതേ അധ്യാത്മശബ്ദേന അഭിധീയതേ "
അർത്ഥം :- ഓരോരുത്തരുടെയും ദേഹത്തിൽ 'അധികൃതമായി '- സ്വസ്ഥാനമായി പ്രത്യേക
'ആത്മാവ്' എന്ന് വർത്തിക്കുന്നതും, മൂല തത്ത്വ പരിശോധനയിൽ യഥാർത്ഥ ബ്രഹ്മത്തിൽ തന്നെ അവസാനിക്കുന്നതും ആയ സ്വഭാവത്തെ അദ്ധ്യാത്മം എന്നു പറയുന്നു. അദ്ധ്യാത്മം എന്ന ശബ്ദത്താൽ അറിയപ്പെടുന്നു.
ഈ വിദ്യയാണ് ആദ്ധ്യാത്മ വിദ്യ അഥവാ ജ്ഞാനം
ഉത്തമനായ ഗുരു ശിഷ്യന് ദീക്ഷയിലൂടെ ഈ പരമമായ ജ്ഞാനത്തെയാണ് നൽകുന്നത്. ഈ ജ്ഞാനം നേടുമ്പോൾ മാത്രമാണ് ജീവന്റെ ജനന മരണ ദു:ഖ സമ്പൂർണ്ണമായ സംസാര പാശത്താലുള്ള ബന്ധനം ഛേദിക്കപ്പെടുകയും പരമമായ മുക്തി അഥവാ മോക്ഷപ്രാപ്തി നേടുകയും ചെയ്യുന്നത്.
നാമമാത്ര ഗുരുവിൽ നിന്നും നേടുന്ന ദീക്ഷ ജീവനെ കൂടുതൽ അജ്ഞാനത്തിലേക്കും ദു:ഖത്തിലേക്കും വലിച്ചിടുക മാത്രമേ ചെയ്യുകയുള്ളൂ. അതിനാൽ ശിഷ്യൻ എങ്ങനെയുള്ള ഗുരുവിനെ സമീപിക്കണം.?
" ജ്ഞാനേനൈവ ഹി
സംസാരവിനാശോ നൈവ കർമ്മണാ
ശ്രോത്രിയം ബ്രഹ്മനിഷ്ഠം
സദ്ഗുരും ഗച്ഛേദ്യഥാവിധി'
( രുദ്ര- ഉപ-35)
അർഥം :- ആത്മജ്ഞാനം കൊണ്ടു മാത്രമേ സമ്പൂർണ്ണമായ സംസാര പാശത്താലുള്ള ബന്ധനം ഛേദിക്കപ്പെടുകയുള്ളൂ. അതിനാൽ മുമുക്ഷു ബ്രഹ്മനിഷ്ഠനും ,ശ്രോത്രിയനുമായ സദ്ഗുരുവിനെ യഥാവിധി ശരണം പ്രാപിക്കണം.
ഗുരു ശ്രോത്രിയനാകണം. ശ്രോത്രിയനെന്നാൽ വേദശാസ്ത്രങ്ങളുടെ താല്പര്യം വ്യക്തമായി അറിയാവുന്നവൻ എന്നർത്ഥം.
എന്താണ് 'മുമുക്ഷുത്വം'?
മോക്ഷത്തിനുള്ള തീവ്രമായ ഇച്ഛയാണത്.
അപ്പോൾ ഒരു ശിഷ്യൻ തീർച്ചയായും മുമുക്ഷു അഥവാ മോക്ഷത്തിന് തീവ്രമായ ഇച്ഛയുള്ളവനായിരിക്കണം. ഇവിടെ യഥാവിധി അഥവാ വിധി പ്രകാരം സമീപിച്ചിട്ട് എന്നു പറയുന്നതെന്താണ്? ഇതിലൂടെ ഒരു ശിഷ്യനിൽ ഉണ്ടായിരിക്കേണ്ട മാനസികനിലയെയാണം സൂചിപ്പിക്കുന്നത്. ഗുരുവിനെ സമീപിക്കേണ്ടത് വെറുമൊരു ആചാരമല്ല. ഇത് പ്രധാനമായും മനസ്സിന്റെ ഭാവമാണ്. ഗുരുവിന്റെ നേരെ വിനയം, അർപ്പണ ഭാവം, വിശ്വാസം, പ്രേമഭക്തി, ആദരവ് എന്നീ ഗുണങ്ങളെല്ലാമുണ്ടാകണം. അപ്പോൾ മാത്രമേ ഗുരുവിന്റെ സദ് വാണികളെ പൂർണ്ണമായും ഗ്രഹിക്കാനുള്ള ശ്രദ്ധ ശിഷ്യൻ നേടിക്കഴിയുകയുള്ളൂ.
