ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 January 2023

രാവണൻ തപസ്സ് ചെയ്ത രാവണേശ്വരം

രാവണൻ തപസ്സ് ചെയ്ത രാവണേശ്വരം

കാസറഗോഡ്‌ ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത ഒരു ഗ്രാമമാണ് രാവണേശ്വരം

ഇവിടെ ഒരു ശിവക്ഷേത്രമുണ്ട് രാവണേശ്വരം ശ്രീ പെരുംതൃക്കോവിലപ്പൻ ക്ഷേത്രം. ഭാരതത്തിൽ തന്നെ രാവണന്റെ പേരിലുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയുണ്ട്

രാവണൻ ഗോകർണ്ണത്തു നിന്നും ഉടുപ്പി വഴി ഈ പ്രദേശത്ത് വന്നതായും പരമശിവനെ തപസ്സ് ചെയ്തതായും അങ്ങനെയാണ് ഈ ദേശത്തിന് രാവണന്റെ ഈശ്വരന്റെ സന്നിധി എന്ന നിലയിൽ #രാവണേശ്വരം 
എന്ന പേര് വന്നുചേർന്നത്
എന്നാണ് വിശ്വസിക്കുന്നത്.

ലങ്കയിൽ കൊടും വരൾച്ചയും ,
കൊടിയ ദാരിദ്ര്യവും കൊടികുത്തി 
വാഴുന്നൊരു കാലം. ആ കൊടിയ വിഷമകാലത്തെ അതിജീവിക്കാൻ
ശിവപെരുമാളിന്റെ അനുഗ്രഹം തേടി രാവണൻ പുഷ്പക വിമാനത്തിൽ കൈലാസത്തിലെത്തി, പ്രാർത്ഥന തുടങ്ങി, രാവണന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ശിവൻ രാവണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. പരമശിവനോട് രാവണൻ ഒന്നേ ചോദിച്ചുള്ളു. "ലങ്കയിൽ ദാരിദ്യമകറ്റി ഐശ്വര്യമുണ്ടാകാൻ ഭഗവാന്റെ ആത്മലിംഗം അടിയന് വരമായി തരണം."

പരമശിവന്റെ സമ്മത പ്രകാരം 
ആത്മലിംഗവുമായി ആകാശമാർഗ്ഗം പോകാൻ തുടങ്ങിയ രാവണനോട് ആത്മലിംഗം ആകാശമാർഗം കൊണ്ടുപോകാൻ പാടില്ലെന്നും കടൽ കടന്നാൽ ലങ്കയിലെ ഇന്നത്തെ അവസ്ഥ ഭാരത ദേശത്തിനും വന്നു ചേരുമെന്നും 
ഭഗവാൻ അരുളിചെയ്തു.

ആയത് മറികടക്കാൻ കരമാർഗ്ഗം കൊണ്ടു പോകണമെന്നും വഴിയിൽ ആത്മലിംഗം ഒരിക്കൽ പോലും തറയിൽ വയ്ക്കരുതെന്നും പരമശിവൻ ഉപാധികൾ നിർദ്ദേശിച്ചു.

അപ്രകാരം സമ്മതിച്ച് ആത്മലിംഗവുമായി രാവണൻ ഗോകർണ്ണത്തെത്തിയപ്പോൾ തീരെ ഗത്യന്തരമില്ലാതെ ആത്മലിംഗം താഴെ വയ്ക്കേണ്ടി വന്നു.

ആത്മലിംഗം അതോടെ അവിടെ ഉറച്ചുംപോയി. ബലവനായ രാവണന് പിന്നിട് അതെടുക്കാൻ പോയിട്ട് അനക്കാൻ പോലും കഴിഞ്ഞില്ല.

രാവണൻ കൊടിയ വിഷമത്തോടെ തെക്കോട്ട് വന്ന് ഇന്നത്തെ രാവണേശ്വരത്ത് ഒരിടത്ത് ഒരു ഗുഹയിൽ പരമശിവനെ ധ്യാനിച്ച് പ്രായശ്ചിത്ത തപസ്സ് ആരംഭിച്ചു 

(രാവണൻ തപസ്സ് ചെയ്തു എന്നു പറയുന്ന ഗുഹ ഇന്നും ഇവിടെ പരിപാലിച്ചു വരുന്നു.)

രാമൻ പ്രതിഷ്ഠിച്ച ഈശ്വരന് രാമേശ്വരത്തു ക്ഷേത്രം ഉയർന്നതു പോലെ രാവണൻ പ്രതിഷ്ഠിച്ച ഈശ്വരന് രാവണേശ്വരത്തും ക്ഷേത്രമുണ്ടായി എന്നർത്ഥം.

തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രം പോലെ രാവണേശ്വരത്തും 
പെരുംതൃക്കാവിലപ്പനാണ് വാഴുന്നത്. ഇരു ക്ഷേത്രങ്ങൾക്കും 
സമാനതകളും ഏറെയാണ്.


No comments:

Post a Comment