ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 June 2019

പുനർജന്മം

പുനർജന്മം

മരിച്ച ഒരു വ്യക്തിയുടെ ആത്മാവ്, മറ്റൊരു ശരീരം സ്വീകരിക്കാതെ.. അതേ ഭാവത്തിൽ തന്നെ നിലനിൽക്കുമോ?

ജീവൻ ശരീരം വിട്ടു കഴിഞ്ഞാൽ അതെ ഭാവത്തിൽ നിൽക്കുന്നില്ല. അടുത്ത ജന്മത്തെ പ്രാപിക്കുന്നു. ഇതിനുത്തരം പറയുന്നതിനു മുൻപ് ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

നമുക്ക് അറിവ് ലഭിക്കുന്നത് പ്രധാനമായും 3 തരത്തിലാണ്.

പ്രത്യക്ഷം, അനുമാനം, ആഗമം എന്നിവയാണവ...

1, പ്രത്യക്ഷ പ്രമാണം:- നേരിട്ട് കണ്ടറിയുന്നതാണ് പ്രത്യക്ഷമായ അറിവ്. ഇതിന് പ്രത്യക്ഷ പ്രമാണം എന്ന് പറയും.

2, അനുമാനം:- ഏതിനെയെങ്കിലും പിൻപറ്റി നിന്നുകൊണ്ട് അളന്നറിയുക എന്നാണ് അനുമാനം എന്ന വാക്കിനർത്ഥം. അതായത് ഒരറിവിനെ തുടർന്നു വരുന്ന മറ്റൊരറിവ് .അല്ലെങ്കിൽ ഒരറിവിൽ നിന്നുണ്ടാകുന്ന മറ്റൊരറിവ് .ഉദാ: ആകാശത്ത് കാർമേഘം കാണുമ്പോൾ മഴ പെയ്യാനിടയുണ്ടെന്ന് നാം അനുമാനിക്കുന്നു. ഇത് കാരണത്തിൽ നിന്നും കാര്യത്തെ അനുമാനിക്കലാണ്.

വളരെ വെള്ളമില്ലാതിരുന്ന നദിയിൽ പെട്ടെന്ന് വെള്ളമുയർന്ന് കുത്തിയൊഴുകുന്നതു കാണുമ്പോൾ മഴ പെയ്തു എന്നനുമാനിക്കുന്നു. ഇത്
കാര്യത്തിൽ നിന്നും കാരണത്തെ അനുമാനിക്കലാണ്.
ഇത് അനുമാന പ്രമാണമാണ്.

3, മൂന്നാമത് ശബ്ദ പ്രമാണങ്ങളാണ്. പ്രത്യക്ഷമായോ, അനുമാനിച്ചോ അല്ലാതെ നേടുന്ന അറിവ്. എല്ലാ കാര്യങ്ങളും നാം നേരിട്ടു കണ്ടോ, അനുമാനിച്ചോ അല്ല അറിയുന്നത്. പറഞ്ഞു കേട്ടാണ്. പല കാര്യങ്ങളിലും നിപുണരായവരുടെ വാക്കുകൾ സ്വീകരിച്ചിട്ടാണ്. ഇങ്ങനെ ലഭിക്കുന്ന അറിവ് അറിവുകളാണ് പ്രത്യക്ഷം കൊണ്ടോ അനുമാനം കൊണ്ടോ നിഷേധിക്കാനാവുന്നില്ല.
ഇങ്ങനെയുള്ള ആപ്ത വചനങ്ങളെയാണ് ശബ്ദ പ്രമാണം എന്ന് വിളിക്കുന്നത്.

" ആപ്തോപദേശ:ശബ്ദ:"
എന്ന് ഗൗതമ മഹർഷി ശബ്ദത്തെ നിർവചിക്കുന്നു. സ്വാർത്ഥ താല്പര്യങ്ങൾക്കു വശഗരാകാതെ ലോകഹിതത്തിനായി മാത്രം സത്യത്തെ വെളിവാക്കുന്നവരാണ് ആപ്തന്മാർ. സുനിശ്ചിതമെന്നു ബോധ്യമുള്ള അറിവിനെ മറ്റുള്ളവർക്ക് കൂടി വെളിവാക്കുന്നതിനായി അവർ ഉപദേശിച്ചു കൊടുക്കുന്നു.