ഇപ്രകാരം വിധിപ്രകാരം സമീപിക്കുന്ന ശിഷ്യന് ഗുരു പരമമായ തത്ത്വത്തെ ഉപദേശിക്കുന്നു.
ഗുരുസ്തസ്മൈ പരാം
വിദ്യാം ദദ്യാത് ബ്രഹ്മാത്മ
ബോധിനീം ഗുഹായാംനിഹിതം
സാക്ഷാദക്ഷരം വേദ- ചേന്നര :"
( രുദ്ര -ഉപ-36)
അർഥം: ഗുരു അവന് പരാ വിദ്യോപദേശം നൽകുന്നു. അത്യന്തഗോപനീയവും അവിനാശാശിയുമായ പരമാത്മാവ് സ്വാത്മാവു തന്നെയെന്ന ബോധം അവനിലുണ്ടാകുന്നു.
"ഛിത്വാ വിദ്യാമഹാഗ്രന്ഥിം
ശിവം ഗച്ഛേത് സനാതനം
തദേതദമൃതം സത്യം
തദ്ബോദ്ധവ്യം മുമുക്ഷുഭി :"
( രുദ്ര-37)
അർഥം :- ഈ ജ്ഞാനം അഥവാ ആത്മവിദ്യ നേടുന്നതോടെ ശിഷ്യനിൽ നിന്നും അവിദ്യയാകുന്ന ബന്ധനം ഛേദിക്കപ്പെടുന്നു. അതോടെ ശിവസായൂജ്യമുണ്ടാകുന്നു. അമൃതാത്മകമായ ഈ സത്യം മുമുക്ഷുക്കളായ
(തീവ്രമായ മോക്ഷേച്ഛയുള്ളവർ) സാധകന്മാർ അറിഞ്ഞിരിക്കണം.
സദ്ഗുരുവിൽ നിന്നും ലഭിക്കുന്ന അറിവു മാത്രമേ സഫലമാവുകയുള്ളൂ. ഇത് ശാസ്ത്രങ്ങളിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
" അർത്ഥസ്യ നിശ്ചയോ ദൃഷ്ടോ
വിചാരേണ ഹിതോക്തിത:
ന സ്നാനേന ന ദാനേന
പ്രാണായാമശതേന വാ"
(വിവേക ചൂഡാമണി - 13 )
അർഥം :- ആത്മജ്ഞന്മാരായ മഹാത്മാക്കളുടെ ഹിത വചനമനുസരിച്ച് വിചാരം ചെയ്യുന്നതുകൊണ്ടേ ആത്മയാഥാർത്ഥ്യബോധം ഉണ്ടാവുകയുള്ളൂ. അതല്ലാതെ തീർത്ഥസ്നാനാദികൾ കൊണ്ടോ ദാനം കൊണ്ടോ പ്രാണായാമത്താലോ ഒന്നും ആത്മജ്ഞാനം ഉണ്ടാകുന്നതല്ല.
തീർത്ഥസ്നാനാദികളും ദാനവും പ്രാണായാമവുമെല്ലാം ആദ്ധ്യാത്മിക സാധനയുടെ പുരോഗതിക്ക് സഹായകങ്ങളാണ്. എന്നാൽ അവയെല്ലാം പ്രാഥമിക പാഠങ്ങൾ മാത്രമാണ്.
" അതോ വിചാര :കർത്തവ്യോ
ജിജ്ഞാസോരാത്മ- വസ്തുന:
സമാസാദ്യ ദയാസിന്ധും
ഗുരും ബ്രഹ്മവിദുത്തമം"
(വിവേക ചൂ-15)
അർഥം :- അതിനാൽ ആത്മതത്ത്വം അറിയാനാഗ്രഹിക്കുന്ന യഥാർത്ഥ സാധകൻ, ബ്രഹ്മജ്ഞാനികളിൽ ഉത്തമനും അഥവാ ബ്രഹ്മാനുഭൂതിയിൽ സുസ്ഥിതനും ദയാസിന്ധുവും അഥവാ പര ദു:ഖകാതരനുമായ ഗുരുവിനെ യഥാവിധി സമീപിച്ച് ആത്മവസ്തുവിനെ വിചാരം ചെയ്യണം.
ഇവിടെ യഥാർത്ഥ ഗുരുവിന്റെ ലക്ഷണവും വ്യക്തമാക്കുന്നുണ്ട്. ഗുരു ആത്മാനുഭൂതി നേടിയ വ്യക്തിയായാൽ മാത്രം മതിയാവുകയില്ല.
