ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2019

എന്താണ് സനാതനധര്‍മ്മം...?

എന്താണ് സനാതനധര്‍മ്മം...?

ഭാഗം - 10

എന്താണ് മതം❓

എന്താണ് ധർമ്മം❓

ഹിന്ദുമതത്തെ സനാതനധർമ്മമെന്ന് വിളിക്കാനാകുമോ❓

സനാതനധര്‍മ്മമെന്ന വാക്കുതന്നെ ചിലര്‍ക്കിന്ന് കേളിക്കൂത്തായിരിക്കുന്നു. അത് മതമാണെന്നും അല്ലെന്നും പറഞ്ഞ് പോരടിക്കുന്നു. ഇത് വര്‍ണ്ണവ്യവസ്ഥയാണെന്നും അവര്‍ണ്ണരൊന്നും സനാതനധര്‍മ്മത്തില്‍ പെട്ടവരല്ലെന്നും പറഞ്ഞ് ചിലര്‍ ഹൈന്ദവവിരുദ്ധ അജണ്ട നടപ്പിലാക്കുന്നു. അതുകൊണ്ടുതന്നെ സനാതനധര്‍മ്മമെന്തെന്ന് എല്ലാ ഹിന്ദുക്കളും പഠിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഈ ഭാരതഭൂവില്‍ ജനിച്ച ആയിരക്കണക്കായ ആചാര്യന്മാര്‍ നമ്മളോടു പറഞ്ഞ ആ ധര്‍മ്മം എന്താണ്❓

നമുക്ക് ഒന്ന് പരിശോധിക്കാം....

Religion, Faith, Culture എന്ന വൈദേശീക പദങ്ങളും ധർമ്മം, സനാതന ധർമ്മം, വൈദിക ധർമ്മം തുടങ്ങിയ ഭാരതീയ പദങ്ങളും നിങ്ങള്‍ കേട്ടിരിക്കും. ഇവ തമ്മിൽ എന്താണ് ബന്ധം❓

ഓരോ സംസ്കാരങ്ങൾക്കും സാഹചര്യങ്ങളെ വിലയിരുത്താൻ അതിന്റേതായ അനുഭവപശ്ചാത്തലങ്ങൾ ഉണ്ട്. ഉദാഹരണത്തിന് പാശ്ചാത്യ സംസ്കാരത്തിന്റെ അടിസ്ഥാനം ക്രിസ്തുമതത്തിന്റെയും ഗ്രീക്ക്-റോമൻ സംസ്കാരത്തിന്റെയും ഒരു മിശ്രണമാണ്.

നവോത്ഥാന കാലം മുതൽ തന്നെ ഒരുപക്ഷെ മതവും (Religion) മതേതരവും ആയി വ്യത്യാസം ഉണ്ടായിരുന്നു. മതേതരം എന്നത് കൊണ്ട് Secularism ആണ് ഞാൻ ഉദ്ധേശിക്കുന്നത്. രാജ്യകാര്യങ്ങളിൽ പള്ളിയുടെ ആധിപത്യം (മതാധിപത്യം) ഒഴിവാക്കാനാണ് Secularism എന്ന ആശയം അവിടെ ഉണ്ടാകുന്നത്. ഈ ഒരു വേർതിരിവിലൂടെ, മതേതര ദർശനത്തിലൂടെ, (പള്ളിയുടെ സ്വാധീനത്തിൽ നിന്നും അകന്ന്) ഒരു ജനസമൂഹം വളർന്ന് വന്നു. അത്കൊണ്ടുതന്നെ പാശ്ചാത്യ വീക്ഷണത്തിലൂടെ ലോകത്തെ നോക്കുമ്പോൾ മനുഷ്യരാശിയെ മതപരം, മതേതരം എന്ന രണ്ട് വിഭാഗങ്ങളായാണ് കാണുന്നത്.