ഇവിടെ ഈ ചോദ്യത്തിന്റെ ഉത്തരം നമുക്ക പ്രമാണത്തിലൂടെയോ അനുമാന പ്രമാണത്തിലൂടെയോ കണ്ടെത്താനാകില്ല.
പിന്നെ നാം അന്വേഷിക്കേണ്ടത് ശബ്ദ പ്രമാണം അഥവാ ആപ്ത വചനമാണ്. അതിനാലിതിന്റെ ഉത്തരം ഋഷി പറയുന്നതെന്തെന്ന് നോക്കാം.

ജീവൻശരീരം വിട്ടാൽ മറ്റൊരു ശരീരം സ്വീകരിക്കുന്നു. ഇതിന്റെ പ്രമാണം നോക്കാം.

"തേജോ ഹ വാ ഉദാന
തസ്മാദുപശാന്തതേജാ:
പുനർഭവമിന്ദ്രിയൈർ മനസി സമ്പദ്യമാനൈ: "
(പ്രശ്നോപനിഷത്ത് - മൂന്നാം പ്രശ്നം ശ്ലോകം -9)
അർത്ഥം: തേജസ് ഉദാനനാണ്. അതിനാൽ ആരുടെ ( ശരീരത്തിന്റെ) തേജസ്സ് തണുത്തു കഴിഞ്ഞുവോ, അവൻ മനസ്സിൽ ലയിച്ച് എല്ലാ ഇന്ദ്രിയങ്ങളുമൊത്ത് പുനർജന്മം പ്രാപിക്കുന്നു. (തേജസ്സില്ലാതാകുമ്പോൾ ശരീരത്തിൽ ചൂടില്ലാതാകുന്നു.)

ഭഗവദ് ഗീത അധ്യായം - 2
ശ്ലോകം 22.

"വാംസാംസി ജീർണാനി
യഥാ വിഹായ
നവാനി ഗൃഹ്ണാതി
നരോfപരാണി
തഥാ ശരീരാണി വിഹായ
ജീർണാന്യനാനി സംയാതി
നവാനി ദേഹീ "

അർത്ഥം: മനുഷ്യൻ എപ്രകാരം പഴകിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നുവോഅപ്രകാരം ആത്മാവ് ജീർണങ്ങളായ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയ അന്യ ശരീരങ്ങളെ പ്രാപിക്കുന്നു.

" പുനരുത്പത്തി: പ്രേത്യഭാവ:"
(ന്യായ ദർശനം -1.1.19 )
പൂർവ ശരീരം ത്യജിച്ച് വീണ്ടും പുതിയ ശരീരം ധരിക്കുന്നതിനെയാണ് പ്രേത്യഭാവമെന്ന് പറയുന്നത്. പ്രേത്യ എന്നതിന് മരണം പ്രാപിച്ച് എന്നും ഭാവമെന്നതിന് പുനർജന്മമെടുത്ത് ജീവൻ ദേഹധാരണം ചെയ്യുന്നത് എന്നും അർത്ഥമാണ്.

പൂർവ്വജന്മകൃതമായ പാപപുണ്യങ്ങളുടെ ഫലത്തെ അനുഭവിക്കുകയെന്ന സ്വഭാവത്തോടു കൂടിയ ജീവാത്മാവ് പൂർവ ശരീരത്തെ വെടിഞ്ഞ് വായുവിനോടൊപ്പം നിലകൊള്ളുകയും പിന്നീട് ജലം, ഓഷധി, പ്രാണൻ ആദിയാവയിലൂടെ ഗർഭാശയത്തിൽ പ്രവേശിച്ച് ജന്മമെടുക്കുകയും ചെയ്യുന്നു. (ഋഗ്വേദാദി ഭാഷ്യഭൂമിക - മഹർഷി ദയാനന്ദ സരസ്വതി - അധ്യായം - 19
പുനർജന്മം)

ഇങ്ങനെ അനേകം പ്രമാണങ്ങളാൽ ശരീരം വിട്ടകന്ന ജീവാത്മാവ് മറ്റൊരു ശരീരത്തെ പ്രാപിക്കുന്നുവെന്ന് സിദ്ധമാകുന്നു.

No comments:

Post a Comment