സാധകന്മാരുടെ നേർക്ക് അനുഭാവവും, അനുകമ്പയും നിറഞ്ഞ വിശാലഹൃദയത്തോടു കൂടിയവനും ആകണം. എങ്കിൽ മാത്രമേശിഷ്യനെ തത്ത്വം ഗ്രഹിപ്പിക്കുവാനും സാധനയിൽ നേരിടുന്ന വിഷമതകളെ മനസ്സിലാക്കുവാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും കഴിയൂ.
സ്വയം ആത്മജ്ഞനായി ആ ആത്മതത്ത്വത്തിൽ അനുഭൂതിസമ്പന്നനായ - വനു മാത്രമേ മറ്റൊരാൾക്ക് ആത്മജ്ഞാനത്തിനുള്ള ഉപായം നിർദ്ദേശിക്കുവാൻ സാധിക്കുകയുള്ളു.
ഒരു വ്യക്തിയിൽ ആത്മീയത ഉണർത്തുന്നതിന് ആത്മീയത ഉണർന്ന മറ്റൊരു വ്യക്തി അനിവാര്യമാണ്- മന്ത്രോപദേശത്തിലൂടെ ഗുരു ശിഷ്യനിൽ ആത്മീയതയെ ഉണർത്തുന്നു. ഇതെങ്ങനെയെന്നാൽ ഗുരു ദീക്ഷയിലൂടെ മന്ത്രം ഉപദേശിക്കുക മാത്രമല്ല ചെയ്യുന്നത്, അതോടെ തന്റെ ആദ്ധ്യാത്മിക ശക്തിയുടെ ഒരംശം ശിഷ്യനു പകർന്നു കൊടുക്കുകയും ചെയ്യുന്നു.
ആധിഭൗതികാധിദൈവികാധ്യാത്മികാദിതാപത്രയാഗ്നി
സന്തപ്ത: സകലസാധനോപേത: സംസാരാദ്വിരമ്യ ശിഷ്യ:
സദ്ഗുരും ശരണം ഗത്വാ
സാഷ്ടാംഗം പ്രണിപത്യ വിജ്ഞപ്തിം കരോതി."
(ബാലബോധ സംഗ്രഹം - 2, ശ്രീ ശങ്കരാചാര്യർ )
അർഥം :- ആധിഭൗതികവും ആധിദൈവികവും ആധ്യാത്മികവുമായ നിരവധി ദുഖങ്ങളിൽ പെട്ട് ക്ഷീണിതനായി, തുടർന്ന് ശാസ്ത്രോക്തമായ സാധനകളനുഷ്ഠിച്ച് മനശ്ശുദ്ധി നേടി സംസാരത്തിൽ നിന്നും വിരക്തനായ ഒരുവൻ സദ്ഗുരുവിനെ ശരണം പ്രാപിച്ച് സാഷ്ടാംഗം നമസ്കരിച്ച് തന്റെ വിജ്ഞാനദാഹം അറിയിക്കുന്നു.
ഇവിടെ ശിഷ്യൻ അനേക സംസാരദു:ഖങ്ങളെ തുടർന്ന് പലവിധ സാധനകൾ ചെയ്ത് ചിത്തശുദ്ധി നേടി സംസാരജീവിതത്തിൽ നിന്നും മാനസികമായി വിരമിച്ചു കഴിയുമ്പോൾ ഒരു സദ്ഗുരുവിനെ സമീപിക്കണം.
ഇങ്ങനെയുള്ള ഒരാൾക്ക് മാത്രമേ ഈ ആത്മവിദ്യ ഉപദേശിക്കാൻ പാടുള്ളൂ.
ഇദം തേ നാതപസ്കായ
നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം
ന ച മാം യോfഭ്യസൂയതി "
( ഭഗവദ് ഗീത - 18-67,)
അർഥം :- നിനക്ക് ഞാൻ ഉപദേശിച്ച ഈ രഹസ്യമയമായ ഉപദേശം തപസ്സിദ്ധിയില്ലാത്തവനോടും അഥവാ തപസ്സുകൊണ്ട് മന:ശുദ്ധി വരാത്തവരോടും ഭക്തിയില്ലാത്തവനും ഗുരുശുശ്രൂഷ ചെയ്യാത്തവനും എന്നെ നിന്ദിക്കുന്നവനും ഉപദേശിക്കരുത്.
ആചാര്യസ്വാമികളുടെ ഭാഷ്യം നോക്കുക.
" തപസ്വിനേ അപി അഭക്തായ ഗുരുദേവഭക്തി രഹിതായ കദാചന
കസ്യാംചിത് അപി അവസ്ഥായാം ന വാച്യം.
