ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 June 2019

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം

ഭാരതത്തിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശക്തി പീഠമാണ് കന്യാകുമാരി ക്ഷേത്രം. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. ആദിപരാശക്തിയാണ് കന്യാകുമാരി. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്.

മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം.

സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിൻ്റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയിൽ തിരുവള്ളൂരിൻ്റെ പ്രതിമയും കാണാം.

ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരൻ്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ദുർഗ്ഗാരൂപം പൂണ്ട് ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിൻ്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കൊടുങ്ങല്ലൂർ ശ്രീകുറുമ്പ  (ലോകാംബിക), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണൻ്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ അവിവാഹിതയായ ഈ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.

മെയ് മാസത്തിലെ ചിത്രാപൗർണമി ഉത്സവമാണ്. സെപ്തംബർ – ഒക്ടോബറിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയും കൊണ്ടാടുന്നു. മെയ് – ജൂൺ മാസത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ദേവിയെ തോണിയിൽ ഒമ്പതാം ദിവസം വെള്ളത്തിലൂടെ എഴുന്നള്ളിക്കും. ജൂലൈ – ആഗസ്റ്റിൽ കർക്കടകമാസത്തിലെ അവസാന വെള്ളിയാഴ്ച വിഗ്രഹത്തിന് ചന്ദനം ചാർത്തലും നടത്തുന്നു.

No comments:

Post a Comment