ഈശ്വരപ്രേമം ഭക്തിമാർഗ്ഗം
എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാർഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കർമ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാർഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നുംതന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാൻ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകൾക്കും ഭക്തി അല്ലെങ്കിൽ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.
ഉപാസനയും പ്രാർത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങൾ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്ക്കാമപ്രേമം ഇല്ലെങ്കിൽ ഇവ രണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാർപ്പണബുദ്ധിയില്ലാതെ, കർമ്മം ആത്മീയ സാധനയാകില്ല, കർമ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാർഗ്ഗത്തിൽ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളിൽ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാർഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.
ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച് നിർത്താൻ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേർത്ത് പോകാൻ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂർണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാൽ, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങൾ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തിൽ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാൽ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും കണ്ടെത്താൻ കഴിയില്ല.
പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സർവ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിർഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ശക്തിയും അത് ഭക്തന് നല്കും.
ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാൻ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്ക്കളങ്ക ഭക്തിയാണ്.
ഭക്തിയുള്ള മനസ്സിൽ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞിന്റെ സർവ്വസ്വവും അമ്മയാണ്. അവന് ലോകത്തിൽ അമ്മ മാത്രമേയുള്ളു. അതുപോലെ, ഭക്തൻ്റെ ഹൃദയത്തിൽ ഭഗവാനോട് നിഷ്ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവർത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപിയായി സ്വന്തം ഉള്ളിൽ ഒതുക്കാനും നിഷ്ക്കളങ്കപ്രേമത്തിന് കഴിയും.
പ്രേമത്തിന്റെ സ്പർശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവർത്തനം ചെയ്യും. ഉള്ളിൽ ഈശ്വരഭക്തി നിറഞ്ഞ് കവിയുമ്പോൾ, പിന്നെ നമ്മൾ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആർക്കും നശിപ്പിക്കാൻ കഴിയില്ല.
ജീവിതത്തിൽ ഓരോരുത്തരുർത്തക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താൻ മുന്നിട്ടിറങ്ങുമ്പോൾ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കിൽ, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും വേണം, നമ്മെ ലക്ഷ്യത്തിൽ നിന്നും പിന്തിരിയാതെ ഉറപ്പിച്ച് നിർത്തണമെങ്കിൽ, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയിൽ അടിയുറച്ച വിശ്വാസവും സമർപ്പണവും വേണം. അതുണ്ടായാൽ വിജയം സുനിശ്ചിതമാണ്.
നിരന്തരം നമ്മളെ ഓർമ്മിപ്പിക്കേണ്ടുന്ന ഒരു സത്യമുണ്ട്..... ‘നീ അശക്തനും ദുർബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളിൽ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്......
No comments:
Post a Comment