ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 41

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 41

പിതോരഘര്

ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തിലെ ഒരു മനോഹര ജില്ലയാണ് പിതോരഘര്‍. പ്രബലനായ ഹിമാലയ പര്‍വ്വതത്തിലേക്കുള്ള പ്രവേശന മാര്‍ഗ്ഗമായി ഈ ജില്ല സ്ഥിതിചെയ്യുന്നു. ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തില്‍ മഞ്ഞിന്‍റെ മേലങ്കിയണിഞ്ഞ സോര്‍ വാലിയിലാണ് ഗിരിപ്രഭാവന്‍ ഹിമവാന്‍റെ ദ്വാരപാലകനായ പിതോരഘര്‍.

വടക്ക് അല്‍മോര ജില്ലയുമായി അതിരിടുന്ന പിതോരഘറിനും അയല്‍ ദേശമായ നേപ്പാളിനുമിടയിലൂടെ കാളിനദി ഒരതിര്‍ത്തി രേഖയായ് ഒഴുകുന്നു. ഇവിടെയുള്ള പ്രാചീന ക്ഷേത്രങ്ങളും കോട്ടകളും ഏറിയപങ്കും പാല, ചാന്ദ് രാജവംശങ്ങളുടെ ഭരണകാലമായ പതിനഞ്ചാം നൂറ്റാണ്ടില്‍ പണിതവയാണ്. കുറച്ച്കാലം ഈ പ്രദേശം ബ്രഹ്മരാജാക്കന്മാരുടെ കൈകളില്‍ ആയിരുന്നെങ്കിലും ചാന്ദ് വംശജര്‍ അധികാരം പുനസ്ഥാപിക്കുകയും ബ്രിട്ടീഷ് ആധിപത്യം നിലവില്‍ വരുന്നത് വരെ ഇവിടം ഭരിക്കുകയും ചെയ്തു.

കുമയുനിയാണ് ഇവിടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ സംസാരഭാഷ. ചെന്പ്, മെഗ്നീഷ്യം, ലൈംസ്റ്റോണ്‍, സ്ലേറ്റ് കല്ല് എന്നീ പ്രകൃതി ധാതുക്കളുടെ കലവറയാണ് ഈ പ്രദേശം. കോണിഫെരസ് മരങ്ങളും സാല്‍, ചിര്‍, ഓക്ക് എന്നിങ്ങനെ വൃക്ഷവൈവിധ്യങ്ങളും ഈ മേഖലയെ ഹരിതവനഭൂമിയാക്കുന്നു. പലജാതി മാനുകളും കടുവകളും അപൂര്‍വ്വയിനം പക്ഷികളും ഉരഗങ്ങളും ഈ വനങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നു.

നിരവധി ചര്‍ച്ചുകളും മിഷണറി സ്കൂളുകളും ബില്‍ഡിംങുകളും ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ പണിതിട്ടുണ്ട്. പിതോരഘറിലെത്തുന്ന സഞ്ചാരികള്‍ ഇവിടത്തെ കപിലേശ്വര്‍ മഹാദേവ ക്ഷേത്രം കാണേണ്ടതാണ്. ശിവനാണ് ഇവിടത്തെ പ്രതിഷ്ട. കപില എന്ന മാമുനി ഇവിടെ ധ്യാനത്തിലിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ധാരാളം ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ വന്നെത്താറുണ്ട്. പിതോരഘറിന് 8 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന താല്‍ കേദാര്‍ ഇവിടത്തെ മറ്റൊരു പുണ്യ കേന്ദ്രമാണ്.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ ഒരുവിധത്തിലും കാണാന്‍ മറക്കാത്ത സഞ്ചാരകേന്ദ്രമാണ് ആശുര്‍ ചുലാ എന്ന മനോഹരമായ സാങ്ച്വറി. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രകൃതിരമണീയമായ ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 5412 അടി ഉയരത്തിലാണ്. ജോഹര്‍ താഴ്വരയിലേക്ക് കടക്കുന്നതിന് മുന്പുള്ള മുന്‍ശ്യാരിയാണ് അടുത്തതായി സന്ദര്‍ശകരെ ഭ്രമിപ്പിക്കുന്നത്. ജോഹറിലെത്തി നില്‍ക്കുന്ന സഞ്ചാരികളെ മിലം, നമിക്, റലം എന്നീ ഹിമപ്പരപ്പുകളുടെ വശ്യസൌന്ദര്യം ആകര്‍ഷിക്കുക തന്നെ ചെയ്യും.

