ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 13

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 13

ഹനുമാന്‍ചാട്ടി

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ ജോഷിമഠില്‍ നിന്നും ബദരിനാഥിലേക്ക് (11km ) പോകുന്ന വഴിയിലാണ് കദളിവനത്തിന്‍റെ ഭാഗമായ ഹനുമാന്‍ചാട്ടി...

ഗര്‍വാല്‍ ഹിമാലയത്തില്‍ രണ്ടു സ്ഥലങ്ങള്‍ക്ക് ഹനുമാന്‍ ചാട്ടി എന്ന പേരുണ്ട്, അതില്‍ ഒന്ന് യമുനോത്രിയിലും മറ്റൊന്ന് ബദരിനാഥ് മാര്‍ഗ്ഗത്തിലുമാണ് ...

വനവാസക്കാലത്ത് പാണ്ഡവര്‍ ബദരിയില്‍ താമസിക്കവേ, ദ്രൌപദിയുടെ ആഗ്രഹപ്രകാരം കല്യാണസൌഗന്ധികം 
തേടിപോയ ഭീമസേനന്‍ ഹനുമാന്‍ചാട്ടിയില്‍ വച്ചാണ് ഹനുമാനുമായി സന്ധിക്കുന്നത്... ആ കഥ ഇങ്ങനെയാണ് :-

കദളീ വനത്തില്‍ തപസ്സു ചെയ്യുകയായിരുന്ന രാമഭക്തനായ ഹനുമാന്‍ അസഹ്യമായ എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണര്‍ന്നു. ലോകത്തിനു അസംഭാവികമായി ഒന്നും സംഭവിക്കുന്നതിന്‍റെ ലക്ഷണം ഇല്ല. പിന്നെ എന്താണ് തന്‍റെ തപസ്സിനു ഇളക്കം സംഭവിച്ചത് എന്ന് ചിന്തിച്ചു. അകലെ ഗദാധാരിയായ ഒരു മനുഷ്യന്‍ വൃക്ഷമെല്ലാം അടിച്ചു വീഴ്ത്തി വരുന്നത് ഹനുമാന്‍ കണ്ടു. ആഗതന്‍, കല്യാണസൌഗന്ധികം തേടിവരുന്ന വായുപുത്രനും തന്‍റെ സഹോദരനുമായ ഭീമസേനന്‍ ആണെന്ന് ഹനുമാന്‍ സ്വാമിക്ക് മനസ്സിലായി..

കൌരവരുടെ ചതി മൂലം നാഗലോകത്തെത്താന്‍ ഭീമന് ഇടയായതും നാഗരസം കുടിച്ചതും അതിനാല്‍ അമിത ബലം ലഭിച്ചതും ഹനുമാന്‍ സ്മരിച്ചു. എങ്ങിനെയാണ് ഭീമനെ നേരിടേണ്ടത് എന്ന് ചിന്തിച്ച ഹനുമാന്‍ ഒരു വൃദ്ധ വാനരന്‍റെ വേഷത്തില്‍ മാര്‍ഗ്ഗമദ്ധ്യേ അവശതയോടെ ശയിച്ചു. 

വൃദ്ധവാനരനെ വെറുപ്പോടു നോക്കി കണ്ട ഭീമന്‍ തന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും മാറികിടക്കുവാന്‍ ആജ്ഞാപിച്ചു. പ്രായാധിക്ക്യം കൊണ്ട് അവശനായ തനിക്ക് ചലിക്കുവാന്‍ പോലും സാധിക്കുന്നില്ലെന്നും തന്‍റെ ശരീരത്തെ ചാടി കടന്നു പോകൂ എന്ന് വാനരനും, വാനരകുലത്തില്‍ പിറന്ന ഹനുമാനെന്ന തന്‍റെ സഹോദരനെ സ്മരിക്കുമ്പോള്‍ ഒരു വാനര ശരീരത്തെ ചാടിക്കടന്നു പോകാനാവില്ലെന്ന് ഭീമനും സംവാദത്തിലായി.

