ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 15/108 കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 15/108

കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം

കർണാടക സംസ്ഥാനത്തിൽപ്പെട്ട ഉടുപ്പി ജില്ലയിലെ കുന്താപുരത്ത് കൊല്ലൂർമൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മംഗലാപുരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ ദൂരം വരും. പടിഞ്ഞാറേ കവാടത്തിലൂടെയും വടക്കേ കവാടത്തിലൂടെയും ക്ഷേത്രത്തിൽ പ്രവേശിക്കാം. കിഴക്കേ നടയിലെത്തി ധ്വജവും താഴികക്കുടവും വന്ദിച്ച് ശ്രീകോവിലിന് മുന്നിലെത്താം .ദേവി മൂകാംബിക സർവാലങ്കാര വിഭൂഷിതയായി സ്വർണ്ണപ്രഭയിൽ മുങ്ങി അനുഗ്രഹാശിസുകൾ ചൊരിഞ്ഞ് ശോഭിക്കുന്നു. ആ തേജോവിഗ്രഹത്തിന് മുന്നിലുള്ള സ്വയംഭൂവായ ജ്യോതിർലിംഗത്തിൽ ദേവി ശിവചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിരാജിക്കുന്നു. സാക്ഷാൽ പരാശക്തി ശിവ സാന്നിധ്യത്തിൽ ശക്തിസ്വരൂപിണിയായ കാളിയായും ലക്ഷ്മിയായും സരസ്വതിയായും വിളങ്ങുന്നു. ജ്യോതിർ ലിംഗത്തിൽ ശിവ സാന്നിധ്യമുള്ളതിനാൽ ശിവക്ഷേത്രം ആയും ഇതിനെ കരുതാം. പൂജയും അർച്ചനയും എല്ലാം ജ്യോർലിംഗത്തിലാണ് ചെയ്യുന്നത് .നടക്കൽനിന്ന് പ്രസാദവും തീർത്ഥവും സ്വീകരിച്ച് പുറത്തുവന്നാൽ കിഴക്കേനടയിലുള്ള വീരഭദ്രനെ വന്ദിക്കാം; പിന്നീട് ഉപദേവന്മാരേയും. അവർ ദശഭുജഗണപതി, ദീപസ്തംഭത്തിലെ ഗണപതി ,സുബ്രഹ്മണ്യൻ, പ്രാണ ലിംഗേശ്വരൻ, പാർഥേശ്വരൻ, പഞ്ചമുഖ ഗണപതി ,ചന്ദ്രമൗലീശ്വരൻ, നെഞ്ചുണ്ടേശ്വരൻ, ഹനുമാൻ, മഹാവിഷ്ണു, ഗോശാലകൃഷ്ണൻ, എന്നിവരാണ് .കൂടാതെ ക്ഷേത്രത്തിന് പുറത്ത് ചാമുണ്ഡി ,ചന്ദ്രമൗലീശ്വരൻ ,ശുക്ലതീർത്ഥസിദ്ധേശ്വരൻ എന്നിവരുടെ ക്ഷേത്രങ്ങളുമുണ്ട്. ഇവിടെയെല്ലാം പ്രത്യേക പൂജാരികൾ ദിവസേന പൂജ നടത്തുന്നു. പൂജ നടത്തുന്നവർ ഇവിടെ അർച്ചകന്മാരെന്ന പേരിലാണറിയപ്പെടുന്നത്.

രാമനവമി, കൃഷ്ണാഷ്ടമി ,നവരാത്രി, എന്നിവയാണ് ഉത്സവങ്ങൾ .അന്ന് ദേവിയെ ശുക്ല തീർത്ഥ സിദ്ധേശ്വര സന്നിധിയിലേക്ക് എഴുന്നള്ളിക്കും. അവിടേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് .

ശ്രീകോവിലിന് പിൻഭാഗത്തുള്ള ചുറ്റമ്പലത്തിൽ ശ്രീ ശങ്കരാചാര്യസ്വാമികളുടെ സാന്നിധ്യമുണ്ട് .അവിടെശ്രീശങ്കരപീഠം നെയ്വിളക്കിനു മുമ്പിൽ വിളങ്ങുന്നു.

നാലമ്പലത്തിൽ ഇരുന്ന് പൂജാരിമാരോടൊപ്പം മന്ത്രപുരസ്സരം കുങ്കുമാർച്ചന ചെയ്യാൻ ഭക്തന്മാർക്ക് സൗകര്യമുണ്ട് വിളക്ക് കത്തിച്ച് ക്ഷേത്രനടയിൽ സമർപ്പിക്കാനും കഴിയും.

വിദ്യക്കും സമ്പത്തിനും ഐശ്വര്യത്തിനും ദേവി സർവഥാ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. നവരാത്രി നാളിൽ കുട്ടികളെ എഴുത്തിനിരുത്താൻ വലിയ തിരക്കാണ്. നവരാത്രികാലത്ത് എല്ലാദിവസവും എഴുത്തിനിരുത്താവുന്നതാണ്.

No comments:

Post a Comment