ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2019

ഗംഗ ആരതി

ഗംഗ ആരതി

ഗംഗ ആരതിയെപറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം എത്തുക വാരാണസി ആണ്. നയനമോഹനമായ ഗംഗ ആരതിക്ക് പേരുകേട്ട സ്ഥലമാണ് വാരാണസി എന്നാലും സമാനമായ ദൃശ്യാനുഭൂതി പകരുന്ന മറ്റ് സ്ഥലങ്ങളുമുണ്ട്.

ശ്രീ രാം ഘട്ട്, ഉജ്ജയിനി, മധ്യപ്രദേശ്

ക്ഷിപ്ര നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീ രാം ഘട്ട് ഉജ്ജയിനിയിലെ ഏറ്റവും പ്രാചീനമായ സ്നാനഘട്ടങ്ങളില്‍ ഒന്നാണ്. ഹര്‍സിദ്ധി ഘട്ടിനുസമീപത്താണ് ഇത്. അന്നേ ദിവസം ഇവിടെ നദിയില്‍ സ്നാനം ചെയ്യുന്നത് പുണ്യകര്‍മമായാണ് കരുതപ്പെടുന്നത്. നീണ്ട അംഗവസ്ത്രം ധരിച്ച പുരോഹിതന്മാര്‍ പ്രകാശം പരത്തുന്ന വിളക്കുകളും കൈകളിലേന്തി വൈകുന്നേരം ആരതിക്കെത്തുന്നു.

ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍: ഉജ്ജയിനി റെയില്‍വേ സ്റ്റേഷന്‍

ഗാന്ധി ഘട്ട്, പറ്റ്ന, ബീഹാര്‍

ഗാന്ധിഘട്ടില്‍ 51 വിളക്കുകളുമായാണ് പുരോഹിതര്‍ ആരതി ചെയ്യുന്നത്. ശംഖ് മുഴക്കത്തോടെയും സുഗന്ധത്തിരികളുടെ പരിമളം പരത്തിക്കൊണ്ടുമാണ് ചടങ്ങിന്‍റെ തുടക്കം. പ്രധാനമായും വാരാന്ത്യങ്ങളിലാണ് ആരതി നടത്തുന്നത്. ആരതിയുടെ നദിയില്‍നിന്നുള്ള കാഴ്ച ലഭിക്കാനായി വിനോദസഞ്ചാരികള്‍ക്ക് ബി എസ് ടി സി ബോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: പറ്റ്ന

സംഗമം ഘട്ട്, അലഹാബാദ്, ഉത്തരപ്രദേശ്

ഈ ഘട്ടിലാണ് ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്നത്. ഭക്തജനങ്ങള്‍ ഈ തൃവേണി സംഗമസ്ഥാനത്ത് സ്നാനം ചെയ്ത് വൈകുന്നേരത്തെ ആരതി ദര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നു. വര്‍ണാഭമായ മേലങ്കികളണിഞ്ഞ പുരോഹിതര്‍ കത്തിച്ച ചന്ദനത്തിരികളും തിരിതെളിച്ച വിളക്കുകളുമായി ആരാധന നടത്തുന്നു. പശ്ചാത്തലത്തില്‍ ഉയരുന്ന മന്ത്രധ്വനികള്‍ ആ അന്തരീക്ഷത്തിന് ഒരു ദിവ്യ പരിവേഷം പകരുന്നു.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: അലഹാബാദ്

പരമതീര്‍ത്ഥ് നികേതന്‍ ആശ്രമം, ഋഷികേശ്, ഉത്തരാഖണ്ഡ്

മനസ്സിനെ ആഴത്തില്‍ സപര്‍ശിക്കുന്ന ഒരു ആത്മീയാനുഭവമാണ് ഇവിടത്തെ ആരതി. ആശ്രമത്തിലെ അന്തേവാസികളാണ് ഇവിടെ ആരതി നിര്‍വഹിക്കുന്നത്. അവര്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ഹോമവും ആരതിയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ഘട്ട് വളരെ തിരക്കേറിയതാകാറുള്ളതിനാല്‍ നേരത്തെതന്നെ ഇവിടെ വന്നെത്തുന്നതാണ് നല്ലത്.
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: ഹരിദ്വാര്‍

ഹര്‍-കി- പൗരി ഘട്ട്, ഹരിദ്വാര്‍, ഉത്തരാഖണ്ഡ്

സഞ്ചാരകുതുകികള്‍ ഹരിദ്വാറിലെ ഗംഗ ആരതിയെ “ഏറ്റവും സംവേദനാത്മക|” മെന്ന് കരുതുന്നു. ഇവിടത്തെ ആരതിയില്‍ എല്ലാമുണ്ട്-വന്‍ ജനക്കൂട്ടം, വര്‍ണവസ്ത്രധാരികളായ പുരോഹിതര്‍, സന്യാസിമാര്‍, വിവിധ ദേവതകളുടെ ബിംബങ്ങള്‍, ഉച്ചഭാഷിണികള്‍, മുഴങ്ങുന്ന മണിനാദങ്ങള്‍, ഭക്തിഗാനാലാപനം, സുഗന്ധത്തിരികള്‍, പൂക്കള്‍, കണ്ണഞ്ചിപ്പിക്കുന്ന ദീപനാളങ്ങള്‍!
ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍: ഹരിദ്വാര്‍

No comments:

Post a Comment