ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 June 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 04/108 ശ്രീ സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 04/108

ശ്രീ സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം [ശുചീന്ദ്രം]

പഴയ കേരളത്തിലെ മഹാ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായതാണ് ശ്രീ സ്ഥാണു മാലയപ്പെരുമാൾ ക്ഷേത്രം. കേരളം ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ ക്ഷേത്രം തമിഴ്നാടിന്റെതായിത്തീർന്നു. കന്യാകുമാരിയിൽനിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അതിപ്രാചീനമായ ഈ മഹാക്ഷേത്രത്തെ പറ്റി പുരാണങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ധാരാളം പരാമർശങ്ങളുണ്ട്. സ്വയംഭൂവായ ശിവലിംഗത്തിൽ ബ്രഹ്മ – വിഷ്ണു – മഹേശ്വരന്മാർ സാന്നിധ്യമരുളുന്നുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രസങ്കേതത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം ചേര-ചോള പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും ക്ഷേത്ര നിർമ്മാണ കാലത്തെപ്പറ്റിയും നമുക്ക് അറിവു നൽകുന്നു. എ.ഡി. 1725 ൽ അളകപ്പ മുതലിയുടെ നേതൃത്വത്തിൽ നായ്ക്കന്മാരുടെ കവർച്ച സംഘം ക്ഷേത്രം കൊള്ളയടിച്ച വിവരം കൃത്യമായി നമുക്കു തരുന്നത് ഒരു ശിലാലിഖിതമാണ്.

തിരുവിതാംകൂർ രാജാക്കന്മാർ ശ്രീപത്മനാഭസ്വാമി ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത് ശുചീന്ദ്രം ക്ഷേത്രത്തിനാണ്. അവർ പലപ്പോഴായി ധാരാളം വിലപിടിപ്പുള്ള വസ്തുക്കളും സ്വത്തും മഹാദേവന് കാഴ്ചവച്ചിട്ടുള്ളതായി ചരിത്രം പറയുന്നു.

എ.ഡി. 1811 നോടടുത്ത് റാണി ലക്ഷ്മിഭായി തമ്പുരാട്ടി ക്ഷേത്രം സർക്കാരിനോട് ചേർത്തു. അതിനുശേഷമാണ് ക്ഷേത്രസങ്കേതത്തിൽ നടന്നുവന്നിരുന്ന കൈമുക്ക് സത്യപരീക്ഷ നിർത്തലാക്കപ്പെട്ടത്. കുറ്റക്കാരെ തിളച്ച എണ്ണയിൽ കൈമുക്കി നിരപരാധിത്വം തെളിയിക്കുന്ന അതിപ്രാകൃതമായ ഒരു നടപടിയായിരുന്നു അത്.

ക്ഷേത്രത്തിലെ ശില്പ ചാതുരിയും വാസ്തുവിദ്യ വൈദഗ്ധ്യവും ആരെയും ആകർഷിക്കും. ഏഴുനിലയുള്ള ഗോപുരത്തിന് നൂറ് അടിയിലധികം ഉയരമുണ്ട്. വിസ്താരത്തിലും കുറവില്ല. ദേവീദേവന്മാരുടെ ശില്പങ്ങളും പുരാണ കഥാരംഗങ്ങളും ഹൈന്ദവ സംസ്കാരം വളർത്താൻ ഉതകുന്നവയും ഗോപുരത്തിലും അഴക് വർദ്ധിപ്പിക്കുന്നവയുമാണ് .ക്ഷേത്രത്തിലെ മനോഹരമായ തൂണുകളിൽ കലാചാതുരിയോടെ മെനഞ്ഞെടുത്ത രൂപങ്ങൾക്ക് മൂല്യം നിർണയിക്കാൻ ആർക്കും കഴിയില്ല. ഗോപുരത്തിലും മറ്റു ചുമരുകളിലും കാണുന്ന ചിത്രങ്ങൾ വിലപ്പെട്ടതാണ്. ആ പഴയകാല ചിത്രകാരന്മാരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

ഗോപുരത്തിലെ ജൂരാഹരമൂർത്തി പ്രസിദ്ധമാണ്. ജ്വരാഹരമൂർത്തിയോട് പ്രാർത്ഥിച്ചാൽ മാറാത്ത അസുഖങ്ങൾ ഇല്ല. ക്ഷേത്രത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന രണ്ട് ധ്വജങ്ങളുണ്ട്. അവ ശിവന്റെയും വിഷ്ണുവിന്റെയും ആണ്. ക്ഷേത്രോത്സവങ്ങളുടെ പ്രൗഢി ആധ്വജങ്ങൾ വിളിച്ചറിയിക്കുന്നു. ക്ഷേത്രത്തിൽ കന്നി, ധനു, മേടം, എന്നീ മാസങ്ങളിലായി മൂന്ന് ഉത്സവങ്ങളുണ്ട് .എല്ലാം ക്ഷേത്രത്തിന്റെ പദവിക്ക് ഉതകുംവിധം കൊണ്ടാടുന്നു. തരണനെല്ലൂർ മനക്കലേക്കാണ് ക്ഷേത്രത്തിലെ തന്ത്രം. അതിനാൽ ആചാരാനുഷ്ഠാനങ്ങളിൽ കേരളീയത സർവ്വത്ര ദർശിക്കാം.

ക്ഷേത്രസമുച്ചയത്തിൽ ധാരാളം മണ്ഡപങ്ങളുണ്ട്. അവയെല്ലാം തന്നെ മനോഹരങ്ങളാണ് വലിയ മണ്ഡപം ഭഗവാന്റെ തൃക്കല്യാണ ചടങ്ങിനെ പാർവതീപരമേശ്വരന്മാർക്ക് ഇരുന്ന് ആടാനുള്ളതാണ്. മറ്റൊരു മണ്ഡപമാണ് വസന്ത മണ്ഡപം വസന്തകാലത്ത് ഭഗവാൻ ദേവി സമേതനായി ഇവിടെ വിശ്രമിക്കുമത്രേ! മണ്ഡപത്തിൽ ദേവിയേയും ദേവനേയും ഇരുത്തി ഇവിടെ പ്രത്യേക പൂജയുണ്ട്. ചിത്ര സഭ വേറെ ഒരു മണ്ഡപമാണ് അതിലെ ദേവതകളും മഹർഷിമാരും കണ്ണാടി വിഗ്രഹവും ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും സാന്നിധ്യവും ശ്രദ്ധേയമാണ്.

ഭിക്ഷാ പാത്രവുമായി നിൽക്കുന്ന ശിവനും നീലകണ്oവിനായകനും ഭക്ത ഹനുമാന്റെ കൂറ്റൻ വിഗ്രവും ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തന്മാരുടെ മനസ്സിൽ മായാതെ നിൽക്കും.

No comments:

Post a Comment