ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2019

നാരീപൂജ

നാരീപൂജ

ദേവിയുടെ ഇരിപ്പിടത്തോട് സമാനമായ രീതിയിൽ അലങ്കൃത പീഠത്തില്‍ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂര്‍വ്വം ക്ഷേത്രത്തിലെ പ്രധാന പൂജാരി ഇവരെ കാല്കഴുകി, പൂജാദ്രവ്യങ്ങൾ അർപ്പിച്ച് പൂജിക്കുന്നു. സ്ത്രീകള്‍ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ ആനന്ദിക്കുന്നു എന്ന സങ്കൽപ്പത്തിലൂടെയാണ് നാരീപൂജ നടത്തുന്നത്. സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ മറ്റൊരു പൊരുൾ. ഗജ പൂജ, ഗോ പൂജ എന്നിവ ചെയ്യുമ്പോൾ അന്നത്തിനും നാരീപൂജയിൽ പരിശുദ്ധിക്കുമാണ് പ്രാധാന്യം.

നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുക എന്ന കർമ്മമാണ്‌ നാരീപൂജയിൽ പ്രധാനം . ദേവിയോടുള്ള തന്‍റെ ഭക്തി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കര്‍മ്മമായാണ് നാരീ പൂജയെ കാണുന്നത്. പാദം കഴുകുമ്പോള്‍ നാരിയില്‍ ഒരു ദേവീഭാവം ഉടലെടുക്കുന്നു എന്നും, ആ ദേവിയെ പൂജിക്കുന്ന ഭക്തനു ഫലസിദ്ധിലഭിക്കുന്നു എന്നുമാണ് പറയപ്പെടുന്നത്‌. നാരീ പൂജയെ ദേവീ പൂജയായ് മാറുന്നത് ഭക്തന്‍റെ മനസ്സില്‍ മാത്രാമാണ്. നാരീപൂജയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾ ക്ഷേത്രത്തിനകത്ത് മൂന്ന് ദിവസം താമസിച്ചു വരുന്നു.

കഴുത്തിൽ പൂമാലയിട്ട് സർവ്വാഭരണ വിഭൂഷിതയായി, ദേവീവിഗ്രഹത്തിനു അഭിമുഖമായിരുന്നാണ് നാരീപൂജ നടത്തുന്നത്. പൂജയിൽ പങ്കെടുക്കുന്നവർക്കും പൂജിക്കുന്നവർക്കും താമസം വിന സർവ്വ വിധ ഐശ്വര്യങ്ങളും വരുമെന്നാണ് നാരീപൂജയുടെ ഐതിഹ്യം. ചക്കുളത്തുകാവ്‌ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിൽ നടക്കുന്ന പൊങ്കാലയെ തുടർന്നാണ് നാരീപൂജ നടത്തുന്നത്.

കേരളത്തിൽ ചക്കുളത്തുകാവ്‌ , കണ്ടമംഗലം ക്ഷേത്രം, മംഗളാദേവീ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും നാരീപൂജ നടത്തി വരുന്നത്. ഇതിനുപുറമേ, ക്ഷേത്രങ്ങളിൽ ദേവീഭാഗവത സപ്താഹത്തോട് അനുബന്ധിച്ചു 9 പെണ്‍കുട്ടികളെ 9 ദേവിമാരായി സങ്കൽപ്പിച്ചു കൊണ്ട് കുമാരീപൂജയും നടത്തി വരുന്നു. നാരീപൂജയിലൂടെയും കുമാരീപൂജയിലൂടെയും സ്ത്രീകൾക്ക് ദേവീ സങ്കൽപ്പമാണ് നല്കുന്നത്.

സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപെടുകയും ചെയ്യുന്ന ഈ കാലത്ത് , അനുഷ്ഠാനത്തിന്റെ പേരിലാണെങ്കിലും നടക്കുന്ന ഇത്തരം പൂജകൾ നന്മയിലേക്ക് വഴിവയ്ക്കട്ടേ എന്ന് ആഗ്രഹിക്കാം.

No comments:

Post a Comment