എന്നാൽ ഭാരതീയ സങ്കൽപം ഇങ്ങനെയല്ല. ഭാരതീയ ദർശനങ്ങളുടെ സഞ്ചാരപഥം മറ്റൊരു ദിശയിലാണ്. പാശ്ചാത്യർക്ക് പള്ളി എന്നപോലെ ഒരു സ്ഥാപനമല്ല നമുക്ക് ഉണ്ടായിരുന്നത്, മറിച്ച് വിവിധ തരം ദർശനങ്ങളും ശാസ്ത്രങ്ങളുമാണ്. 'ധർമ്മം' എന്നത് നമ്മുടെ സംസ്കാരത്തിൽ വ്യാപിച്ച് കിടക്കുന്നതാണ്. ഭാരതത്തിൽ പാശ്ചാത്യവിദ്യാഭ്യാസവ്യവസ്ഥിതി നിലവിൽ വന്നത് മുതൽ നമ്മൾ ധർമ്മത്തെയും 'Religion', 'Culture' മുതലായ പദങ്ങൾ കൊണ്ട് വർണ്ണിച്ച് തുടങ്ങി. അതുകൊണ്ട് തന്നെ സമൂഹങ്ങളെ 'ധർമ്മം' എന്ന വീക്ഷണത്തിലൂടെ മനസ്സിലാക്കുന്നതിന് പകരം നമ്മളും മതമെന്ന വീക്ഷണത്തിലൂടെയാണ് മനസ്സിലാക്കുന്നത്.

വിദേശഭരണം കഴിഞ്ഞ്  വർഷങ്ങൾക്കിപ്പുറം നിൽക്കുമ്പോൾ ആ നഷ്ടപ്പെട്ട സംസ്കാരത്തെ തിരിച്ച് പിടിക്കാൻ - ലോകത്തെ മതം, മതേതരം എന്ന് തരംതിരിക്കുന്നതിന് പകരം ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ നാം പഠിക്കണം.

എന്താണ് ധർമ്മം❓

ധരിക്കുന്നത് ‘ധര്‍മ്മം’ എന്നാണ് ധര്‍മ പദത്തിനര്‍ത്ഥം. പ്രപഞ്ചവ്യവസ്ഥയെ താങ്ങിനിർത്തുന്നതെന്തോ അതാണ്‌ ധർമ്മം. നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് പറയാം.

ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം. പെരുമാറ്റച്ചിട്ട എന്ന് പറയുമ്പോൾ മനുഷ്യന്റെ മാത്രമല്ല - പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും അതിന്റേതായ ധർമ്മമുണ്ട്. 
ഒരു പ്രവൃത്തി ധർമ്മമോ അധർമ്മമോ എന്നു തീരുമാനിക്കുന്ന ഘടകം എന്താണ് ❓

"ഒരു പ്രവൃത്തിയുടെ ഭൌതികഫലം എന്തുതന്നെയായാലും അതു തന്നിലും അന്യനിലും ചിത്തശുദ്ധിവഴി ആത്മപ്രസന്നത ഉളവാക്കുമെങ്കിൽ അതു ധർമ്മമെന്നു കരുതാം. കർമ്മത്തിനുള്ള പ്രേരണ സ്വന്തം ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ ലാളനമായിരിക്കരുത്." ഇതാണ് ശ്രീ നാരായണ ഗുരുദേവൻ ധർമ്മത്തിന് കൊടുത്ത നിർവചനം.

പാശ്ചാത്യ വ്യവസ്ഥയിൽ Religion എന്നാൽ സ്ഥാപനസംബന്ധിയായതും മതത്തിന്റെ കല്പനകൾ അനുസരിക്കുന്നതും ആകുമ്പോൾ, ധർമ്മം എന്നത് അഗാധവും കേവലം മനുഷ്യനെ മാത്രം സംബന്ധിച്ചിരിക്കുന്നതല്ലാത്തതും പ്രപഞ്ചത്തിൽ അസ്തിത്വമുള്ള എല്ലാത്തിനേയും സംബന്ധിക്കുന്നതും ആണ്.