നിന്‍റെ ഗദകൊണ്ട് എന്‍റെ വാല് നീക്കിയിട്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അറിയിച്ചു. ഭീമന്‍ ഗദ കൊണ്ട് ഹനുമാന്‍റെ വാലുനീക്കാന്‍ ശ്രമിച്ചു. ഭീമന്‍ എത്ര ശ്രമിച്ചിട്ടും വാനരന്‍റെ വാല്‍ ഒന്നനക്കാനോ ഗദ തിരിച്ചെടുക്കുവാനോ സാധിച്ചില്ല. വൃദ്ധ വാനരന്‍ നിസ്സാരക്കാരനല്ലെന്ന് ബോധ്യമായ ഭീമന്‍ വാനരനോട് ക്ഷമ ചോദിച്ചു ...

ഹനുമാന്‍ സ്വയരൂപം പ്രാപിച്ചു കൊണ്ട് രാവണാന്തകനായ 
ശ്രീരാമ സ്വാമിയുടെ ദൂതനും നിന്‍റെ സഹോദരനുമായ ഹനുമാനാണ് താന്‍ എന്ന് ഭീമനെ അറിയിക്കുന്നു. ഭക്തിവാത്സല്യത്തോടെ ഭീമന്‍ ഹനുമാനെ വണങ്ങി. 

പണ്ട് സീതാന്വേഷണത്തിനായി അങ്ങ് ലങ്കയിലേക്ക് സമുദ്രം കടന്നപ്പോള്‍ ധരിച്ച രൂപം കാണണം എന്നുള്ള ആഗ്രഹം ഭീമന്‍ ഹനുമാനെ അറിയിച്ചു. 
നീ ആഗ്രഹിച്ച രൂപം കണ്ടാല്‍ നിനക്ക് ആലസ്യം ഉണ്ടാകും, എങ്കിലും സഹോദരന്‍റെ ആഗ്രഹമല്ലേ, ഞാന്‍ ആവും വിധം ചുരുക്കി കാട്ടം എന്ന് പറഞ്ഞുകൊണ്ട് ഹനുമാന്‍, ശ്രീരാമസ്വാമിയെ സ്മരിച്ചുകൊണ്ട് രൂപം വലുതാക്കി കാട്ടി. ഭീമന്‍ ഉത്സാഹത്തോടെ ഹനുമാന്‍റെ സമുദ്രലംഘന രൂപം കണ്ടു വണങ്ങുകയും, പിന്നീട് ഭയന്ന് നിലംപതിക്കുകയും ചെയ്തു. ഹനുമാന്‍സ്വാമി ശരീരം ചുരുക്കിയ ശേഷം ഭീമനെ പിടിച്ച് ഏഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചു.

കൌരവരുമായി യുദ്ധം ഉണ്ടാകുമ്പോള്‍ അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ശതൃക്കളെ നശിപ്പിക്കണം എന്ന ഭീമന്‍റെ അപേക്ഷയില്‍ നിന്‍റെ മാന്യ സോദരനായ അര്‍ജ്ജുനന്‍റെ കൊടിമരത്തില്‍ ഇരുന്നു കൊണ്ട് ഭയങ്കരമായ അട്ടഹാസം ചെയ്തു ശത്രുക്കളെ ഭയപ്പെടുത്തി നശിപ്പിക്കാം എന്ന് ഭീമന് ഉറപ്പു നല്‍കി. 

ഹനുമാനെ ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ അനുഗ്രഹം നേടുവാന്‍ സാധിച്ചതിലുമുള്ള സന്തോഷത്തോടെ ഭീമന്‍ യാത്ര തുടര്‍ന്ന് കുബേരന്‍റെ ഉദ്യാനത്തിലെത്തി, രക്ഷസരെ നശിപ്പിച്ച ശേഷം സൗഗന്ധിക പുഷ്പങ്ങള്‍ സമ്പാദിച്ചു കൊണ്ട് മടങ്ങി...

വായൂ പുത്രന്മാരായ ഭീമനും ഹനുമാനും പരസ്പരം സന്ധിക്കുകയും ഭീമന്‍ തേടി വന്ന സൗഗന്ധിക പുഷ്പം ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഹനുമാനില്‍ നിന്നും അറിഞ്ഞതും ഹനുമാന്‍ചാട്ടി എന്നാ സ്ഥലത്ത് വച്ചാണ് ...

No comments:

Post a Comment