ഭക്ത: തപസ്വീ അപി സൻ
അശുശ്രൂഷു: യോ ഭവതി തസ്മൈ അപി ന വാച്യം."
അർഥം: തപസ്വിയാണെങ്കിലും ഗുരുവിലും ഈശ്വരനിലും ഭക്തിയില്ലാത്ത ഒരുവന് ഒരിക്കലും, യാതൊരു സാഹചര്യത്തിലും ഉപദേശിക്കരുത് - ഭക്തനും തപസ്വി - യുമാണെങ്കിലും യാതൊരുവൻ ഗുരു ശുശ്രൂഷ ചെയ്യാത്തവൻ
(ഇത് കേൾക്കുവാൻ താല്പര്യമില്ലാത്തവൻ) ആകുന്നുവോ അവനു പോലും ഉപദേശിക്കരുത്.
"ഭഗവതി അസൂയാ യുക്തായ സമസ്ത ഗുണവതേ അപി ന വാച്യം, ഗുരുശുശ്രൂഷാ ഭക്തിമതേ ച വാച്യം ഇതി ഏഷ:ശാസ്ത്ര സമ്പ്രദായവിധി: "
അർഥം :- ഭഗവാനിൽ ദോഷ ദൃഷ്ടിയുള്ളവനാണെങ്കിൽ അവനു മറ്റു സമസ്ത ഗുണങ്ങളുണ്ടെങ്കിലും ഇത് പറഞ്ഞു കൊടുക്കരുത്. ഗുരുവിൽ ഭക്തിയും കേൾക്കുവാൻ ആഗ്രഹമുള്ളവനുമാണ് ഇത് ഉപദേശിക്കേണ്ടത് എന്നത് ശാസ്ത്ര സമ്പ്രദായവിധിയാണ്.
നോക്കൂ, അനധികാരികൾക്ക് ശാസ്തോപദേശം ചെയ്യേണ്ടതില്ല എന്ന് ഇവിടെ പറയുന്നു. ഏത് ശാസ്ത്രവും അതിന് അധികാരികൾക്ക് മാത്രമേ ഉപദേശിക്കാവൂ. അനധികാരികൾക്ക് ഉപദേശിച്ചാൽ അത് നിഷ്പ്രയോജനമാണെന്നു മാത്രമല്ല ചിലപ്പോൾ അവരത് ദുരുപയോഗം ചെയ്തെന്നും വരും. ഇവിടെ ഭഗവാൻ അനധികാരിയുടെ ലക്ഷണമാണ് പറഞ്ഞത്. ഇത് ശാസ്ത്ര വിധിയാണെന്ന് ആചാര്യസ്വാമികൾ പറഞ്ഞിരിക്കുന്നു.
ഇനിയും ഈ ആത്മവിദ്യ അഥവാ ബ്രഹ്മജ്ഞാനം നേടേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കാം.
" തദ്വിദ്ധി പ്രണി പാതേന
പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദർശിന: "
( ഭഗവദ് ഗീത - 4-34)
അർഥം:- ജ്ഞാനികളും തത്ത്വദർശികളുമായവരെ സമീപിച്ച് സാഷ്ടാംഗം നമസ്കരിച്ച്, അവരെ ഗുരു ശുശ്രൂഷ ചെയ്ത് വിനയപൂർവ്വം ചോദിച്ചാൽ അവർ നിനക്ക് ബ്രഹ്മജ്ഞാനം ഉപദേശിച്ചു തരും., എന്ന് അറിയുക.
ഇതിന് ആചാര്യ സ്വാമികളുടെ ഭാഷ്യം നോക്കാം.
"തത് വിദ്ധി വിജാനീഹി
യേന വിധിനാ പ്രാപ്യതേ ഇതി.ആചാര്യാൻ അഭിഗമ്യ, പ്രണിപാതേന
പ്രകർഷേണ നീചൈ: പതനം പ്രണിപാതോ
ദീർഘനമസ്കാര: തേന
"കഥം ബന്ധ:, കഥം മോക്ഷ:, കാ വിദ്യാ, കാ
ച അവിദ്യാ "ഇതി പരി- പ്രശ്നേന സേവയാ ഗുരു ശുശ്രൂഷയാ,* *ഏവമാദിനാ.,"
അർഥം :- ഏതു വിധി പ്രകാരമാണ് ഈ ജ്ഞാനം സമ്പാദിക്കുക എന്ന് അറിഞ്ഞാലും. ആചാര്യനെ പ്രാപിച്ചു വളരെ താഴ്ന്ന് ദീർഘനമസ്കാരം ചെയ്ത ശേഷം, 'എങ്ങനെയാണ് ഈ ബന്ധം വന്നു പെട്ടത്? എങ്ങനെ മോക്ഷം നേടാം? എന്താണ് വിദ്യ? എന്താണ് അവിദ്യ?" ഇങ്ങനെ ചോദിച്ചും ഗുരുശുശ്രൂഷ ചെയ്തും ഗുരുവിനെ സേവിച്ചും ശരീര മനോവൃത്ത്യാദി നിയന്ത്രണമെന്നമറ്റ് നിഷ്ഠകൾ കൊണ്ടും.,
ഭാഷ്യം തുടരുന്നു.