ഉദാഹരണത്തിന് - ഒരു അണുവിനെ നിലനിർത്തുന്നത് എന്താണ്? അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ (Subatomic Particles) അവയുടെ ധർമ്മത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുന്നു. മനുഷ്യനിലേക്ക് വന്നാൽ നമുക്കെല്ലാം സമൂഹത്തിൽ ഉള്ള വ്യക്തിത്വം (Identity) പലതാണ്. എവിടെ ജനിച്ചു, ആർക്ക് ജനിച്ചു, എന്ത് പഠിച്ചു, എന്ത് തൊഴിൽ ചെയ്യുന്നു, മറ്റുള്ളവരുമായി എന്ത് ബന്ധം വച്ച് പുലർത്തുന്നു എന്നതിന്റെ എല്ലാം അടിസ്ഥാനത്തിൽ നാമെല്ലാം പല ലേബലുകൾ ചുമക്കുന്നു. ഭർത്താവ് /ഭാര്യ, സഹോദരൻ /സഹോദരി, പുത്രൻ, പുത്രി, അച്ഛൻ/അമ്മ, സുഹൃത്ത് / സഹപ്രവർത്തകൻ /സഹവാസി എന്നിങ്ങനെ പല ലേബലുകൾ ഒരേ സമയം നമ്മൾ ചുമക്കുന്നു. ഇവയെ എല്ലാം താങ്ങിനിർത്തുന്നതെന്താണോ അതാണ്‌ ധർമ്മം.

പുത്രധർമ്മം നിറവേറ്റുമ്പോഴാണ് ഞാനൊരു നല്ല പുത്രൻ ആകുന്നത്. സഹോദര ധർമ്മം നിറവേറ്റുമ്പോഴാണ് ഞാനൊരു നല്ല സഹോദരൻ ആകുന്നത്. രാഷ്ട്രധർമ്മം നിറവേറ്റുമ്പോഴാണ് ഞാൻ ഒരു നല്ല പൌരൻ ആകുന്നത്. അതുകൊണ്ടുതന്നെ നമ്മളെ സംബന്ധിച്ചിടത്തോളം Religion-Culture എന്ന വേർതിരിവ് അപ്രസക്തമാണ്. ഈ രണ്ട് പാശ്ചാത്യ വിഭാഗങ്ങളും ധർമ്മത്തിൽ അടങ്ങിയിരിക്കുന്നതാണ് - വിഭിന്നമല്ല. ഉദാഹരണത്തിന് തീന്മേശയിൽ പാലിക്കേണ്ട മര്യാദകൾ പാശ്ചാത്യ വ്യാഖ്യാനം അനുസരിച്ച് Culture-ന്റെ ഭാഗമാണ് - ഒരു Secular പ്രവൃത്തി ആണ്. ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത് Religion-ന്റെയും ഭാഗമാണ്. പക്ഷെ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിർവചിച്ചാൽ രണ്ടും ധർമ്മമാണ് - ആദ്യത്തേത് ഭക്ഷണ സമയത്ത് പാലിക്കേണ്ട ധർമ്മം (കൂടെ ഭക്ഷിക്കുന്നവരുമായി നല്ല ബന്ധം നിലനിർത്തുന്ന ധർമ്മം) - രണ്ടാമത്തേത് Church എന്ന സ്ഥാപനത്തെ നിലനിർത്തുന്ന ധർമ്മം.

അങ്ങിനെയെങ്കിൽ നമ്മുടെ ഈ സംസ്കാരത്തെ നാം എന്ത് പേരിൽ വിളിക്കും❓

Religion എന്ന് അതിനെ വിളിക്കാനാകില്ലെന്ന്  മനസ്സിലായല്ലോ. ധർമ്മം എന്നത് കര്‍മ്മാനുബന്ധിയാണെന്നും മനസ്സിലാകുന്നു.

