ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 28

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 28

ഹിമാലയൻ രഹസ്യങ്ങള്‍

അടിമുടി നിഗൂഢതകളാണ് ഹിമാലയത്തിന്‍റെ പ്രത്യേകത. കാലാവസ്ഥ മുതല്‍ ഇതിന്‍റെ പഴക്കവും സമയത്തിന്റെ വേഗതയും എല്ലാം എന്നും സാധാരണക്കാരില്‍ അതിശയം സൃഷ്ടിക്കുന്നവയാണ്. ഒരിക്കലെങ്കിലും ഹിമാലയത്തില്‍ പോയാല്‍ തിരികെ വനുന്നത് പോയ ആളേ ആയിരിക്കില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഉത്തരമില്ലാത്ത നൂറുകണക്കിന് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് ഓരോ ഹിമാലയ യാത്രയും അവസാനിക്കുന്നത്. ഒരു സഞ്ചാരി വെറുതേയൊരു യാത്ര പോകുവാന്‍ മനസ്സില്‍ കാണുന്നതിനേക്കാള്‍ വലിയ അനുഭവങ്ങായിരിക്കും ഹിമാലയ യാത്ര സമ്മാനിക്കുന്നത്.
ദൈവങ്ങളുടെ വാസസ്ഥലമായും വിശ്വാസങ്ങളുടെ കേന്ദ്രമായുമൊക്കെ വാഴ്ത്തപ്പെടുന്ന ഹിമാലയത്തിലെ അതി വിചിത്രമായ, അല്ലെങ്കില്‍ സാമാന്യ ബുദ്ധിയേപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയ രഹസ്യങ്ങള്‍.

ഗുരുഡോങ്മാര്‍ തടാകം

ഹിമാലയത്തിലെ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗുരുഡോങ്മാര്‍ തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഇത് സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ മുഴുവനും വെള്ളം ഐസായി കാണപ്പെടുന്ന തടാകമായിരുന്നുവത്രെ ഇത്. പിന്നീട് ഒരിക്കല്‍ ഇവിടെയെത്തിയ ഗുരു പത്മസംഭവ അവാ ഗുരു റിംപോച്ചെ ഇവിടെ എത്തിയപ്പോൾ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പരിഹാരം കാണാനായി അദ്ദേഹം തന്റെ കൈകൾ തടാകത്തിനു നേരെ ഉയർത്തുകയും അവിടം മെല്ലെ അലിയുവാൻ തുടങ്ങുകയും ചെയ്തു. അന്നു മുതൽ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകൾ കണക്കാക്കുന്നത്. ഇന്നും എത്ര കൊടിയ തണുപ്പിലും തടാകം മുഴുവന്‍ വറ്റിക്കിടക്കുകയാണങ്കിലും ഇവിടെ ഒരിടത്തു മാത്രം വെള്ളം കട്ടിയാവാതെ കിടക്കുന്നതു കാണാം.
ചൈനീസ് അതിര്‍ത്തിയില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

രൂപ്കുണ്ഡ് തടാകം

അസ്ഥികൂടങ്ങളുടെ തടാകം എന്നാണ് രൂപ്കുണ്ഡ് തടാകം അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ഹിമാലയത്തിലെ മറ്റൊരു അത്ഭുതമായാണ് കണക്കാക്കുന്നത്. നിഗൂഢതകളുടെ തടാകം എന്നുമിതിനു പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5,029 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒന്ന് രണ്ട് മാസത്തിലൊഴികെ മറ്റു സമയങ്ങളിലൊക്കെ ഈ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്.