" പ്രശ്രയേണ ആവർജ്ജിതാ: ആചാര്യാ: ഉപദേക്ഷ്യന്തി കഥയിഷ്യന്തി തേ ജ്ഞാനം
യഥോക്ത വിശേഷണം ജ്ഞാനിന: "
അർഥം: വിനയം കൊണ്ടും സന്തുഷ്ടരായ (തത്വദർശികളായ) ആചാര്യന്മാർ നിനക്ക് മേൽ പറഞ്ഞ വിധത്തിലുള്ള ജ്ഞാനത്തെ ഉപദേശിച്ചു തരും.
ഭാഷ്യം തുടരുന്നു.
" ജ്ഞാനവന്ത: അപി കേചിത് യഥാവത്
തത്ത്വദർശന ശീലാ: അപരേ ന, അതോ
വിശി നഷ്ടി തത്ത്വ-
ദർശിന: ഇതി."
അർഥം :- ജ്ഞാനികളാണെങ്കിൽ കൂടി ചിലർ മാത്രമേ തത്ത്വദർശന സ്വഭാവമുള്ളവരായി - തത്ത്വത്തെ നേരിട്ടറിയുവന്നരായിരിക്കയുള്ളൂ. മറ്റു ചിലർ അങ്ങനെയല്ലാത്തതുകൊണ്ടാണ് തത്ത്വദർശികൾ എന്ന് വിശേഷിപ്പിച്ചത്.
ഭാഷ്യം,
"യേ സമ്യഗ്ദർശിന: തൈ: ഉപദിഷ്ടം ജ്ഞാനം കാര്യക്ഷമം ഭവതി, ന
ഇതരത് ഇതി ഭഗവത: മതം"
അർഥം :- ഇത്തരം പരിപൂർണ്ണ തത്ത്വദർശികൾ ഉപദേശിച്ച ജ്ഞാനം മാത്രമേ കാര്യക്ഷമമായി ഭവിക്കയുള്ളൂ. മറ്റുള്ളവർ ഉപദേശിച്ചതു കാര്യക്ഷമമാവുകയില്ല എന്നാണ് ഭഗവാന്റെ അഭിപ്രായം.
ഇവിടെ ആത്മാനുഭൂതി നേടി ആ അനുഭൂതിയിൽ തന്നെ നിലകൊള്ളുന്ന മഹത്തുക്കളായ സദ്ഗുരുവിന്റെ ഉപദേശം മാത്രമേ പ്രയോജനപ്രദമാവുകയുള്ളൂ എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഈ യഥാർത്ഥമായ ജ്ഞാനം വിദ്വാന്മാരുടെ അഥവാ സദ്ഗുരുവിന്റെ കാൽക്കീഴിലിരുന്ന്, ശിരസ്സ് നമിച്ച്, വിനയപൂർവം ചോദ്യങ്ങൾ ചോദിച്ച്, അവരെ സേവിച്ച് പഠിക്കേണ്ടതാണെന്നും ഇവിടെ വ്യക്തമാകുന്നു.
അറിവിന്റെ ഒരു ചെറിയ അംശം പോലും ജീവിതത്തിൽ പ്രയോജനകരമാവണമെങ്കിൽ അതു ഗുരുവിൽ നിന്നും ലഭിച്ചതായിരിക്കണം.
ശാസ്ത്രം ഇത്രയൊക്കെ പറഞ്ഞിരിക്കെ ആധ്യാത്മികസിദ്ധിയ്ക്ക് ഗുരു ആവശ്യമില്ല എന്ന് വാദിക്കുന്നവരോട് എന്ത് പറയാൻ? അങ്ങനെയുള്ളവർക്ക് ഒരു സദ്ഗുരുവിന്റെ ലാഭമില്ലാതെ യഥാർത്ഥമായ ആദ്ധ്യാത്മികവിദ്യ നേടുവാൻ കഴിയട്ടെയെന്ന് ജഗദംബികയോട് പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നു.
നല്ല ലേഖനം...
ReplyDelete