ഈ ഭൂമി തന്നെ ഇല്ലാതായാലും പ്രപഞ്ചത്തിലെ മറ്റ്‌ നക്ഷത്രങ്ങളും താരസമൂഹങ്ങളും അവയുടെ ധർമ്മം നിറവേറ്റുന്നു. പ്രപഞ്ചം തന്നെ ഇല്ലാതായാലും സൂക്ഷ്മ പ്രകൃതി സ്ഥൂലമായും തിരിച്ചും സ്‌പന്ദിച്ച്കൊണ്ട് അതിന്റെ ധർമ്മം നിറവേറ്റിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ധർമ്മത്തെ "സനാതന" (നിത്യവും ശാശ്വതവുമായ) ധർമ്മം എന്ന് പറയുന്നത്. പാശ്ചാത്യ Religion സങ്കല്പവുമായി ഇതിനെ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്.

പക്ഷെ ഈ ധര്‍മ്മത്തില്‍ നിന്നുതന്നെ പല വിഭാഗങ്ങൾ ഉണ്ടായിട്ടില്ലേ എന്ന ചോദിക്കാം. 
ധർമ്മം ഒന്നാണെങ്കിൽ ബുദ്ധ-ജൈന-വൈദിക ധർമ്മങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം❓
ഇവിടെയാണ്‌ "ദർശനം" എന്താണെന്ന് മനസ്സിലാക്കേണ്ടത്.

ദർശനം എന്ന പദത്തിന്റെ അർത്ഥം 'കാഴ്ച' എന്നാണല്ലോ. ഒരു പ്രത്യേകമായ ന്യായാനുസാരത്തിൽ ധർമ്മത്തെ വീക്ഷിക്കുന്നതാണ് ഓരോ ദർശനവും. വേദങ്ങൾ എന്ന (സ്മൃതി, പുരാണ ഇതിഹാസങ്ങൾ ഉള്‍പ്പടെ) അലംഘനീയമായ സ്രോതസ്സിൽ നിന്നും ഉത്ഭവിക്കുന്ന എല്ലാ തത്ത്വ ദർശനങ്ങളേയും വൈദിക ദർശനങ്ങൾ/ആസ്തിക ദർശനങ്ങൾ എന്ന് വിളിക്കുന്നു. വേദത്തിന് സ്ഥാനം നൽകാത്ത ദർശനങ്ങളെ അവൈദിക/നാസ്തിക ദർശനങ്ങൾ എന്നും വിളിക്കുന്നു.

ദർശനം ഏതായാലും അവയവയുടേതായ രീതിയിൽ ധർമ്മം എന്താണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് വൈദിക ദർശന പ്രകാരം വിധിപ്രകാരമുള്ള യജ്ഞം ധാർമ്മികം ആണെന്ന് പറയാം. ബുദ്ധ ദർശന പ്രകാരം അഷ്ട വിശിഷ്ട പാതകൾ പിന്തുടരുന്നത് ധാർമ്മികമാണ്. ഈ അനുശാസനങ്ങളെല്ലാം വിവിധ ദർശനങ്ങൾക്ക് വ്യത്യസ്തമാണ്. പക്ഷെ അവയെല്ലാം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് ഒന്നിനെയാണ് - സനാതനമായ ധർമ്മത്തെ. ഓരോ ദർശനവും അവയുടെ വ്യാഖ്യാനമാണ് യഥാർത്ഥ സനാതന ധർമ്മം എന്ന് അവകാശപ്പെടാമെങ്കിലും നാം പരസ്പരം ബഹുമാനിക്കുന്നു  നാമെല്ലാം മനസ്സിലാക്കുന്നത് ഒരേ സനാതന ധർമ്മത്തെ ആണെന്ന തിരിച്ചറിവിൽ.

