ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 11/108 മുടിക്കോട് ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 11/108

പാണഞ്ചേരി-മുടിക്കോട് ശിവക്ഷേത്രം

തൃശ്ശൂർ പട്ടണത്തിൽ നിന്നും പീച്ചി പാലക്കാട് സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ ഏകദേശം 12 കിലോമീറ്റർ യാത്ര ചെയ്താൽ മുടിക്കോട് സ്റ്റോപ്പിൽ ഇറങ്ങാം. അവിടെനിന്നു അല്പം കിഴക്കോട്ട് നടന്നാൽ വടക്കുഭാഗത്താണ് ക്ഷേത്രം. റോഡരികിൽ കാണുന്ന കമാനം ക്ഷേത്രങ്ങളിലേക്കുള്ള വഴി കണ്ടെത്താൻ സഹായകരമാണ് .തെക്ക് അഭിമുഖം ആയിട്ടുള്ള കവാടം കടന്ന് അകത്തുചെന്നാൽ പടിഞ്ഞാറോട്ട് ദർശനമായി മഹാദേവൻ വിരാജിക്കുന്നു.

ശിവനാമസ്തോത്രത്തിൽ പാണഞ്ചേരി എന്നാണ് പറഞ്ഞുകാണുന്നത്. പാണഞ്ചേരി എന്ന പ്രദേശം ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്ക് വടക്കാണ്. അവിടെ ക്ഷേത്രം ഇല്ലെങ്കിലും അരനൂറ്റാണ്ടു മുൻപുവരെ കൊട്ടാരം ഇല്ലാത്ത ഒരു കൊട്ടാര പറമ്പും കൊട്ടാരം കാവൽക്കാരനായി ഒരു സിംഹോദരനും കുടികൊണ്ടിരിന്നു. ക്ഷേത്രം രേഖയിൽ ദേവന് വിളക്ക് ചെയ്യാനും മറ്റും വകകൊള്ളിച്ചിരുന്നതും കാണാം. പിന്നീട് അവിടെ നിന്നും കൊണ്ടുവന്ന പ്രതിഷ്ഠിച്ച ദേവനാണ് ക്ഷേത്രത്തിന്റെ തെക്ക് വശത്ത് കാണുന്ന ചെറിയ ശ്രീകോവിലിൽ. പടിഞ്ഞാറ് ദർശനം. വിഗ്രഹത്തിന് രണ്ടടിയിൽ കുറവേ ഉയരമുള്ളൂ. കലാപരമായി മെനഞ്ഞെടുത്തതാണ്. ശിവ ഭൂതം ആയിട്ടാണ് സിംഹോദര സങ്കല്പം. ശിവക്ഷേത്രത്തിനടുത്ത് സിംഹോദരനെ സാധാരണ കണ്ടുവരാറുണ്ട്. പരമശിവൻ തന്റെ ആസ്ഥാനം കണ്ടുപിടിക്കാൻ സിംഹോദരനെ പറഞ്ഞയക്കുന്ന ധാരാളം ഐതിഹ്യ കഥകൾ പ്രചാരത്തിലുണ്ട്.

പാണഞ്ചേരി പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ് ക്ഷേത്രം. അതിൽനിന്ന് പാണഞ്ചേരി എന്ന സ്ഥലനാമത്തിന്റെ സ്വാധീനം നമുക്ക് മനസ്സിലാക്കാം.

ക്ഷേത്രത്തിൽനിന്ന് അധികം ദൂരത്തല്ല വെള്ളാനിമല ആദിവാസികളായ മലയർ വെള്ളാനിമുടി എന്നും വെള്ളാനിപച്ച എന്നും വിളിക്കുന്നു. ആയിരത്തിലേറെ അടി ഉയരമുള്ള ഈ സാഹ്യപർവ്വതനിരയെ കുറിച്ച് പലഐതിഹ്യ കഥകളും ഉണ്ട്. ഇവിടെയാണ് പാണൻകോട്ട ഉണ്ടായിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കോട്ടയുടെയും കിടങ്ങുകളുടെയും കോട്ടകുളങ്ങളുടെയും ധാരാളം അവശിഷ്ടങ്ങൾ ചരിത്രത്തിലേക്ക് വേണ്ടത്ര വെളിച്ചം വീശാതെ ഇരുളടഞ്ഞു കിടപ്പുണ്ട്. പ്രാചീനകാലത്തെ സംസ്കാര കേന്ദ്രമായിരുന്നു ഇവിടമെന്ന് ആ ചരിത്രാവശിഷ്ടങ്ങൾ വിളിച്ചറിയിക്കുന്നു. ചേരവംശത്തിലെ ചില രാജാക്കന്മാർ ഇവിടെ പണ്ട് ആസ്ഥാനമായിരുന്നുവത്രെ .ബാണൻ ആ പരമ്പരയിലെ പ്രധാനിയായിരുന്നു. ബാണന്റെ കോട്ട ബന്ധമാണ് ആ സ്ഥലനാമത്തിനു ആധാരം. ബാണന്റകോട്ട സ്ഥിതിചെയ്തിരുന്ന വെള്ളാനിമുടിയുടെ ചേരി പ്രദേശമാണ് ബാണഞ്ചേരി: ബാണഞ്ചേരി പിന്നീട് പാണഞ്ചേരി ആയിത്തീർന്നു. പണ്ട് ബാണഞ്ചേരിയിൽ നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. അതുകൊണ്ടാണ് നാമ സ്തോത്രത്തിൽ പാണഞ്ചേരി എന്ന് പറഞ്ഞുവന്നത്. കാലാന്തരത്തിൽ ആ പ്രദേശം മുടിക്കോട് ആയിത്തീർന്നു.

ഗർഭഗൃഹത്തോടു കൂടിയ കരിങ്കൽതറയിൽ നിർമ്മിച്ച അതിമനോഹരമായ വട്ടശ്രീകോവിൽ. ശിവലിംഗത്തിന് മൂന്ന് അടിയോളം ഉയരമുണ്ട്. ദിവ്യ ശിലയിൽ പരമശിവൻ സാന്നിധ്യമരുളുന്നു. പാർവ്വതി പ്രതിഷ്ഠ കാണുന്നില്ല. ചുറ്റും നാലമ്പലവും നമസ്കാരമണ്ഡപവും ഉണ്ട് .പുറത്ത് നാഗപ്രതിഷ്ഠയും കിഴക്കോട്ട് ദർശനമായി ദമ്പതിരക്ഷസും ഉണ്ട്. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വടക്കുഭാഗത്ത് രണ്ട് കുളങ്ങളുണ്ട് .അതിൽ പടിഞ്ഞാറേത് വലുതും കിഴക്കേത് ചെറുതുമാണ്. സവർണ്ണ ആധിപത്യം നിലനിന്നിരുന്ന കാലത്ത് കിഴക്ക് അവർക്കുള്ളതാകുന്നു. ക്ഷേത്രത്തിലെ തന്ത്രം പുലിയന്നൂർ മനയ്ക്കലേക്ക് ആണ്. രണ്ടു പൂജയുണ്ട്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡിനാണ്.

No comments:

Post a Comment