1789 ല്‍ പിതോരഘര്‍ ആക്രമിച്ച ഗൂര്‍ഖകള്‍ അവിടെ പണിത കോട്ടയാണ് പിതോരഘര്‍ കോട്ട. അസ്കോട്ട് മേഖലയിലെ മസ്ക് ഡീര്‍ സാങ്ച്വറി, അപൂര്‍വ്വ വംശജരായ കസ്തൂരി മാനുകളുടെ (മോസ്കസ് ലികോഗാസ്റ്റര്‍ എന്ന് ശാസ്ത്രനാമം) സംരക്ഷണത്തിനു വേണ്ടി ഒരുക്കിയതാണ്. ഈ മാനുകളെ കൂടാതെ പുള്ളിപ്പുലി, കാട്ടുപൂച്ച, വെരുക്, പുള്ളിമാന്‍, മലയാട്, വരയാട്, ബ്രൌണ്‍ കരടി, ഹിമപ്പുലി, ഹിമാലയന്‍ കരടി, ബാരലുകള്‍ എന്നീ മൃഗങ്ങളെയും ഹിമക്കോഴി, മയിലുകള്‍, ചകോരങ്ങള്‍ പോലുള്ള പക്ഷികളെയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

കാലി, ഗോരി നദികളുടെ സംഗമ സ്ഥാനമായ ജോല്‍ജിബി സുപ്രസിദ്ധമായ സഞ്ചാരകേന്ദ്ര മാണ്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ശുഭദിനമായ മകരസംക്രാന്തിയില്‍ ഒരുത്സവം ഇവിടെ ആഘോഷിച്ച് വരാറുണ്ട്. 1914 നവംബറിലാണ് ഈ ഉത്സവം ആദ്യമായ് ഇവിടെ അരങ്ങേറിയതെന്ന് ദേശവാസികള്‍ പറയുന്നു.

പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള നകുലേശ്വര ക്ഷേത്രം അതിന്‍റെ നിര്‍മ്മാണ ചാതുരികൊണ്ട് ആളുകളുടെ മനസ്സ് കവരുന്നതാണ്. പ്രൌഢമായ ഖജുരാവോ വാസ്തുകലയെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി. ശിവനെയാണ് ഇവിടെ പൂജിക്കുന്നത്. ക്ഷേത്രങ്ങളും ആശ്രമങ്ങളും വേണ്ടുവോളമുണ്ട് പിതോരഘറില്‍. അര്‍ജ്ജുനേശ്വര ക്ഷേത്രം, ചന്ദക്, മൊസ്തമനു ക്ഷേത്രം, ധ്വജ ക്ഷേത്രം, കൊട് ഗാരി ദേവി ക്ഷേത്രം, ദീദിഹട്, നാരായണ ആശ്രമം, ജൂലാഘട് എന്നിങ്ങനെ ആ നിര നീളുന്നു. ഇതിനെല്ലാം പുറമെ സ്കീയിംങ്, ഹാങ് ഗ്ലൈഡിംങ്, പാരാ ഗ്ലൈഡിംങ് എന്നീ സാഹസിക വിനോദങ്ങള്‍ക്കും പ്രസിദ്ധമാണ് പിതോരഘര്‍.

വ്യോമ, റെയില്‍, റോഡുകള്‍ വഴി ആളുകള്‍ക്ക് പിതോരഘറിലെത്താം. പാന്ത്നഗര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. തനക്പുര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപസ്ഥമായ റെയില്‍വേ താവളവും. കാലാവസ്ഥ പൊതുവെ പ്രസന്നവും സുഖപ്രദവുമായവേനല്‍കാലത്ത് പിതോരഘര്‍ സന്ദര്‍ശിക്കുന്നതാണ് ഉചിതം.

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെ നീളുന്ന വേനല്‍കാലമാണ് പിതോരഘര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം.

No comments:

Post a Comment