വെള്ളം വറ്റുമ്പോള്‍ കാണപ്പെടുന്ന 200 ഓളം തലയോട്ടികളും അസ്ഥികൂടങ്ങളുമാണ് ഈ തടാകത്തിനെ നിഗൂഢതയുള്ളതാക്കുന്നത്.
1942ൽ ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡാണ് രൂപ്കുണ്ഡിലെ തലയോട്ടികൾ ആദ്യം കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇത് വഴി കടന്നുപോകുമ്പോൾ മരിച്ചുപോയ ജപ്പാനിലെ പട്ടാളക്കാരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നായിരുന്നു ആദ്യകാലത്തെ വിശ്വാസം. ദൈവങ്ങളുടെ ശാപം നിമിത്തം മരണമടഞ്ഞവരുടെ അസ്ഥികൂടങ്ങളാണിതെന്നും വിശ്വാസമുണ്ടായിരുന്നു.
എന്നാൽ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നതു പ്രകാരം ഈ അസ്ഥികൂടങ്ങള്‍ തദ്ദേശവാസികളുടേതാണത്രെ. പെട്ടൊന്നുള്ള ആലിപ്പഴ വർഷത്തിലാണ് ഇവർ മരിച്ചതെന്നും എ ഡി 850ൽ ആണ് ഇത് സംഭവിച്ചതെന്നുമാണ് പുതിയ നിഗമനം.

ജ്ഞാന്‍ഗഞ്ച്

ഹിമാലയത്തിലെ ഏറ്റവും വിചിത്രമായ, നിഗൂഢതകള്‍ നിറഞ്ഞ ഇടമെന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച ഇടമാണ് ജ്ഞാന്‍ഗഞ്ച്. മരണമില്ലാത്ത യോഗികള്‍ വസിക്കുന്ന, അമാനുഷരായ താപസന്മാരുടെ വാസസ്ഥലം എന്നാണിവിടം അറിയപ്പെടുന്നത്. പുരാണങ്ങളിലും മറ്റും പറയുന്ന മിക്ക ഋഷിവര്യന്മാും ഇവിടെ ചിരജ്ഞീവികളായി വസിക്കുന്നുണ്ടെന്നും വിശ്വാസമുണ്ട്. സിദ്ധാശ്രമം എന്നും ഈ ജ്ഞാന്‍ഗഞ്ചിനു പേരുണ്ട്.
ഹിമാലയത്തില്‍ ആര്‍ക്കും എത്തിപ്പെടുവാന്‍ സാധിക്കാത്ത ഒരിടത്താണ് സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. തെക്കെന്നോ വടക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഒരു പ്രത്യേക ദിശ ഈ സ്ഥലത്തിനു പറയുവാനാവില്ലത്രെ. സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇവിടെ ഒരിക്കലും എത്തിപ്പെടുവാന്‍ സാധിക്കില്ല. ചില ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഇവിടേക്കുള്ള വഴിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് വളരെ അവ്യക്തമാണത്രെ.

മരണമില്ലാത്തവരു‌ടെ നാട് എന്നാണ് ജ്ഞാന്‍ഗഞ്ച് അറിയപ്പെടുന്നത്. മരണത്തിന് അടിമപ്പെടാത്ത ജീവനാണ് ഇവിടെയുള്ളത്. ഇവിടുത്തത ഋഷിമാര്‍ക്കും താപസ്സര്‍ക്കുമൊന്നും മരണമില്ലത്രെ. രാമായണത്തിലും മഹാഭാരതത്തിലും മറ്റു ചില യോഗിമാരുടെ കൃതികളിലുമെല്ലാം ഹിമാലയത്തിലെ അജ്ഞാത ദേശത്തെക്കുറിച്ചും ഇവിടുത്തെ നിഗൂഢതകളെത്തുറിച്ചും പറയുന്നുണ്ട്. ശാംബല എന്നും ശങ്ക്രിലാ എന്നും ഈ ഇടത്തിനു പേരുണ്ട്. ടിബറ്റില്‍ കൈലാസ്-മാനസരോവറിന് വടക്കു ഭാഗത്തായി ജ്ഞാന്‍ഗഞ്ച് സ്ഥിതി ചെയ്യുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു.




No comments:

Post a Comment