കാലഹോര എന്നാല്‍ എന്താണ്?
നാം അധിവസിക്കുന്നതായ ഭൂമി എല്ലയ്പ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇപ്രകാരം സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുവാന്‍ രണ്ടര നാഴിക വീതമുള്ള 24 മുഹൂര്‍ത്തങ്ങള്‍ വേണ്ടി വരുന്നു. അതായത് ഒരു ദിവസം അല്ലെങ്കില്‍ 24 മണിക്കൂര്‍. രണ്ടര നാഴികയുള്ള ഒരു മണിക്കൂറിന് ഒരു കാലഹോര എന്ന് പറയുന്നു. ഇംഗ്ലീഷ് ഭാഷയിലെ Hour എന്ന വാക്കും ഹോര എന്ന ഇന്ത്യന്‍ പദവും തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക.
ഒരു ദിവസം 24 കാലഹോരകള്‍. ഓരോ കാലഹോരയ്ക്കും ഓരോ അധിപന്മാര്‍ ഉണ്ട്. സപ്തഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നിവയാണ് ആ ഗ്രഹങ്ങള്‍. ദിവസത്തിന്റെ സൂര്യോദയ സമയത്ത് ആരുടെ കാലഹോരയാണോ ആ ഗ്രഹത്തിന്റെ പേരാണ് ആ ദിവസത്തിനു നല്‍കിയിട്ടുള്ളത്. അപ്രകാരം ഞായറാഴ്ച ഉദയ സമയത്തെ കാലഹോരയുടെ അധിപന്‍ സൂര്യനാണ്. തിങ്കളാഴ്ച ഉദയത്തിനു കാലഹോരാധിപന്‍ ചന്ദ്രനാണ്. ഉദയസമയത്തെ കാലഹോരയുടെ അധിപന്റെ ആറാം ദിവസത്തെ അധിപനാണ് അന്നത്തെ അടുത്ത കാലഹോരയുടെ അധിപന്‍. അതായത്, ഞായറാഴ്ച ആദ്യം സൂര്യന്റെ കാലഹോരയും അതിനു ശേഷം ആറാം ദിവസമായ വെള്ളിയാഴ്ചയുടെ ഉദയ കാലഹോരയുടെ അധിപനായ ശുക്രന്റെ കാലഹോരയും ആകുന്നു. വെള്ളിയാഴ്ചയുടെ ആറാം ദിനമായ ബുധനാഴ്ചയുടെ ഉദയ കാലഹോരയുടെ അധിപനായ ബുധന്റെ കാലഹോരയാണ് അടുത്തത്. അപ്രകാരം തുടര്‍ന്ന് ചന്ദ്രന്‍, ശനി, ഗുരു, കുജന്‍ എന്നിങ്ങനെ വരും. പഞ്ചാംഗങ്ങളില്‍ കാലഹോരകളും അധിപഗ്രഹങ്ങളും രേഖപ്പെടുത്താറുണ്ട്.
സല്‍ കര്‍മങ്ങള്‍ ശുഭ കാലഹോരകളില്‍ സമാരംഭിക്കുന്നത് ഗുണകരമാണ് എന്നതിന് പല അനുഭവങ്ങളും ഉണ്ട്. ചില ഗ്രഹങ്ങളുടെ കാലഹോരകള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് അനുയോജ്യമായും കണ്ടു വരുന്നു.
കാലഹോരയും അനുയോജ്യ കര്‍മങ്ങളും
ॐ➖➖➖➖ॐ➖➖➖➖ॐ
ഓരോ ദിവസവും ഉദയാല്പരം രണ്ടര നാഴിക (ഒരു മണിക്കൂര്‍) സമയം അതാതു വാരാധിപന്റെ കാലഹോര ആയിരിക്കും. സ്വന്തം കാലഹോരയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് ജ്യോതിഷ പ്രകാരം പ്രത്യേക ശക്തിയുണ്ട്.
അതായത് ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും ചൊവ്വാഴ്ച കുജനും ബുധനാഴ്ച ബുധനും വ്യാഴാഴ്ച വ്യാഴത്തിനും വെള്ളിയാഴ്ച ശുക്രനും ശനിയാഴ്ച ശനിക്കും പ്രത്യേക ബലം ഉണ്ടായിരിക്കും.
സൂര്യഹോര – ഉദ്യോഗത്തില്‍ പ്രവേശിക്കുക, അധികാരികളെയും നേതാക്കന്മാരെയും സന്ദര്‍ശിക്കുക, ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുക, പ്രമാണങ്ങള്‍, രേഖകള്‍ മുതലായവയില്‍ ഒപ്പ് വയ്ക്കുക, ശിവക്ഷേത്ര ദര്‍ശനം.
ചന്ദ്രഹോര – യാത്ര, കച്ചവടം, വ്യാപാര ഇടപാടുകള്‍, ആശയ വിനിമയം, സ്ത്രീ സംബന്ധമായ കാര്യങ്ങള്‍, ദുര്‍ഗാ ക്ഷേത്ര ദര്‍ശനം.
കുജഹോര – കഴിവതും എല്ലാ ശുഭകര്‍മങ്ങള്‍ക്കും വര്‍ജിക്കുക. ഭൂമി ഇടപാടുകള്‍ക്കും കോടതി കാര്യങ്ങള്‍ക്കും യോജ്യം. സുബ്രഹ്മണ്യ പ്രീതികരങ്ങളായ കര്‍മങ്ങള്‍ക്കും ഭദ്രകാളീ ക്ഷേത്ര ദര്‍ശനത്തിനും ഉത്തമമാകുന്നു.
ബുധഹോര – ബന്ധു സന്ദര്‍ശനം, കലാ സാഹിത്യ കാര്യങ്ങള്‍, പരീക്ഷ, വിദ്യാഭ്യാസ കാര്യങ്ങള്‍, ജ്യോതിഷ കര്‍മങ്ങള്‍, വ്യവഹാര സംബന്ധമായ ഇടപാടുകള്‍, എഴുത്തുകുത്തുകള്‍, അവതര വിഷ്ണുക്ഷേത്ര ദര്‍ശനം.
ഗുരു ഹോര – വ്യാഴത്തിന്റെ ഹോര എല്ലാ ശുഭകാര്യങ്ങള്‍ക്കും വിഷ്ണുപ്രീതി കരങ്ങളായ കര്‍മങ്ങള്‍ക്കും ശുഭപ്രദമാകുന്നു.
ശുക്രഹോര – മംഗളകാര്യങ്ങള്‍, വിവാഹ സംബന്ധമായ കാര്യങ്ങള്‍, ഔഷധസേവ, വാഹനം വാങ്ങുവാനും വാഹന സംബന്ധമായ ഇടപാടുകള്‍ക്കും, ഭൂമി സംബന്ധമായ ഇടപാടുകള്‍, കലാപരമായ കര്‍മങ്ങള്‍, ഭഗവതീ ക്ഷേത്ര ദര്‍ശനം.
ശനിഹോര – തൊഴില്‍ കാര്യങ്ങള്‍, തൊഴില്‍ പ്രശ്നം പരിഹരിക്കല്‍, ദേഷ്യ പ്രകൃതം ഉള്ളവരുമായി സംസാരിക്കല്‍, പ്രാര്‍ഥന, ധ്യാനം, ശാസ്താക്ഷേത്ര ദര്‍ശനം മുതലായവ.
No comments:
Post a Comment