ഇന്നത്തെ കാലത്ത് ഓരോരുത്തരും ഏതെങ്കിലും 'Religion'-ന്റെ ഭാഗമാകുമ്പോൾ നമ്മളും സ്വയം ഹിന്ദു Religion (Hinduism) എന്നൊക്കെ പറയുന്നു. വിവിധ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം വിവിധ ദർശനങ്ങൾ ഹിന്ദു എന്ന പദത്തെ ഉൾകൊള്ളാൻ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ Hinduism എന്ന പദം വൈദിക ദർശനങ്ങളെ മാത്രം അർത്ഥം വയ്ക്കുന്ന ഒരു ചുരുങ്ങിയ പദമായിരിക്കുന്നു. അതുകൊണ്ട് തന്നെ Hinduism എന്ന പരിമിതമായ പദത്തെ സനാതന ധർമ്മം എന്ന് വിളിക്കുന്നത് ഉചിതമല്ല. അതിനർത്ഥം വൈദിക ദർശനത്തെ സനാതന ധർമ്മമായി കണ്ടുകൂടാ എന്നല്ല. നമ്മൾ അതിനെ സനാതന ധർമ്മമായി തന്നെ കാണണം. പക്ഷ നമ്മൾ സനാതന ധർമ്മം എന്ന സിദ്ധാന്തത്തിന്റെയും വൈദിക ധർമ്മം സനാതന ധർമ്മമാണ് എന്ന വാദത്തിന്റെയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം.

വൈദിക ദർശനത്തിനകത്ത് തന്നെ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം തുടങ്ങി നിരവധി വിഭാഗങ്ങൾ ഉണ്ട്. ഈ വിഭാഗങ്ങളിൽ നിന്നും തീർത്തും വിഭിന്നമായിക്കൊണ്ട് തന്നെ വൈദിക ദർശനം ഉൾക്കൊള്ളാം. അത് തീർത്തും വ്യക്തിപരമായ ദർശനം ആയിരിക്കും എന്നുമാത്രം.

ഈ രീതിയിൽ തന്നെ മറ്റുള്ളവർ ഏത് ദർശനത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയണം (അത് പാശ്ചാത്യമാണെങ്കിൽക്കൂടി). നാസ്തിക (അവൈദിക) ദർശനങ്ങളുടെ കൂടെ തന്നെ ഇവയെ കൂട്ടാം. അങ്ങിനെയെങ്കിൽ വിവിധ പാശ്ചാത്യ ദർശനങ്ങൾ, Christianity , Secularism, Capitalism, Communism, Feminism തുടങ്ങിയ എല്ലാത്തിനേയും പാശ്ചാത്യ ദർശനങ്ങളുടെ കൂടെ കൂട്ടാം. ഇസ്ലാമിനെ ഒരു ദർശനമായി കണക്കാക്കിയാൽ അതിൽ തന്നെ സുന്നി ദർശനം, ഷിയ ദർശനം, സൂഫി ദർശനം തുടങ്ങി പല ദർശനങ്ങൾ ആയി കാണാം. ലോകത്തെ നാം കാണുമ്പോൾ പാശ്ചാത്യ വീക്ഷണം ഉപേക്ഷിച്ച് നമ്മുടെ തന്നെ തനതായ ധാർമ്മിക വീക്ഷണ രീതി നാം തിരിച്ച്പിടിക്കണം...

ഈ രീതിയിൽ നമ്മുടേതായ വീക്ഷണം തിരിച്ച് പിടിച്ചാൽ മാത്രമേ സാംസ്കാരികമായി നാം സ്വാതന്ത്ര്യം പ്രാപിച്ചു എന്ന് പറയാനാകൂ. ലോകത്തെ ധര്‍മ്മത്തിന്‍റെ വീക്ഷണത്തിലൂടെ കാണാന്‍ പഠിക്കാത്തിടത്തോളം കാലം നാം പാശ്ചാത്യരുടെ അധീനതയില്‍ തന്നെയാണെന്ന് പറയേണ്ടിവരും.

ധര്‍മ്മം ഏവ പരം ദൈവം
ധര്‍മ്മം ഏവ മഹാ ധനം
ധര്‍മ്മം സര്‍വ്വത്ര വിജയീ 
ഭവതു ശ്രേയസേ നൃണാം

ധര്‍മ്മം തന്നെയാണ് പ്രപഞ്ചത്തിന് ആദി കാരണമായ പരബ്രഹ്മം. ധര്‍മ്മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മ്മം എല്ലായിടത്തും വിജയിക്കുന്നു. അങ്ങിനെയുള്ള ധര്‍മ്മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ...

No comments:

Post a Comment